ഈ കത്ത്..ഇതിന്റെ അവസാനം !!


നിനക്കുള്ള അവസാന വരികളില്‍
ഒന്നാമത്തെ വരിക്ക്
നിന്റെ സൗഹൃദമെന്നു പേരിടുന്നു
രണ്ടാമത്തതിനു
നിന്റെ പ്രണയമെന്നും
പിന്നെയുള്ളതിന്
എന്റെ നഷ്ട്ടമെന്നും
ഇനിയുള്ളതിലൊന്നിന്
നമ്മുടെ കലഹമെന്നും
ഇനിയുമൊരു വരിയുണ്ടാകുവാന്‍
ഇല്ലെന്നുള്ളറിവില്‍
എന്റെ പ്രണയത്തെ
ഞാന്‍ നാലായ്‌ മുറിക്കുന്നു
ഒന്ന് നിനക്ക്
പിന്നെയുമൊന്നു നിനക്ക്
പിന്നെയുമൊന്നു നിനക്ക്
പിന്നെയുമൊന്നു നിനക്ക് 


ഒളിച്ചുപാര്‍ക്കലുകളുടെ ഒരു ദിവസം

ഒരൊറ്റ ദിവസത്തെ 
പല നേരങ്ങളില്‍
ചിലപ്പോള്‍ നീയെനിക്കന്യനാവുന്നു
മറ്റു ചിലപ്പോള്‍ ഒരപരിചിതന്‍
വേറെ ചിലപ്പോളെന്റെ
പുലമ്പലുകളില്‍
മുഖം കുനിഞ്ഞൊരു കുറ്റവാളി
എല്ലാ ദിവസങ്ങളുടെയും 
അന്ത്യത്തില്‍
പറിച്ചെറിയാന്‍ ആവാത്തൊരു
കാട്ടുചെടിയും !!
നീയെന്താണിങ്ങനെ?
അല്ലെങ്കില്‍
ഞാനെന്താണിങ്ങനെ?
ഒരു ചോദ്യത്തിനുത്തരം
മറു ചോദ്യമാകുന്നതിന്റെ
നിസഹായതയില്‍
നിന്നെ ഈ ജീവിതത്തില്‍ നിന്ന്
ഇറക്കി വിടുന്നു
ഇല്ലാത്ത വാതിലുകളെ
നിന്റെ നേര്‍ക്കാഞ്ഞ്
വലിച്ചടക്കുന്നു !!

വേദനകള്‍ ,ലഹരികള്‍

വേദനകള്‍ക്ക് ലഹരിയെന്ന 
ലേബല്‍ നല്‍കിയവരെ
എന്നെയും നിങ്ങളിലേക്ക്‌ 
ദത്തെടുക്കുക !!
ആദ്യത്തെ ക്ഷതത്തില്‍ കരളും
പിന്നെയുള്ളവയില്‍ പ്രാണനും 
പാതി ചതഞ്ഞാല്‍ പിന്നെ
വേദന ഒരു ലഹരിയാണത്രേ
ചങ്ക് നെടുകെ വരയപ്പെടുമ്പോള്‍
ഉള്ളില്‍ പതിയെ ഊറി ചിരിക്കാമത്രേ
കാല്‍ ചുവട്ടില്‍ നിന്നാഴ്ന്നു പോവുന്നവയെ
കൈ വീശി വെറുതെ നോക്കി നില്‍ക്കാം
നേര്‍ക്ക്‌ വരുന്ന ഉരുളന്‍ കല്ലുകളെ
ഒന്നും നോക്കാതെ ഉമ്മ വെയ്ക്കാം
കൊട്ടിയടച്ച വാതിലിന്‍ മേല്‍
ഹൃദയം ഒട്ടിച്ചു തിരികെ പോരാം
പിന്നില്‍ നിന്ന് തള്ളിയവരെ
പിന്നെയും സ്നേഹിക്കാന്‍
പാതി വഴിയില്‍ പുറകോട്ട് നടക്കാം
ഇതൊക്കെ തന്നെയാണിനി
എനിക്കും വേണ്ടതെന്നതിനാല്‍ ...
വേദനകള്‍ ഹോള്‍സെയില്‍
വാങ്ങി സൂക്ഷിക്കുന്നവരെ
എന്നെയും നിങ്ങളിലേക്കൊന്നു
ദത്തെടുത്തെക്കുമോ????

നീ...മൌനം ..

ഇത്ര നിശബ്ദമായ്
പ്രണയിക്കുന്നതെങ്ങനെയാണ്
ആത്മാവിന്റെ പോലും
കലമ്പലുകളില്ലാതെ,
ഇത്രമേല്‍ നിശബ്ദമായി !
ഒരു വാക്കിന്റെ മറവില്‍
നീ ഒളിച്ചു പാര്‍ക്കുന്നു
പ്രണയത്തെ
പലതായ്‌ മുറിച്ചിവിടെ ഞാനും
പകലുകള്‍
നിന്റെ ബന്ധനത്തിലാണ്
രാത്രികള്‍
നിന്നെയുടുത്ത സ്വപ്നങ്ങളുടെയും
മിഴികള്‍ പ്രാണനെ
കൊത്തി വലിക്കുന്നതും
ശബ്ദങ്ങള്‍
ശൂന്യതയില്‍ മുങ്ങി താഴുന്നതും
നീയറിയുന്നുണ്ടാവില്ല
തോന്നലുകളുടെ തടവുകാരാ
നീയിനിയും നീണാള്‍ വാഴുക
കാഴ്ചകളുടെ
ഇത്തിരി വെട്ടത്തിലൊരിക്കലെങ്കിലും
എന്നെയും വരച്ചു ചേര്‍ക്കുക
ഈ നിമിഷങ്ങളോടൊപ്പം
'ഞാന്‍ ' ഇല്ലാതെയാവുന്നു
നിന്റെ വരികള്‍ക്കിടയിലെ
മൌനം പോലെ
'നാം' എന്ന നമ്മളും

ഒറ്റക്കാകലിന്റെ മൂന്നാംപക്കം



ഒത്തിരിയൊന്നും പറയാനില്ല
എങ്കിലും ;
ഒടുക്കലത്തെ വഴികളെ
ഉമ്മ വെച്ച് കൊല്ലുകയാണ്

തികട്ടി വരുന്നത്
തിരമാലകളാണ് പോലും !
ഒരു തീരത്തുമെന്നെ
അടുപ്പിക്കാത്ത
അലിവില്ലാത്ത തിരമാലകള്‍

തീരെ നിനക്കാതെയുള്ളൊരൊറ്റക്കാകലില്‍
ഒരു കടല്‍
തനിയെ കടക്കേണ്ടി വരുന്നു

അതിപുരാതന കാലത്തെയൊരു
ഇടിയുള്ള സന്ധ്യയില്‍
ഒറ്റക്കായി പോയതിനാലാണ്
ഇന്നുമെന്റെ മഴ
ഇരുട്ടിനെ ഭയക്കുന്നത് !!!