അത്ര സുന്ദരമായൊരു മെമു യാത്രയേക്കാള്‍ 
മറ്റൊന്ന് കൂടെയുണ്ട് രണ്ടു ദിവസത്തെ 
ഒറ്റക്കാകലില്‍/അതിന്റെ ആഘോഷത്തില്‍ !!
മറൈന്‍ഡ്രൈവില്‍ ഒറ്റക്കിരിക്കാനൊരു
പച്ചബഞ്ച് കിട്ടില്ലെന്ന് വേറാരു കരുതിയാലും
ഞാന്‍ കരുതിയിരുന്നില്ല
'തൊട്ടുരുമ്മിയിരിക്കുന്ന' രണ്ടു ബെഞ്ചുകള്‍ക്കിടയില്‍
'ഏകാന്തതയുടെ നൂറു വര്‍ഷങ്ങളു'മായി
ഞാനിരിക്കുമ്പോള്‍
എത്ര കപ്പലുകളെന്റെ കപ്പല്‍ ചാലുകള്‍
കടന്നു പോയി
മറൈന്‍ഡ്രൈവെന്നാല്‍ വെളുത്ത് വളഞ്ഞ പാലമാണെന്നും
ഇവിടൊറ്റയ്ക്ക് നിന്ന് കാറ്റ് കൊള്ളുവാന്‍
ഇന്ന് ഞാന്‍ മാത്രമേയുള്ളുവെന്നുമോര്‍ത്തത്തിന്റെ
മൂന്നാമത്തെ സെക്കന്ഡില്‍ സുനാമി പോലൊരു മഴ !!
"ഓടിയൊളിക്കാന്‍ ഇടമില്ല,എന്നെ രക്ഷിക്കാന്‍ ആളുമില്ലെന്നു"
ആബേലച്ചന്‍ പാടിയ പോലെന്നു പറഞ്ഞു കൊണ്ട്
ആ മഴ നനയുന്നു
ഒരു തുള്ളി നനയാതെ നനയുന്നു
ഒരു ജന്മത്തിന്റെ മുഴുവന്‍ നനയുന്നു
നനഞ്ഞത്‌ നനഞ്ഞതാവട്ടെ,ഇനി നനയാന്‍ ഉള്ളതുമാവട്ടെ
എന്നോര്‍ത്ത് കൊണ്ട് കോഫി ഹൌസിലെ കോഫി
ഊതി കുടിക്കുകയും ഒരു മസാല ദോശയില്‍
അന്നത്തെ ഉച്ചയെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു
ഒരു സുന്ദര ദിവസത്തിന്റെ അന്ത്യത്തില്‍
ബ്രോഡ് വെ ചുറ്റിയടിക്കയും
കറുപ്പുടുപ്പിട്ട ചുള്ളന്‍മാരെ തിരഞ്ഞു പിടിച്ചു
വായി നോക്കുകയും ചെയ്യുന്നു
തിരികെ വരുന്നത്തൊരു മെമുവിലാകുമെന്നു
കന്യാമാതാവാണെ ഓര്‍ത്തതില്ല
മുളംതുരുത്തിയും കടുതുരുത്തിയും കഴിഞ്ഞു
കോട്ടയമെത്തുമ്പോഴും 'കുഴൂരെന്റെ' കൂടെയുണ്ടായിരുന്നു
വൈകിട്ടത്തെ പ്രദിക്ഷണത്തോടെ തീര്‍ന്നു പോകുന്ന
പെരുന്നാള്‍ തന്ന സങ്കടമാരുന്നു പുണ്യാളാ,
ചങ്ങനാശേരിയും തിരുവല്ലയും കടന്നു
തിരികയെന്റെ സ്റ്റേഷനെത്തുമ്പോള്‍ !!

No comments:

Post a Comment