വെളിച്ചം കുറഞ്ഞ ദിവസങ്ങളെ കുറിച്ച് ...

 ജീവസുറ്റൊരു ബിന്ദുവിൽ നിന്നും വീണ്ടുമൊരു പകൽ ചലിച്ചു തുടങ്ങുന്നു. ഉറഞ്ഞു കല്ലായി പോകേണ്ടിയിരുന്നൊരു ഉച്ചവെയിലിലേക്കു നോക്കി ഞാനിരിക്കുന്നു. നിരർത്ഥകവും കുഴപ്പം പിടിച്ചതുമായ ഓർമ്മകൾ ജനലഴികളിൽ വന്നു തട്ടി തിരികെ പോകുന്നു. മടുപ്പിക്കുന്നൊരു ഓഫീസ് ദിവസം, മെയിലുകളിൽ നിന്ന് മെയിലുകളിലേക്ക്. കമ്പ്യൂട്ടർ സ്‌ക്രീനിൽ തെളിയുന്ന മനുഷ്യരുടേതെന്നു കരുതുന്ന ജല്പനങ്ങളിൽ മനം മടുക്കുന്നു.

നിസഹായത കുഴപ്പം പിടിച്ചൊരു വാക്കാണ്.
ചേറു പൊതിഞ്ഞൊരു മീനിനെ പോലെയത് വഴുതി മാറുന്നു. ഒറ്റ പിടച്ചിലിൽ ചിന്തകളുടെ പിടുത്തം വിടുവിക്കുന്നു. അമർത്തി ഞൊടിച്ച വിരലുകളിൽ നിന്നൊരാന്തൽ സ്വതന്ത്രമാകും പോലെ അകമേ നിറഞ്ഞതിനെയെല്ലാം തുറന്നു വിടുന്നു.

അല്ലെങ്കിൽ തന്നെ എന്ത് കഷ്ടമാണിത്. ശിശിരത്തിന്റെ അന്ത്യത്തിലെ വിരളമായൊരു തെളിഞ്ഞ ദിവസം, യാന്ത്രികതയിൽ തട്ടിതടഞ്ഞൊരു മുറിയിൽ അടിഞ്ഞു കൂടുമ്പോൾ നാല് പാടും കൊട്ടിയടയ്ക്കപ്പെട്ട തടിച്ച പെട്ടിക്കുള്ളിൽ വീണ് കിടക്കുന്നൊരാളുടെ ഏകാന്തത എനിക്കോർമ്മ വന്നു.

പുറത്തു കാറ്റിന്റെ നേർത്ത ആരവമുണ്ടാവണം. കണ്ണാടി ജനലിലൂടെ ആടിയുലയുന്ന മരങ്ങൾ ഞാൻ നോക്കി നിന്നു. വെളിച്ചമുള്ളോരു ദിവസത്തെ വെറുതെ വിട്ടതിൽ എനിക്കെന്നോട് അമർഷം തോന്നി.

താഴെയുള്ള ഇടുങ്ങിയ തെരുവിൽ വലിപ്പമേറിയ രോമക്കുപ്പായങ്ങളിൽ കയറി മനുഷ്യർ ധൃതിയിൽ നടന്നു നീങ്ങുന്നു. വഴിയുടെ ഓരങ്ങളിൽ, മഞ്ഞ് കാലത്തെ വരവേറ്റുകൊണ്ടു വെളിച്ച തോരണങ്ങൾ അണിഞ്ഞ കഫേകൾ സായാഹ്‌നകച്ചവടത്തിനായ് ഒരുങ്ങി കൊണ്ടിരിക്കുന്നു.

നീണ്ടു നിവർന്നു കിടക്കുന്ന ഈ നഗരത്തിന്റെ തെരുവുകൾ എന്നോ തിരക്കിൽ കണ്ടു മറഞ്ഞ ലിനൻ കുപ്പായക്കാരന്റെ നീല കണ്ണുകൾ പോലെ എന്നെ മോഹിപ്പിക്കുന്നു. ഒരു പക്ഷെ ഈ തെരുവുകളാവാം ഇവിടുത്തെ മനുഷ്യരുടെ ജീവനും മറ്റു ചിലപ്പോൾ ജീവിതവും, ഞാൻ പിറുപിറുത്തു.

കാല്പനികതയുടെ മരച്ചില്ല വീണു കിടക്കുന്ന ജനൽ സ്വന്തമായുള്ളൊരാൾക്ക് ഇവിടുത്തെ മഞ്ഞ് കാലങ്ങൾ വിഷാദം നിറഞ്ഞതാവാം. ഉടലിന്റെ ഇരട്ടി വലിപ്പത്തിലുള്ള കുപ്പായങ്ങളിൽ സ്വയം ഒളിക്കേണ്ടി വരുന്ന ആ ദിവസങ്ങളിൽ മഞ്ഞ് പാളികൾക്കിടയിലൂടെ ആകാശം നോക്കി കാണുന്നൊരു മീനായി ഞാൻ എന്നെ സ്വയം സങ്കല്പിക്കാറുണ്ട്. ആത്മാവിലേക്ക് ആഞ്ഞുപതിക്കുന്ന ഹിമപാതത്തിൽ, മുന്നിലെ പാതയിടിഞ്ഞു പോയ കുതിരക്കാരന്റെ അങ്കലാപ്പപ്പോൾ എന്നെ ചുറ്റി വരിയുന്നു. എന്നിട്ടും മുറിക്കുള്ളിൽ കുമിഞ്ഞു കത്തുന്ന നെരിപ്പോട് മാത്രം മുഴുവൻ നേരങ്ങളിലും സ്വർണ്ണ വർണ്ണ ശലഭങ്ങളെ എനിക്കായി പറത്തി വിട്ടു കൊണ്ടിരുന്നു.

തണുപ്പൊരു ഏകകോശ ജീവിയാണ്. സിരകളുടെ വളവുകളെയും തിരിവുകളെയുമത് നിമിഷ നേരത്തിൽ കീഴടക്കിയേക്കാം. രോമത്തൊപ്പിയിൽ കൂനി കൂടിയിരിക്കുന്ന നഗരത്തിന്റെ നെറുകും തലയിലേക്കത് ചില നേരങ്ങളിൽ ചെറുചിരിയുടെ മിന്നാമിനുങ്ങുകളെ, ചിലപ്പോൾ വേച്ചു പോയേക്കാവുന്ന ആത്മ സംഘർഷങ്ങളെ, വേറെ ചിലപ്പോൾ ഭ്രാന്ത് കലർന്ന ഉന്മാദങ്ങളെ, ഒളിപ്പിച്ചു കടത്തി കൊണ്ടിരിക്കുന്നു.

നമുക്കുള്ളതെന്നുറപ്പുള്ളവരെ മാത്രം ഓർത്തു വെയ്‌ക്കേണ്ടൊരു കാലമാണിത്. വിഷാദത്തിന്റെ കറുത്ത വിത്ത് ഏതു നിമിഷവും പൊട്ടി അടർന്നേക്കാം. നിർത്താതെ കഥകളെ, കവിതകളെ വായിച്ചിരിക്കുന്നു.

പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്താൽ പതഞ്ഞു പോങ്ങേണമേയെന്റെ പകലുകൾ എന്ന പ്രാർത്ഥന പല തവണ ഉരുവിടുന്നു.

"എനിക്കും നിനക്കും മീതെ
ഒരേയാകാശം, മഴവില്ലു, താരങ്ങൾ
നമുക്കൊരേ പുലർവെയിൽ,നോക്കി ചിരിക്കാൻ
പ്രാണനിൽ തൊട്ടു പോകും പാട്ടുകൾ "


No comments:

Post a Comment