ഒറ്റയ്ക്കാവുന്നതിന്റെ 
ഔപചാരികതയില്‍ നിന്ന്
ഒന്നും പറയാതെയാണ് 
ഇറങ്ങി പോന്നത്

ഇന്നലെ,ഇന്ന്,നാളെ 
എന്നൊന്നുമില്ലെന്ന്
ആത്മാവിനെ പറഞ്ഞു 
പഠിപ്പിക്കുന്നുണ്ടായിരുന്നു

കുരിശുകളില്‍
നീട്ടി കെട്ടിയ അഴകളില്‍
മുഷിഞ്ഞ മുറിവുകളെ
ഉണങ്ങുവാന്‍ വിരിച്ചിരുന്നു

വെറുമൊരു 
പേര് മാത്രമാണോയെന്നു
ചിന്തിച്ചു ചിന്തിച്ചു
നേരം വെളുത്തു പോയൊരു 
രാത്രിയെപ്പറ്റിയാവണം
ഇനി എഴുതാന്‍ ഉണ്ടാവുക

സന്ധ്യകളോട് നടത്തിയ
സന്ധിയില്ലാ സമരത്തിന്റെ 
പേരിലാണ്
രാത്രിയുടെ പിഞ്ഞാണങ്ങളെ 
എണ്ണിപ്പെരുപ്പിക്കുവാന്‍
ശിക്ഷിക്കപ്പെട്ടത്

അടിത്തട്ടോളം മൊത്തിക്കുടിച്ചതിനാണ്
ഏകാന്തയുടെ 
കൂട്ടിക്കൊടുപ്പുകാരി
എന്ന് വിളിച്ചവര്‍
കാര്‍ക്കിച്ചു തുപ്പിയത്

ഓര്‍മ്മകള്‍
ഉണ്ടാവണമെന്നില്ല
അത്രയ്ക്ക് ആഴത്തിലും 
പരപ്പിലുമൊന്നും
ജീവിച്ചു തീര്‍ത്തിട്ടില്ല

നിങ്ങളെന്നോടു പറഞ്ഞത്
ഒറ്റക്കാവരുതെന്നാണ്
നിങ്ങളെന്നോടു പറഞ്ഞത്
ഒരാളെ മാത്രം പ്രണയിക്കണമെന്നാണ്

നിങ്ങളെന്നോടു 
പറഞ്ഞത് 
കൂട്ടം തെറ്റിയാല്‍
ചോര ചുവയ്ക്കുമെന്നാണ്

എന്നാലെനിക്കറിയാം
ആത്മാവിന്റെ വിരുന്നുകാര്‍
ഒറ്റക്കാവില്ലെന്ന്
നനഞ്ഞ കൂടാരങ്ങളില്‍
എന്നുമവര്‍ ഇണ ചേരുമെന്ന്

ആകാശമെന്നാല്‍ 
അനന്തസാധ്യതകളാണെന്ന്
ഒരിക്കലുമവസാനിക്കാത്ത 
വേലിയിറക്കങ്ങളാണെന്ന്

അത്മാവിലിടയ്ക്കുണ്ടാകുന്ന
വന്‍ വിസ്ഫോടനങ്ങളാണെന്ന്
നാല് കണ്ണുകള്‍ക്കിടയില്‍
മാത്രം സംഭവിക്കാവുന്ന 
സമുദ്രജല പ്രവാഹങ്ങളാണെന്ന്

ഓരോ തവണ ഒറ്റക്കായി പോകുമ്പോഴും
ഞാനോരോ പാട്ടുണ്ടാക്കുമായിരുന്നില്ലേ?
ഇത്തവണ അതുണ്ടായില്ലെന്ന്
പറയുമ്പോള്‍
നീയെന്തൊക്കെയാവാം
എന്നെക്കുറിച്ചോര്‍ക്കുക?


No comments:

Post a Comment