നഗരമൊരു മുഷിഞ്ഞ വാക്കാണ്
അതിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കൗതുകങ്ങൾ
ആരും കണ്ടില്ലെന്ന് നടിക്കുന്ന
നിറം മങ്ങിയ ദൈന്യതകൾ

ഉടനെ അണഞ്ഞേക്കാമെന്ന്
തോന്നിപ്പിക്കുന്നൊരു
വെളിച്ചത്തിന്റെ തുരങ്കത്തിലൂടെ
പതിഞ്ഞ താളത്തിലോടുന്ന ചുവന്ന ട്രാം
അലസതയുടെ
കമ്പിളി വസ്ത്രങ്ങളിൽ പൊതിഞ്ഞു
കൂനിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചു മനുഷ്യർ

സമയം രാത്രിയോടടുക്കുന്നു
പകലിന്റെ അർമാദനങ്ങളിൽ കുടുങ്ങി
അലഞ്ഞു തളർന്ന കണ്ണുകളിൽ
തണുപ്പിന്റെ ആലസ്യം
ആഴ്ച്ചയവസാനങ്ങളുടെ
ആനന്ദതിമിർപ്പിൽ നിന്ന് വിരമിച്ചു
തെരുവുമപ്പോൾ ഉറക്കച്ചടവിലേക്ക് തൂങ്ങി വീഴുന്നു

ഇറങ്ങുവാനുള്ള സ്ഥലത്തേക്കിനിയും
അഞ്ചു സ്റ്റോപ്പുകൾ.
സീറ്റിലേക്ക് ഞാൻ അമർന്നിരുന്നു
നീട്ടിയമർത്തപ്പെട്ട ബെല്ലിൽ
വിറങ്ങലിച്ചു നിൽക്കുന്ന വണ്ടിയിലേക്ക്
ഒക്ടോബർ തണുപ്പിനെ വകഞ്ഞു മാറ്റി
അയാൾ കയറി വന്നു

ചുവന്നു തുടുത്തിരുന്ന അയാളുടെ കവിളുകൾ
പുറത്തെ വീശിയടിക്കുന്ന കാറ്റിനാൽ
വീണ്ടും തുടുത്തത് പോലെ കാണപ്പെട്ടു
കൗതുകങ്ങൾ കണ്ണിലൊതുക്കി
അയാൾ പരിസരമാകെ നോക്കി

കാലങ്ങളായി തേടിയലയുന്ന
തന്റേത് മാത്രമായൊരാൾ
പെട്ടന്ന് മുന്നിൽ വന്ന് നിന്നാലെന്ന പോൽ
അയാളുടെ കണ്ണുകളിൽ നിന്നും
സന്തോഷവെട്ടം പ്രവഹിച്ചു

ചെവികളിലേക്ക് സംഗീതം ഒഴുക്കി വിട്ട്
ദൂരേയ്ക്ക് നോക്കിയിരിക്കുന്ന
മുൻ സീറ്റിലെ ആറടി പൊക്കക്കാരനിൽ
അത് ചെന്ന് തറച്ചു

പ്രേമപൂരിതമായ ഭാവത്തോടെ
അയാളോട് ചേർന്നിരിക്കുവാനായി തിടുക്കപ്പെടുന്ന
രണ്ട് കണ്ണുകളെന്നിൽ കൗതുകമുണർത്തി

സംഗീതം കേട്ടിരുന്നയാളാകട്ടെ
തലയുയർത്തി നോക്കുകയും
മുട്ടുരുമ്മി ഇരിക്കുന്ന അപരിചതനോടുള്ള
അസ്വസ്ഥ പ്രകടമാക്കും വിധം തിടുക്കത്തിൽ
ജനലരികിലേക്ക് നീങ്ങുകയും ചെയ്തു

വീണ്ടുമൊരു ശ്രമമെന്ന കണക്ക്
ഒരു തവണ കൂടെചേർന്നിരുന്ന് കൊണ്ട്
ഒന്നാമൻ പതിഞ്ഞ ശബ്ദത്തിലെന്തോ
പറയുവാനാഞ്ഞു

വെറുപ്പ് നിറഞ്ഞ മുഖത്തോടെ തന്നെ നോക്കുന്ന
അപരന്റെ കൈത്തണ്ടയിലേക്ക്
മൃദുവായി തൊടുവാനുള്ള അയാളുടെ ഉദ്യമം
കാതടപ്പിക്കുന്നൊരു പുലഭ്യത്തിൽ തട്ടി
എതിർ വശത്തേക്ക് തെറിച്ചു വീണു

അത് വരെ നിറഞ്ഞു നിന്നിരുന്ന നിശബ്തതയിലേക്ക്
കനപ്പെട്ട കുറച്ചു തെറി വാക്കുകൾ
വീണ്ടും എറിഞ്ഞിട്ടു കൊണ്ട് മറ്റെയാൾ
ഇരുട്ടിലേക്കിറങ്ങി പോയി

ഒന്നാമനപ്പോൾ ഒഴിഞ്ഞൊരു കോണിലേയ്ക്ക് മാറി
എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു
കടന്നു പോയൊരു സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചം
വളരെ പഴക്കം ചെന്നൊരു വേദനയെ
അയാളുടെ മുഖത്ത് വരച്ചു വെച്ചു
പിറുപിറുക്കലുകൾ പിന്നെ ഏങ്ങലടികളായി

എനിക്കപ്പോൾ അയാളെ കെട്ടി
പിടിക്കണമെന്നു തോന്നി
സ്നേഹം ചില നേരങ്ങളിൽ
ഒട്ടുമലിവില്ലാത്തൊരു പദമാണെന്നു
പറയുവാൻ തോന്നി
ആർദ്രമായൊരു നോട്ടത്താലെങ്കിലും
ആശ്വസിപ്പിക്കുവാൻ തോന്നി

തോന്നലുകളിൽ തട്ടി ഞാൻ
അമാന്തിച്ചു നിൽക്കുമ്പോൾ
എനിക്കുള്ള സ്റ്റോപ്പെന്ന് ഓർമ്മിപ്പിച്ചൊരു
മണി മുഴങ്ങി
അന്നേവരെ ഉലയ്ക്കാത്തതരം
ക്രുദ്ധമായൊരു ശീത തണുപ്പിലേക്ക്
ഞാൻ ഇറങ്ങി നടന്നു

 


No comments:

Post a Comment