പ്രാണന്‍ എന്ന് പേരുള്ള ഒരു വയലിന്‍ പാടുന്നത്


അധികം 
വേദനയൊന്നുമില്ല 
ആത്മ ഭാഷണങ്ങള്‍ 
ഇടയ്ക്കു വെച്ച് 
മുറിഞ്ഞു 
പോകുന്നുവെന്നേയുള്ളൂ 

തെരുവുകളായ 
തെരുവുകളൊക്കെയും 
നിന്റെ പക്ഷമാണ്
അല്ലെങ്കിലും
ഈ മൂന്നാംകിട മുറിവുകള്‍
ആര്‍ക്കാണ് 
അറപ്പുളവാക്കാത്തത്

തീര്‍ത്തും 
അപരിഷ്കൃതമായ 
തുറമുഖത്തേക്ക്‌
ആരാണ് കപ്പലടുപ്പിക്കാന്‍ 
തുനിയുക

വന്‍കരകള്‍ 
തമ്മിലുള്ള യുദ്ധത്തില്‍
ചോര കണ്ടറപ്പ് തീര്‍ന്ന 
പോരാളിയാണ് നീ

നമുക്കിടയിലെ 
അതിര്‍ത്തി ഗ്രാമങ്ങളില്‍
കള്ളിമുള്ളുകള്‍ 
പൂക്കുന്നത് പോലും
നിനക്ക് കേവലമൊരു
ഒറ്റപ്പെട്ട 
പ്രതിഭാസമായിരിക്കാം

എങ്കിലുമൊന്നു 
ഓര്‍ക്കേണ്ടതുണ്ട്
മുലഞെട്ടുകളെ നിറം മങ്ങിയ
മുല്ലമുട്ടുകളോട് 
ഉപമിക്കുന്ന
നിന്റെയാ ശീലമുണ്ടല്ലോ
ഇനിയുള്ള 
വസന്തങ്ങളില്‍
ഒരു പെണ്ണുമത്
ചെവിക്കൊള്ളണമെന്നില്ല

കന്യകമാര്‍ പോലും
വാക്കുകള്‍ക്കിടയില്‍
അരിപ്പകള്‍ 
പാകുകയും
നിറമുള്ള ഉമ്മകള്‍ കൊണ്ട്
ഒറ്റ് കൊടുക്കുകയും 
ചെയ്യുന്ന
കാലം വരുന്നു

ഒരു ഇരയും 
ഒരൌപചാരികതയും
അര്‍ഹിക്കുന്നില്ലെന്നതിനാല്‍
ഒരു പുഴയോടോ 
ഒരു കാറ്റിനോടോ
നിന്നെ ഞാന്‍ 
ഉപമിക്കുന്നു

വന്നു പോയ കാലങ്ങളെ
തണുപ്പിന്റെ നിറമുള്ള
ചില്ല് കുപ്പികളില്‍ 
നിറക്കുന്നു
ഒന്നൊന്നായി
ഉമ്മ വെച്ച് 
തകര്‍ക്കുന്നു



അത്ര മേല്‍ അറുബോറായ ജീവിതമേ


തിരക്കുകള്‍ക്കിടയിലും
തിരഞ്ഞു പിടിച്ചു
ചില വാക്കുകളെ 
നാട് കടത്തുകയാണ്

'നീ' ,
'ഒറ്റക്കാകല്‍ ' , 
'ഞാന്‍' , 
'ഉമ്മ ', 
'പ്രണയം'

സ്വപ്നത്തില്‍
ഇനിയെന്തിനെക്കുറിച്ച് 
ശര്‍ദ്ദിക്കുമെന്നാണ്
പ്പോഴത്തെ ആശങ്ക

കാര്‍ക്കിച്ചു തുപ്പുന്ന 
കണ്ണുകളാണ്
മുറിയുടെ
ചുവരുകള്‍ നിറയെ

തുപ്പലിനൊക്കെ
ആനാന്‍ വെള്ളത്തിന്റെ
തണുപ്പെന്നത്
തീരെ അറപ്പില്ലാത്തൊരു
തിരിച്ചറിവാണ്

ഈര്‍ച്ചകേടുകള്‍ക്കിടയിലും
കൈ വിറക്കാതെയെന്നെ
കെട്ടി തൂക്കുന്നൊരുപിരിയന്‍ 
കയറാണ്
ഈ മാസബഡ്ജറ്റിലെ 
ആദ്യ വസ്തു

ആരെ കാട്ടി പേടിപ്പിക്കുവാനാണ്
എന്നത് 
എന്നെ  ബാധിക്കുന്ന 
പ്രശ്നമല്ല
ഇടയ്ക്കിടെ നോക്കി 
സ്വയം പേടിക്കാനുമല്ല

എനിക്കെന്നെ തന്നെ 
വേണ്ടാതെ വരുമ്പോള്‍
ഒറ്റ ഊഞ്ഞാലാട്ടത്തിലീയാകാശത്തിന്റെ
അങ്ങേ അറ്റത്ത് 
കൈ എത്തി
തൊടാമെന്നു
വെറുതെ 
ഒന്നുറപ്പിക്കാനാണ്

നിലത്തുറക്കാത്ത 
കാലുകളും
ഊതി വിടുന്ന 
പുകച്ചുരുളുകളും
മാത്രമായിരുന്നു 
ഈ ജീവിതമെങ്കില്‍
ദിവസ വാടകക്കെങ്കിലും
അതൊന്നു കിട്ടിയിരുന്നെങ്കില്‍
അത്ര മേല്‍ അറുബോറായ
എന്റെ ജീവിതമേനിന്നെയേന്നെ ഞാനീ
ഉത്തരത്തില്‍ കെട്ടി തൂക്കിയേനെ



ഹൃദയം തകര്‍ന്നവരുടെ
സംഗീതികളാല്
വയലിന്‍ കമ്പികള്‍
പൊട്ടിയമരുന്നു 
കണ്ണുകള്‍ നിറയെ
പൂക്കളാണ്
അമര്‍ത്തി തേങ്ങുന്ന
ലില്ലികള്‍,
വയലറ്റ് ഡാഫോടിലുകള്‍
നെഞ്ചിനിടത്തെ
വരമ്പില്‍ നിന്നും 
ഒലിച്ചിറങ്ങുന്നത്
പ്രാണനാണ്

ഒരുമ്മകളെയും
വിശ്വസിക്കാനാവാത്ത
കാലം വരുന്നു
ഒരേയൊരു
ചുംബനത്താല്‍
ഒറ്റികൊടുക്കുവാന്‍
യൂദാസുമാര്‍
കാത്തു നില്‍ക്കുന്നു
കൈകഴുകി തുടക്കുവാന്
കൈലേസുമായി
പീലാത്തോസുമാരും
ഓര്‍മ്മയില്‍
ഒരു ഓക്ക് മരം
നിര്‍ത്താതെ കരയുന്നു
നിന്ന് കത്തുന്ന
കുരിശുകളില്‍
ഞാന്‍ എന്നെ തന്നെ
തറയ്ക്കുന്നു


നിനക്കെന്നെയൊന്നു 
തനിച്ചു വിട്ടൂടെ?
ഒറ്റക്കിരിക്കുംപോഴെല്ലാം 
'പറയെടീ'യെന്നും 
പറഞ്ഞു 
കയറി വരും

കൊത്തിപ്പെറുക്കിയ നുണകളെ
ഗീര്‍വാണങ്ങളെ
തുപ്പലൊട്ടിച്ച കവിതകളെ 
എന്റെ നേരെ വെച്ച് നീട്ടുന്നു

ഒറ്റ വലിക്ക് പുറത്തിറക്കി
ഒരു മഴ മുഴുവന്‍
ഒറ്റയ്ക്ക് കൊള്ളിക്കും

ഞെക്കി പിഴിഞ്ഞെന്റെ 
കണ്ണീരത്രയും
ഒറ്റ വാക്ക് കൊണ്ട് 
പുറത്തെടുക്കുന്നു

മൂക്കിന്‍ തുമ്പാലൊരു 
റെഡ്‌ സിഗ്നല്‍ തുടുക്കുമ്പോള്‍
കണ്ണിറുക്കിയ 
ചിരിയാലെന്നോടവന്‍
യുദ്ധം കുറിക്കുന്നു

ആറി തണുത്ത 
എന്റെ പകലില്‍
തലയിണ പഞ്ഞികളെ 
പറത്തി വിടുന്നു

ഒരു കുട്ട ആപ്പിളിനെ 
നേര്‍ക്ക്‌ നേരെ 
ഉരുട്ടി വിടുന്നു

'
നിന്നെ പോലെ' എന്ന് പറഞ്ഞു
ഇരുണ്ടൊരു മുയല്‍ കുഞ്ഞിനെ
തൊട്ടു തലോടിയിരിക്കുന്നു

പിന്നെ,
പിന്നെയെപ്പോഴോ
ഒരു പൂവിറുക്കുന്ന 
വേഗതയില്‍
എന്റെ പകലിനെയവന്‍ 
മുറിച്ചു കടക്കുന്നു

തിരിഞ്ഞു, 
മറിഞ്ഞു
അമര്‍ന്നു കിടക്കുമ്പോള്‍
നീ വന്നിരുന്നുവെന്നും
ഇനിയും വരുമെന്നും
എങ്ങും പോയിട്ടില്ലെന്നുമുള്ള 
പ്രാര്‍ത്ഥന
ഏഴു തവണ 
ആവര്‍ത്തിച്ചു ചൊല്ലുന്നു
കുരിശു വരക്കുന്നു
കണ്ണടക്കുന്നു