ഒരു പ്രേമമുണ്ടായതിന് ശേഷം
ആരുമെന്നെ 
ഗൗനിക്കുന്നില്ല
ഒരു പ്രേമമുണ്ടായത്തിന് ശേഷം
ആരുമെന്നോട് 
അടുപ്പം കാണിക്കുന്നില്ല
ഒരു പ്രേമമുണ്ടായതിന് ശേഷം
ആരുമെന്നോട്
വിശക്കുന്നോ
എന്നു പോലും
ചോദിക്കുന്നില്ല

അവർ സാധാരണക്കാരാണ്
സാധാരണക്കാർ 
എന്നു പറയുമ്പോൾ
ഞാൻ നിഗൂഢമാക്കി
കൊണ്ടു നടക്കുന്നതൊക്കെ
അവർ നിസാരമാക്കുന്നു

ഒന്നോർത്താൽ അതു
സ്വഭാവികവുമാണ്

കാരണം
അവർ എന്നെ പോലെ
ചുണ്ടുകളിൽ തിണർപ്പുള്ളവളോ
ഹൃദയത്തിൽ കള്ളിമുള്ളുകൾ
വെച്ചു പിടിപ്പിച്ചവളോ അല്ല

അവരുടെ ജീവിതം
വളരെ പ്രകാശിതമാണ്
ശുഭപര്യവസായിയായ
സിനിമയെന്ന പോൽ
അതിൽ പാട്ടുകളുണ്ടാവുന്നു,
പ്രേമമുണ്ടാവുന്നു
വിരഹത്തിനൊടുവിൽ
ശുഭമെന്ന രണ്ടക്ഷരം 
മാത്രമാകുന്നു

എന്റേത്
അങ്ങനെയല്ല
ചൂട് ചായ 
വലിച്ചു കുടിക്കപ്പെട്ട
നാവ് കണക്കെ
അത് ദിവസം മുഴുവൻ
നീറി കൊണ്ടിരിക്കുന്നു

പക്ഷെ ഞാൻ ആശ്വസിക്കുന്നത്
ഞാൻ സാധാരണക്കാരിയല്ല
എന്നതിലാണ്‌

തിങ്ങിനിറഞ്ഞ ബസിലെ
അരികു സീറ്റിലിരിക്കുന്നവളുടെ
ആത്മാഭിമാനത്തെ പറ്റി
അവർക്കെന്ത് 
അറിയുവാനാണ്

മുടിയിഴകൾ കശക്കിയെറിയുന്ന
കാറ്റു അവൾക്കു ചെയ്യുന്ന
ഉപകാരത്തെപ്പറ്റി
ചിന്തിക്കുവാൻ
അവർക്കൊരിക്കലും
ആകുന്നുമില്ല

അപ്പോൾ പിന്നെ
അപത്കരങ്ങളായ
പ്രണയബന്ധങ്ങളുടെ
ഉന്മാദത്തെപ്പറ്റി
അവരോടു
പറയാതിരിക്കുന്നതാവാം
അവർക്കും
ഒപ്പം
എനിക്കും
നല്ലത്


2 comments:

  1. അവരോട് പറയണ്ട,നിങ്ങൾക്ക് നിഗൂഡമായതൊക്കെയും അവർക്ക് നിസ്സാരമാണ്.അരിക് സീറ്റിൽ ഇരിക്കുന്നവൾക്ക് മാത്രമായി ഉണ്ടാകേണ്ട ആത്മാഭിനത്തെ കുറിച്ചും അവർ അറിയേണ്ട...
    നിങ്ങളുടെ ഓരോ പോസ്റ്റും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയാണ്...കട്ട
    ഇഷ്ടം..സലാം

    ReplyDelete