ഓരോ സ്റ്റേഷന്‍ കടക്കുമ്പോഴും ഒറ്റക്കായി പോവുന്ന തീവണ്ടികളെ.... !!

ഹൃദയം വലുതായവരെ ,നിങ്ങള്‍ക്ക്‌ സ്തുതി !!

വരുന്നവരൊക്കെ 
നെഞ്ചിന്റെ ഭിത്തി മേലോരോ
ആണിയടിച്ചു പോവുന്നു
പോകുമ്പോഴൊക്കെ 
ആണി മേല്‍ 
ഞാനവരുടെ 
ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോ തൂക്കുന്നു !!!

തലക്കെട്ടിലാത്ത ചിന്തകളുടെ ഇങ്ങേതലയ്ക്കല്‍ !!



നല്ല കാലമൊരു കഥയാണെന്നും അതിനൊരു തലക്കെട്ടില്ലെന്നും ഇടക്കുള്ള നിര്‍ത്തലുകളില്‍ കുത്തുകളാകാന്‍ ചിലരെത്തുമെന്നും ഇടക്കവര്‍ നേര്‍രേഖകളെന്നു തോന്നിപ്പിക്കുവെന്നും , പിന്നെയവര്‍ ചോദ്യ ചിഹ്നമാണ് താനെന്നു കണ്ണില്‍ നോക്കാതെ പറയുമെന്നും ഇത്തിരി പോന്നൊരു ചില്ലക്ഷരത്തെ ഊക്കിനെന്റെ നേരെ എറിയുമെന്നും ആ എറിയലില്‍ ഞാന്‍ മൂന്നായി ചിന്നി ചിതറുമെന്നും ഇത്തിരി നേരത്തിന്റെ ഉളുപ്പിനു ശേഷം ഒന്നുമോര്‍ക്കാതെ പിന്നെയും ഞാന്‍ "എന്റെ കഥകളെ........." എന്ന് നീട്ടി വിളിചെന്റെ കാലത്തിനെ വെള്ള കടലാസിന്റെ രണ്ടു പുറവും പകര്‍ത്തി എഴുതുമെന്നും നീ അറിയുന്നില്ലെങ്കിലും ഞാന്‍ അറിയുന്നു.ഞാന്‍ മാത്രം അറിയുന്നു..ഞാന്‍ തന്നെ അറിയുന്നു .!!
പച്ച...മഞ്ഞ....നീല...അങ്ങനങ്ങനങ്ങനെ..... !!!
@@@@@@@@@@@@@@@@@@@@

പാതിയില്‍ മുറിഞ്ഞു പോയ പാതകളെ പല നിറമുള്ള ക്രയോണ്‍സുകളാല്‍ വീണ്ടും വരച്ചു ചേര്‍ക്കുന്നു.പച്ച കുട പിടിച്ച്...മഞ്ഞ കുട പിടിച്ച്..നീല കുട പിടിച്ച് അവയെന്റെ നേരെ നടന്നടുക്കുന്നു.ഫോണില്‍ നിന്ന് കാതിലേക്ക് ചാടുന്ന വാക്കുകളില്‍ ഒരു കാലം മുഴുവന്‍ കുനിഞ്ഞിരിക്കുന്നു.ഒരു മണിക്കൂറിന്റെ പൊട്ടി ചിരികളില്‍ ഒരു കൊല്ലത്തിന്റെ കലഹം കണ്ണമര്‍ത്തി കരയുന്നു.ഒറ്റക്കാകുവാന്‍ ഇത്തിരി പുളിക്കുമെന്നു പിന്നെയും പല ശബ്ദങ്ങള്‍ ഉറക്കെയുറക്കെ പ്രഖ്യാപിക്കുന്നു.ഒരു മിന്നാമിന്നിയെന്റെ ബ്ലാങ്കട്ടിനെ ഉറക്കത്തിലും വന്നുരുമ്മുന്നു.ഉത്തരം വേണ്ടാതൊരു ചോദ്യമാണ് ജീവിതമെന്ന് 'ചിലതിനെ' മായിച്ചു ഞാന്‍ വീണ്ടും എഴുതുന്നു

ഉമ്മകളുടെ വഴി

വരികളാല്‍ 
വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും
ശലഭ ചിറകുകളായ് 
പറന്നു പോകുന്ന 
എനന്റെ വാക്കുകളെ...
ഉമ്മകളുടെ വഴിയില്‍ 
നീയവനെ കണ്ടാല്‍
ചുണ്ടില്‍ ഞാന്‍ മറന്നു വെച്ചത്
അവന് നല്കിയേക്കുക
അക്ഷരങ്ങള്‍ കൊണ്ടെന്റെ 
ആത്മാവിനെ പകുത്തവനെ
നീ ഒളിപ്പിച്ചു കടത്തിയ
ആ ചുവന്ന പൂവ്‌.....
അതെന്‍റെതാണ്
എന്റേതാണ്
എന്‍റെതാണ് !!!

നീയെന്നെ പൂവ്‌ !!

ഒരു ചെടിയുടെ ആര്‍ദ്രത
ഒരു പൂവെന്നിരിക്കെ
നിന്നെ ഞാന്‍
'എന്റെ പൂവെന്നു' വിളിക്കുന്നു
ഒരിക്കലുമിണങ്ങാത്തൊരു പകലില്‍ ,
നോക്കിയിരിക്കുന്നൊരിരുപ്പില്‍
ഞാന്‍ നിനക്ക്
പൂവെന്നു പേരിടുന്നു
ഞാന്‍, നിന്റെ ഓര്‍മ്മകള്‍
മാത്രം പൂക്കുന്ന
ഒറ്റ തണ്ടുള്ള ചെടി
വേരുകള്‍ മണ്ണിലേക്കാഴ്ത്താന്‍ മറന്ന
നിന്നെ മറക്കാന്‍ മറന്ന
വെറുമൊരു പാഴ് ചെടി
ഓര്‍മ്മ സമം മരണം
ഇതിനിടയില്‍
ഇനിയെന്ത് ജീവിതം
ഒരു ജനല്‍ , ഒരു വാതില്‍
ശ്വാസമടക്കിയടക്കി
ഒരു മുറിയെങ്ങനെ മരിക്കാതിരിക്കും !!