പ്രാണന്‍ എന്ന് പേരുള്ള ഒരു വയലിന്‍ പാടുന്നത്

അധികം വേദനയൊന്നുമില്ല 
ആത്മ ഭാഷണങ്ങള്‍ ഇടയ്ക്കു വെച്ച് 
മുറിഞ്ഞു പോകുന്നുവെന്നേയുള്ളൂ 
തെരുവുകളായ തെരുവുകളൊക്കെയും 
നിന്റെ പക്ഷമാണ്
അല്ലെങ്കിലും
ഈ മൂന്നാംകിട മുറിവുകള്‍
ആര്‍ക്കാണ് അറപ്പുളവാക്കാത്തത്
തീര്‍ത്തും അപരിഷ്കൃതമായ തുറമുഖത്തേക്ക്‌
ആരാണ് കപ്പലടുപ്പിക്കാന്‍ തുനിയുക
വന്‍കരകള്‍ തമ്മിലുള്ള യുദ്ധത്തില്‍
ചോര കണ്ടറപ്പ് തീര്‍ന്ന പോരാളിയാണ് നീ
നമുക്കിടയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍
കള്ളിമുള്ളുകള്‍ പൂക്കുന്നത് പോലും
നിനക്ക് കേവലമൊരു
ഒറ്റപ്പെട്ട പ്രതിഭാസമായിരിക്കാം
എങ്കിലുമൊന്നു ഓര്‍ക്കേണ്ടതുണ്ട്
മുലഞെട്ടുകളെ നിറം മങ്ങിയ
മുല്ലമുട്ടുകളോട് ഉപമിക്കുന്ന
നിന്റെയാ ശീലമുണ്ടല്ലോ
ഇനിയുള്ള വസന്തങ്ങളില്‍
ഒരു പെണ്ണുമത്
ചെവിക്കൊള്ളണമെന്നില്ല
കന്യകമാര്‍ പോലും
വാക്കുകള്‍ക്കിടയില്‍
അരിപ്പകള്‍ പാകുകയും
നിറമുള്ള ഉമ്മകള്‍ കൊണ്ട്
ഒറ്റ് കൊടുക്കുകയും ചെയ്യുന്ന
കാലം വരുന്നു
ഒരു ഇരയും ഒരൌപചാരികതയും
അര്‍ഹിക്കുന്നില്ലെന്നതിനാല്‍
ഒരു പുഴയോടോ ഒരു കാറ്റിനോടോ
നിന്നെ ഞാന്‍ ഉപമിക്കുന്നു
വന്നു പോയ കാലങ്ങളെ
തണുപ്പിന്റെ നിറമുള്ള
ചില്ല് കുപ്പികളില്‍ നിറക്കുന്നു
ഒന്നൊന്നായി
ഉമ്മ വെച്ച് തകര്‍ക്കുന്നു !!

No comments:

Post a Comment