ഉയിര്‍പ്പ്‌


ഓളമൊഴിഞ്ഞൊരു പുഴയില്‍
മുങ്ങി നിവര്‍ന്ന പോലെ
എന്റെ സ്വപ്നങ്ങള്‍ക്കിന്നു
വല്ലാത്ത തിളക്കം

തേങ്ങലുകളടങ്ങിയിരിക്കുന്നു
കണ്ണുനീര്‍ ചാലുകള്‍
പൂക്കള്‍ മൂടി
നികന്നിരിക്കുന്നു

ഉള്ളിലെ ഉഷ്ണത്തില്‍ നിന്ന്
ഉയിര്‍ കൊണ്ടൊരു
ഗന്ധത്തിലിന്നെന്‍റെ
രക്ത രേണുക്കള്‍ സ്നാനം നടത്തുന്നു

ഇന്നെന്റെ പാതി മയക്കങ്ങളിലും
ചുംബനങ്ങളെന്നെ നോക്കി പുഞ്ചിരിക്കുന്നു
ഹൃദയറകളിലെ കാല്പെരുമാറ്റങ്ങളിന്ന്
ചടുലമായിരിക്കുന്നു

മൃദുലമായൊരു കരമെന്നെ
ചേര്‍ത്തു പിടിക്കുമ്പോഴും
ഞാനൊരു സുന്ദരസ്വപ്നത്തിന്റെ
കൈവിരല്‍ തുമ്പില്‍ ഊയലാടുകയായിരുന്നു

വാടിയ പൂക്കളിലുമോരിക്കല്‍
തേന്‍ പുരണ്ടിരുന്നുവെന്നു
കാലമെന്നെ
പഠിപ്പിച്ചു കൊണ്ടിരുന്നു

മിനുസമടര്‍ന്നയെന്റെ കുപ്പിവളകള്‍
വീണ്ടും ചിരിച്ചു തുടങ്ങിയിരിക്കുന്നു
നഷ്ടപ്പെടലുകളുടെ ചിലമ്പലുകളില്‍ നിന്നെന്റെ
പാദസ്വരങ്ങളും പിന്മാറിയിരിക്കുന്നു

മഞ്ഞിന്റെ നേര്‍ത്ത മൂടലിനിടയിലും
നീ കാണുന്നില്ലേ
വീണ്ടും ചുവന്ന് തുടങ്ങിയ
എന്റെ ഹൃദയം!!!

ഓരോ ചുംബനങ്ങള്‍ക്കൊടുവിലും
നമ്മുടെ നിശ്വാസങ്ങള്‍ ഒന്നായി ചേരുന്നൊരു വിളുമ്പില്‍ 
എന്റെ മിഴികളില്‍ നക്ഷത്രങ്ങള്‍
പിറവി കൊള്ളുകയായിരുന്നു