വളരെ 'മെച്ച്വറായ
ചില നീക്കങ്ങളാണ്
ഞാനിപ്പോൾ 
നടത്തിക്കൊണ്ടിരിക്കുന്നത്

"നഗരങ്ങളെയറിയുക"
കുടിയിറക്കപ്പെട്ട 
ഗ്രാമങ്ങളിൽ നിന്ന്
നാടുകടത്തപ്പെട്ട 
നാട്ടുരാജ്യങ്ങളിൽ നിന്ന്
ചേരികൾ നഷ്ട്ടമായ
അകംപ്രദേശങ്ങളിൽ നിന്ന്
അതിരുകൾ കെട്ടിപ്പൊക്കിയ
ദ്വീപുകളിൽ നിന്ന്
ഈ നഗരത്തിലെത്തിച്ചേരുകയാണ്

ഉൻമാദങ്ങളിൽ നിന്ന്
ഉൻമാദങ്ങളിലേക്ക്
പകപോക്കലുകളിലേക്ക്
ആഘോഷങ്ങളുടെ 
ആരവങ്ങളിലേക്ക്
ലഹരിയുടെ 
എണ്ണിയാലൊടുങ്ങാത്ത
വളവുകളിലേക്ക്
ഓരോ തെരുവിലും 
ഒട്ടിച്ചുവെച്ചിരിക്കുന്ന
ആത്മാക്കളുടെ 
ഛായാ ചിത്രങ്ങളിലേക്ക്

തൊണ്ണൂറ്റൊൻപതിലെ 
പാമ്പിൻ തലപോലെ
നഗരമെന്നെ വിഴുങ്ങാൻ
വാ പൊളിക്കുന്നു

ഊഴ്ന്നിറങ്ങി താഴേക്ക് വീഴാവുന്ന
ഉരഗ ഉടലു കണക്കെ
അതിന്റെയിടങ്ങളെന്നെ
കാത്തു കിടക്കുന്നു

വഴികൾ
വഴികളിൽ നിന്ന് വഴികൾ
"ഒരു മദ്യപാനി രാത്രിയെ മണക്കുന്ന പോലെ"
എന്നുപമയിൽ 
ഞാനും നഗരവും 
കെട്ടുപിണയുന്നു

ഒരു കാടിന്റെയൊച്ച 
ഒരു കടലിന്റെയൊച്ച
ഒറ്റക്കായവന്റെ 
നെടുവീർപ്പുകളുടെയൊച്ച
സംഭോഗങ്ങളുടെയൊച്ച
വിലപേശലുകളുടെയൊച്ച
ഒരിക്കലും ശമിക്കാത്ത 
വിശപ്പിന്റെയൊച്ച
തോൽവികളുടെ
കടന്ന് പോകലുകളുടെ
പ്രണയ നഷ്ട്ടങ്ങളുടെയൊച്ച

കേട്ടിരിക്കെ
പറഞ്ഞിരിക്കെ
നഗരമൊരു നദിയായ് മാറുന്നു
അതിന്റെ കരയിൽ
പരകായപ്രവേശമെന്നൊരു
എഴുത്ത് പലക ഞാൻ നാട്ടുന്നു

നീയെന്നിലേക്കോ 
ഞാൻ നിന്നിലേക്കോ
എന്ന് സന്ദേഹപ്പെടാമെന്നിരിക്കെ
മുറിവുകളിലൂടെ
നദി ഒഴുകി കൊണ്ടേയിരിക്കുന്നു


No comments:

Post a Comment