പുഴയും പുണ്യാളനും !!


അച്ചൻകോവിലങ്ങനെ കലങ്ങി പരന്ന് ഒഴുകി കൊണ്ടേയിരുന്നു. വശങ്ങൾ താളത്തിൽ ഇളക്കി കടത്തുകാരൻ എന്നത്തേയും പോലെ നിർവികാരമായി തുഴയനക്കി കൊണ്ടും.

പരിചിതമെങ്കിലും ഒന്നമർത്തി ചോദിച്ചാൽ "അറിഞ്ഞു കൂടാ " എന്ന ഭാവമാണ് ഞങ്ങളുടെ ആറിന്. ഞങ്ങൾ അതിനെ നദിയെന്നോ പുഴയെന്നോ വിളിക്കുവാൻ തുനിഞ്ഞില്ല. "ആറ് കവിഞ്ഞു, ആറിന്റെ അക്കരയിലെ വീട് , ആറ് കടക്കണം.. അങ്ങനെയങ്ങനെ പോകുന്നു . 

എല്ലാ സംസ്കാരങ്ങളുടെയും ഉത്ഭവം നദീതടങ്ങളിൽ നിന്നായിരുന്നുവെന്ന് ചരിത്രം പറയുന്നു. എത്ര തെന്നി മാറിയാലും ഒടുക്കം അതിന്റെ കരയിൽ തന്നെ വന്നടിയുന്ന തരം ഒരു കൗതുകം ജീവിതത്തിൽ ഉടനീളം ഞങ്ങളെയും പിന്തുടർന്നു. തൊഴിൽ തേടി അന്യദേശങ്ങളിലേക്ക് പോയവർ,  കല്യാണം കഴിച്ചകലേയ്ക്ക് താമസം മാറിയവർ, പഠിക്കുവാൻ ദൂര നാടുകളിലേക്ക് പോയ കുട്ടികൾ; എല്ലാവരും മടുപ്പിനൊടുവിൽ,  ഒഴുകിയിവിടെ അടിഞ്ഞു. ഈ കടവ്  കേട്ടത്രയും തമാശകൾ,  കുന്നായ്മകൾ ,  അന്തി ചർച്ചകൾ!

വള്ളമിറക്കാൻ (തുഴയാൻ) ഇരിക്കുന്ന ആളിന്റെ അന്നത്തെ "മൂഡിന്" അനുസൃതമായി കടത്തിറങുന്നവരുടെ ദിവസങ്ങൾ തുടങ്ങി.  കടത്തു വള്ളത്തിന്റെ വരവിനൊപ്പിച്ചു സമയം പാകപ്പെടുത്തി, ഞങ്ങൾ വീടുകളിൽ നിന്നു യാത്രകൾ പുറപ്പെട്ടു. "ഞാൻ കൂടെ ഉണ്ടേ "  എന്ന ഈണത്തിൽ കുറച്ചകലെ നിന്ന് തന്നെ  കൂവാൻ പഠിച്ചു. ദിവസത്തിന്റെ അന്ത്യത്തിൽ കൂടെത്താൻ ധൃതിപ്പെടുന്ന കിളികളുടെ തിടുക്കം, വള്ള പടിയിൽ കയറി ഇരിക്കുന്നതോടെ അവസാനിച്ചു. 
പുഴയെ ചുറ്റി പറ്റി ഞങ്ങൾ വളരാതെ വളർന്നു. 

ഞായറാഴ്ച പള്ളി മണി ഒന്നടിക്കുമ്പോൾ ഞങ്ങളുടെ ഒരുക്കങ്ങൾ വേഗത്തിലാകും. കടത്തു കടവിൽ ആള് കൂടുന്നതിന് മുൻപേ എത്തണമെങ്കിൽ ഉടനെ പുറപ്പെടണം. മൂന്നടിച്ചാൽ പിന്നെ, ഒരാൾക്കൂട്ടം കാണാം കടത്തു കടവിൽ. സമയം ഉണ്ടായിട്ടും, കണ്ണാടി മുന്നിൽ സമയം കളഞ്ഞ കുമാരി കുമാരന്മാർ,  സൺ‌ഡേ സ്കൂൾ പിള്ളേർക്ക് പ്രാതൽ ഉണ്ടാക്കി സമയം പോയ അമ്മമാർ എന്നിങ്ങനെ തുടങ്ങുന്ന ആളുകളുടെ കൂട്ടമാണത്. 

പള്ളിയിൽ ഒറ്റയടിക്കുമ്പോൾ* മിക്കപ്പോഴും വള്ളം മറുകരയോട് അടുത്തിട്ടുണ്ടാവും.  ഇപ്പോൾ ഇക്കരെ നിൽക്കുന്നവരിൽ അധികവും "കടം വീട്ടാൻ വേണ്ടി" മാത്രം പള്ളിയിൽ പോകുന്നവർ,  ഉള്ളിൽ കയറാതെ പള്ളി മാഞ്ചോട്ടിൽ സ്ഥിരം നിൽക്കുന്നവർ എന്നീ കൂട്ടങ്ങളിൽ പെടും. സുവിശേഷ വായനയുടെ പകുതിയിൽ മാത്രം പള്ളിയിൽ എത്താൻ പാകത്തിൽ അവർ പതുക്കെ പതുക്കെ കടത്തുകടവിലേക്ക് നടക്കുന്നു.

അച്ചൻകോവിൽ മലയിൽ വെള്ളം കലങ്ങുന്നത് ഞങ്ങൾ ഇവിടെ ഇരുന്നറിഞ്ഞു. കടത്തുകടവ് കവിഞ്ഞു റോഡിലേക്ക് വെള്ളം കടക്കുമ്പോൾ അടുത്ത വെള്ളപ്പൊക്കത്തെ വരവേൽക്കാൻ ഞങ്ങൾ മനസാ സന്നദ്ധരായിരിക്കും. ഓണവും ക്രിസ്മസ്സും എന്ന പോലെ കുഞ്ഞുങ്ങൾ അവധി ആഘോഷിക്കാൻ തയ്യാറെടുത്തു. വീടുകൾ പലതായി തിരിയുന്ന മുക്കവല വരെ വെള്ളമെത്തി, ഒപ്പം വള്ളവും. ഭീതിപ്പെടുത്തുന്ന ഒരു കാലത്തോട് കൂടി  ഈ ഓർമ്മകൾ ഒക്കെ രസത്തിന്റെ കടവ് താണ്ടിയങ്ങു  ദൂരേക്ക് പോയിരിക്കുന്നു. 

വർഷത്തിലൊരിക്കൽ പള്ളി പെരുന്നാളിന് വള്ളം കയറി പുണ്യാളൻ ഞങ്ങളെ കാണാനെത്തി. ഇലഞ്ഞി മരച്ചില്ലകൾക്കിടയിൽ നിൽക്കുന്ന അമ്പേറ്റ പുണ്യാളനെ  വരവേൽക്കാൻ കടത്തുകടവ് മുതൽ ഞങ്ങൾ തോരണം കെട്ടി . വടക്കറ്റം മുതൽ തെക്കറ്റം വരെയുള്ള ഇടവക മക്കളെ കണ്ടു നേർച്ചകൾ സ്വീകരിച്ചു പുണ്യാളൻ തിരികെ പോകുമ്പോൾ കൂടെ ഞങ്ങളുടെ വേദനകളെയും പ്രാരാബ്ധങ്ങളെയും കൂടെ പുഴ കടത്തി.

പുണ്യാളൻ ആ പോക്ക്  ഉള്ളിൽ നിറയ്ക്കുന്ന ശൂന്യത എത്ര കാലങ്ങൾ കഴിഞ്ഞാലും, എത്ര കടലുകൾ താണ്ടി ദൂരെ പോയാലും ഒന്നു കണ്ണടച്ചാൽ ഉള്ളിലേക്ക് ഇരച്ചെത്തും. ആറിന്റെ നടുക്കെത്തിയ പുണ്യാളനെ നോക്കി കണ്ണും നിറച്ചു ഈ നിമിഷത്തിലും ഞങ്ങൾ ആ കടത്തു കടവിൽ കാത്തു നിൽക്കുന്നുണ്ട്. 

അടുത്ത  വരവിനായി!
--------------------

*കുർബാന തുടങ്ങുവാനുള്ള മണി

ഈ നഗരം

ഈ തെരുവ് 

ഇവിടുത്തെ മനുഷ്യർ 


കുനിഞ്ഞു കൂടിയിരിക്കുന്ന 

ഓർമ്മകളിലൊന്നിനെ 

ഞാൻ തൊട്ടെടുക്കുന്നു 


തൊടും തോറും

തീർന്നു പോകുന്ന 

വിഷാദ സ്മരണകൾ 

വെയിലിന്റെ ഓളത്തെ 

മുറിച്ചു കടക്കുന്നു 


തെരുവൊരു താളത്തിൽ 

തിങ്ങി മറിയുന്നു 


മനുഷ്യരുടെയെല്ലാം ചുണ്ടുകളിൽ 

മന്ദസ്മിതത്തിന്റെ മൂളിപ്പാട്ടുകൾ 

പൂമരങ്ങൾ തലകുലുക്കുന്നു 

പൂക്കളിറ്റിയ്ക്കുന്നു 

കുനിഞ്ഞു നിന്നാകാശ ചുവരുകൾ 

വഴിയോരങ്ങളിൽ 

താളമിടുന്നു 


സന്തോഷമാഹ്‌ളാദമാനന്ദം 


ലോകമൊരു ഗോവണിയിൽ പിടിച്ചു 

മുകളിലേക്ക് കയറി പോകുന്നു

 രണ്ട്‌ തരം നേരങ്ങളാണെനിക്ക് ഉള്ളത്.

കാരണമുള്ള ദുഃഖങ്ങളുടെ നേരങ്ങളും, കാരണമില്ലാത്ത ദുഃഖങ്ങളുടെ നേരങ്ങളും.


അടുക്കളയിൽ അവനെനിക്ക്  വെണ്ണ പുരട്ടിയ റൊട്ടിയൊരുക്കുന്നു. ഞാനിവിടെ മുറിയുടെ മൂലയിൽ കാരണമില്ലാത്ത ദുഃഖത്തെ ഓർത്തിരിക്കുന്നു.


സന്തോഷിക്കുവാൻ ഇടയ്ക്ക് എനിക്ക് പറ്റാറുണ്ട്.

ചില മനുഷ്യരെനിക്ക്, സ്വയമറിയാതെ ഉപകാരങ്ങൾ ചെയ്യുന്നു. അവരറിയാതെ അവരിൽ നിന്ന് ഞാൻ എനിക്ക് വേണ്ട സന്തോഷത്തെ ഊറ്റിയെടുക്കുന്നു.

അവരറിഞ്ഞാൽ അതെനിക്ക് നിഷേധിക്കപ്പെടുകയോ, പകരം എന്നിൽ നിന്നെന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യാം. രണ്ടിനുമെനിക്ക് ആവതില്ല.


മനുഷ്യരെ ദൂരെ നിന്ന് മാത്രം, നോക്കി കാണുന്നതിൽ ഒരു ഭംഗിയുണ്ട്. ഞാനവരെ സാകൂതം നോക്കി കാണുന്നുവെന്ന് അവരറിയുന്ന ദിവസം രസത്തിന്റെ ആ ചരട് പൊട്ടി വീഴാം.


എത്ര നാൾ മറ്റൊരാളിൽ, മറ്റ്‌ മനുഷ്യരിൽ എന്റെ ആനന്ദത്തെ ഞാൻ ചാരി നിർത്തും.


സന്തോഷത്തിന്റെ രഹസ്യമെന്താണെന്ന് ആരോടാണ് ഞാനൊന്ന് അന്വേഷിക്കുക.


നീട്ടി, പരത്തി, കുറുക്കി പറയാതെ സഹായിക്കുവാൻ ആരുണ്ട് !!!


#fictionbutnotfiction

 ലോകത്തിൽ ഇന്നേ വരെ കണ്ടു പിടിക്കപ്പെട്ടതും ഇനി കണ്ടു പിടിക്കപ്പെടാനിരിക്കുന്നതും, സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാ പ്രണയചേഷ്ടകളും ക്ലിഷേകളാണ്.


ഒരു ഹാംസ്റ്റെറിനെ പോലെ, നിരന്തരം കറങ്ങുന്ന ചക്രത്തിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോൾ ജീവിതത്തോട് നിങ്ങൾക്ക് എന്തും തോന്നാം. അതിനെ ഇറുക്കി കെട്ടി പിടിക്കാം, തുറിച്ചു നോക്കി നിൽക്കാം , ഇടം കാലിട്ട്‌ വീഴ്ത്താം, കരണത്തടിക്കാം.ഇതിനിടയിൽ വന്ന് പോകുന്ന, പ്രണയങ്ങളെ, രണ്ടു ജോഡി കണ്ണുകൾക്കിടയിൽ  മാത്രം സംഭവിക്കുന്ന മറ്റ്‌ പലതിനെയും cliche എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ.


ഓർമ്മകളെ പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു. ഓർമ്മകളെ, ഓർമ്മകൾ മാത്രമായി വിട്ട് കൊടുക്കുന്നതിൽ ഒരു നീതി കേടുണ്ട്‌. ഓർമ്മകളെ preserve ചെയ്യണമെന്ന് പ്രിയപ്പെട്ടൊരാൾ പറഞ്ഞത് പോലെ, പല നിറമുള്ള ചില്ല് ഭരണികളിൽ അവയെ നിറച്ചു വെയ്ക്കേണ്ടതുണ്ട്. 


പല കാലങ്ങളിൽ, പല ഋതുക്കളിൽ, പുറത്തെ മഞ്ഞിൽ, മഴയിൽ, ചുട്ടു പൊള്ളുന്ന വേനലിൽ , തുറന്ന് നോക്കേണ്ട ചില്ലു ഭരണിയെതെന്ന് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടാവും. 

ഇങ്ങനെയൊക്കെ ചെയ്ത് നോക്കുക എന്നതിൽ കവിഞ്ഞു ഈ കാലയളവിൽ വേറെയൊന്നും ചെയ്യുവാൻ എനിക്കുമില്ല എന്നതാണ് സത്യം.

 കാണാതെയാവുന്ന സംഗതികൾ


പൊട്ട് പോലെയുള്ളൊരു കമ്മൽ 

നീലനിറത്തിലെ കുഞ്ഞൊരു ടോയ് കാർ 

ആദ്യമായ് കഥയെഴുതിയ ബുക്ക് 

ഒരിക്കലും വാടില്ലെന്നൊരാൾ തന്ന 

മഞ്ഞപൂക്കെട്ട് 


കൃത്യമായ ഇടവേളകളിൽ സംഗതികൾ 

കാണാതെയാകണമെന്ന് 

ആർക്കോ നിർബന്ധമുള്ളപോൽ 


ലോകം നെറുകെയോടുമ്പോൾ 

ഞാൻ കുറുകെയോടുന്നു 

കൈപ്പിടിയിൽ കിട്ടിയ സംഗതികൾ 

വാരി കൂട്ടുന്നു 

മറന്ന് പോയവ

മറന്ന് പൊക്കോട്ടെ എന്നോർക്കുന്നു 


എന്നിട്ടും 


കരഞ്ഞപ്പോളൊരു 

മഞ്ഞപ്പൂക്കെട്ടെന്റെ 

കണ്ണിനിടയിൽ തടയുന്നു

 രണ്ട് വഴികൾ വേർതിരിഞ്ഞു 

ആദ്യത്തെ വഴിയിലൂടെ 

വീട്ടിലേക്ക്

നടക്കുന്നു 


എന്റെ വീടോ!

നീട്ടി വിളിക്കുമ്പോൾ 

ചിലപ്പോൾ മാത്രം 

വിളി കേൾക്കുന്ന 

എന്റെ വീട് 


സമുദ്രങ്ങൾ കടന്ന് 

സ്വന്തം വീട്ടിലെത്തുമ്പോൾ 

ചുവരുകൾ 

പണ്ടത്തെ പോലെയെന്നെ 

കെട്ടി പിടിക്കുന്നില്ല 


കണ്ണ് നിറയ്‌ക്കുമ്പോൾ 

നരപാകിയ മറവിയുടെ 

പീള കെട്ടുകളിൽ നിന്ന്  

പുരാതനമായ വാത്സല്യം 

അരിച്ചിറങ്ങുന്നു  


എനിക്ക് സമാധാനമില്ല 


ഇവിടെയാകുമ്പോൾ 

ഞാൻ അവിടെയാണ് 

അവിടെയെത്തുമ്പോൾ 

ഞാൻ 'അവിടെ ' എത്തുന്നുമില്ല  


സമുദ്രത്തിന്റെ മുകളിലൂടെ 

അരൂപിയെന്ന പോൽ 

കാറ്റെന്നെ എവിടേക്കോ 

പറത്തി കൊണ്ട് പോകുന്നു 


എന്റെ വീട് , എന്റെ വീട് 

ഞാൻ ഏങ്ങി കരയുന്നു 

എന്റെ വീട് 

അതിപ്പോൾ 

എനിക്കുള്ളിൽ മാത്രമാകുന്നു 


വഴികളിപ്പോൾ 

പലതായി പിരിഞ്ഞു

കൊണ്ടിരിക്കുന്നു  


എവിടേയ്ക്കുമെത്താതെ

വഴിയരികിൽ 

ഞാനിപ്പോൾ

ഒറ്റയ്ക്ക് നിൽക്കുന്നു

 ചുവന്ന ചുവരിനെ താങ്ങുന്ന 

പച്ചതൂണുകളെന്ന പോലെ 

നീയെന്നെ പിന്തുടരുന്നു 

നിന്റെ നോട്ടത്തിൽ തട്ടി 

ഞാൻ മലർന്നടിച്ചു 

വീഴുന്നു 


താഴെ ചിന്നി ചിതറിയ എൻറെ ഹൃദയം 

എന്റെ സന്തോഷം 

നിന്റെ നോട്ടത്തിൽ തട്ടി തെറിക്കപ്പെട്ട 

എന്റെ നൂറ്റാണ്ടുകളുടെ 

ആനന്ദം 


പരന്നു പരന്നു 

നിരന്നു നിരന്നു 

ചുരുങ്ങി ചുരുങ്ങി 

കുരുങ്ങി കുരുങ്ങി 

കിടക്കുന്ന ശൂന്യത 


അഴിഞ്ഞു അഴിഞ്ഞു 

കൊഴിഞ്ഞു കൊഴിഞ്ഞു 

വഴുക്കി വഴുക്കി 

പോകുന്ന മഞ്ഞയേ 

എന്റെയേക സന്തോഷമേ

 കഥകൾ എഴുതി കൊണ്ടേയിരിക്കുന്ന പെൺകുട്ടിയോടെനിക്കിപ്പോൾ 

ഒരു ചെമ്മരിയാട്ടിൻകുട്ടിയോടെന്ന പോൽ 

സ്നേഹം തോന്നുന്നു 


അവൾ പേന ചലിപ്പിക്കുമ്പോൾ 

കഴുത്തിലെ നീല ഞരമ്പുകളിൽ നിന്ന്

ശതാവരി പൂക്കൾ പടർന്നിറങ്ങുന്നത് 

നിങ്ങൾ കാണുന്നുണ്ടോ?

ഒരു മന്ത്രവാദിനിയുടെ ചിരിയോടെ 

നീണ്ട വിരലുകളനക്കുമ്പോൾ 

കുതിരക്കാരുടെ തൊപ്പികൾ 

ആകാശത്തേയ്ക്കുയർന്നു പോകുന്നു


ഞൊടിയിടയിലവൾ കാലിയാക്കുന്ന  

വീഞ്ഞ് കോപ്പകളിൽ നിന്ന് 

ലോകമഹായുദ്ധങ്ങൾ 

പുറപ്പെടുന്നത് എനിക്കൊരു പുതുമയേയല്ല


വശം ചരിഞ്ഞ് കിടക്കുമ്പോൾ  

എത്ര ഗോളങ്ങളെയവൾ വലം വെയ്ക്കുമെന്ന് 

രാത്രിഞ്ചരന്മാർ പോലും 

ഉറ്റു നോക്കുന്നു 


തമോഗർത്തങ്ങളിൽ വിരൽ തൊട്ട്  

അവൾ പായിക്കുന്ന വെടിയുണ്ടകൾ 

ഏത് ഏകാകിയുടെ നെഞ്ചിലാവാം 

ചെന്ന് തറയ്ക്കുന്നത്!


പറയാൻ മറന്ന് പോകുന്ന കള്ളങ്ങൾ 

ഒരാളെയും നോവിക്കാത്ത പോൽ 

എല്ലാ വേദനകൾക്കും 

അവസാനമുണ്ടാകുമെന്നവൾ   

എല്ലാ കഥകളിലും

എഴുതി വയ്ക്കുന്നു  


കല്ലിച്ച ഏകാന്തതയിൽ ചവിട്ടി 

ഇപ്പോളവൾ നടന്ന് കയറുന്നത്  

ഏത് പുരാതന ദുഃഖത്തിലേക്കാണെന്നാണ് 

നിങ്ങൾ കരുതുന്നത്!