പച്ച കുന്നിൻ മുകളിലെ പർപ്പിൾ പൂക്കൾ മാത്രമുള്ള ഒറ്റ മരമാണ് ഞാൻ.
എനിയ്ക്കിവിടെ സുഖമാണെന്ന് പറയുമ്പോൾ നിങ്ങൾ കേൾക്കുന്നുണ്ടാകുമല്ലേ !!!

സ്വന്തമായുള്ളൊരു 
വീടിനെ
പിരിഞ്ഞിരിക്കുന്ന 
ദുഃഖത്തിൽ കവിഞ്ഞു 
ഒരു അന്യനഗരത്തിന്
എന്നോട് മറ്റെന്ത് 
ചെയ്യുവാനാകും?



ജീവിതം സന്തോഷം
വച്ചു നീട്ടുമ്പോൾ
പേടിയുള്ള ഒരാൾ തന്ന
സമ്മാനത്തിനായി
കൈനീട്ടുന്ന 
കുട്ടി എന്ന പോലെ
എന്റെ മുഖം
പരിഭ്രമിച്ചു 
കാണുന്നു

മനസുഖവും സമാധാനവും
അന്യമായി പോയ
ഒരു ജനതയുടെ
പ്രതിനിധിയായിരിക്കുന്നതിൽ
ഞാൻ സന്തോഷിക്കുന്നു

തീർന്നു പോകുന്ന
വെയിലിന്റെ 
പകൽപോലെ,
തണുപ്പിന്റെ 
നേർത്ത പുതപ്പ് വന്ന്‌
പൊതിയുന്ന 
പോലെ
ഇടവിട്ട ദിവസങ്ങളിൽ
ഞാൻ ദുഃഖങ്ങളിലേക്ക്
ആഴ്ന്നു പോകുന്നു

അവന് 
പോലുമെന്നെ
സുഖപ്പെടുത്തുവാൻ 
ആവുന്നില്ല

തിണർപ്പുകളിൽ
വിരലോടിച്ചെന്റെ
അരികിൽ 
ഇരിക്കുമ്പോൾ
സന്തോഷമുള്ള ജനതയുടെ
തീരാത്ത തരം കഥകൾ
എന്നോട് അവൻ
പറഞ്ഞു കൊണ്ടേയിരിക്കുന്നു

ദുഃഖം മാത്രമായാലെന്ത്,
കൂട്ടിനൊരാകാശമില്ലേ
എന്നോർത്തു ഞാൻ
വീണ്ടും ദുഃഖങ്ങളിലേക്കു
ഊളിയിടുന്നു.



മനുഷ്യൻ
നിസ്സഹായനാണ്
ജീവിതത്തിൻറെ
വെല്ലുവിളികൾ
അവനെ
ഉലച്ചു കൊണ്ടേയിരിക്കുന്നു
സ്നേഹമെന്നും
പ്രേമമെന്നുമുള്ള
ഇഴപിരിയൻ കയറിൽ
അവൻ പലതവണ
ജീവനൊടുക്കുന്നു



എൻറെ ദൈവമേ
അടുത്ത ജന്മത്തിൽ 
എന്നെ നീ
ആറടി പൊക്കമുള്ളൊരു
കടൽ കൊള്ളക്കാരിയാക്കേണമേ

അല്ലെങ്കിലതിവേഗമൊടുന്ന
കാട്ടുകുതിരയെ
ഞൊടിയിടയിൽ മെരുക്കുന്ന
'നതാഷ' എന്ന് 
പേരുള്ളവളാക്കേണമേ 

അതുമല്ലെങ്കിൽ,
എന്നെ നീ
ആകാശത്തോളം
ആത്മവിശ്വാസമുള്ളൊരു
കരീബിയൻ 
പെൺകൊടിയാക്കേണമേ 

അതല്ലെങ്കിൽ,
കണ്ണേ കരളേയെന്ന് 
കൊഞ്ചുന്ന
സെന്തമിഴന്റെ
ഏകബലഹീനതയാക്കേണമേ

ഇനിയതല്ലെങ്കിൽ
പറഞ്ഞതൊക്കെ നേരാവുന്ന
ചുവന്ന മൂക്കുത്തിയുള്ളയാ
കൈനോട്ടക്കാരിയാക്കണമേ

ഇതൊന്നുമല്ലെങ്കിലും
ദൈവമേ
എന്നെ നീയൊരാണിൻറെ
ആദ്യത്തെയോ
അവസാനത്തെയോ
പ്രേമമാക്കരുതേ

വിഷാദത്തിൽ
അകപ്പെട്ടു പോയൊരാളുടെ
അവസാനത്തെ 
ആശ്രയമാക്കരുതേ

ഇടതുകൈയിൽ ഒരുവന്റെ
പേരു കുത്തിയ
അതിസാധാരണ
കാമുകിയാക്കരുതേ

കവിതയാ(യി)ൽ
എന്നോ മരിച്ചുപോയ ഒരുത്തന്റെ
എന്നും കരയുന്ന 
വേണ്ടപ്പെട്ടവൾ
ആക്കരുതേ

ഇതൊന്നുമല്ലെങ്കിലും,
എൻറെ ദൈവമേ,

എല്ലാ ജന്മത്തിലും
എന്നെ നീയൊരു
പെണ്ണായി തന്നെ
ജനിപ്പിക്കേണമേ


അലസമായൊരു വൈകുന്നേരം
പെട്ടെന്നെനിക്ക് 
നിന്നെ ഓർമ്മ വന്നു.
നിന്നെ ഓർക്കുമ്പോഴെല്ലാം
ഇടതു കൈത്തണ്ടയിലെ
ഞരമ്പുകൾ തുടിക്കുമെന്നു
ഞാൻ പറഞ്ഞിട്ടുള്ളത്
നീ ഓർക്കുന്നുണ്ടോ?

കറിയ്ക്ക് അരിയുമ്പോൾ
കൈവിരൽ മുറിയുന്നതുപോലെ
അപ്രതീക്ഷിതമായാണ്
നീ എൻറെ 
ഓർമ്മയിലേക്ക് 
വരിക

ഞൊടിയിടയിൽ നിരാശയിലേക്ക്
മൂക്കും കുത്തി വീഴുന്ന,
ജീവിതത്തോട് ഒരു മമതയുമില്ലാത്ത
പെൺകുട്ടിയാണിപ്പോഴും ഞാൻ

എന്നെയും നിന്നെയും
ഒരുപോലെ അലട്ടിയിരുന്ന,
കൺപോളകളിൽ 
കനത്ത ഭാരം തരുന്ന
ആ നശിച്ച തലവേദനയുണ്ടല്ലോ;
അതെനിക്കിപ്പോഴുമുണ്ട്

മൂന്നുനേരവും
കടുപ്പമുള്ള ചായ കുടിക്കുന്നത്
നീ എത്ര പറഞ്ഞിട്ടും
എനിക്ക് ഉപേക്ഷിക്കാൻ 
ആയിട്ടില്ല
എനിക്കത് തരുന്ന
ആശ്വാസത്തെപ്പറ്റി
എത്ര പറഞ്ഞിട്ടും
നിനക്ക് മനസ്സിലായിട്ടുമില്ല

വൈകുന്നേരമുള്ള
പതിവ് നടത്തങ്ങളിൽ
ഞാൻ ഇപ്പോഴും 
മൂളിപ്പാട്ടുകൾ
പാടാറുണ്ട്
അതേ..
പഴയ ആ തമിഴ് പാട്ടുകൾ തന്നെ

ഇവിടെ ഇപ്പോൾ
ഇലകൾ കൊഴിയുന്ന 
കാലമാണ് 
മരങ്ങളൊക്കെ
മഞ്ഞയും ചുവപ്പും 
തൊപ്പികൾ വച്ച്
നിരന്നങ്ങനെ നിൽക്കുന്നു

എന്നത്തെയും പോലെ,
ഫോൺ വിളികളിൽ
കൊന്ത ചൊല്ലണമെന്ന
അമ്മയുടെ പതിവ് പല്ലവി 
ഇപ്പോഴുമുണ്ട്

ഉം...മുടിയൊക്കെ
വല്ലാണ്ട് കൊഴിയുകയും 
കണ്ണിനടിയിലെ കരിവാളിപ്പ്
കൂടുകയും ചെയ്തു എന്നതിൽ കവിഞ്ഞ്
നീ കണ്ടിരുന്നതിൽ നിന്ന്
എനിക്കൊരു മാറ്റവുമില്ല

വായന
എനിക്കിപ്പോൾ മുഷിപ്പാണ്
എങ്കിലും വായിച്ചിട്ടും
നമ്മെ ഉപേക്ഷിച്ചു പോകാത്ത തരം
പുസ്തകങ്ങളില്ലേ?
അവ മാത്രം
ഞാൻ ആവർത്തിച്ചു 
വായിക്കാറുണ്ട്

പ്രാർത്ഥന പോലെ
ചില കവിതകൾ
കേൾക്കുമെന്നതൊഴിച്ചാൽ 
മറ്റൊന്നിനും
എന്നെ പ്രത്യാശയിലേക്ക്
കൊണ്ടു വരുവാൻ ആകുന്നില്ല
.
ചിലപ്പോളെനിക്കു തോന്നും
ഓർമകൾ ഉണ്ടാക്കുന്ന മടുപ്പിൽ 
കുടുങ്ങിപ്പോയ മനുഷ്യരുടേത്
മാത്രമാണീ ലോകമെന്ന്
കുഞ്ഞുകാര്യങ്ങൾപോലും
ഓർത്ത് വെക്കുന്ന ആളാണ്
ഞാൻ എന്ന് 
നീ പലവട്ടം പറഞ്ഞിട്ടില്ലേ?

ഇവിടം ചില നേരങ്ങളിൽ
എന്നെ മടുപ്പിന്റെ
ചുഴിയിലേക്ക് വലിച്ചിടുന്നു
ഓരോ ദിവസവും
ഉണരുമ്പോഴും
മടുപ്പിന്റെ
കനത്ത പുതപ്പെന്നെ വന്നു
കിടക്കയോട്
ചേർത്തു വരിയുന്നു

നീലവെളിച്ചമിട്ടു
മിന്നൽവേഗത്തിൽ പായുന്ന 
ആംബുലൻസിന്റെ
മുൻസീറ്റിൽ 
ഇരിക്കുന്നവന്റെയെന്ന പോലെ
എന്റെ കണ്ണുകളിലിപ്പോൾ
നിർവികാരത
തളം കെട്ടി കിടക്കുന്നു

മറ്റു ചിലപ്പോളാകട്ടെ
ഒരു മൊരിഞ്ഞ റൊട്ടിയുടെ മണമോ 
അടുക്കളയിൽ നിന്നുയരുന്ന
വിസിലിന്റെ ശബ്ദമോ പോലുമെന്നെ
വലിയ വീഴ്ചകളിൽ നിന്നു
രക്ഷിക്കുന്നു

ആ നിമിഷങ്ങളിൽ
കൈ നീട്ടി തൊടാവുന്ന തരത്തിൽ 
ആകാശത്തിൽ നിന്നും 
മഞ്ഞ പോലൊരു 
സന്തോഷമെന്നെ
വന്നു പൊതിയുന്നു

ഉറക്കെ സംസാരിക്കുന്ന മനുഷ്യർ 
ശബ്ദം കൊണ്ട്
വേദനകളെ ആട്ടിയോടിക്കുന്നുവെന്നു
എവിടെയോ 
വായിച്ചതോർക്കുന്നു

സന്തോഷത്തിൻറെ നിറം
മഞ്ഞയാണ്
അപ്പോൾ സങ്കടത്തിന്റെയോ.?
ആവോ..

പറഞ്ഞു പറഞ്ഞു
കാട് കയറുന്ന സ്വഭാവത്തിൽ 
ഇപ്പോഴും 
ഞാൻ മുന്നിലാണ്

വേറൊന്നുമില്ല.
നിന്നെ ഓർത്തൊരു
വൈകുന്നേരമാണ്
നിന്നെ ഓർക്കുമ്പോൾ മാത്രമാണ്
ഞാൻ എന്നെ ഓർക്കാറ്



തൊണ്ടയിൽ നിന്നു നിർഗളിക്കുന്ന
വിങ്ങലിന്റെ
നിറമുള്ള പാട്ടിനെ ഞാൻ
മനപൂർവ്വം
ഇറക്കി കളയാറേ ഉള്ളൂ

മിണ്ടാതെയാകുന്ന
നഗരമൊരിക്കലും
എങ്ങലുകളെ
തടുക്കാത്തതു പോലെ

നിരത്തി നട്ടിരിക്കുന്ന
പല നിറമുള്ള
പാട്ടുകളിൽ നിന്ന്‌
പൂക്കൾ
വിരിഞ്ഞു കൊണ്ടേയിരിക്കുന്നു

ജീവിതം
അത്രമേൽ മധുരിതവും
കോരിത്തരിപ്പിക്കുന്നതുമാകുമ്പോൾ
ഞാനതിന്റെ ചോട്ടിലേക്ക്
കയ്പ്പിന്റെ
തണുത്ത വെള്ളമൊഴിക്കുന്നു

വെളിച്ചമില്ലാത്ത
ലോകത്തിൽ
നമ്മൾ - നട്ടു വെച്ച രണ്ടു നക്ഷത്രങ്ങൾ

ഒരു മനുഷ്യൻ
ഒരു മരുഭൂമി
ഒരു കാലൊച്ച
ഒരു പയറു വള്ളി

വേദനകളുടെ
വിള്ളലുകളിൽ കൂടി
ആകാശമെനിക്കെന്തടുത്താണ്