പശ മാവിൽ മുക്കി 
വരിവരിയിൽ
വടിവൊത്ത് ഇസ്‌തരിയിട്ട
വീടുകളാണ്

പകലും രാത്രിയും 
ഒരേ പോലെ ഇരുണ്ട
ജനൽ ചില്ലുകളും

സൂക്ഷിച്ചു നോക്കുവാൻ 
പേടിയാകും
ചില്ലു പാളിയിലൂടെ 
ഉള്ളിൽ നിന്നൊരാൾ
ആത്മാവിലേക്ക്
തറപ്പിച്ചു നോക്കുന്ന പോലെ

മണ്ണിന് മുകളിൽ ജീവിച്ചു ശീലിച്ചവർ
മണ്ണിനടിയിലെ പുതിയ മുറികളിലേക്ക്
അതിനെ മാറ്റി നടുമ്പോൾ
തോന്നാവുന്ന ഒരു തരം അമ്പരപ്പില്ലേ

താഴേക്ക് താഴേക്കുള്ള 
തടി ഗോവണികൾ,
അവ ഇറങ്ങുമ്പോൾ
കേൾക്കുന്ന മുഴങ്ങുന്ന 
നിശബ്ദത

എന്റെ വീട്ടിൽ 
ഞാനേറ്റം സ്നേഹിച്ചത്
എന്റെ വീടിനെ തന്നെയാവണം
എന്ന് അപ്പോൾ ഓർത്തു

എന്റെ വീടിന്റെ ഭിത്തികൾ
അവ മാത്രം കേട്ട സങ്കടങ്ങൾ
അടക്കിപ്പിടിച്ച കരച്ചിലുകൾ
സന്ദ്രതയേറിയ നെടുവീർപ്പുകൾ
ജനലുകൾ
ശ്വാസകോശങ്ങൾ

നാലുചുവരുകൾ 
മാത്രമുള്ള ഈ വീട്ടിൽ
ഭിത്തിയിൽ ചെവി വെച്ചാൽ കേൾക്കുക
"മണ്ണിനടിയിൽ കെട്ടി പിടിക്കുന്ന
വേരുകളെ* "
ആകുമല്ലോ എന്നോർത്തപ്പോൾ
എനിക്ക് നാണം വന്നു

മണങ്ങളെ പുറത്താക്കുന്ന 
ഇവിടുത്തെ
വീടുകളെ ഓർത്തപ്പോൾ
ഒരു സെക്കന്റിൽ 
പതിനായിരം മണമെന്ന കണക്കിൽ
എന്റെ മൂക്ക്‌ 
വല്ലാതെ ആയാസപ്പെട്ടു

കടുക് പൊട്ടിക്കുന്ന 
മണം മുതൽ
അപ്പന്റെ മുഷിഞ്ഞ ഷർട്ടിന്റെ 
മണം വരെ
ഈ കണ്ട ദൂരം കടന്നിവിടെ വന്നു

ഒന്നോർത്താൽ
നാലു ചുവരുളൊക്കെ
ഈ വീടിനു ധാരാളം എന്നാണ്
ഇപ്പോൾ തോന്നുന്നത്

ഉള്ളിലും പുറത്തും 
ഒരേ പോലെ
മഞ്ഞു കൊണ്ടു നിൽക്കുന്നവൾക്കിനി
ജനലുകളൊക്കെ 
അധികപറ്റാണ്.

(* വീരാൻകുട്ടി മാഷിന്റെ വരികളോർത്തു💝)


മൈഗ്രേൻ വൈകുന്നേരങ്ങള്‍


മൈഗ്രേൻ
കുടിച്ചു കൊണ്ടിരുന്നൊരു
വൈകുന്നേരം
അയാൾക്ക്‌ 
ജീവിതത്തിൽ ആദ്യമായി
ഏകാന്തത അനുഭവപ്പെട്ടു

വിഷാദമൊരു തണുത്ത
മിത്താണെന്ന തിയറിയിൽ
അടിയുറച്ച് വിശ്വസിച്ചിരുന്ന
അയാൾക്ക്‌ ഭാര്യയും
എണ്ണമറ്റ കാമുകിമാരും
അപരിചിതരായി തോന്നി

ഓമനിച്ചു വളർത്തിയ
ചാര നിറമുള്ള പേർഷ്യൻ പൂച്ച
വീട്ടിലൊരു അധികപ്പറ്റായി

ജനരികിലെ പച്ചകുപ്പിയിൽ
പടർത്തി വിട്ട
മണിപ്ലാന്റിലൂടെ
കാരണമില്ലാത്തൊരു ദുഃഖം
അയാളുടെ
വലത്തെ ചെവിയിലേക്ക്
അരിച്ചിറങ്ങി

"മരിച്ച വീട് 
പുറം തിരിഞ്ഞു നിൽക്കുന്നൊരു
മനുഷ്യനാണെന്ന"
തന്റെ മുപ്പത്തി നാലാമത്തെ
കവിതയ്ക്ക് ശേഷമയാൾ
ഇളംനീല പ്രതലങ്ങളിൽ
ജീവിതത്തിന്റെ
അനിശ്ചിതത്വങ്ങളെപ്പറ്റി
ചിത്രങ്ങൾ
വരച്ചു തുടങ്ങി


അമ്മയില്ലാത്ത വീടിനെ അപ്പൻ നോക്കുമ്പോൾ


അടുക്കളയക്ക് അനക്കമേയില്ല
പാത്രങ്ങളുടെ മുഖം കനത്ത് തന്നെ
മുറികൾക്കുമുണ്ട് എന്തോ മുഷിപ്പ്
അപ്പൻ മിണ്ടാറില്ലത്രേ

അമ്മയെപ്പോലെ അപ്പൻ
ഒറ്റയ്ക്ക് സംസാരിക്കില്ലെന്ന്
അവർക്കറിയില്ലല്ലോ

മേശപ്പുറത്ത് ,
കസേരക്കാലുകൾക്ക് കീഴെ
തറയിൽ
കറന്റ് ബില്ല്കേബിൾ ബില്ല്
കെ.എസ്.എഫ്.ഇയുടെ നീട്ടിപ്പിടിച്ച കത്ത്

സിഗരറ്റിൽ നിന്ന് ബീഡിയിലേക്കുള്ള
ഡീപ്രമോഷനിൽ 
വീട് നിറയെ
ബീഡിക്കുറ്റികൾ

കത്തിത്തീരാറായ 
കൊതുകുതിരികൾ
കുടി നിർത്തിയെന്ന് 
പറഞ്ഞു പോയതിനാൽ
കട്ടിലിനടിയിൽ നിന്ന് മാത്രം
ഞാൻ കണ്ടെടുക്കുന്ന റമ്മ് കുപ്പികൾ

ആഴ്ച്ചകൾക്കും മാസങ്ങൾക്കും
മണമുണ്ടെന്ന് 
അപ്പൻ കേൾക്കണ്ടെന്ന മട്ടിൽ 
അപ്പന്റെ പുതപ്പുകൾ

മുറം,ദോശക്കല്ല്അരകല്ല് എന്തിന്
കുക്കറു പോലും എണ്ണി പറയുന്നത്
അപ്പന്റെ 
'അടുക്കള പരിഷ്ക്കാരങ്ങൾ'

അരിയൂറ്റാൻ ക്ലിപ്പുകൾ !
റെഡിമെയ്ഡ് ചപ്പാത്തി !
അമ്മ പോലും വെക്കാത്ത
'പുതിയ തരംകറികൾ !

പച്ചരിച്ചോറ് കഴിക്കുമ്പോൾ 
അമ്മച്ചിയെ ഓർമ്മ വരുമെന്ന് പറഞ്ഞ്
അപ്പൻ വിളമ്പിത്തരുന്ന
പച്ചരിച്ചോറും പരിപ്പ് കറിയും 

പറമ്പിൽ കരിയിലയേക്കാൾ
കനത്തിൽ പഴുത്തമാങ്ങകൾ
"ഇങ്ങോട്ട് വാഇങ്ങോട്ട് വാ "
എന്ന് പറയാൻ 
അമ്മയില്ലാത്തതിനാൽ
എങ്ങോട്ടോ എങ്ങോട്ടോ 
പടർന്ന് കയറിപ്പോകുന്ന
പാഷൻ ഫ്രൂട്ട് വള്ളികൾ

അമ്മ മാത്രം 
നോക്കേണ്ടിയിരുന്ന
കറിവേപ്പില തൈകൾ

അപ്പന്റെ ഓട്ടോയ്ക്ക് പോലും
നീർ വീഴ്ച്ചജലദോഷം

അപ്പന്റെ പോക്കറ്റിൽ
ഇപ്പോൾ തുരുമ്പിക്കുമെന്ന മട്ടിൽ
വീടിന്റെ
മേശവലിപ്പിന്റെ 
താക്കോലുകൾ

ശ്വാസംമുട്ടി മരിക്കാറായെന്ന്
സ്റ്റീൽ അലമാരിയിലെ 
സാരികൾ

കടവിലെന്നെ കണ്ടപ്പോൾ
കടത്തുകാരനേക്കാൾ മുമ്പേ
അമ്മയോടന്വേഷണം പറയാൻ
പറയുന്ന കടത്ത് വള്ളം

"അമ്മയില്ലാതെങ്ങനുണ്ടപ്പാ"
എന്ന് ചോദിക്കുമ്പോൾ
അടിയിടാനാരുമില്ലെടി " എന്ന
ഉത്തരത്തിലൊതുക്കുന്നു
അമ്മയില്ലാതൊരു വീടിനെ പോറ്റുന്ന ദുഃഖം

 കഴിയുന്ന 
വേനലുമെന്റമ്മയെ
നന്നായ് 'മിസ്സ്ചെയ്യുന്നത് 
കൊണ്ടാവാം
എന്റെ വീട്ടിൽ മാത്രം
ഇത്ര ചൂട് കുറവ് !




മഞ്ഞ് മലകൾക്കിടയിൽ
കപ്പലോടിക്കുന്ന
വ്യദ്ധനാവികാ,
നിങ്ങളോടെനിക്ക്
അടക്കാനാവാത്ത പ്രേമമാണ്

കുന്തിരിക്കം മണക്കുന്ന
 രാത്രിയിൽ
നിങ്ങളെയോർത്തിരിക്കുമ്പോൾ
ആകാശം മുട്ടുന്നൊരു മഞ്ഞുമലയെ
നിങ്ങൾ ഒറ്റയ്ക്ക്
വലം വെയ്ക്കുന്നുണ്ടാവാം

നിങ്ങളുടെ 
നരച്ച നെഞ്ചിൻ രോമങ്ങൾ,
അവയ്ക്കിടയിൽ നിന്ന്
ഞാൻ കണ്ടെടുത്ത 
പച്ചകുത്തലുകൾ

ഓർമ്മകളെൻ്റെ തുരുത്തുകള
തീർത്തുമൊറ്റപ്പെടുത്തുന്നു

ആകാശമത്രമേൽ 
തെളിമയില്ലാത്തതും
രാത്രിയത്രമേൽ ക്രുദ്ധമായതുമായ
എല്ലാ നേരങ്ങളിലും
ഞാൻ നിങ്ങളെയോർക്കുന്നു

എൻ്റെ ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ
എത്രവേഗമാണ്
നിങ്ങളോടിണങ്ങിയിരുന്നത്
ഒരേയൊരു തലോടലിനാലവയിൽ
എത്രയെണ്ണത്തെയാണ്
നിങ്ങൾ കടത്തി 
കൊണ്ട് പോയത്

തൂവെള്ള കുപ്പായത്തിനരികിലെ
വയലറ്റ് ഞൊറികളിൽ
നിങ്ങൾ താമസിപ്പിക്കാറുള്ള
പർപ്പിൾ സുന്ദരിമാരൊടെനിക്ക്
അന്നുമിന്നും പകയാണ്

അവരുടെ നിതംബം 
കുലുക്കലുകളിൽ
ആടിയുലയുന്ന
കപ്പൽത്തട്ടുകളെന്നിൽ
അരിശമുളവാക്കാറുമുണ്ട്

അവരുടെ
നീലിച്ച മുലഞെട്ടുകളുതിർക്കുന്ന 
സംഗീതം
എന്നെ തുടർച്ചയായി
വിഷാദത്തിനടിമയാക്കുന്നു

എങ്കിലുമെൻ്റെ നാവികാ,
നിങ്ങളുടെ
ഇടത്തേ ചെവിയിലെ
നൂറ്റാണ്ടുകൾ പഴക്കമുള്ള
മുറിവിൻ്റെ വേദന,
അതെന്റേത് മാത്രമാണ്

എൻ്റെ ഓർമ്മത്തഴമ്പുകളുടെ
കൂട്ടവകാശി,
അടക്കിപ്പിടിച്ച
വേദനകളിൽ നിന്നെന്നെ രക്ഷിക്കാൻ
വേഗം വരിക

നിങ്ങളുടെ
കപ്പലിനു മാത്രമായുള്ളയെൻ്റെ
കപ്പൽ ചാലുകൾ

നിങ്ങളുടെ 
കൊടിമരത്തെ മാത്രം
മെരുക്കുവാനുള്ള
എൻ്റെ തീരത്തെ കാറ്റ്

നിങ്ങൾക്ക് മാത്രം 
നങ്കൂരമിടാനുള്ള
എൻ്റെ അടിത്തട്ടാഴങ്ങൾ

നിങ്ങളാൽ മാത്രം 
കണ്ടു പിടിക്കപ്പെടാൻ
കാത്തിരിക്കുന്ന
എൻ്റെ വൻകര സാധ്യതകൾ

എൻ്റെ നാവികാ,
നിങ്ങൾ വരുമെന്ന് കാത്ത്
നിങ്ങളെ മാത്രമോർത്ത്
ഏതോ ഭൂഖണ്ഡത്തിലെ 
ഞാൻ 





നല്ല പെൺകുട്ടികളുടെ 
ജനാലകൾ
നവംബർ മാസത്തിലേക്ക് 
തുറന്നിട്ടിരിക്കുന്നു

കാൽവെള്ളയിൽ 
മഞ്ഞ് വീഴ്ത്തുന്ന
ജാരൻ്റെ ജാലക വിദ്യയെ അവർ
സ്വപ്നം കാണുന്നു

അതിവേഗമുണങ്ങാവുന്ന
മുറിവിൻ്റെ സാധ്യതകളെവർ
ഉപ്പ് കല്ലുകളാൽ 
ത്വരിതപ്പെടുത്തുന്നു

വീഞ്ഞിൻ്റെ നദികളവർ
മുറിച്ച് കടക്കയും
വോഡ്കയുടെ സമുദ്രങ്ങളിൽ
പായ്ക്കപ്പലോട്ടുകയും ചെയ്യുന്നു

നല്ലപെൺകുട്ടികൾ
കവിതകളെഴുതുകയോ
കാമുകൻമാർക്കു വേണ്ടി
കരയുകയോ ചെയ്യുന്നില്ല 

പാവാടഞൊറികളിൽ നിന്നവർ 
പ്രേമത്തെ കുടഞ്ഞു കളയുന്നു
വിഷാദത്തെ പലതായ് മടക്കി
ഒറിഗാമി പൂക്കളുണ്ടാക്കുന്നു

നല്ലപെൺകുട്ടികളുടെ 
നാല് ചുവരുകളെ
അവർ തന്നെ നിർമ്മിക്കുന്നു
വസന്തത്തിൽ നിന്ന് 
പുറത്താക്കപ്പെട്ട
പൂക്കളുടെ ആത്മാക്കളെ
നാല് ചുവരിലുമൊട്ടിക്കുന്നു 

ജീവിതത്തെയവർ മഞ്ഞച്ചരടിൽ
കോർക്കുകയും
അടിവസ്ത്രങ്ങളേൽപ്പിക്കുന്ന
അടിമത്തത്തിൽ മനം നൊന്ത്
ആത്മഹത്യയ്ക്കൊരുങ്ങുകയും 
ചെയ്യുന്നു

അവർ പച്ചകുത്തുന്നു
പാട്ട് പാടുന്നു
മൂക്കുത്തിയുടെ ദൈവത്തിന്
സ്തോത്രങ്ങളാലപിക്കുന്നു

നല്ല പെൺകുട്ടികളൊരിക്കലും
നല്ല പെൺകുട്ടികളേയാവുന്നില്ല
മനസിലിടയ്ക്കിടെ 
മഹാഗണികൾ നട്ടും
ഒരു കാടിൻ്റെ മണത്തെയവിടെ 
കുടിയിരുത്തിയും
ഒരേ ഒരാളുടെ കവിതയാൽ
മാത്രമവർ വിശുദ്ധരാക്കപ്പെടുവാൻ
കാത്തിരിക്കയാണ്