ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്നേഹവും ശ്രദ്ധയും ലാളനയും പരിഗണനയും അങ്ങനെയങ്ങനെ എണ്ണി പെറാക്കാവുന്നതിനോടെല്ലാം കൊതി തീരാത്തൊരു കുഞ്ഞികുട്ടി.
ആരോ പറഞ്ഞത് പോലെ വലുതാകൽ ഒരു കെണിയാണ്. മുതിർന്നു പോവുക ഒരു ബാധ്യതയും. എത്രയൊക്കെ പറഞ്ഞു നേരെയാക്കാൻ ശ്രമിച്ചാലും മുതിർന്നുവെന്നു മനസ് സമ്മതിക്കാതിരിക്കുന്നതിൽ ഒരു ചതിയുണ്ട്. നമ്മൾ മാത്രമേ നമ്മളെ അങ്ങനെ കാണൂ. ചെറുതായിരുന്നപ്പോൾ നമുക്ക് കിട്ടിയതെല്ലാം, മുൻപ് പറഞ്ഞതിന്റെ എല്ലാം വകഭേദങ്ങളും പെട്ടന്നൊരു ദിവസം നമുക്ക് നിഷേധിക്കപ്പെടുന്നു. നമ്മൾ മുതിർന്നൊരാൾ ആവുന്നു. എല്ലാത്തിനോടും സമരസപ്പെടുവാനും പലതിനെയും കണ്ടില്ലെന്നു നടിക്കുവാനും നെഞ്ചിൽ കനപ്പെട്ട ഭാരം വെച്ച് ദിവസം മുഴുവൻ മുഖത്തു വെളിച്ചം കൊണ്ട് നടക്കാനും ചിലപ്പോൾ സ്വാർത്ഥയാകാനും വേറെ ചിലപ്പോൾ ചതിക്കാനും ചതിക്കപ്പെടാനും ജീവിതം വെച്ച് നീട്ടുന്ന എല്ലാ കന്നംതിരിവുകളിലും ഒറ്റയ്ക്ക് നിന്ന് പട പൊരുതുവാനും ബാധ്യസ്ഥയായ ഒരുവൾ. മുപ്പതുകളിൽ എത്തിയാൽ പിന്നെ അകാരണമായൊരു ഭയത്തിന്റെ ആർഭാടം കൂടെ ഉണ്ടാവും.
അസ്തിത്വ ദുഃഖം എന്നൊക്കെ ആളുകൾ വിളിക്കുന്നത് എന്തിനെ ആണെന്ന് എനിക്കറിയില്ല. പക്ഷെ പാകമെത്തുന്നതിനു മുന്നേ ചെറുതായിരിക്കുന്ന കളിയിൽ നിന്ന് പുറത്തായ ആളാണ് ഞാൻ എന്നതാണ് എന്നെ അലട്ടുന്ന ദുഃഖം. മുതിരാന് മനസിന് മനസില്ല പോലും. കടിച്ചാൽ പൊട്ടാത്ത, എടുത്താൽ പൊങ്ങാത്ത ധൈര്യത്തേയും കൂട്ട് പിടിച്ചു കൊറേ അങ്ങനെ ഓടും. കിതയ്ക്കുമ്പോൾ, ഒന്നിരിക്കുമ്പോൾ, വീട്ടിൽ കിഴക്കേ മുറിയിലെ കട്ടിലിൽ മമ്മിയെ കെട്ടി പിടിച്ചു ദേഹത്തു കാലും വെച്ച് കിടക്കുന്ന എന്നെ എനിക്ക് മിസ് ചെയ്യും.
വളർന്നു പോയതിനെ പഴിച്ചു, പതിയെ ഒരു പാട്ടു വെക്കുമ്പോൾ അങ്കലാപ്പിന്റെ നിലാവെളിച്ചത്തിലേക്ക് രണ്ടു കണ്ണ് നീർ തുള്ളി ഇറ്റു വീഴും.
മുളം തണ്ടായി മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേക്ക് നൊമ്പരം
നിലാ പൈതലേ....എന്ന് നീട്ടി വിളിക്കുന്നു ഉള്ളിൽ നിന്നൊരാൾ
പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവ് നീ
കുളിർ മഞ്ഞു തുള്ളി നീ....എന്ന് പാടി തീരുമ്പോഴേക്കും പതിയെ ഞാൻ ഏങ്ങലടിച്ചു തുടങ്ങും.
പണ്ടേ ഞാനൊരു കരച്ചില് കുട്ടിയായിരുന്നു. എന്തിനും ഏതിനും കരച്ചിൽ. ഇപ്പോൾ പോലും ദേഷ്യത്തിലും ശബ്‌ദം ഇടറാതെ ഒന്ന് തർക്കിക്കുവാൻ പോലും ആവാതെ അതേ കുട്ടിയിൽ ഞാൻ കുരുങ്ങി കിടക്കുന്നു.
പാട്ടുകൾ അവസാനിക്കുന്നില്ല. എന്നോട് കവിത ചെയ്യുന്നതിനേക്കാൾ കാരുണ്യം പാട്ടുകൾ ഇപ്പോൾ കാണിക്കുന്നുണ്ട്.
മന:പന്തലിൽ മഞ്ചലിൽ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാൻ
കൂട്ടിരുന്നു അറിയാതെ നിന്നിൽ
ഞാൻ വീണലിഞ്ഞു...
തുടിക്കുന്ന നിൻ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെൻ പ്രാണനാം തൂമരന്ദം
ചിരി ചിപ്പി നിന്നിൽ കണ്ണീർ കണം ഞാൻ
കളിപ്പാട്ടമായ് കൺമണി നിന്റെ മുന്നിൽ .....
ഈ വീക്കെൻഡും ഒരു കനിവുമില്ലാതെ കണ്ണടച്ചു തുറക്കും പോൽ തീർന്നു പോകുന്നു. ഒറ്റയ്ക്കിരുന്നു ഇങ്ങനെ സ്വയം ഓർത്തെടുക്കുവാൻ ഇപ്പോൾ സമയം തികയുന്നില്ല.
എഴുതിയില്ലെങ്കിൽ ഒരടി മുൻപോട്ടില്ലെന്നു ഞാൻ എന്നോട് പറഞ്ഞത് കൊണ്ട് മാത്രം ഇത് ഇവിടെ എഴുതി വെക്കുന്നു.

No comments:

Post a Comment