ഏദന്‍ പൂക്കുന്നു



ഓര്‍മ്മകള്‍ക്ക് മീതെ 
ഇന്നും മഴ പെയ്യുന്നതെന്തിനാണ്
ഒട്ടി കിടക്കുന്ന ഉടുപ്പെന്നെ 
വല്ലാതെ അസ്വസ്ഥയാക്കുന്നു
ഞാനൊരു വറ്റാത്ത 
പുഴയുടെ അരികിലാണ്

ആകാശത്തൊരു കാഹളം
മാലാഖ ചിറകുകള്‍ ഞാന്‍ കാണുന്നു
അവയ്ക്കെന്നെ കൂട്ടി കൊണ്ട് പോകണമെന്ന്
ഏദന്‍ തോട്ടം എന്നെ കാത്തിരിക്കുന്നുവെന്ന്
നന്മ തിന്മയുടെ വൃക്ഷം
വീണ്ടും പൂത്തിരിക്കുന്നുവെന്ന്
ഹവ്വയുടെ നിറകണ്ണുകള്‍ 
ഏതോ ദിക്കില്‍ നിന്നും
ആദം അരുതായ്മകളെ 
പദം പെറുക്കുന്നു
വഞ്ചകന്‍ വീണ്ടും ഉണര്‍ന്നിരിക്കുന്നു
വീണ്ടുമൊരു കുരിശ്‌ 
പണിയേണ്ടിയിരിക്കുന്നു
തെറ്റും ശരിയും തമ്മില്‍ അകലം
ഒരു പഴത്തോളം മാത്രമെന്ന്
ചുവപ്പിന്റെ മാസ്മരികത ഫണം ഉയര്‍ത്തുന്നു
സര്‍പ്പത്തിന്റെ ദംശനങ്ങള്‍ വിഷം തികട്ടുന്നു 
ഞാനോ ഇവിടെ ഈ ഇരുട്ടില്‍ പതുങ്ങുന്നു
ഇനിയും മരിക്കാന്‍ വയ്യെന്റെ ആത്മാവിനു
ഇനിയും ഉയിര്‍ക്കുവാനും !!!

No comments:

Post a Comment