പുഴയും പുണ്യാളനും !!


അച്ചൻകോവിലങ്ങനെ കലങ്ങി പരന്ന് ഒഴുകി കൊണ്ടേയിരുന്നു. വശങ്ങൾ താളത്തിൽ ഇളക്കി കടത്തുകാരൻ എന്നത്തേയും പോലെ നിർവികാരമായി തുഴയനക്കി കൊണ്ടും.

പരിചിതമെങ്കിലും ഒന്നമർത്തി ചോദിച്ചാൽ "അറിഞ്ഞു കൂടാ " എന്ന ഭാവമാണ് ഞങ്ങളുടെ ആറിന്. ഞങ്ങൾ അതിനെ നദിയെന്നോ പുഴയെന്നോ വിളിക്കുവാൻ തുനിഞ്ഞില്ല. "ആറ് കവിഞ്ഞു, ആറിന്റെ അക്കരയിലെ വീട് , ആറ് കടക്കണം.. അങ്ങനെയങ്ങനെ പോകുന്നു . 

എല്ലാ സംസ്കാരങ്ങളുടെയും ഉത്ഭവം നദീതടങ്ങളിൽ നിന്നായിരുന്നുവെന്ന് ചരിത്രം പറയുന്നു. എത്ര തെന്നി മാറിയാലും ഒടുക്കം അതിന്റെ കരയിൽ തന്നെ വന്നടിയുന്ന തരം ഒരു കൗതുകം ജീവിതത്തിൽ ഉടനീളം ഞങ്ങളെയും പിന്തുടർന്നു. തൊഴിൽ തേടി അന്യദേശങ്ങളിലേക്ക് പോയവർ,  കല്യാണം കഴിച്ചകലേയ്ക്ക് താമസം മാറിയവർ, പഠിക്കുവാൻ ദൂര നാടുകളിലേക്ക് പോയ കുട്ടികൾ; എല്ലാവരും മടുപ്പിനൊടുവിൽ,  ഒഴുകിയിവിടെ അടിഞ്ഞു. ഈ കടവ്  കേട്ടത്രയും തമാശകൾ,  കുന്നായ്മകൾ ,  അന്തി ചർച്ചകൾ!

വള്ളമിറക്കാൻ (തുഴയാൻ) ഇരിക്കുന്ന ആളിന്റെ അന്നത്തെ "മൂഡിന്" അനുസൃതമായി കടത്തിറങുന്നവരുടെ ദിവസങ്ങൾ തുടങ്ങി.  കടത്തു വള്ളത്തിന്റെ വരവിനൊപ്പിച്ചു സമയം പാകപ്പെടുത്തി, ഞങ്ങൾ വീടുകളിൽ നിന്നു യാത്രകൾ പുറപ്പെട്ടു. "ഞാൻ കൂടെ ഉണ്ടേ "  എന്ന ഈണത്തിൽ കുറച്ചകലെ നിന്ന് തന്നെ  കൂവാൻ പഠിച്ചു. ദിവസത്തിന്റെ അന്ത്യത്തിൽ കൂടെത്താൻ ധൃതിപ്പെടുന്ന കിളികളുടെ തിടുക്കം, വള്ള പടിയിൽ കയറി ഇരിക്കുന്നതോടെ അവസാനിച്ചു. 
പുഴയെ ചുറ്റി പറ്റി ഞങ്ങൾ വളരാതെ വളർന്നു. 

ഞായറാഴ്ച പള്ളി മണി ഒന്നടിക്കുമ്പോൾ ഞങ്ങളുടെ ഒരുക്കങ്ങൾ വേഗത്തിലാകും. കടത്തു കടവിൽ ആള് കൂടുന്നതിന് മുൻപേ എത്തണമെങ്കിൽ ഉടനെ പുറപ്പെടണം. മൂന്നടിച്ചാൽ പിന്നെ, ഒരാൾക്കൂട്ടം കാണാം കടത്തു കടവിൽ. സമയം ഉണ്ടായിട്ടും, കണ്ണാടി മുന്നിൽ സമയം കളഞ്ഞ കുമാരി കുമാരന്മാർ,  സൺ‌ഡേ സ്കൂൾ പിള്ളേർക്ക് പ്രാതൽ ഉണ്ടാക്കി സമയം പോയ അമ്മമാർ എന്നിങ്ങനെ തുടങ്ങുന്ന ആളുകളുടെ കൂട്ടമാണത്. 

പള്ളിയിൽ ഒറ്റയടിക്കുമ്പോൾ* മിക്കപ്പോഴും വള്ളം മറുകരയോട് അടുത്തിട്ടുണ്ടാവും.  ഇപ്പോൾ ഇക്കരെ നിൽക്കുന്നവരിൽ അധികവും "കടം വീട്ടാൻ വേണ്ടി" മാത്രം പള്ളിയിൽ പോകുന്നവർ,  ഉള്ളിൽ കയറാതെ പള്ളി മാഞ്ചോട്ടിൽ സ്ഥിരം നിൽക്കുന്നവർ എന്നീ കൂട്ടങ്ങളിൽ പെടും. സുവിശേഷ വായനയുടെ പകുതിയിൽ മാത്രം പള്ളിയിൽ എത്താൻ പാകത്തിൽ അവർ പതുക്കെ പതുക്കെ കടത്തുകടവിലേക്ക് നടക്കുന്നു.

അച്ചൻകോവിൽ മലയിൽ വെള്ളം കലങ്ങുന്നത് ഞങ്ങൾ ഇവിടെ ഇരുന്നറിഞ്ഞു. കടത്തുകടവ് കവിഞ്ഞു റോഡിലേക്ക് വെള്ളം കടക്കുമ്പോൾ അടുത്ത വെള്ളപ്പൊക്കത്തെ വരവേൽക്കാൻ ഞങ്ങൾ മനസാ സന്നദ്ധരായിരിക്കും. ഓണവും ക്രിസ്മസ്സും എന്ന പോലെ കുഞ്ഞുങ്ങൾ അവധി ആഘോഷിക്കാൻ തയ്യാറെടുത്തു. വീടുകൾ പലതായി തിരിയുന്ന മുക്കവല വരെ വെള്ളമെത്തി, ഒപ്പം വള്ളവും. ഭീതിപ്പെടുത്തുന്ന ഒരു കാലത്തോട് കൂടി  ഈ ഓർമ്മകൾ ഒക്കെ രസത്തിന്റെ കടവ് താണ്ടിയങ്ങു  ദൂരേക്ക് പോയിരിക്കുന്നു. 

വർഷത്തിലൊരിക്കൽ പള്ളി പെരുന്നാളിന് വള്ളം കയറി പുണ്യാളൻ ഞങ്ങളെ കാണാനെത്തി. ഇലഞ്ഞി മരച്ചില്ലകൾക്കിടയിൽ നിൽക്കുന്ന അമ്പേറ്റ പുണ്യാളനെ  വരവേൽക്കാൻ കടത്തുകടവ് മുതൽ ഞങ്ങൾ തോരണം കെട്ടി . വടക്കറ്റം മുതൽ തെക്കറ്റം വരെയുള്ള ഇടവക മക്കളെ കണ്ടു നേർച്ചകൾ സ്വീകരിച്ചു പുണ്യാളൻ തിരികെ പോകുമ്പോൾ കൂടെ ഞങ്ങളുടെ വേദനകളെയും പ്രാരാബ്ധങ്ങളെയും കൂടെ പുഴ കടത്തി.

പുണ്യാളൻ ആ പോക്ക്  ഉള്ളിൽ നിറയ്ക്കുന്ന ശൂന്യത എത്ര കാലങ്ങൾ കഴിഞ്ഞാലും, എത്ര കടലുകൾ താണ്ടി ദൂരെ പോയാലും ഒന്നു കണ്ണടച്ചാൽ ഉള്ളിലേക്ക് ഇരച്ചെത്തും. ആറിന്റെ നടുക്കെത്തിയ പുണ്യാളനെ നോക്കി കണ്ണും നിറച്ചു ഈ നിമിഷത്തിലും ഞങ്ങൾ ആ കടത്തു കടവിൽ കാത്തു നിൽക്കുന്നുണ്ട്. 

അടുത്ത  വരവിനായി!
--------------------

*കുർബാന തുടങ്ങുവാനുള്ള മണി

No comments:

Post a Comment