എനിക്കപ്പനെ ഓർക്കുമ്പോൾ
അമരത്തിലെ
അച്ചൂട്ടിയെ ഓർമ്മ വരും
വികാര വിക്ഷോഭങ്ങളുടെ
ആൾരൂപം


വേറെ ചിലപ്പോൾ
നിറക്കൂട്ടിലെ രവി
ഉള്ളിലാകെ
കലഹം നിറച്ച്


എങ്ങനൊക്കെയായാലും
എനിക്കപ്പൻ മമ്മൂട്ടിയാണ്
ആകെയുള്ളൊരു അപ്പച്ചി
മനസിലെപ്പോഴോ കുത്തി വെച്ചതാണീ
മമ്മൂട്ടി സാമ്യം


പുള്ളിക്കാരി,
മമ്മൂട്ടി കരയുന്ന സിനിമകൾ
കണ്ടു വാവിട്ടു കരയുമായിരുന്നു
"ബാബുച്ചായനെ പോലെയെന്നു"


അപ്പൻ ഒരസ്സൽ
സുന്ദരനായിരുന്നു
മഞ്ഞു പോലെ വെളുത്ത
വിക്ടോറിയാ ചേട്ടത്തിയുടെയും
കറുപ്പ് തൊട്ടെടുക്കാവുന്ന
കുട്ടിച്ചായാന്റെയും
ആറു മക്കളിൽ
അല്പമെങ്കിലും
വെളുത്തിരിക്കുന്നവൻ
ഏക പെണ്തരി
എലിസബത്തിനു പോലും
അമ്മ കൊടുക്കാതെ
എന്റപ്പന് മാത്രം കൊടുത്തത്


അപ്പനെ കുറിച്ചുള്ള
സുന്ദര ഓർമ്മകളിലൊന്ന്
ഒരു കളർ ഫോട്ടോയാണ്
ഖത്തറിലെയേതോ
പകലിൽ
കോക്കിന്റെ ക്യാനുമായി
ഒരു കാൻഡിഡ് ഫോട്ടോ


നേരിട്ടുള്ള
ഓർമ്മകൾ തുടങ്ങുന്നത്
നാലിൽ പഠിക്കുമ്പോഴാണ്
നീണ്ട കാല പ്രവാസത്തിനു ശേഷം
ഗൾഫ് ഉപേക്ഷിച്ചു വന്ന അപ്പൻ
പിന്നെ വീടിന്റെ അപ്പനായി
നാടിന്റെ അപ്പനായി
ഓട്ടോ അച്ചായൻ ആയി


പിന്നെയപ്പന്റെ കൂടെ,
അപ്പന്റെ പിന്നാലെ


അപ്പൻ കൂട്ടു വന്ന
ഓട്ട മത്സരങ്ങൾ
അപ്പൻ പഠിപ്പിച്ചു തന്ന
മാപ്പിള പാട്ടുകൾ
അപ്പൻ കൊണ്ടു വന്ന
കളർ ടി വി, വി.സി. ആർ
വീഡിയോ ക്യാസറ്റുകൾ
അനിയത്തി പ്രാവ്, ഹരികൃഷ്ണൻസ്
യോദ്ധ, ടൈറ്റാനിക്,
വാത്സല്യം


പെണ്മക്കൾക്കായി
കൊണ്ടു വന്ന
ചുവന്ന ഹെയർ ഡ്രൈയർ


പിന്നെ പിന്നെ
ഒരിക്കലും തീരാത്ത തരത്തിൽ
വീട്ടിലെ കലഹങ്ങൾ
തീർന്നു തീർന്നു പോകുന്നുവെന്ന്
പേടിക്കുന്ന
തമ്മിലെ സ്നേഹം


പക്ഷേങ്കില്
ആരോ പറഞ്ഞ പോലെ
എന്റപ്പന് എനിക്കൊരു
അസാധ്യ പസ്‌സിലുമാണ്


ഭാര്യയ്ക്കും
പെണ്മക്കൾക്കും
പിടികൊടുക്കാതെ
രണ്ടു കൊച്ചുമക്കൾക്ക് മാത്രം
കീഴടങ്ങി ജീവിക്കുന്ന,
വേഗം കണ്ണു നിറയുന്ന,
എവിടെ ഇറങ്ങിയാലും
'അച്ചായാ' എന്നു
നീട്ടി വിളിക്കാൻ ആളുള്ള
സ്വയം മുറിവേറ്റു മുറിവേറ്റു
കലഹിക്കുന്ന
പാവം അപ്പൻ


എല്ലാ അപ്പന്മാരും
പാവങ്ങളാണ്
നെഞ്ചിലെ തീയില്
എല്ലാം ഒളിപ്പിച്ചു
ചുമ്മാ പുറമെ
എന്തൊക്കെയോ കാണിച്ച്

അപ്പനെന്തൊരു അപ്പനാ അപ്പാ !!



5 comments:

  1. ആർഷചേച്ചി ഷെയർ ചെയ്തു തന്ന ലിങ്ക് ആണ്.അതോണ്ട് തന്നെ അറിയാമായിരുന്നു വെറുതെ ആവില്ലെന്ന്.
    നിങ്ങൾ ഈ രാവിലെ എന്റെ കണ്ണ് നനയിച്ചു.എന്റെ ഈ ഞായർ ഞാൻ തുടങ്ങുന്നത് മുറിവേറ്റ്,മുറിവേറ്റ് സ്വയം കലഹിക്കുന്ന ഈ അപ്പനെയുമെടുത്ത് കൊണ്ടാകുന്നു...
    സലാം സുഹൃത്തെ,
    അക്ഷരങ്ങൾകൊണ്ട് നിങ്ങൾ വരച്ചിട്ട ഈ അപ്പന്റെ ചിത്രത്തിനും

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല വാക്കുകൾക്കും സ്നേഹം, നന്ദി.

      Delete
  2. ഈ വെറുപ്പിന്റെ കുന്നിനെ ഞാൻ ഫോളോ ചെയ്തിട്ടുണ്ട് ട്ടാ...
    കുന്നിന്റെ നിറം പ്രശ്‌നല്ല.. എല്ലാ വെറുപ്പിനും നിറം കറുപ്പല്ല. എല്ലാ കറുപ്പിനും നിറം വെറുപ്പുമല്ല.

    ReplyDelete
  3. ആർഷചേച്ചിയുടെ ലിങ്കിൽ കയറി വന്നു. വായന മോശമായില്ല.

    ReplyDelete
    Replies
    1. ആർഷ അഭിലാഷ് ചേച്ചി ആണോ?
      ഞാൻ കണ്ടില്ല ചേച്ചി ഷെയർ ചെയ്തത്.
      സ്നേഹം..നന്ദി.

      Delete