തലയിൽ തോർത്തു വരിഞ്ഞു കെട്ടി
കൈയ്യിൽ ടോർച്ചും പിടിച്ചൊരു രാത്രി
തെക്കോട്ട്
നടന്ന് പോകുന്നു
വെയിലാറിയാൽ മാത്രം
കണ്ണ് തുറക്കുന്ന
ചില പൂക്കളപ്പോൾ
പിന്നാലെ പോകുന്നു
കടത്ത് കടവിൽ
കാത്തു നിന്ന
മകരത്തിലെ തണുപ്പിന്റെ കവിളിൽ
നിലാവ് ചൂഴ്ന്ന നുണക്കുഴി
തോർത്തഴിച്ച്
ടോർച്ച് തറയിൽ കുത്തനെ നിർത്തി
ചരൽ മണലിലവർ
അമർന്നിരുന്നു
ഉറങ്ങി തൂങ്ങി നിന്ന
മുളക്കൂട്ടമൊന്നമർത്തി മൂളി
കാറ്റഴിച്ചു വിട്ട വെള്ളിമൂങ്ങകൾ
പരവശരായി പറന്ന് തുടങ്ങി
ആകാശത്തു നിന്ന് പുറപ്പെട്ടൊരു
വെളിച്ച തുണ്ട് മാത്രം
ആറിന്റെ ഒത്ത നടുക്ക്
കാൽ കവച്ചിരുന്നു
രാത്രിയുടെ
ചെറുവിരലിൽ
തണുപ്പപ്പോളൊന്നമർത്തി
തൊട്ടു
പുറകെ നടന്ന
പൂക്കളനങ്ങിയില്ല
മുളംകാട് വീണ്ടുമുണർന്നതായി
നടിച്ചില്ല
അക്കരയിൽ നിന്ന്
ആഞ്ഞു വീശിയ
നന്ത്യാർവട്ട കാറ്റ് മാത്രം
നാണം കൊണ്ട് ചൂളി പോയി
അവരുമ്മ വെച്ചിടം
കോടയിൽ മുങ്ങി
നിലാവ് പതിയെ തോർന്നു
കിഴക്കാരോ
വെളിച്ച തോരണം
കെട്ടി തുടങ്ങി
വീണ്ടും കാണാമെന്ന
മൗനത്തെ തൊട്ട്
പതിയെയവർ
തിരികെ നടന്നു