ഉറക്കം,
ചിലപ്പോൾ
ഉപേക്ഷിക്കപ്പെട്ടൊരു
രാജ്യമാണ്
അവിടേക്കുള്ള യാത്രകളിൽ
നിരന്തരമായെനിക്ക്
വഴികൾ തെറ്റുന്നു
വന്നേക്കുമെന്നുറപ്പില്ലാത്ത
അങ്ങോട്ടുള്ള
രാത്രിവണ്ടികളെ
നോക്കിയിരുന്നെന്റെ
കണ്ണുകൾ
പുളിച്ചു തികട്ടുന്നു
നിരാശയുടെ നാൽ കവലയിൽ
കൂനി കൂടിയിരുന്ന്
നിമിഷങ്ങളെ
ചുരുട്ടി ഞാൻ
പുകയൂതി വിടുന്നു

ഉറക്കം
ആരോ പാടി
ഉപേക്ഷിച്ച പാട്ടാണ്
വീണ്ടു വിചാരങ്ങളുടെ നേരങ്ങളിൽ
വീണ്ടെടുക്കുവാനാവാതെ
ആഴത്തിലേക്ക്
വീണ്ടുമത്
വീണു പൊയ്ക്കൊണ്ടിരിക്കുന്നു
വേദനയുടെ മാത്രം പാട്ടെന്ന്
ആരെങ്കിലുമൊരാളതിനെ
നീട്ടി വിളിക്കുവോളം
ഉപേക്ഷിക്കപ്പെട്ടതായത്
അവശേഷിക്കുന്നു

ഉറക്കം
ഒക്കെത്തെടുക്കാവുന്നൊരു
ആട്ടിൻ കുട്ടിയാണ്
വിട്ട് പോരുവാനുള്ള
എല്ലാ ശ്രമങ്ങളെയും
വെറുതെയാക്കി
നെഞ്ചിലേക്ക് ചേർത്തു വെച്ചത്
ഓമനിക്കപ്പെടുന്നതായി
കാണപ്പെടുന്നു
പേടിയുടെ അവസാനത്തെ
മുഷ്ക് മണത്തെയും
കഴുകി കളയുവോളം
അത് കുതറി കൊണ്ടേയിരിക്കുന്നു

ഉറക്കം
എങ്ങുമെത്തില്ലെന്നുറപ്പുള്ള
തീവണ്ടിയാണ്
അതിന്റെ ബോഗികളിൽ
എത്തി ചേരുവാൻ
ഇടങ്ങളില്ലാത്തവരുടെ
ഒച്ചകൾ
തുടർച്ചയായി കൂട്ടി മുട്ടുന്നു
പുറത്തേക്കുള്ള നോട്ടങ്ങളിലവർ
പലതായി
ചിന്നി ചിതറുന്നു
ആകാശമിരുണ്ടു കൂടുന്ന
രാത്രികളിലൊക്കെയും
എത്തലിന്റെ അറ്റം മുട്ടിയ
ടിക്കറ്റവരുടെ
വിയർപ്പൊട്ടിയ
കൈക്കുള്ളിലിരുന്നു
ശ്വാസം മുട്ടി മരിക്കുന്നു

ഉറക്കം
ഏതു വളവിലും
അഗാധ ഗർത്തത്തിലേക്ക്
പതിക്കാവുന്ന
കാലനക്കങ്ങളാണ്
സൂക്ഷിച്ചു നോക്കിയാൽ
ജീവന്റെയും അതില്ലായ്മയുടെയും
വിളുമ്പിൽ എത്തിച്ചു
തിരികെ പോരുവാൻ അത്
നമുക്ക് കൂട്ട് വരുന്നു

ഉറക്കം
എല്ലാ യാതനകളെയും
മൂടി വെയ്ക്കുന്നു
സമാധാനത്തിന്റെ
പൂവുകൾ
പ്രാണനിലേക്കത്
പറയാതെ
അടർത്തി /പടർത്തി
വിടുന്നു

ഉറക്കം
ഒരേ സമയം
എനിക്കുള്ളിൽ
കാവൽക്കാരനും
ഒറ്റുകാരനുമാകുന്നു