എനിക്കപ്പനെ ഓർക്കുമ്പോൾ
അമരത്തിലെ
അച്ചൂട്ടിയെ ഓർമ്മ വരും
വികാര വിക്ഷോഭങ്ങളുടെ
ആൾരൂപം


വേറെ ചിലപ്പോൾ
നിറക്കൂട്ടിലെ രവി
ഉള്ളിലാകെ
കലഹം നിറച്ച്


എങ്ങനൊക്കെയായാലും
എനിക്കപ്പൻ മമ്മൂട്ടിയാണ്
ആകെയുള്ളൊരു അപ്പച്ചി
മനസിലെപ്പോഴോ കുത്തി വെച്ചതാണീ
മമ്മൂട്ടി സാമ്യം


പുള്ളിക്കാരി,
മമ്മൂട്ടി കരയുന്ന സിനിമകൾ
കണ്ടു വാവിട്ടു കരയുമായിരുന്നു
"ബാബുച്ചായനെ പോലെയെന്നു"


അപ്പൻ ഒരസ്സൽ
സുന്ദരനായിരുന്നു
മഞ്ഞു പോലെ വെളുത്ത
വിക്ടോറിയാ ചേട്ടത്തിയുടെയും
കറുപ്പ് തൊട്ടെടുക്കാവുന്ന
കുട്ടിച്ചായാന്റെയും
ആറു മക്കളിൽ
അല്പമെങ്കിലും
വെളുത്തിരിക്കുന്നവൻ
ഏക പെണ്തരി
എലിസബത്തിനു പോലും
അമ്മ കൊടുക്കാതെ
എന്റപ്പന് മാത്രം കൊടുത്തത്


അപ്പനെ കുറിച്ചുള്ള
സുന്ദര ഓർമ്മകളിലൊന്ന്
ഒരു കളർ ഫോട്ടോയാണ്
ഖത്തറിലെയേതോ
പകലിൽ
കോക്കിന്റെ ക്യാനുമായി
ഒരു കാൻഡിഡ് ഫോട്ടോ


നേരിട്ടുള്ള
ഓർമ്മകൾ തുടങ്ങുന്നത്
നാലിൽ പഠിക്കുമ്പോഴാണ്
നീണ്ട കാല പ്രവാസത്തിനു ശേഷം
ഗൾഫ് ഉപേക്ഷിച്ചു വന്ന അപ്പൻ
പിന്നെ വീടിന്റെ അപ്പനായി
നാടിന്റെ അപ്പനായി
ഓട്ടോ അച്ചായൻ ആയി


പിന്നെയപ്പന്റെ കൂടെ,
അപ്പന്റെ പിന്നാലെ


അപ്പൻ കൂട്ടു വന്ന
ഓട്ട മത്സരങ്ങൾ
അപ്പൻ പഠിപ്പിച്ചു തന്ന
മാപ്പിള പാട്ടുകൾ
അപ്പൻ കൊണ്ടു വന്ന
കളർ ടി വി, വി.സി. ആർ
വീഡിയോ ക്യാസറ്റുകൾ
അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ്
യോദ്ധ, ടൈറ്റാനിക്,
വാത്സല്യം


പെണ്മക്കൾക്കായി
കൊണ്ടു വന്ന
ചുവന്ന ഹെയർ ഡ്രൈയർ


പിന്നെ പിന്നെ
ഒരിക്കലും തീരാത്ത തരത്തിൽ
വീട്ടിലെ കലഹങ്ങൾ
തീർന്നു തീർന്നു പോകുന്നുവെന്ന്
പേടിക്കുന്ന
തമ്മിലെ സ്നേഹം


പക്ഷേങ്കില്
ആരോ പറഞ്ഞ പോലെ
എന്റപ്പന് എനിക്കൊരു
അസാധ്യ പസ്‌സിലുമാണ്


ഭാര്യയ്ക്കും
പെണ്മക്കൾക്കും
പിടികൊടുക്കാതെ
രണ്ടു കൊച്ചുമക്കൾക്ക് മാത്രം
കീഴടങ്ങി ജീവിക്കുന്ന,
വേഗം കണ്ണു നിറയുന്ന,
എവിടെ ഇറങ്ങിയാലും
'അച്ചായാ' എന്നു
നീട്ടി വിളിക്കാൻ ആളുള്ള
സ്വയം മുറിവേറ്റു മുറിവേറ്റു
കലഹിക്കുന്ന
പാവം അപ്പൻ


എല്ലാ അപ്പന്മാരും
പാവങ്ങളാണ്
നെഞ്ചിലെ തീയില്
എല്ലാം ഒളിപ്പിച്ചു
ചുമ്മാ പുറമെ
എന്തൊക്കെയോ കാണിച്ച്

അപ്പനെന്തൊരു അപ്പനാ അപ്പാ !!



തീരെ അപരിചിതനായ ഒരുവനെ പറ്റി


ശൈത്യത്തിന്റെ തുടക്കമായിരുന്നു
ഉള്ളുറഞ്ഞു മരിക്കാതിരിക്കാനൊരു
വീട് വേണമായിരുന്നു
നാളുകളുടെ അലച്ചിലുകൾ 
ഒടുവിലെന്നെ
അയാളുടെ മുന്നിൽ 
കൊണ്ടെത്തിച്ചു

ഇറാനിയൻ ഭൂപടത്തിന്റെ
ഏതോ വിളുമ്പിൽ നിന്നും
കാലങ്ങൾക്കു മുന്നേ
ഇങ്ങോട്ടു കുടിയേറിയ 
ഒരു മനുഷ്യൻ

വെളുത്തു കൊലുന്നനെയുള്ള
അയാളുടെ രൂപമെന്നെ
'ഫ്ലോറന്റിന അരിസ'*യെ 
ഓർമിപ്പിച്ചു

വാർധക്യത്തിന്റെ 
വെളുത്ത നേർത്ത പാട
അയാളുടെ കണ്ണുകളുടെ വെളിച്ചത്തെ
ചെറുതായി 
മൂടി കളഞ്ഞിരുന്നു

മാർഗരറ്റ് ഡ്രൈവിലെ
തണുത്തു വിറങ്ങലിച്ച 
പൂച്ചക്കുട്ടിയെ എന്ന പോൽ
 വൃദ്ധനെന്നെ 
ആർദ്രമായി നോക്കി

മങ്ങിയ വെളിച്ചമുള്ള
അയാളുടെ 
കുടുസ്സു മുറിയിൽ നിന്നും
വിചിത്ര ഭാഷകളിൽ 
ഉള്ള പാട്ടുകൾ
നേരം ഇരുട്ടുവോളം 
കേൾക്കാമായിരുന്നു

ടെക്വില കലർന്ന 
ചൂടുള്ള സന്ധ്യകളിൽ
അയാൾ വാചാലനായി 
കാണപ്പെട്ടു

അടുത്തിടെ പിരിഞ്ഞു പോയ 
ഭാര്യയെപ്പറ്റി,
ഗ്രാമത്തിലെ പണ്ഡിതനായിരുന്ന
മുത്തച്ഛനെപ്പറ്റി,
പിണങ്ങി കഴിയുന്ന 
ഒരേയൊരു പെങ്ങളെപ്പറ്റി,
എന്നും നിസ്കരിക്കുവാൻ
നിർബന്ധിച്ചിരുന്ന 
അമ്മയെപ്പറ്റി,

പിന്നെ ഇന്ത്യയെ പറ്റി.

ഇന്ത്യ അയാൾക്കൊരു 
നല്ല രാജ്യമായിരുന്നു

(നല്ല കാലങ്ങളിൽ നിൽക്കുന്ന ഇന്ത്യയെ പറ്റി മാത്രം അയാൾ അറിഞ്ഞാൽ മതി എന്നതു പെട്ടന്നുള്ള എന്റെ തീരുമാനമായിരുന്നു.)

കൊൽക്കത്തയിലെ 
അയാളുടെ പഠന കാലങ്ങൾ
ഇരുണ്ട നിറമുള്ള 
ബംഗാളി കാമുകി
അവരുടെ 
നീണ്ട ചെമ്പൻ മുടിയുടെ മണം
കടുപ്പമേറിയ ചായയുടെ 
നിറം കലർന്ന
വൈകുന്നേരങ്ങൾ
നരച്ച മഞ്ഞിപ്പു പടർന്ന 
കൊൽക്കത്ത തെരുവുകൾ

ഒരിക്കലും കണ്ടിട്ടില്ലാത്ത
എന്റെ രാജ്യത്തിലെ നഗരം
ഒരു ഇറാനിയാൽ എന്നെ
പ്രലോഭിപ്പിച്ചു 
കൊണ്ടിരുന്നു

വീട്ടിലെ മറ്റു താമസക്കാരേക്കാൾ
മുൻപയാൾ ഉണരുകയും
100 കിലോമീറ്റർ അകലെയുള്ള 
നഗരത്തിലേക്ക് ജോലിയ്ക്കായി
സ്വയം കാറോടിച്ചു പോവുകയും 
ചെയ്തിരുന്നു
തമ്മിൽ കണ്ടു മുട്ടുന്ന 
വിരളനേരങ്ങളിൽ
ജീവിതത്തിന്റെ 
അർത്ഥമില്ലായ്മയെ കുറിച്ചും
അപകടകാരികളായ 
മനുഷ്യരെക്കുറിച്ചും
ദൈവമില്ലായ്മയുടെ 
ആധികാരികതയെപ്പറ്റിയും
നിർത്താതെ 
സംസാരിച്ചു കൊണ്ടിരുന്നു.

ഇനി ഞാൻ പറയുവാൻ പോകുന്നത്
എനിക്കും നിങ്ങൾക്കും 
ഇടയിൽ മാത്രം
ഇല്ലാതായി പോകേണ്ട 
ഒരു രഹസ്യത്തെ പറ്റിയാണ്.

" മനുഷ്യന്റെ മരണം ആത്മഹത്യ ആയിരിക്കും"എന്ന് 
ഒറ്റ നോട്ടത്തിൽ 
ഒരു മനുഷ്യനെ കണ്ടിട്ട് 
നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ ?

(എനിക്കത് തോന്നിയെങ്കിൽ ഇയാളെ പറ്റി മാത്രമായിരിക്കും)

ഒറ്റയ്ക്കായി പോയവനോ
ജീവിതത്തോട് വിരക്തി 
ഉള്ളവനോഅല്ലയാൾ
തന്നെ പറ്റിയിരുന്ന
ഓരോ വേരുകളേയും
ഒന്നിന് പുറകെ ഒന്നായി അടർത്തി കളഞ്ഞ,
ഏതോ ആഴമുള്ള തടാകത്തിനടിയിൽ
ഒന്നിലും തട്ടി തടയാതൊഴുകുന്ന ജലസസ്യത്തോട്
തന്നെ തന്നെ സ്വയം ഉപമിക്കുന്ന ഒരുവനാണ്.

പിന്നെ എന്തിനാകും
അയാൾ അതു ചെയ്യാൻ പോകുന്നത് 
അത് 
തീരുമാനിച്ചുറപ്പിക്കുവാനുള്ള അവകാശം.
അതയാൾക്കു തന്നെയിരിക്കട്ടെ
അതിനു മുൻപ്
വേറൊരു വീട് തരമാക്കുക
എന്നതിൽ കവിഞ്ഞു 
എന്തു ഞാൻ ചെയ്താലും
അതു നന്ദികേടാകും

ഇനി നിങ്ങൾ പറയു.
ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് 
എന്നു മാത്രമല്ല
മരണത്തിലേക്കുള്ള കടന്നു കയറ്റവും
വളരെ ഹീനമാണെന്ന 
എന്റെ നിലപാട്
ഞാൻ തിരുത്തേണ്ടതുണ്ടോ?

*Love in the time of cholera