പോകെ പോകെ
നമുക്കിടയിൽ
ചില നയതന്ത്ര വ്യാപാരങ്ങൾ
രൂപപ്പെടുന്നു

നിർലജ്ജമായ ഒച്ചകളിൽ
നാം അവയെ ഒളിപ്പിക്കുമ്പോൾ
ഉടലാകെയൊരു 
കാട് തളിർക്കുന്നു

ഉഷ്ണത്തിന്റെ ഉച്ചകോടിയിൽ
നാം രണ്ടു ധൂമകേതുക്കളാകുന്നു
വാക്കിന്റെ കള്ളവണ്ടി കയറി നാം
രാജ്യം കടക്കുന്നു

പുരാതനമായൊരു 
കുടിയേറ്റ ഗ്രാമമാണിപ്പോൾ നീ
അതിലേക്കുള്ള ഹെയർപിൻ വളവുകൾ 
എനിക്ക്‌ മനഃപാഠമാണ്

ഒരു പൂവതിന്റെ വസന്തത്തെ
ഓർത്തു വെക്കും പോലെ
ഞാനവയെ ഓർത്തിരിക്കുന്നുവെങ്കിലും
ഒരു ഋതുവിലും പൂക്കനറിയാത്ത
മരമെന്ന പോൽ
ഞാൻ അസ്വസ്ഥയാണ്

വേലിയിറക്കങ്ങളുടെ രാത്രിയിൽ
കടൽ കയറി വരുന്ന
മീൻ മണമുള്ളവനെയെന്ന കണക്ക്
അത്ഭുതങ്ങളുടെ തടവറയിലേക്ക്
വെളിച്ചത്തിന്റെ കഠാര വീശുന്ന
പോരാളിയെന്ന കണക്ക്
നിന്നെ ഞാൻ കാത്തിരിക്കുന്നുണ്ട്

നിസ്സായരുടെ കണ്ണുകൾക്ക് പ്രേമം
തീരെയിണങ്ങുന്നില്ലെന്നെനിക്കറിയാം
അവസാന വണ്ടിയിലെ
യാത്രക്കാരന്റെ നിശ്വാസം കണക്ക്
അത് തണുത്തും
നിർജ്ജീവവുമായി കാണപ്പെടുന്നു

എങ്കിലും എല്ലാ ശിഖരങ്ങളും
ഒരു മരത്തെയെന്ന പോൽ
ഞാൻ നിന്നെ മാത്രം
ധ്യാനിക്കുന്നു

സ്നേഹം
അതീവ ജാഗ്രത അവശ്യപ്പെടുന്നു
അവനോടുള്ള പ്രേമമാവട്ടെ
വിലക്കപ്പെട്ടതിനോട്
എനിക്കുള്ള അഭിനിവേശമാണ്


No comments:

Post a Comment