ഹൃദയം തകര്‍ന്നവരുടെ
സംഗീതികളാല്
വയലിന്‍ കമ്പികള്‍
പൊട്ടിയമരുന്നു 
കണ്ണുകള്‍ നിറയെ
പൂക്കളാണ്
അമര്‍ത്തി തേങ്ങുന്ന
ലില്ലികള്‍,
വയലറ്റ് ഡാഫോടിലുകള്‍
നെഞ്ചിനിടത്തെ
വരമ്പില്‍ നിന്നും 
ഒലിച്ചിറങ്ങുന്നത്
പ്രാണനാണ്

ഒരുമ്മകളെയും
വിശ്വസിക്കാനാവാത്ത
കാലം വരുന്നു
ഒരേയൊരു
ചുംബനത്താല്‍
ഒറ്റികൊടുക്കുവാന്‍
യൂദാസുമാര്‍
കാത്തു നില്‍ക്കുന്നു
കൈകഴുകി തുടക്കുവാന്
കൈലേസുമായി
പീലാത്തോസുമാരും
ഓര്‍മ്മയില്‍
ഒരു ഓക്ക് മരം
നിര്‍ത്താതെ കരയുന്നു
നിന്ന് കത്തുന്ന
കുരിശുകളില്‍
ഞാന്‍ എന്നെ തന്നെ
തറയ്ക്കുന്നു


നിനക്കെന്നെയൊന്നു 
തനിച്ചു വിട്ടൂടെ?
ഒറ്റക്കിരിക്കുംപോഴെല്ലാം 
'പറയെടീ'യെന്നും 
പറഞ്ഞു 
കയറി വരും

കൊത്തിപ്പെറുക്കിയ നുണകളെ
ഗീര്‍വാണങ്ങളെ
തുപ്പലൊട്ടിച്ച കവിതകളെ 
എന്റെ നേരെ വെച്ച് നീട്ടുന്നു

ഒറ്റ വലിക്ക് പുറത്തിറക്കി
ഒരു മഴ മുഴുവന്‍
ഒറ്റയ്ക്ക് കൊള്ളിക്കും

ഞെക്കി പിഴിഞ്ഞെന്റെ 
കണ്ണീരത്രയും
ഒറ്റ വാക്ക് കൊണ്ട് 
പുറത്തെടുക്കുന്നു

മൂക്കിന്‍ തുമ്പാലൊരു 
റെഡ്‌ സിഗ്നല്‍ തുടുക്കുമ്പോള്‍
കണ്ണിറുക്കിയ 
ചിരിയാലെന്നോടവന്‍
യുദ്ധം കുറിക്കുന്നു

ആറി തണുത്ത 
എന്റെ പകലില്‍
തലയിണ പഞ്ഞികളെ 
പറത്തി വിടുന്നു

ഒരു കുട്ട ആപ്പിളിനെ 
നേര്‍ക്ക്‌ നേരെ 
ഉരുട്ടി വിടുന്നു

'
നിന്നെ പോലെ' എന്ന് പറഞ്ഞു
ഇരുണ്ടൊരു മുയല്‍ കുഞ്ഞിനെ
തൊട്ടു തലോടിയിരിക്കുന്നു

പിന്നെ,
പിന്നെയെപ്പോഴോ
ഒരു പൂവിറുക്കുന്ന 
വേഗതയില്‍
എന്റെ പകലിനെയവന്‍ 
മുറിച്ചു കടക്കുന്നു

തിരിഞ്ഞു, 
മറിഞ്ഞു
അമര്‍ന്നു കിടക്കുമ്പോള്‍
നീ വന്നിരുന്നുവെന്നും
ഇനിയും വരുമെന്നും
എങ്ങും പോയിട്ടില്ലെന്നുമുള്ള 
പ്രാര്‍ത്ഥന
ഏഴു തവണ 
ആവര്‍ത്തിച്ചു ചൊല്ലുന്നു
കുരിശു വരക്കുന്നു
കണ്ണടക്കുന്നു


ഭ്രാന്താണ് നോവാണ് 
അടങ്ങാത്ത പകയാണ്
ഞാനാണ് നീയാണ്
കറുപ്പ് പൂത്ത കാടുകളാണ്

ഉച്ച വെയിലിന്റെ 
അറുതിയാണ്
മരണം മണക്കുന്ന 
മഴക്കാലമാണ്

ഇടറുന്ന 
വഴികളാണ്
കാറ്റിന്റെ 
അമര്‍ച്ചയാണ്

ആരറിയുന്നു
ആരോര്‍ക്കുന്നു
ആരുമെന്റെ 
ആരുമല്ലായിരുന്നുവെന്ന്

ഭ്രാന്തന്‍ വരികളില്‍
കോര്‍ത്തെടുക്കുന്നത് 
അവരെയാണ്

എന്നെയെന്നോ 
കൊന്നു തിന്നവരെ
എന്നെയെന്നോ 
കുഴിച്ചിട്ടവരെ

എന്നെയെന്നോ
എന്നെയെന്നോ

മണക്കുന്നതു 
മഷിയോ
അതോ 
ചുവന്ന നീരോ

കത്തി തീരുന്ന 
ഓര്‍ക്കിഡുകളെ
നിങ്ങള്‍ 
കണ്ടിട്ടുണ്ടോ

കുഴഞ്ഞു വീഴുന്ന 
ശലഭ കൂട്ടങ്ങളെ?
കണ്ണില്‍ നിന്നും 
കണ്ണിലേക്ക്
പാളി വീഴുന്ന 
വെയില്‍ ചീളുകളെ?

കണ്ണടച്ചാലും 
കാണാവുന്ന 
ചിലതുണ്ട്

സ്നേഹിക്കൂ 
സ്നേഹിക്കൂ...
എന്ന് ഞാന്‍ 
പറയുമ്പോഴും
എനിക്കറിയാം
ബുദ്ധി കൊണ്ട് 
സ്നേഹിക്കുന്നവര്‍
ക്രൂരരാണെന്നും
ഉള്ള് കൊണ്ട് 
സ്നേഹിക്കുന്നവര്‍
വിഡ്ഢികളാണെന്നും

കിഴക്കാംതൂക്കായൊരു 
മലയെന്നോ
ആള്‍പ്പാര്‍പ്പില്ലാത്തൊരു 
ഭൂപ്രദേശമെന്നോ
എന്ത് വേണമെങ്കിലും 
നിന്നെ ഞാന്‍ 
വിളിച്ചെന്നിരിക്കും

എനിക്കറിയാമത് 
കേള്‍ക്കുമ്പോള്
നീ വിളി 
കേള്‍ക്കുമെന്നും
ഇരു കണ്ണുകളിലും
രണ്ടു സൂര്യന്‍മാര്‍ 
ഒന്നിച്ചുദിക്കുമെന്നും

രാത്രിയുടെ 
ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും 
നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
വസ്ത്രമഴിച്ചിരിക്കുന്നു

രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും 
നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
ഇണ ചേര്‍ന്നിരിക്കുന്നു

കവിത ചുവയ്ക്കുന്ന 
വായില്‍ നിന്ന്
നിന്നെയെങ്ങനെ
തുപ്പി കളയാമെന്നാണ്
ഞാന്‍ ഇപ്പോളോര്‍ക്കുന്നത്


വെളുപ്പാന്‍ കാലത്തെ
തണുത്ത 
മൂന്നരമണി നേരങ്ങളിലാണ്
ഒരു തോട്ടം നിറയെ
(അതോ ഒരേക്കര്‍ നിറയെയോ?)

തുളിപ്‌ പൂക്കളെ 
ഞാന്‍ സ്വപ്നം കാണുന്നത്

രണ്ട് കൊന്ത മണികള്‍ക്കിടയില്
എവിടെയോ വെച്ചാണ്
ഞാനുമവനും
യു.കെ യിലേക്കുള്ള
ഫ്ലൈറ്റ്‌ പിടിക്കുന്നത്

എന്റെ രണ്ടാമത്തെയോ 
മൂന്നാമത്തെയോ
പ്രണയമാണ് നീയെന്നു
പറയണമെന്നുണ്ടായിരുന്നു

എങ്കിലും പറയാതിരുന്നത്
അവനിതുവരെ ആരെയും
പ്രേമിച്ചിരുന്നില്ലയെന്ന
ഒരേയൊരു കാരണത്താലാണ്

ലണ്ടനിലിതുവരെ 
എത്ര ഡാഫോഡില്‍സ്
വിരിഞ്ഞിട്ടുണ്ടാകും?
ഞാനോര്‍ത്തത് പോലെ
എല്ലാ വയലറ്റ് പൂക്കളും
നാണക്കാരികളായിരിക്കുമോ?

ചിന്തകളതിന്റെ നാലാം വളവ് 
തിരിയുമ്പോള്‍
ബീപ് നിലവിളിയോടെ 
നിന്റെ മെസ്സെജെന്റെ
നെഞ്ച് കടക്കുന്നു

അനുകൂലമായൊരു 
പരിസ്ഥിതിയിലേ പ്രണയിക്കൂ എന്ന 
പ്രത്യയശാസ്ത്രത്തെക്കുറിച്ച്
നീ വാചാലനാകുമ്പോഴും
കാട്ടുമുളയുടെ 
ചതഞ്ഞ തണ്ടൊടിച്ചു
നിന്റെ ഇടതു കാല്‍ മുട്ടിലെ 
മറുകിനെ ഞാന്‍ 
ഓമനിച്ചു കൊണ്ടേയിരുന്നു