ഒടുവിലെ ഒരു നുള്ള് ഭൂമിക്ക് വേണ്ടി






















കാലുകള്‍ , കാല്‍പ്പാദങ്ങള്‍
ഈ മണ്ണിനെ തൊട്ടു നടന്നു പോയവര്‍
വീണവര്‍ പിന്നെ വിതറിയോര്‍
ഈ മണ്ണിനെ ആഞ്ഞു പിളര്‍ന്നവര്‍

പുഴ കോരി മണലാക്കി
തടി വെട്ടി വെളിവാക്കി
കാടിന്റെ നോവിനെ ഊറ്റി കുടിച്ചവര്‍
കോണ്‍ക്രീറ്റ്‌ പാടങ്ങള്‍ തീര്‍ത്തവര്‍
ഭൂമിതന്‍ വായിലോ തൂണിരുമ്പ് ആഴ്ത്തിയോര്‍
വേനലിന്‍ വറുതിയില്‍ കുഴി നീട്ടി വെട്ടിയോര്‍
മണ്ണിന്റെ നാഡിയെ ബോര്‍വെല്ലാക്കിയോര്‍
കുഴിബോംബോളിപ്പിച്ചു പാറമട തീര്‍ക്കുവോര്‍
മണ്ണിന്‍ മരണത്തെ വില നീട്ടി വാങ്ങിയോര്‍

കാട് കണ്ണുനീര്‍ വാര്‍ക്കുന്നു
തീരമിടിയുന്നു ഭൂമിയുലയുന്നു
ഞാനും നീയും നമ്മുടെ മക്കളും
മിഴി പൂട്ടി മറയുന്നു മരണമോ അണയുന്നു
കവിതന്‍ കരളോ പിളരുന്നു വീണ്ടും

കൊടി നാട്ടുക കൂട്ടരേ
അണി ചേരുക മര്‍ത്യരെ
ഈ ഭൂമി,ഈ പുഴ
ഈ മണ്ണ്,ഈ പുല്ല്
ഈ മഴ , ഈ കാറ്റ്
ഈറന്‍ തണുപ്പിന്‍ പരന്ന പുല്‍പ്പാടങ്ങള്‍
ഇനിയും മരിക്കാത്ത ഭൂമിതന്‍ ചങ്കിലേക്കരുത്
പണത്തിന്‍ മുഴുത്ത ജെസിബികള്‍

ഇനിയുമൊരു കിളി പാടണമിവിടെ
ഇനിയുമൊരു കാട്ടാര്‍ മൂളണമിവിടെ
ഇനിയൊരു പുഴ മരിക്കരുതിവിടെ
ഇനിയൊരു പാടമൊടുങ്ങരുതിവിടെ
ഇവിടാണ് സ്വര്‍ഗം ഇവിടാണ് ജീവന്‍
ഈ മണ്ണിന്‍ മൂര്‍ധാവ്വെ ചുംബിക്ക നിങ്ങളും