ലോകത്തിലെ 
എല്ലാ സങ്കടങ്ങളും
ഒരു ദിവസം
ഒരേ ഒരു വീട്ടിലേക്ക് 
വന്നു ചേരും

അന്നവിടെയൊരു മരണം
നടന്നിട്ടുണ്ടാകും
വാതിലുകളും ജനാലകളും
പതിവില്ലാത്ത വിധം
തുറന്നിടപ്പെടുകയും
താഴ്ത്തി വെച്ച 
റേഡിയോ ഒച്ച പോൽ
ചില മുരൾച്ചകൾ
അവിടിവിടെ
കേൾക്കുകയും 
ചെയ്യുന്നുണ്ടാകും

വീടിന്റെ നെഞ്ചിൽ
നിന്നടർത്തി മാറ്റപ്പെട്ടൊരു ഭാഗം
ഉമ്മറത്തിണ്ണമേൽ
പുതച്ചു കിടത്തിയിട്ടുണ്ടാകും

മരണത്തിൽ നിന്നു തിരിച്ചിറങ്ങുന്നവരേക്കാൾ
ജീവിതത്തിൽ നിന്ന്
ഇറങ്ങിയോടുന്നവരാണധികവുമെന്ന
മട്ടിലുള്ളൊരു കാറ്റ്
അവിടിവിടെ കറങ്ങി
നടക്കുന്നുണ്ടാകും

മുന്തിരി വലുപ്പമുള്ള 
ഓർമ്മകൾ
ആരെയെങ്കിലുമൊക്കെ
ഏങ്ങലടിപ്പിക്കുന്നുണ്ടാകും

ഒരു മകരം ബാക്കി വെച്ച തണുപ്പും
ഒരു വേനലിന്റെ വരൾച്ചയും
ചില മുറികളിൽ
സംഘട്ടനം നടത്തുന്നുണ്ടാകും

എന്നും വരുന്നൊരു
കറുത്ത പൂച്ച മാത്രം
ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ
തനിക്കുള്ളപങ്ക്
തപ്പി നടക്കുന്നുണ്ടാകും

ക്രൂശിതരൂപത്തിൽ നിന്നും 
കൈ വിരിച്ച്
കർത്താവ് ഒരേ ഒരാളെ മാത്രം
ആശ്വസിപ്പിക്കുന്നുണ്ടാകും

 ഒരാളുടെ നിശബ്ദതയിലേക്ക്
 വീടാകെ
ചാഞ്ഞ് കിടന്ന് കരയുന്നുണ്ടാകാം

"അറിയിക്കേണ്ടവരെയെല്ലാം
അറിയിച്ചോളൂ "
എന്നയൊരു ഗ്രീൻ സിഗ്നൽ കടന്ന്
മറ്റൊരാളപ്പോൾ
ഒറ്റയ്ക്കെവിടെയോ
നടക്കാനിറങ്ങുന്നുണ്ടാവും


No comments:

Post a Comment