രഹസ്യങ്ങൾ
ചോർത്താൻ വേണ്ടി മാത്രം
നടക്കുന്ന പൂച്ചകളുണ്ടിവിടെ
അവ പൂച്ചകൾ തന്നെയോ
അതോ അയൽപക്കശത്രുവിൻ്റെ
ചാരൻമാരോ തുടങ്ങി
നിരവധി ചോദ്യങ്ങൾ
എനിക്കവയെപ്പറ്റി 
ഉണ്ടാകാറുമുണ്ട്

കറുത്തത്, കുറുകിയത്
ഇടത് മീശയ്ക്ക് മേൽ മറുകുള്ളത്
എന്നിങ്ങനെ
യാതൊരു വിവേചനവുമില്ലാതെ
ഞാനവയെ ഒരുപോലെ
സംശയിക്കുന്നു

അവരുമ്മ കൊടുക്കുന്നതും
കെട്ടിപ്പിടിക്കുന്നതും
ഇണചേരുന്നതുമെല്ലാം
ഞാൻ കാണുന്നതാണ്
ഉമ്മ കൊടുക്കുവല്ലേ
ഇണ ചേരുവല്ലേ
കെട്ടിപ്പിടിക്കുവല്ലേ
പൂച്ചകളാകുവാനേ
തരമുള്ളൂ എന്ന് ഇടയ്ക്കിടെ
സ്വയം ആശ്വസിപ്പിക്കുന്നുണ്ട്

എങ്കിലുമവയ്ക്ക്
നാണമില്ലാത്തത്
എന്നെ തന്നെ ലജ്ജിപ്പിക്കുന്നു

ഞാനൊരു സദാചാരവാദിയോ
ആർഷഭാരതസംസ്കാരത്തിൻ
ഊറ്റം കൊള്ളുന്നവളോ
അല്ലാത്തതിനാൽ
പ്രതികരിക്കുകയോ
ആളുകളെ
വിളിച്ച് കൂട്ടുകയോ
എന്തിനൊന്ന്
തുറിച്ച് നോക്കുകയോ
പോലും ചെയ്യുന്നില്ല

കൂടെയുള്ളവരിൽ
കറുത്തത് ഞാനായതിനാൽ
വായിനോക്കപ്പെടുകയാവാമെന്ന
നിഗമനത്തിലേക്ക്
എത്തിനോക്കുന്ന 
പോലുമില്ല

പറയത്തക്ക
ജീവിത തിരക്കുകളില്ലാത്തവരാകാം
പണിയില്ലെങ്കിലെന്ത്,
ഒരു പെണ്ണിനെയിങ്ങനെ
തുറിച്ച് നോക്കാമോ

ഒരു കല്ല് കൊണ്ടോ
ചെരിപ്പ് കൊണ്ടോ
എന്തിനൊരു 
നോട്ടം കൊണ്ട് പോലും
ഞാനവരെ എറിഞ്ഞ് 
നോവിച്ചിട്ടില്ല

എന്നിട്ടുമിവരെന്താണെന്നിൽ നിന്ന്
ചോർത്തുന്നത്

ഉച്ചയുറക്കത്തിന് മുൻപത്തെ
മൂളിപ്പാട്ടിനെപ്പറ്റിയോ
എഫ്.എമിലെ റാഫിയുടെ
ശബ്ദത്തോടുള്ള അടങ്ങാത്ത
പ്രേമത്തെപ്പറ്റിയോ
കിടക്കമേൽ നിരന്ന്
കിടക്കാറുള്ള മേതിലിൻ്റെ
പുസ്തകങ്ങളെപ്പറ്റിയോ
ഒരാളോട് മാത്രമുള്ള
അമർഷത്തെപ്പറ്റിയോ

ആവോ, ഒന്നുമറിയില്ല

നിലാവുള്ള  രാത്രികളിൽ
മൂന്ന് ബുദ്ധൻമാരൊരുമിച്ച്
എൻ്റെ മുറ്റങ്ങളിലുലാത്തുന്നത്
സ്വപ്നത്തിലെന്നപോൽ
ഞാൻ കാണുന്നു

കറുത്ത ബുദ്ധൻ
കുറുകിയ ബുദ്ധൻ
ഇടത് കവിളിൽ
മറുകുള്ള ബുദ്ധൻ

രാവിലത്തെ 
ഉയിർത്തെഴുന്നേൽപ്പിൽ
ഞാൻ സ്വപ്നത്തെ ധ്യാനിക്കുകയും
റാഫിയെ പ്രേമിക്കുകയും
ഒരുമിച്ച് ചെയ്യുമ്പോൾ
മൂന്ന് പൂച്ചകളാൽ ഞാൻ
ഒളിഞ്ഞ് നോക്കപ്പെടുകയും
എനിക്ക് ജീവിതത്തോട് തന്നെ
അതിയായ നാണം തോന്നുകയും
ഒരുമിച്ചവരെ നാട് കടത്തുവാൻ
തീരുമാനിക്കയും ചെയ്യുന്നു


No comments:

Post a Comment