ഇരുപത്തി നാല് - ഒരു സംഖ്യയേയല്ല

തിരുത്തപ്പെടേണ്ട ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു
ഒരൊറ്റ മരത്തിന്റെ ഏകാന്തത 
ചിലപ്പോളതിന്റെ ചില്ലകള്‍ പോലും
അറിയാത്തതു പോലെ
തീര്‍ത്തുമൊറ്റപ്പെട്ടൊരു മഴയെ
രാത്രിയില്‍ തനിച്ചു പെയ്യാന്‍ വിട്ടത്
ഒരു ദയയും അര്‍ഹിക്കാത്ത തെറ്റാണ്‌
ആരുമറിയാതെ വിങ്ങിയിരുന്നൊരു
മുറിയുടെ ജനാലയെ
ആകാശത്തിനൊറ്റ് കൊടുത്തത് ഞാനാണ്
രാത്രികള്‍ മാത്രം
മറുപടി പറേയണ്ടൊരു ചോദ്യത്തിന്റെ
കഴുത്ത് ഞെരിച്ചത് ഞാനാണ്
ഇഞ്ചിഞ്ചായി മരിക്കേണ്ട
ഒടുക്കലത്തെ പ്രണയത്തെ
ഒറ്റയൊരു ഇഴക്കയറില്‍
ഒറ്റയൊരു ഊഞ്ഞാലാട്ടത്തില്‍
ഒറ്റയ്ക്കക്കര കടത്തിയതും ഞാനാണ്
ഇരുപത്തി മൂന്നാമത്തെതായിരുന്നു നീ
പാവമായിരുന്നു
പലതവണ പോറിയിരുന്നു
നിന്ന് കത്തുന്ന ഓര്‍മ്മകളുണ്ടായിരുന്നു
അത്ര വാചാലമായി കരയാറുണ്ടായിരുന്നു
മരിക്കേണ്ടതു ഞാനായിരുന്നു
കൊല്ലേണ്ടത് നീയും
എന്നിട്ടും
മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ
വേരുകള്‍ക്കുണ്ടാകുന്ന അന്യതാ ബോധമുണ്ട്
അതാണെനിക്ക് നീ തന്നു പോയത്
തിരുത്തപ്പെടേണ്ട ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു

പ്രാണന്‍ എന്ന് പേരുള്ള ഒരു വയലിന്‍ പാടുന്നത്

അധികം വേദനയൊന്നുമില്ല 
ആത്മ ഭാഷണങ്ങള്‍ ഇടയ്ക്കു വെച്ച് 
മുറിഞ്ഞു പോകുന്നുവെന്നേയുള്ളൂ 
തെരുവുകളായ തെരുവുകളൊക്കെയും 
നിന്റെ പക്ഷമാണ്
അല്ലെങ്കിലും
ഈ മൂന്നാംകിട മുറിവുകള്‍
ആര്‍ക്കാണ് അറപ്പുളവാക്കാത്തത്
തീര്‍ത്തും അപരിഷ്കൃതമായ തുറമുഖത്തേക്ക്‌
ആരാണ് കപ്പലടുപ്പിക്കാന്‍ തുനിയുക
വന്‍കരകള്‍ തമ്മിലുള്ള യുദ്ധത്തില്‍
ചോര കണ്ടറപ്പ് തീര്‍ന്ന പോരാളിയാണ് നീ
നമുക്കിടയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍
കള്ളിമുള്ളുകള്‍ പൂക്കുന്നത് പോലും
നിനക്ക് കേവലമൊരു
ഒറ്റപ്പെട്ട പ്രതിഭാസമായിരിക്കാം
എങ്കിലുമൊന്നു ഓര്‍ക്കേണ്ടതുണ്ട്
മുലഞെട്ടുകളെ നിറം മങ്ങിയ
മുല്ലമുട്ടുകളോട് ഉപമിക്കുന്ന
നിന്റെയാ ശീലമുണ്ടല്ലോ
ഇനിയുള്ള വസന്തങ്ങളില്‍
ഒരു പെണ്ണുമത്
ചെവിക്കൊള്ളണമെന്നില്ല
കന്യകമാര്‍ പോലും
വാക്കുകള്‍ക്കിടയില്‍
അരിപ്പകള്‍ പാകുകയും
നിറമുള്ള ഉമ്മകള്‍ കൊണ്ട്
ഒറ്റ് കൊടുക്കുകയും ചെയ്യുന്ന
കാലം വരുന്നു
ഒരു ഇരയും ഒരൌപചാരികതയും
അര്‍ഹിക്കുന്നില്ലെന്നതിനാല്‍
ഒരു പുഴയോടോ ഒരു കാറ്റിനോടോ
നിന്നെ ഞാന്‍ ഉപമിക്കുന്നു
വന്നു പോയ കാലങ്ങളെ
തണുപ്പിന്റെ നിറമുള്ള
ചില്ല് കുപ്പികളില്‍ നിറക്കുന്നു
ഒന്നൊന്നായി
ഉമ്മ വെച്ച് തകര്‍ക്കുന്നു !!

അഞ്ചു കാമുകന്മാരും നീയും

പരിശുദ്ധരായ അഞ്ചു കാമുകന്മാര്‍ 
എനിക്കുണ്ടായിരുന്നു
ചുരുട്ടുകള്‍ കയറ്റിയയ്ക്കുന്ന നാട്ടിലെ
കച്ചവടക്കാരനും പണക്കാരനുമായിരുന്നു 
ആദ്യത്തവന്‍
ഉമ്മകള്‍ തിരുകിയ ചുരുട്ടിനു 
ഉന്മാദമേറുമെന്ന അവന്റെ പരീക്ഷണത്തില്‍
ഉമ്മകളുടെ മൊത്ത വില്പ്പനക്കാരി ഞാനായിരുന്നു
തിരികെ വാങ്ങുവാനായി 
ഒന്നും നല്‍കാത്ത ഞാന്‍
കിട്ടിയ കാശിനവയെ 
മൊത്തമായി വിറ്റു
ഒട്ടും വെട്ടമെത്താത്ത മുറിയില്‍ 
ഇന്നുമവ തടവിലാണ് 

അടുത്തതൊരു നായാട്ടുകാരനായിരുന്നു
ഒറ്റ കണ്ണില്‍ മാത്രം വെളിച്ചമുള്ളവന്‍
എന്റെ മുന്നില്‍ മാത്രമവനൊരു 
മുയല്‍കുട്ടിയാകുമായിരുന്നു 
നെറുകയില്‍ നിന്നെന്റെ ചുണ്ടുകള്‍ 
അവന്റെ ചുണ്ടുകളെ തേടിയിറങ്ങുമ്പോള്‍
അവന്‍ എങ്ങലടിക്കാറുണ്ടായിരുന്നു
അവനമ്മയെ ഓര്‍മ്മ വരുമായിരുന്നു 
കാടുകള്‍ കീഴടക്കുവാന്‍ 
ഉമ്മകളുടെ ഓര്‍മ്മയും വാങ്ങി 
അവനെങ്ങോ പുറപ്പെട്ടു പോയിരിക്കുന്നു

ഇനിയുള്ളവരില്‍ രണ്ടു പേര്‍ മാന്ത്രികരായിരുന്നു
വെയിലരിച്ചു പൂക്കളുണ്ടാക്കുന്നവര്‍
വാസനകളില്‍ നിന്ന് വസന്തങ്ങളെ 
ഉയിര്‍പ്പിക്കുന്നവര്‍
ഇറങ്ങിയോടുന്ന ഒച്ചകളെ 
ഒറ്റയ്ക്ക് വിളിച്ചു വരുത്തുന്നവര്‍ 

അവസാനത്തവന്‍ ഒരു നാടോടിയായിരുന്നു
അവന്റെ കൈയില്‍ അഞ്ചുറുമാലുകളുണ്ടായിരുന്നു
അതിലഞ്ചിലും അത്ര തന്നെ കന്യകമാരുടെ മുഖങ്ങളും
അതിലോരാള്‍ക്ക് എന്റെ മുഖമായിരുന്നു
കണ്ടയുടനവനെന്റെ കാല്‍പാദങ്ങളിലേക്ക് വീണു
നാല്പതു രാവും നാല്പതു പകലും 
നിര്‍ത്താതെ കരഞ്ഞു
അവന്റെ മുടിയിഴകള്‍ക്ക് 
ഏതോ ജന്മത്തിലെ എന്റെ തന്നെ മണമുണ്ടായിരുന്നു 
കാതില്‍ തൂക്കിയ അലുക്കില്‍
എന്റെ ഒന്‍പതു ജന്മങ്ങളെപ്പറ്റി 
കൊത്തി വെച്ചിരുന്നു
നീല പൂക്കളുള്ള നീളന്‍കുപ്പായത്തില്‍ 
പതിനാറു ജന്മങ്ങളിലെ എന്റെ പേരുകളുണ്ടായിരുന്നു

ഞാനോരുമ്മ പോലും കൊടുത്തില്ല 
ഒന്നിലധികം നോക്കിയില്ല
ഒരു സ്വപ്നത്തിലായിരുന്നു
ഉടലും ശിരസ്സും ഒരുമിച്ചൊരു 
പൂക്കാലമാകുന്ന സ്വപ്നം

അതില്‍ നീയുണ്ടായിരുന്നു
ഞാന്‍ ഞാനായി തന്നെയുണ്ടായിരുന്നു
നാം പേരിട്ടു വളര്‍ത്തിയ 
നമ്മുടെ മക്കളുണ്ടായിരുന്നു
നാല് വാതിലുള്ള
നമ്മുടെ വീടുണ്ടായിരുന്നു

ഉണര്‍ന്നപ്പോള്‍ ഞാനിവിടെയായിരുന്നു
‘കന്യകമാരുടെ സ്വര്‍ഗം’ എന്നു വിളിക്കപ്പെടുന്ന ഇവിടെ
അതിനു ഞാനൊരു കന്യകയല്ലല്ലോ
എനിക്കഞ്ചു കാമുകാന്മാരുണ്ടായിരുന്നില്ലേ?
കാമുകനും ജാരനുമല്ലാത്ത നീയുണ്ടായിരുന്നില്ലേ?
അല്ല..ഞാനൊരു കന്യകയല്ല
അല്ല..ഞാനൊരു പെണ്ണേയല്ല
എനിക്ക് മുലകളില്ല
എനിക്ക് മുടിയുമില്ല
എന്റെ പേര് ‘നോര്‍മ്മ’ എന്നാണ്
ഏതോ ലോകത്തിലെ 
ഏതോ പീയാനോയില്‍ നിന്ന് വന്ന
അതി സാധാരണമായൊരു സ്വരം മാത്രമാണ്
ഞാനൊരു കാമുകിയല്ല
ഞാനൊരു പെണ്ണുമല്ല
ഞാനൊരു മനുഷ്യനേയല്ല

അത്ര മേല്‍ അറുബോറായ ജീവിതമേ

തിരക്കുകള്‍ക്കിടയിലും തിരഞ്ഞു പിടിച്ചുചില വാക്കുകളെ നാട് കടത്തുകയാണ്'നീ' , 'ഒറ്റക്കാകല്‍ ' , 'ഞാന്‍' , 'ഉമ്മ ', 'പ്രണയം' !!സ്വപ്നത്തില്‍ ഇനിയെന്തിനെക്കുറിച്ച് ശര്‍ദ്ദിക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്കകാര്‍ക്കിച്ചു തുപ്പുന്ന കണ്ണുകളാണ്എന്റെ മുറിയുടെ ചുവരുകള്‍ നിറയെതുപ്പലിനൊക്കെ ആനാന്‍ വെള്ളത്തിന്റെ തണുപ്പെന്നത്തീരെ അറപ്പില്ലാത്തൊരു തിരിച്ചറിവാണ്ഈര്‍ച്ചകേടുകള്‍ക്കിടയിലുംകൈ വിറക്കാതെയെന്നെ കെട്ടി തൂക്കുന്നൊരുപിരിയന്‍ കയറാണ്ഈ മാസബഡ്ജറ്റിലെ ആദ്യ വസ്തു"ആരെ കാട്ടി പേടിപ്പിക്കുവാനാണ് " എന്നത്എന്നെ ബാധിക്കുന്ന പ്രശ്നമല്ലഇടയ്ക്കിടെ നോക്കി സ്വയം പേടിക്കാനുമല്ലഎനിക്കെന്നെ തന്നെ വേണ്ടാതെ വരുമ്പോള്‍ഒറ്റ ഊഞ്ഞാലാട്ടത്തിലീയാകാശത്തിന്റെഅങ്ങേ അറ്റത്ത് കൈ എത്തി തൊടാമെന്നുവെറുതെ ഒന്നുറപ്പിക്കാനാണ്നിലത്തുറക്കാത്ത കാലുകളുംഊതി വിടുന്ന പുകച്ചുരുളുകളുംമാത്രമായിരുന്നു ഈ ജീവിതമെങ്കില്‍..ദിവസ വാടകക്കെങ്കിലും അതൊന്നു കിട്ടിയിരുന്നെങ്കില്‍അത്ര മേല്‍ അറുബോറായ എന്റെ ജീവിതമേനിന്നെയേന്നെ ഞാനീ ഉത്തരത്തില്‍ കെട്ടി തൂക്കിയേനെ