അലസമായൊരു വൈകുന്നേരം
പെട്ടെന്നെനിക്ക് 
നിന്നെ ഓർമ്മ വന്നു.
നിന്നെ ഓർക്കുമ്പോഴെല്ലാം
ഇടതു കൈത്തണ്ടയിലെ
ഞരമ്പുകൾ തുടിക്കുമെന്നു
ഞാൻ പറഞ്ഞിട്ടുള്ളത്
നീ ഓർക്കുന്നുണ്ടോ?

കറിയ്ക്ക് അരിയുമ്പോൾ
കൈവിരൽ മുറിയുന്നതുപോലെ
അപ്രതീക്ഷിതമായാണ്
നീ എൻറെ 
ഓർമ്മയിലേക്ക് 
വരിക

ഞൊടിയിടയിൽ നിരാശയിലേക്ക്
മൂക്കും കുത്തി വീഴുന്ന,
ജീവിതത്തോട് ഒരു മമതയുമില്ലാത്ത
പെൺകുട്ടിയാണിപ്പോഴും ഞാൻ

എന്നെയും നിന്നെയും
ഒരുപോലെ അലട്ടിയിരുന്ന,
കൺപോളകളിൽ 
കനത്ത ഭാരം തരുന്ന
ആ നശിച്ച തലവേദനയുണ്ടല്ലോ;
അതെനിക്കിപ്പോഴുമുണ്ട്

മൂന്നുനേരവും
കടുപ്പമുള്ള ചായ കുടിക്കുന്നത്
നീ എത്ര പറഞ്ഞിട്ടും
എനിക്ക് ഉപേക്ഷിക്കാൻ 
ആയിട്ടില്ല
എനിക്കത് തരുന്ന
ആശ്വാസത്തെപ്പറ്റി
എത്ര പറഞ്ഞിട്ടും
നിനക്ക് മനസ്സിലായിട്ടുമില്ല

വൈകുന്നേരമുള്ള
പതിവ് നടത്തങ്ങളിൽ
ഞാൻ ഇപ്പോഴും 
മൂളിപ്പാട്ടുകൾ
പാടാറുണ്ട്
അതേ..
പഴയ ആ തമിഴ് പാട്ടുകൾ തന്നെ

ഇവിടെ ഇപ്പോൾ
ഇലകൾ കൊഴിയുന്ന 
കാലമാണ് 
മരങ്ങളൊക്കെ
മഞ്ഞയും ചുവപ്പും 
തൊപ്പികൾ വച്ച്
നിരന്നങ്ങനെ നിൽക്കുന്നു

എന്നത്തെയും പോലെ,
ഫോൺ വിളികളിൽ
കൊന്ത ചൊല്ലണമെന്ന
അമ്മയുടെ പതിവ് പല്ലവി 
ഇപ്പോഴുമുണ്ട്

ഉം...മുടിയൊക്കെ
വല്ലാണ്ട് കൊഴിയുകയും 
കണ്ണിനടിയിലെ കരിവാളിപ്പ്
കൂടുകയും ചെയ്തു എന്നതിൽ കവിഞ്ഞ്
നീ കണ്ടിരുന്നതിൽ നിന്ന്
എനിക്കൊരു മാറ്റവുമില്ല

വായന
എനിക്കിപ്പോൾ മുഷിപ്പാണ്
എങ്കിലും വായിച്ചിട്ടും
നമ്മെ ഉപേക്ഷിച്ചു പോകാത്ത തരം
പുസ്തകങ്ങളില്ലേ?
അവ മാത്രം
ഞാൻ ആവർത്തിച്ചു 
വായിക്കാറുണ്ട്

പ്രാർത്ഥന പോലെ
ചില കവിതകൾ
കേൾക്കുമെന്നതൊഴിച്ചാൽ 
മറ്റൊന്നിനും
എന്നെ പ്രത്യാശയിലേക്ക്
കൊണ്ടു വരുവാൻ ആകുന്നില്ല
.
ചിലപ്പോളെനിക്കു തോന്നും
ഓർമകൾ ഉണ്ടാക്കുന്ന മടുപ്പിൽ 
കുടുങ്ങിപ്പോയ മനുഷ്യരുടേത്
മാത്രമാണീ ലോകമെന്ന്
കുഞ്ഞുകാര്യങ്ങൾപോലും
ഓർത്ത് വെക്കുന്ന ആളാണ്
ഞാൻ എന്ന് 
നീ പലവട്ടം പറഞ്ഞിട്ടില്ലേ?

ഇവിടം ചില നേരങ്ങളിൽ
എന്നെ മടുപ്പിന്റെ
ചുഴിയിലേക്ക് വലിച്ചിടുന്നു
ഓരോ ദിവസവും
ഉണരുമ്പോഴും
മടുപ്പിന്റെ
കനത്ത പുതപ്പെന്നെ വന്നു
കിടക്കയോട്
ചേർത്തു വരിയുന്നു

നീലവെളിച്ചമിട്ടു
മിന്നൽവേഗത്തിൽ പായുന്ന 
ആംബുലൻസിന്റെ
മുൻസീറ്റിൽ 
ഇരിക്കുന്നവന്റെയെന്ന പോലെ
എന്റെ കണ്ണുകളിലിപ്പോൾ
നിർവികാരത
തളം കെട്ടി കിടക്കുന്നു

മറ്റു ചിലപ്പോളാകട്ടെ
ഒരു മൊരിഞ്ഞ റൊട്ടിയുടെ മണമോ 
അടുക്കളയിൽ നിന്നുയരുന്ന
വിസിലിന്റെ ശബ്ദമോ പോലുമെന്നെ
വലിയ വീഴ്ചകളിൽ നിന്നു
രക്ഷിക്കുന്നു

ആ നിമിഷങ്ങളിൽ
കൈ നീട്ടി തൊടാവുന്ന തരത്തിൽ 
ആകാശത്തിൽ നിന്നും 
മഞ്ഞ പോലൊരു 
സന്തോഷമെന്നെ
വന്നു പൊതിയുന്നു

ഉറക്കെ സംസാരിക്കുന്ന മനുഷ്യർ 
ശബ്ദം കൊണ്ട്
വേദനകളെ ആട്ടിയോടിക്കുന്നുവെന്നു
എവിടെയോ 
വായിച്ചതോർക്കുന്നു

സന്തോഷത്തിൻറെ നിറം
മഞ്ഞയാണ്
അപ്പോൾ സങ്കടത്തിന്റെയോ.?
ആവോ..

പറഞ്ഞു പറഞ്ഞു
കാട് കയറുന്ന സ്വഭാവത്തിൽ 
ഇപ്പോഴും 
ഞാൻ മുന്നിലാണ്

വേറൊന്നുമില്ല.
നിന്നെ ഓർത്തൊരു
വൈകുന്നേരമാണ്
നിന്നെ ഓർക്കുമ്പോൾ മാത്രമാണ്
ഞാൻ എന്നെ ഓർക്കാറ്


No comments:

Post a Comment