ആധിയുടെ മരുന്ന് 
കഴിച്ചു തുടങ്ങാൻ പറഞ്ഞ ദിവസം 
പുറത്ത് ഉശിരൻ 
മഞ്ഞു പെയ്യുന്നുണ്ടായിരുന്നു 

മുൻപുള്ള ജീവിതത്തിൽ 
അതിര് വിടുന്ന ആധികൾ
അപരിചതരോട് പറഞ്ഞു
വിങ്ങി കരയുന്നതിൽ
അയാൾ ആശ്വാസം കണ്ടെത്തിയിരുന്നു

അരമണിക്കൂറിൽ അപ്രത്യക്ഷരായേക്കാവുന്ന
ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്ത
മനുഷ്യരോടല്ലാതെ വേറാരോട് 
എന്നായിരുന്നു അയാളുടെ ന്യായം 

ചോദ്യങ്ങളയാൾ  ചോദിച്ചു കൊണ്ടേയിരുന്നു
പേരെന്താണ്, എവിടേക്ക് പോകുന്നു
എന്നുള്ള നിസാര ചോദ്യങ്ങൾക്കെന്നാൽ
മിനക്കെട്ടുമില്ല

ഈ പറഞ്ഞ വേവലാതിയെ 
നിങ്ങളായിരുന്നെങ്കിൽ 
എങ്ങനെ നേരിടും/
കരഞ്ഞു കൺപോളകൾ തടിക്കുന്നത് 
എങ്ങനെയാണ് മാറ്റുന്നത്/
എപ്പോഴും ശബ്ദം ഇടറുന്നത്
എങ്ങനെ പരിഹരിക്കാം 

എന്ന് തുടങ്ങി ഉലച്ചിലുകളെ 
കൈകാര്യം ചെയ്യുവാനയാൾ
അപരിചിതരിൽ നിന്നും 
പഠിച്ചു കൊണ്ടേയിരുന്നു 

പൊന്തി വരുന്ന വേദനകൾക്കുത്തരം 
അപരിചിതരിൽ കണ്ടെത്താൻ മാത്രമാണ് 
താൻ  ജീവിക്കുന്നതെന്ന് പോലും
അയാൾക്ക് തോന്നി  

ലോകം ചുറ്റിലും  പതിവ് പോലെ 
തിരക്ക് നടിച്ചു 
ജോലിസ്ഥലത്തയാൾ  
ഉത്സാഹമുള്ള ജോലിക്കാരനും 
കൂട്ടുകാർക്കിടയിൽ 
മികച്ച കേൾവിക്കാരനുമായി 

വിരുന്നുകാർക്ക് പിന്നിൽ 
വാതിൽ അടഞ്ഞാൽ 
മറ്റാർക്കും കാണാനാവാത്ത  ഇരുട്ടിലേക്ക്  
വീണ്ടും തനിച്ചു കയറി 

ഉള്ളിൽ നടക്കുന്നതിനെ സിനിമ പോലെ 
കാണിക്കാനൊരു യന്ത്രമോ 
ഒന്നുമില്ലെങ്കിലൊരു വേദനമാപിനിയോ 
കണ്ടു പിടിക്കപ്പെടാത്തതിനെ പറ്റി 
അയാൾ ദണ്ണം കൊണ്ടു 

എല്ലാ സാധ്യതകൾക്കുമൊടുവിൽ 
സ്‌ക്രീനിന്റെ ചതുരത്തിൽ 
ചിരിച്ചിരിക്കുന്നൊരു  
ഡോക്ടറിൽ അയാൾ ചെന്നെത്തി 

പേപ്പർ തുണ്ടിലെ ചോദ്യങ്ങൾ ചോദിച്ചു 
ഡോക്ടർ അയാളെ 
പരിശോധിക്കുന്നതായി  അഭിനയിച്ചു 
ഉത്തരങ്ങൾ പറയുന്നതായി അയാളും.

സുമുഖനായ ഡോക്ടറുടെ പുറകിൽ 
അയാൾ വെടിപ്പുള്ളൊരു  മുറി കണ്ടു 
മുറിയുടെ ഇടത് കോണിൽ 
പടർന്നു കയറുന്ന വള്ളി ചെടി കണ്ടു 
വൃത്തിയായി അടുക്കി വെച്ച 
പുസ്തകങ്ങൾ കണ്ടു 

സന്തോഷത്തിന്റെ കഥകൾ 
മാത്രമാകുമോ ഡോക്ടർ വായിക്കുക?
ദുഖമുള്ള സിനിമകൾ കാണുമ്പോൾ  
കരയാറുണ്ടോ?
സിനിമയിലെ നായകൻ 
ആധിയാൽ ശ്വാസം വലിച്ചു വിടുമ്പോൾ 
ഡോക്ടറുടെ നെഞ്ചും 
വലിഞ്ഞു മുറുകാറുണ്ടോ 

അയാൾക്കുള്ളിലെ ചോദ്യങ്ങൽ 
വലത് കവിളിന്റെ ഓരം പറ്റി നിന്നു 
അയാൾ അവയെ കടിച്ചു പിടിച്ചു 

മരുന്നെഴുതിയ മെയിൽ 
അയാളുടെ ഇൻബോക്സിൽ എത്തിയതും
ചതുര സ്‌ക്രീനിൽ നിന്നും 
ഡോക്ടർ അപ്രത്യക്ഷനായി 

ചോദിയ്ക്കാൻ വെച്ചിരുന്ന ചോദ്യങ്ങൾ 
ആ മെയിലിനു മറുപടിയായി 
അയാൾ 1, 2 എന്നിങ്ങനെ 
തൂക്കിയിട്ടു 

സെന്റ് ബട്ടൺ അമർത്തുമ്പോൾ
ഇന്നത്തെ രാത്രി താൻ  
നന്നായി ഉറങ്ങുമെന്നു
അയാൾക്ക് തോന്നി 
കിടക്ക വിരിപ്പ് കുടഞ്ഞു വിരിച്ചു 
അയാൾ വലത് വശം ചരിഞ്ഞു കിടന്നു

No comments:

Post a Comment