പരിശുദ്ധരായ 
അഞ്ചു കാമുകന്മാര്‍ 
എനിക്കുണ്ടായിരുന്നു
ചുരുട്ടുകള്‍ കയറ്റിയയ്ക്കുന്ന നാട്ടിലെ
കച്ചവടക്കാരനും പണക്കാരനുമായിരുന്നു 
ആദ്യത്തവന്‍
ഉമ്മകള്‍ തിരുകിയ ചുരുട്ടിനു 
ഉന്മാദമേറുമെന്ന 
അവന്റെ പരീക്ഷണത്തില്‍
ഉമ്മകളുടെ മൊത്ത വില്പ്പനക്കാരി 
ഞാനായിരുന്നു
തിരികെ വാങ്ങുവാനായി 
ഒന്നും നല്‍കാത്ത ഞാന്‍
കിട്ടിയ കാശിനവയെ 
മൊത്തമായി വിറ്റു
ഒട്ടും വെട്ടമെത്താത്ത മുറിയില്‍ 
ഇന്നുമവ തടവിലാണ് 

അടുത്തതൊരു 
നായാട്ടുകാരനായിരുന്നു
ഒറ്റ കണ്ണില്‍ മാത്രം 
വെളിച്ചമുള്ളവന്‍
എന്റെ മുന്നില്‍ മാത്രമവനൊരു 
മുയല്‍കുട്ടിയാകുമായിരുന്നു 
നെറുകയില്‍ നിന്നെന്റെ ചുണ്ടുകള്‍ 
അവന്റെ ചുണ്ടുകളെ 
തേടിയിറങ്ങുമ്പോള്‍
അവന്‍ എങ്ങലടിക്കാറുണ്ടായിരുന്നു
അവനമ്മയെ 
ഓര്‍മ്മ വരുമായിരുന്നു 
കാടുകള്‍ കീഴടക്കുവാന്‍ 
ഉമ്മകളുടെ ഓര്‍മ്മയും വാങ്ങി 
അവനെങ്ങോ
പുറപ്പെട്ടു പോയിരിക്കുന്നു

ഇനിയുള്ളവരില്‍ രണ്ടു പേര്‍ 
മാന്ത്രികരായിരുന്നു
വെയിലരിച്ചു പൂക്കളുണ്ടാക്കുന്നവര്‍
വാസനകളില്‍ നിന്ന് വസന്തങ്ങളെ 
ഉയിര്‍പ്പിക്കുന്നവര്‍
ഇറങ്ങിയോടുന്ന ഒച്ചകളെ 
ഒറ്റയ്ക്ക് വിളിച്ചു വരുത്തുന്നവര്‍ 

അവസാനത്തവന്‍ 
ഒരു നാടോടിയായിരുന്നു
അവന്റെ കൈയില്‍ 
അഞ്ചുറുമാലുകളുണ്ടായിരുന്നു

അതിലഞ്ചിലും 
അത്ര തന്നെ കന്യകമാരുടെ മുഖങ്ങളും
അതിലോരാള്‍ക്ക് 
എന്റെ മുഖമായിരുന്നു

കണ്ടയുടനവനെന്റെ 
കാല്‍പാദങ്ങളിലേക്ക് വീണു
നാല്പതു രാവും നാല്പതു പകലും 
നിര്‍ത്താതെ കരഞ്ഞു

അവന്റെ മുടിയിഴകള്‍ക്ക് 
ഏതോ ജന്മത്തിലെ 
എന്റെ തന്നെ മണമുണ്ടായിരുന്നു 
കാതില്‍ തൂക്കിയ അലുക്കില്‍
എന്റെ ഒന്‍പതു ജന്മങ്ങളെപ്പറ്റി 
കൊത്തി വെച്ചിരുന്നു
നീല പൂക്കളുള്ള നീളന്‍കുപ്പായത്തില്‍ 
പതിനാറു ജന്മങ്ങളിലെ 
എന്റെ പേരുകളുണ്ടായിരുന്നു

ഞാനോരുമ്മ പോലും കൊടുത്തില്ല 
ഒന്നിലധികം നോക്കിയില്ല
ഒരു സ്വപ്നത്തിലായിരുന്നു
ഉടലും ശിരസ്സും ഒരുമിച്ചൊരു 
പൂക്കാലമാകുന്ന സ്വപ്നം

അതില്‍ നീയുണ്ടായിരുന്നു
ഞാന്‍ ഞാനായി 
തന്നെയുണ്ടായിരുന്നു
നാം പേരിട്ടു വളര്‍ത്തിയ 
നമ്മുടെ മക്കളുണ്ടായിരുന്നു
നാല് വാതിലുള്ള
നമ്മുടെ വീടുണ്ടായിരുന്നു

ഉണര്‍ന്നപ്പോള്‍ 
ഞാനിവിടെയായിരുന്നു
കന്യകമാരുടെ സ്വര്‍ഗം’ 
എന്നു വിളിക്കപ്പെടുന്ന ഇവിടെ

അതിനു ഞാനൊരു കന്യകയല്ലല്ലോ
എനിക്കഞ്ചു കാമുകന്മാരുണ്ടായിരുന്നില്ലേ?
കാമുകനും ജാരനുമല്ലാത്ത 
നീയുണ്ടായിരുന്നില്ലേ?

അല്ല, ഞാനൊരു കന്യകയല്ല
അല്ല, ഞാനൊരു പെണ്ണേയല്ല
എനിക്ക് മുലകളില്ല
എനിക്ക് മുടിയുമില്ല

എന്റെ പേര് ‘നോര്‍മ്മ’ എന്നാണ്
ഏതോ ലോകത്തിലെ 
ഏതോ പീയാനോയില്‍ 
നിന്ന് വന്ന
അതി സാധാരണമായൊരു 
സ്വരം മാത്രമാണ് ഞാൻ 

ഞാനൊരു കാമുകിയല്ല
ഞാനൊരു പെണ്ണുമല്ല
ഞാനൊരു മനുഷ്യനേയല്ല


No comments:

Post a Comment