ഒരു പ്രണയം പോലുമില്ലാതെയങ്ങ്
മരിച്ചു പോവുകയെന്നാൽ
മുഴുത്തൊരു
മീൻമുള്ള് ഉച്ചയൂണിൽ
തൊണ്ടയ്ക്ക്
കുടുങ്ങിയാലെന്ന പോൽ
വല്ലാത്ത വിങ്ങലാണ്

ഒരു പ്രണയം
പോലുമില്ലാതെയങ്ങ്
മരിയ്ക്കുകയെന്നാൽ
അതിഗാഢമായൊരുറക്കത്തിന്റെ
ഏതോ യാമത്തിൽ
ഗൂഢമായൊരു സ്വപ്നം
കണ്ടുണരുന്ന പോൽ
ദു:സ്സഹമാണ്

പ്രണയം ആരെയും
ജീവിപ്പിക്കുന്നില്ലെന്ന്
കരുതും 
പിന്നെ
പ്രണയത്താലാരുമാരും
ആത്മഹത്യ ചെയ്തിട്ടില്ലെന്ന്
വെറുതെയങ്ങ്
ഓർക്കും 
പിന്നെ
ഒരു കഴുമരവും
ബ്ലേഡിൻ കഷ്ണവും
റെയിൽപാളവും
പ്രണയാനന്തര സുഖം
എന്തെന്നറിഞ്ഞിട്ടില്ലെന്ന്
സ്വയം ആശ്വസിപ്പിക്കും

അല്ലെങ്കിൽ തന്നെ
പ്രണയമില്ലെങ്കിൽ
എനിക്കെന്ത്
എന്റെ ഹൃദയത്തിനെന്ത്?

ഒരു രാത്രി കൊണ്ട്
നൂറ് ഓട്ടട ചുട്ടെടുക്കുവാനും
കൊഴുത്ത
മുന്തിരിവീഞ്ഞിൽ മുക്കി
മുറിവുകളെ ഊട്ടുവാനും
നിനക്ക് മുൻപെന്നും
നിനക്ക് ശേഷമെന്നും
എന്റെ കലണ്ടറിനെ
കീറിമുറിക്കുവാനും
ഒരു പ്രണയമുണ്ടായാലെനിക്കെങ്ങനെ?

ശതകോടി
അധിനിവേശ സാധ്യതകൾക്കിടയിൽ
അത്രയും തന്നെ
വസന്ത സാന്നിധ്യങ്ങൾക്കിടയിൽ
ഒന്നൊച്ചയിട്ടാൽ 
പോലുമുണരാത്തൊരു
ആത്മാവെന്ന പോൽ
ഞാനിവിടെ ഒറ്റയ്ക്കാവുന്നതിൽ
അതിലുൻമാദിക്കുന്നതിൽ
ഇനിയും 
കണ്ടെത്തിയിട്ടില്ലാത്തൊരു
വൻകരയെന്റെ
കടലാസ് കാലുകളെ
കാത്തിരിക്കുന്നതിനാലാകുമെന്ന്
വിശ്വസിക്കുന്നിൽ
എന്തോ ഒന്ന് ഇല്ലാതെയില്ല

ആ ഉള്ളതിനെയങ്ങ്
മുല്ലപ്പൂ മണക്കും പോലെ
എന്നുമെന്നും മണക്കാതെയുമില്ല
അതുമല്ലെങ്കിൽ പിന്നെ
ഒരു പ്രണയമില്ലെങ്കിൽ
എനിക്കെന്ത്?
എന്റെ ഹൃദയത്തിനെന്ത്?


No comments:

Post a Comment