ഈ നഗരത്തിന് അതിരുകളില്ല
അഴിഞ്ഞുലഞ്ഞ 
തലമുടിയിഴകളെ ഉള്ളൂ

വഴികള്‍
വഴികളില്‍ നിന്ന് വഴികള്‍
വഴികളിലേക്ക് വഴികള്‍

തീര്‍ച്ചയായും 
ഞാനൊരന്യഗ്രഹത്തിലേക്ക്
വലിച്ചെറിയപ്പെട്ടിട്ടുണ്ട്

അല്ലെങ്കിലെന്താണീ
ആകാശമിങ്ങനെ 
തുറിച്ചു നോക്കുന്നത്
അല്ലെങ്കില്‍ 
ഈ ചില്ലകളിലൊന്നെങ്കിലും
എന്നോടെന്റെ 
പേര് ചോദിക്കാതിരുന്നേനെ

കാട്ടുപാതകളുടെ 
അരികുകള്‍ മാത്രമേ
എന്നോടെന്റെ 
രഹസ്യങ്ങള്‍ അന്വേഷിച്ചിരുന്നുള്ളൂ
ഒരില നുള്ളാലെന്റെ മുലകളെ 
ഞാന്‍ മറച്ചിരുന്നു
ഒരു പനംങ്കീറാലെന്റെ രാത്രിയെ
ഞാന്‍ ഉറക്കിയിരുന്നു

നിനക്കറിയാമോ 
ചുവന്ന മേഘങ്ങളെ പറ്റി
ഉടുപ്പുകളഴിക്കുന്ന വസന്തങ്ങളെ പറ്റി
അലറുക മാത്രം ചെയ്യുന്ന 
ഉഷ്ണകാറ്റിനെ പറ്റി

അറിയാന്‍ വഴിയില്ല
അത്ര വിചിത്രമാണിവിടം

എന്റെ കൈവിരലുകളില്‍ നിന്ന്
കാട്ടു വള്ളികള്‍ പുറപ്പെടുന്നു
തീര്‍ത്തും വന്യമായൊരു 
മണത്താല്‍
ഉടല്‍ പൂമരമാകുന്നു

രോമകൂപങ്ങള്‍ 
പൂക്കളെ വിരിയ്ക്കുന്നു
നിഴലുകള്‍ നീല നിറങ്ങളാകുന്നു
ഞാന്‍ ഇവിടമാകുന്നു

പ്രകാശ വര്‍ഷങ്ങളെ 
പിന്നിലാക്കുമെങ്കില്‍
നീ ഇവിടേക്ക് വരിക

ഉറങ്ങുന്ന ചുണ്ടുകളില്‍ നിന്ന് പോലും
സംഗീതമുണര്‍ത്തുന്നവനെ
ഒരുമ്മയാല്‍ 
നമുക്കൊരു കൂട്ടം ശലഭങ്ങളെ
സ്വതന്ത്രരാക്കാം

ഈ രാത്രിയില്‍ നിന്ന്
ഇനിയുള്ള രാത്രികളിലേക്ക്
തുരങ്കങ്ങള്‍ പണിയാം

നമ്മുടെ വെള്ളക്കുതിരകളെ
അവയിലേക്ക് പായിക്കാം
ഈ നഗരമിനി ഉറങ്ങാതിരിക്കട്ടെ
ഈ നഗരമിനി 
നാമെന്നു വിളിക്കപ്പെടട്ടെ
നാമൊരു നഗരമാകട്ടെ


No comments:

Post a Comment