ഞാന്‍ നോട്ട് ഈക്വല്‍ ടൂ നീ !!

'ഞാന്‍ ' നിനക്കാര് , എനിക്കാര് 
എന്നൊക്കെ പറയുന്നതിന് മുന്‍പ്‌
'ഞാന്‍ ' ഉണ്ടോ എന്നറിയേണ്ടിയിരിക്കുന്നു
ഒഴിഞ്ഞൊരു മുറിയുടെ
ഏതെങ്കിലുമൊരു കോണില്‍
അല്ലെങ്കില്‍ , ഒറ്റയ്ക്ക് പെയ്യുന്നൊരു
മഴയുടെ കീഴെ !
പിന്നെ ചിലപ്പോളൊരു 
പുസ്തകത്തിനിടയില്‍
മറന്നു വെച്ചത് പോലെ
അതുമല്ലെങ്കില്‍
എതെങ്കിലുമൊരോര്‍മ്മയുടെ
നാലാമത്തെ വളവില്‍ !!
ഇവിടെയൊക്കെ നീയൊന്നു നോക്കൂ
എവിടെയെങ്കിലും ഞാന്‍ ഇല്ലാതിരിക്കില്ല
ചിലപ്പോള്‍ കരയുകയാകും
അല്ലെങ്കില്‍ ഉറക്കെ ചിരിക്കുകയോ
എന്നെ തന്നെ നോക്കിയിരിക്കുകയോ ആവാം
ഉറക്കെ...നീ പേരെടുത്തു വിളിക്കരുത്‌
ഒത്തിരി അടുത്തെന്നു
നിനക്ക് മാത്രം തോന്നുന്ന ദൂരത്തില്‍
ചെന്ന് നില്‍ക്കുക !
എവിടേക്കാണെന്നു പോലും ചോദിക്കാതെ
ഞാന്‍ നിന്റെ പിറകെ വന്നേക്കാം
ആരെന്നു ചോദിക്കാതെ പോലും
നിന്നെ ചുംബിച്ചെന്നുമിരിക്കാം
മുന്നോട്ടും പിന്നോട്ടും കൈകള്‍
വീശി നീ നടക്കുമ്പോള്‍
നിന്റെ നിഴലിനെന്ത് നിറമെന്ന്
ഞാന്‍ ആശ്ചര്യപ്പെടുകയാവാം
നിനക്കെന്നെ കണ്ടു കിട്ടുകയെന്നത്
നിന്നെക്കാള്‍ എന്നെ
അദ്ഭുതപ്പെടുത്തുമെന്നതിനാല്‍ത്തന്നെ
ഞാന്‍ ഇവിടെ കാത്തിരിക്കുന്നുണ്ട്
മുന്‍പ് പറഞ്ഞ പലയിടങ്ങളില്‍
എവിടെയെങ്കിലും വെച്ച്
നീ എന്നെ കണ്ടെത്തുമെന്നോര്‍ത്ത് !!

:(

മുറിയപ്പെട്ടതിനേക്കാള്‍ വേഗത്തില്‍ നിന്നെ ഞാന്‍ മറന്നു കളയുന്നു.
മണ്ണിലോ മഞ്ഞിലോ മഴയിലോ ഇനി കണ്ടു മുട്ടാതിരിക്കട്ടെ !!!
വാക്കുകള്‍ വരണ്ടു പോകുന്നൊരു രാത്രി ഇനിയുമുണ്ടാവാതിരിക്കട്ടെ

നിന്റെ ചുണ്ടുകള്‍

നിന്റെ ചുണ്ടുകള്‍ !!
അതിശൈത്യത്തിലെന്റെ
മാര്‍ബിള്‍ കൊട്ടാരങ്ങളില്‍ 
തണുപ്പകറ്റിയിരുന്ന 
തീക്കനലുകള്‍

നിന്റെ ചുണ്ടുകള്‍ !!
കത്തുന്ന പ്രാണനില്‍
ഇടയ്ക്കിടെ പെയ്ത്
എന്റെ തോട്ടങ്ങളെ നനച്ചിരുന്ന
മേഘത്തുണ്ടുകള്‍

നിന്റെ ചുണ്ടുകള്‍ !!
ഓര്‍മ്മകളിലെ
കടലിരമ്പങ്ങളില്‍
തീരങ്ങളുടെ താളങ്ങളില്‍
എന്റെ കൈകള്‍ വിട്ട പട്ടങ്ങള്‍

നിന്റെ ചുണ്ടുകള്‍ !!
ഞാന്‍ എന്ന
വനനിശബ്ദതയെ ഒരുലച്ചിലാല്‍
പിടിച്ചമര്‍ത്തിയ
രാത്രിയുടെ നിഴലാട്ടങ്ങള്‍

നീ !!
ഞാന്‍ ഒഴുകുന്ന നദി
ആഹാ...അതി സുന്ദരമായ
അതി മോഹനമായ
അത്യുജ്വലമായ
ഈ സ്വപ്നത്തില്‍ നിന്ന്
ആരാണെന്നെ ഇറക്കി വിടാന്‍
തുനിയുന്നത്

' പ്രണയം ആത്മാവിന്റെ വിശപ്പെന്നു '
ഞാന്‍ എഴുതുമ്പോള്‍
പ്രണയമെന്നു മാത്രാമാകാം നീ കേട്ടത്

നിന്റെ ചുണ്ടുകള്‍.......................!!!!