ഒരിക്കല്‍ കൂടി

കണ്ണിലെ തെളിച്ചം 
മങ്ങി തുടങ്ങുന്നുവെന്നിരിക്കെ
ഒരിക്കല്‍ കൂടി മാത്രം 
നിന്നെയോര്‍ക്കയാണ്
ആകാശത്തെ നിറങ്ങളാല്‍ നിറയ്ക്കുന്ന 
നിന്റെ ഭ്രാന്തന്‍ സ്വപ്നങ്ങളെ
നീലിച്ച നിന്റെ കൈ വിരല്‍ ഞരമ്പുകളെ
വന്യതയില്‍ എന്നെ തനിച്ചാക്കിയ 
വേദന ഊറ്റിയെടുത്ത പകലുകളെ
പ്രണയം വേദനയെന്നറിഞ്ഞുറഞ്ഞ
നിന്റെ ഹൃദയത്തെയും !!
രാത്രി ഇരുളിനെ
ദീര്‍ഘമായൊരുമ്മയില്‍
തുന്നിച്ചേര്‍ക്കുമ്പോള്‍
നിന്നെ ഞാന്‍ വരയ്ക്കയാണ്...
ഏകാന്തമായ ഒറ്റ മുറികളെ
ശബ്ദം നിലക്കാത്ത ഘടികാരങ്ങളെ
ഇനിയെനിക്ക് കാവല്‍ നില്‍ക്ക !!
പ്രാണനില്‍ പ്രണയം
എന്നെഴുതി വെയ്ക്കുന്നത്
കാല്‍പ്പനികതയുടെ
ചുവന്ന മഷി പേനയാലല്ല
കരിഞ്ഞുണങ്ങിയ
ഓര്‍മ്മകളില്‍ നിന്നൊപ്പിയ
പലതും മറക്കുന്ന കറുപ്പിനാലാണ്
പ്രണയം.....
നിഗൂഢത....
ഒരിക്കല്‍ മാത്രം മരണം !!

1 comment:

  1. കരിഞ്ഞുണങ്ങിയ
    ഓര്‍മ്മകളില്‍ നിന്നൊപ്പിയ
    പലതും മറക്കുന്ന കറുപ്പു...... നല്ല ചിന്തകൾ!

    ReplyDelete