ഈ നഗരത്തിന് അതിരുകളില്ല
അഴിഞ്ഞുലഞ്ഞ 
തലമുടിയിഴകളെ ഉള്ളൂ

വഴികള്‍
വഴികളില്‍ നിന്ന് വഴികള്‍
വഴികളിലേക്ക് വഴികള്‍

തീര്‍ച്ചയായും 
ഞാനൊരന്യഗ്രഹത്തിലേക്ക്
വലിച്ചെറിയപ്പെട്ടിട്ടുണ്ട്

അല്ലെങ്കിലെന്താണീ
ആകാശമിങ്ങനെ 
തുറിച്ചു നോക്കുന്നത്
അല്ലെങ്കില്‍ 
ഈ ചില്ലകളിലൊന്നെങ്കിലും
എന്നോടെന്റെ 
പേര് ചോദിക്കാതിരുന്നേനെ

കാട്ടുപാതകളുടെ 
അരികുകള്‍ മാത്രമേ
എന്നോടെന്റെ 
രഹസ്യങ്ങള്‍ അന്വേഷിച്ചിരുന്നുള്ളൂ
ഒരില നുള്ളാലെന്റെ മുലകളെ 
ഞാന്‍ മറച്ചിരുന്നു
ഒരു പനംങ്കീറാലെന്റെ രാത്രിയെ
ഞാന്‍ ഉറക്കിയിരുന്നു

നിനക്കറിയാമോ 
ചുവന്ന മേഘങ്ങളെ പറ്റി
ഉടുപ്പുകളഴിക്കുന്ന വസന്തങ്ങളെ പറ്റി
അലറുക മാത്രം ചെയ്യുന്ന 
ഉഷ്ണകാറ്റിനെ പറ്റി

അറിയാന്‍ വഴിയില്ല
അത്ര വിചിത്രമാണിവിടം

എന്റെ കൈവിരലുകളില്‍ നിന്ന്
കാട്ടു വള്ളികള്‍ പുറപ്പെടുന്നു
തീര്‍ത്തും വന്യമായൊരു 
മണത്താല്‍
ഉടല്‍ പൂമരമാകുന്നു

രോമകൂപങ്ങള്‍ 
പൂക്കളെ വിരിയ്ക്കുന്നു
നിഴലുകള്‍ നീല നിറങ്ങളാകുന്നു
ഞാന്‍ ഇവിടമാകുന്നു

പ്രകാശ വര്‍ഷങ്ങളെ 
പിന്നിലാക്കുമെങ്കില്‍
നീ ഇവിടേക്ക് വരിക

ഉറങ്ങുന്ന ചുണ്ടുകളില്‍ നിന്ന് പോലും
സംഗീതമുണര്‍ത്തുന്നവനെ
ഒരുമ്മയാല്‍ 
നമുക്കൊരു കൂട്ടം ശലഭങ്ങളെ
സ്വതന്ത്രരാക്കാം

ഈ രാത്രിയില്‍ നിന്ന്
ഇനിയുള്ള രാത്രികളിലേക്ക്
തുരങ്കങ്ങള്‍ പണിയാം

നമ്മുടെ വെള്ളക്കുതിരകളെ
അവയിലേക്ക് പായിക്കാം
ഈ നഗരമിനി ഉറങ്ങാതിരിക്കട്ടെ
ഈ നഗരമിനി 
നാമെന്നു വിളിക്കപ്പെടട്ടെ
നാമൊരു നഗരമാകട്ടെ



ഇത് ജീവിതം" എന്ന്
കടുംകറുപ്പിലെഴുതിയ
പ്ലക്കാര്‍ഡുമേന്തി
നിശബ്ദതതയെ
നിശ്വസിക്കുന്നൊരു ജാഥ 
എന്നെ കടന്നു പോകുന്നു

ഞാന്‍ കുനിയുന്നു
നിവരുന്നു
ശിരസ്സിനെ ചുറ്റിയിരുന്ന
നീല വെളിച്ചത്തെ
തിരയുന്നു
എനിക്കെന്നെ
ഇഷ്ട്ടമല്ലാത്ത പോല്‍
നിനക്കെന്നെ മറക്കാന്‍
മടിയില്ലാതിരുന്ന പോല്‍
നമുക്ക് നമ്മെ
കല്ലെറിയേണ്ടി വന്ന പോല്‍



പകല്‍ വെളിച്ചം പോലെ
സുതാര്യമെന്ന ക്ലീഷേയില്‍
ഒതുക്കി നിര്‍ത്താവുന്നതൊന്നും
ആത്മഹത്യകളേയല്ല
തീര്‍ത്തും നിഗൂഢമാണവ
ഒരു ഞരമ്പിന്‍റെ
മുറിവില്‍ പോലും
ഒരു സൂചനയും
അവശേഷിപ്പിക്കാത്തത്


കവിതയിൽ
നിന്നുമിറങ്ങിയോടുന്നുണ്ട്
പല രാത്രികളുടെയും
ഗദ്ഗദങ്ങൾ

നഷ്ട്ടമല്ലാത്തൊരു
വാക്ക് പോലെ
തൊണ്ടയിൽ കുടുങ്ങി
മരിക്കുന്നുണ്ട്
ആ നേരങ്ങളുടെ
സങ്കടങ്ങൾ

ഓരോ വായനയ്ക്കൊടുവിലും
ആഞ്ഞാഞ്ഞ് കിതയ്ക്കണം
പലതായി ചിതറി
തെറിയ്ക്കണം
അടിമപ്പെട്ട്
ഇല്ലാതെയാവണം

അത്രമേൽ
അടുക്കിവെച്ച
അക്ഷരങ്ങളിൽ
പലതവണ
മുങ്ങി മരിയ്ക്കണം

ഒടുവിലൊരു യാത്ര
പറച്ചലിനുപോലും
പിടികൊടുക്കാതെ
ആത്മാവിലേക്ക്
ഊർന്നൂർന്ന്
മറഞ്ഞു പോവണം

ഉമ്മ വയ്ക്കാനൊരു
ഇര കൂടി,എന്നതൊഴിച്ചാൽ
നാമെന്താണ്,
നമുക്കെന്താണ്

അത്രമേൽ
മടുപ്പിച്ചയെന്റെ സ്നേഹമേ
ഹൃദയമേ
ഞാനേ



ആരുമില്ലെങ്കിലെ
ന്താരുമില്ലെങ്കിലെ
ന്താമോദമാനന്ദ-
മുൻമാദമേ





വേരുകളിലുടക്കി
മരിക്കാറാവുന്നുണ്ട്
ഞാൻ
ഉള്ളിൽ
ആർത്തിരമ്പി
വളരുന്നുണ്ട്
ആകാശം
മുട്ടുന്ന
നീ



ഇനി വരാനിടയുള്ള 
എല്ലാ വസന്തങ്ങളെയും
ഒഴിവാക്കി വിടുന്നു

"എന്റേത്,എന്റേത്" എന്ന്
ഓർത്തോർത്തുമ്മ വയ്ക്കുന്ന
ഓർമ്മ മണങ്ങളെയൊക്കെ
നാടുകടത്തുന്നു

വള്ളിച്ചെടികൾക്ക്‌ സ്വന്തമായ
സ്വകാര്യതകളെപ്പറ്റി
ധ്യാനിച്ച് തുടങ്ങുന്നു

കനിവിന്റെ
മറ പറ്റിയ
എല്ലാ വാക്കുകൾക്കും
കുഴിമാടങ്ങൾ
വെട്ടുന്നു

പുറംമ്പോക്ക് കയ്യേറിയ
കുടിയേറ്റക്കാരി
എന്ന തലക്കെട്ടിൽ
ഒരു കവിത
എഴുതി തുടങ്ങുന്നു


പാസഞ്ചര്‍ ട്രെയിനിനു 
മാത്രമായുള്ള 
ഹൃദയ വിശാലതയിലിരുന്നാണ്
ഇന്ന് നിന്നെ 
ഓര്‍ക്കേണ്ടി വന്നത്

പിഞ്ഞാണ വലിപ്പമുള്ള 
ഓര്‍മ്മകളുടെ വക്കിലേക്ക് 
വലിഞ്ഞു കയറുമ്പോള്‍
മനസ്സുരഞ്ഞു നോവുന്നത്
 
ഇതാദ്യമല്ലല്ലോ

മിണ്ടിയും പറഞ്ഞുമിതിങ്ങനെ
പതിയെ പോകുമ്പോള്‍
മതിലുകളുണ്ട്
ജനലുകളുണ്ട്
ഒറ്റമരത്തണലുകളുണ്ട്
അരിച്ചു കയറുന്ന
 
കുനിഷ്ട്ട് മണങ്ങളുണ്ട്

ഒരാളെയും
ഓര്‍മ്മിക്കാതില്ലെന്നോര്‍മ്മിപ്പിച്ചു
 
കൊണ്ടൊരു
സ്റ്റേഷനോടിയടുക്കുമ്പോഴേക്കും
ഉള്ളിലൂതി നിറയ്ക്കുന്നുണ്ട്
കാറ്റ് തട്ടാതടയ്ക്കുന്നുണ്ട്
പുതപ്പിച്ചുറക്കുന്നുണ്ട്
ഒട്ടുമിരുട്ടില്ലാത്ത
 
ഓര്‍മ്മകളെ






ഇലകളറിയാതെ 
ചെടികളുടെ
വേരുകളിലേയ്ക്ക്
ഉമ്മകളയക്കുന്ന 
എൻ്റെ പൂക്കളെപ്പറ്റിയും
കുന്നിറങ്ങി കഴിയുമ്പോൾ
നാണത്താൽ ചുവക്കുന്ന
എൻ്റെ പുഴകളെപ്പറ്റിയും
നിനക്കെന്തറിയാം


ഒറ്റ
നിശ്വാസത്താൽ പോലും
തട്ടിത്തൂവാമെന്ന
മട്ടിൽ
നീ

മറ്റൊന്നുമില്ലാത്തൊരൊറ്റ
മുറിയിൽ
തലങ്ങും
വിലങ്ങും
നിലവിളിക്കുന്നൊരൊച്ച പോൽ
ഞാൻ

ഭോഗിക്കപ്പെട്ടൊരു
രാത്രിയുടെ
കണ്ണിൽ
ആയിരം
സൂര്യകാന്തികൾ
ശംഖുപുഷ്പങ്ങൾ
ചാരനിറമുള്ള
മുയൽക്കുഞ്ഞുങ്ങൾ

ആത്മാവിന്റെ
ഉലാത്തലുകളിൽ
വെള്ളഞൊറിയിട്ട
അൾത്താര വിരികൾ

നീ
ഞാൻ
നമ്മൾ
മലകൾ നിറഞ്ഞ
കുടിയേറ്റ ഗ്രാമങ്ങൾ
അതിരുകൾ തിരിക്കുന്ന
ചെങ്കൽ കിണറുകൾ
മുന്തിരി വയലുകൾ
ശലേമോന്റെ കീർത്തനങ്ങൾ
വീണ്ടും;
ഇരുണ്ട വൈകുന്നേരങ്ങളിലെ
മഴയൊച്ചകൾ
ചീവിടനക്കങ്ങൾ
നമുക്കിടയിലെ
വളവുകൾ
തിരിവുകൾ
പാറക്കൂട്ടങ്ങൾ
അരുവികൾ
നിന്റെയൊഴുക്കിലൂടെ
ഞാനെത്തിച്ചേർന്ന
വെള്ളച്ചാട്ടങ്ങൾ
കാട്
ആർത്തിരമ്പി
അലറി വിളിച്ച്
നിന്നെ
കടന്ന് പോകുന്നു
ഈ നിമിഷത്തിന്റെ
മാത്രം
ഞാൻ



അന്ധനും 
മൂകനും
ബധിരനുമായവനേ
നിന്റെ
കനപ്പ് മണക്കുന്ന
ഹൃദയത്തോടെനിക്ക്
ഒരു കാലത്തുമടങ്ങാത്ത
ആസക്തിയാണ്





ഭ്രാന്തിനറുപതക്ഷരങ്ങളുണ്ടെന്നോർക്കുന്നു 
അറുപതാമത്തതിൽ 
ഞാൻ
തൂങ്ങി മരിക്കുന്നു


ഞാൻ നിനക്കുള്ള ഏഴാമത്തെ കത്താണ് 

ഒരു കൂട്ടിൽ നിന്നും
മറ്റൊന്നിലേക്ക്
പറക്കുമ്പോൾ
പക്ഷിചിറകുകൾ
നോവും എന്നത്
തികച്ചും
തെറ്റായൊരു
ധാരണയാണ്


ഒരു പരകായപ്രവേശത്തിനപ്പുറം
അത്രയ്ക്കൊന്നും
സംഭവിക്കുന്നില്ലവിടെ
മുറിവുകൾക്കിടയിലെ
വീടുകൾ - മറന്നു പോയവർ


ഞാന്‍-നാം എന്ന പോല്‍ ചിലര്/ചിലത്

പണ്ടാരം
ചില നേരങ്ങളില്‍
ഞാനൊരു വെറുപ്പിന്റെ
കുന്നാകുന്നു
നെറുംതലയ്ക്കല്‍
നിന്നാല്‍ പോലും
അതിരുകളോ
ആകാശമോ
അങ്ങനെയെന്തെങ്കിലുമോ
ഇല്ലാത്ത
മൊട്ടകുന്നെന്ന
ഉപമയില്‍
സ്വയം കശക്കിയെറിയപ്പെടുന്നു

വെറുപ്പിന്റെ
കുന്നിൽ
ഒരു മരതൈയ്യ്‌
അല്ലെങ്കിലൊരു
തുമ്പിച്ചിറകതു-
മല്ലെങ്കിലൊരു
അമരപയർ വള്ളി
യതുമല്ലെങ്കിലൊരു
പുസ്തകനിഴലതു-
മല്ലെങ്കിലൊരു
പൂച്ചയനക്കമതു- മല്ലെങ്കിലൊരു
മഞ്ചാടി നിറമതു-
മല്ലെങ്കിലൊരു
പുന്നപ്പൂ മണമതു-
മല്ലെങ്കിലൊരു

ഒരു
ഒരു നിന്റെ

അല്ല,
അങ്ങനെയല്ല
അങ്ങനെയല്ലേയല്ല
തിരുത്തിയാൽ;

ഒരു
നിന്റെ
ഒരേ ഒരു നിന്റെ
ഒരേ ഒരു ഓര്‍മ്മ

നീ
എന്നാൽ
നീ
നിവർ‍ന്നു നിവർ‍ന്നു
നീണ്ടങ്ങനെ നീ

ഒരൊറ്റ
നിശ്വാസത്തിനാല്‍
തട്ടി തൂവാമെന്ന
മട്ടിലുള്ള നീ

ഒരു പൂവൊരോർ‍മ്മയിൽ
നിന്നൊരു-
പൂവൊരു
മുറിവിൽ
നിന്നൊരു-
പൂവൊരു വസന്തത്തിൽ
നിന്നെന്റെ
കുന്നിറങ്ങന്നു
കുന്നിറങ്ങുന്നു
ഇറങ്ങുന്നു

ഇറങ്ങുന്ന
വഴികളിൽ
വെളുത്തുടുപ്പിൽ
വെളുത്തുള്ളി മുഖമുള്ള
മാലാഖമാർ
വെളുത്തുള്ളി മണമുള്ള
ചിറകുകൾ

അവ വളരുന്നു
ആകാശത്തോളം വളരുന്നു
ആകാശത്തെയളക്കുവോളം
വളരുന്നു

വെറുപ്പിന്റെ
കറുത്ത കുന്നായ ഞാൻ
സ്വർ‍ഗങ്ങൾ‍ കാണുന്നു
നരകങ്ങൾ‍ കാണുന്നു
രണ്ടുമല്ലാത്തയിടങ്ങളെ
കാണുന്നു
പകൽ ‍
പകലിന്റെ നീളം
അളക്കുന്നതും
രാത്രികള്‍
തങ്ങളെ തമ്മിൽ
കൂട്ടി തുന്നുന്നതും
നോക്കി നില്‍ക്കുന്നു
നില്‍ക്കുമ്പോൾ ‍ തന്നെ
വെറുപ്പിന്റെ
കറുത്ത കുന്നായ ഞാന്‍
ഒരു കൂട്ടം ചെമ്മരിയാടുകളെ
നെഞ്ചിലേയ്ക്കോടിച്ചു
കയറ്റുന്നു
തലങ്ങനെ
വിലങ്ങനെ
അവ കുത്തി മറിയുന്നു.
ഞാൻ ‍
മണ്ണിളക്കങ്ങളാകുന്നു
വളവുകളും
ചരിവുകളുമാകുന്നു
മുഴക്കങ്ങളാകുന്നു
ഉന്മത്തതയെ ഉടുപ്പാക്കിയൊരു കാറ്റിൽ
ഞാനൊരു
മണല്‍ പരപ്പാകുന്നു
വെറുപിന്റെ
കറുത്ത കുന്നായ
ഞാനൊരു
മണല്‍ പരപ്പാകുന്നു
പർപ്പിൾ നിറമുള്ള
സന്ധ്യകളിൽ
മണൽ പതക്കങ്ങളിൽ
മണൽ ഉമ്മകളിൽ
ഞാൻ നിന്നിലൊടുങ്ങുന്നു

വെറുപ്പിന്റെ
കറുത്ത കുന്നായിരുന്ന
ഞാനിപ്പോൾ
എന്നെ സ്നേഹിക്കുന്നു
എന്നെ അത്രമേൽ
ആർദ്രമായി
കെട്ടിപിടിക്കുന്നു
എന്നെ തന്നെ
 ഉമ്മ വയ്ക്കുന്നു