ആത്മാവുള്ള
ആണൊരുത്തൻ്റെ പ്രണയത്താൽ
എൻ്റെ വയലേലകൾ
നിമിഷ നേരം കൊണ്ട്
പൂത്ത് തളിർക്കുന്നു

അവൻ്റെയൊരുമ്മയാൽ
എൻ്റെ വേലിപ്പരുത്തികൾ
എല്ലാ കാലത്തേക്കുമെന്ന പോൽ
പടർന്ന് പന്തലിക്കുന്നു

അവൻ്റെ 
പേരിൽ ഞാൻ
ആയിരം മെഴുകുതിരികൾ 
നേരുന്നു

അവരെൻ്റെ നിറത്തിനെ പറ്റി
അസ്വസ്ഥരാകുമ്പോൾ
ഞാനവനുമായി
അവസാനമില്ലാത്ത 
ഭോഗത്തിലേർപ്പെടുന്നു

ഞങ്ങളുടെ കുഞ്ഞുങ്ങളെയവർ
കറുത്തവരെന്നും വെളുത്തവരെന്നും
വേർതിരിക്കുമ്പോൾ
ഹൃദയത്തിൻ്റെ ഉപയോഗങ്ങളെ 
കുറിച്ചവൻ
കുഞ്ഞുങ്ങളോട് വാചാലനാവുന്നു

മുക്കിയും മൂളിയും ഞരങ്ങിയും
മാത്രമൊരു ജീവിതമെന്നെ
ചേർത്ത് പിടിക്കുമ്പോൾ
അവനെ മാത്രമോർത്തെനിക്കതിൽ നിന്നും
ഇറങ്ങിപ്പോരാനേ ആവുന്നില്ല

ഞാവൽപ്പഴ നീലിച്ചകൾ
കരിനൊച്ചി പച്ചപ്പുകൾ
നന്നായ് വെട്ടിയൊരുക്കിയ
പൂന്തോട്ടമെന്ന പോൽ
ഞാൻ ഉത്സാഹവതിയായ്
കാണപ്പെടുന്നു

എങ്കിലും
'ഒരു തോണിക്കാരൻ്റെ ഏകാന്തതഎന്നത്
അത്രയ്ക്കങ്ങ് നിസാരവൽക്കരിക്കാവുന്ന
ഉപമ അല്ലെന്ന്
എനിക്ക് നന്നായറിയാം

ഒറ്റയ്ക്കാക്കിയേക്കുന്ന 
സമവാക്യങ്ങളോടെല്ലാം
അതിശക്തമായി കലഹിക്കുന്നു
വെന്ത് വെന്തില്ലാതായേക്കാവുന്ന
നേരങ്ങളിലൊക്കെയും
കുന്തിരിക്കം മണക്കുന്ന
നിൻ്റെ ചുണ്ടുകളെ ധ്യാനിക്കുന്നു

അതിശൈത്യം നിറച്ചയെൻ്റെ
ചില്ല് കുപ്പികളെയൊക്കെ
അടുത്ത ജൻമത്തിലേക്കായി
മാറ്റി വയ്ക്കുന്നു

സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം


No comments:

Post a Comment