പ്രാർത്ഥന പോലെ എന്തോ ഒന്ന്

മാറി നിന്നു കയ്ക്കുന്നുണ്ട്
വിട്ട് പോന്ന മരത്തെയോർത്ത്
നെഞ്ചുലയുന്ന ചില്ലയെയോർത്ത്
പേർത്തു പെയ്യുന്ന കൂടിനെയോർത്ത്

പ്രാണൻ കെട്ട് പോകുന്ന തണുപ്പിൽ
ഓർത്തിരുന്നു കായുന്നുണ്ട്
വെന്തുരുകുന്നവരുടെ
ഓർമ്മകൾ

തീർന്നു പോകുന്ന കെട്ടിൽ നിന്നു
തൊട്ട് തൊട്ടെടുക്കുന്നുണ്ട്
വെളിച്ചത്തിന്റെ
പൊട്ടുകൾ

കെട്ടു പോകുമോയെന്ന്
ഓർത്തോർത്തു പെയ്യുമ്പോൾ
ചേർത്തു പിടിക്കുന്നുണ്ട്
തോർച്ചയുടെ ശബ്ദങ്ങൾ

പൊട്ടിപ്പോയ ഇടങ്ങളെ
തുന്നി ചേർക്കുവോളം
തൂവാതെ പോകണമേയെന്നേയുള്ളൂ
സങ്കടത്തിന്റെ പാട്ടുകൾ


2 comments:

  1. എന്തൊരുമാനുഷ്യനാണ് ഹേ..
    എന്തൊരു വരികളാണ്.
    തോർച്ചയുടെ ശബ്ദങ്ങൾ ഒരലപ്പം ആശ്വാസം തരുന്നുണ്ട്.കവിതക്ക് ഒടുവിലെങ്കിലും.അല്ലെങ്കിൽ ശപിച്ചേനെ ഞാൻ എന്നെ തന്നെ.
    സങ്കടത്തിൽ പാട്ടുകൾ തൂവട്ടെ ന്നേ..
    എന്റൊരു സുഹൃത്ത്..അല്ല ചേച്ചി പറഞ്ഞു തന്നാതാണ്..
    തൂവാത്ത സങ്കടങ്ങളെക്കാൾ വിങ്ങുന്ന വേദന തരുന്ന മറ്റൊന്നും ഇല്ല എന്ന്

    ReplyDelete