'ഞാന്‍' എത്ര പാവമാണെന്ന് തന്നെയാണ്
ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഒത്തിരിയോന്നുമെത്തിയിരുന്നില്ല
അതിനു മുന്‍പ്,അത്ര മേല്‍ കനം കുറഞ്ഞ
'നീ' എന്ന വാക്കില്‍ ചെന്നത് / കൊണ്ടത് നിന്നു
പഴയൊരു വേള്‍ഡ് മാപ്പില്‍ വിരല്‍ കുത്തി
ഞാനിവിടെയും നീയവിടെയും 
നമുക്കിടയില്‍ , രണ്ടു കൈവിരല്‍ ദൂരം മാത്രമെന്നും
നീ കേള്‍ക്കുന്നു എന്ന മട്ടില്‍ ഉറക്കെ പറയുന്നു
ചുവന്ന നിറം മാത്രം തെളിയുന്ന 
ട്രാഫിക്‌ സിഗ്നലാണ് നീയെന്നും
എന്റെ കുതിപ്പുകളെ 
എന്തിനിടക്കിങ്ങനെ മുടക്കുന്നുവെന്നും 
അരിശം കുറക്കാതോര്‍ത്തെടുക്കുന്നു
അരാജകത്വങ്ങളുടെ രാജാവായി 
നീ സ്വയം അവരോധിക്കുന്നത് സ്വപ്നം കണ്ടു 
ഞെട്ടലില്‍ ഉറക്കങ്ങളെ കെട്ടി തൂക്കുന്നു
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലാണ് 
ഇപ്പോള്‍ ഞാനെന്നും
ഉടനടി വിശുദ്ധ പദവിയില്‍ 
എത്തിച്ചേരേണ്ടവളാണെന്നും പറഞ്ഞു കൊണ്ട്
നീയെന്റെ പ്രണയത്തിനു അന്ത്യകൂദാശ നല്‍കുന്നു
ഇറക്കം ഒന്ന് പോലുമില്ലാത്ത കയറ്റങ്ങള്‍ 
മാത്രമാണ് നീയെന്നു മുറുമുറുത്ത്
അപ്പോള്‍ തന്നെ നിന്റെ ചുണ്ടുകളോട് 
ഞാന്‍ പകരം വീട്ടുന്നു
ആദ്യത്തെ കുര്‍ബാന മണിയില്‍ 
ഉറക്കമുണര്‍ന്നിരുന്ന എന്റെ പകലുകള്‍
നിന്നെ കാണുവാന്‍ മാത്രമായി 
ഒന്ന് രണ്ടു രാത്രികളെ സ്ഥിരമായി കടമെടുക്കുന്നു
എന്തെന്നെ നീ തിരിച്ചു വിളിക്കുമെന്നോര്‍ക്കാതെ 
നിന്നെ ഞാന്‍ 'സുഡോക്കു 'എന്ന് പേരിട്ട് വിളിക്കുന്നു 
നിരയിലും വരിയിലും 
ഒട്ടുമാവര്‍ത്തിക്കാതെയെന്നെ,പലകുറി നിരത്തിയിട്ടും
ഒരു തവണ പോലും മുടങ്ങാതെ 
നിന്റെ മുന്നില്‍ ഞാന്‍ മുട്ട് മടക്കുന്നു
നീ നിന്റെ കളങ്ങളെ മാറ്റി വരയ്ക്കുന്നു
വീണ്ടും ഞാന്‍ തോല്‍ക്കുന്നു , 
നിര്‍ത്താതെ നീ ചിരിക്കുന്നു !!