ദി ബീച്ചസ് (The beaches)

വെള്ളത്തിനരികെ നിന്ന് സ്വയം മാറ്റി നടുവാൻ മനുഷ്യൻ നിരന്തരം പ്രയന്തിക്കുന്നതാണ് നമ്മുടെ നാട്ടിൽ ഞാൻ പൊതുവെ കണ്ടിട്ടുള്ളത്. ജീവിതം മെച്ചപ്പെടുന്ന പല വഴികളിൽ ഒന്നായി അതിനെയവർ കണ്ടു പോന്നു . എന്നാൽ ഇവിടങ്ങളിലാവട്ടെ ജലാശയത്തിനെ ചുറ്റിപറ്റി ജീവിക്കാൻ സാധിക്കുക സൗഭാഗ്യമായി ആളുകൾ കാണുന്നു.

ദി ബീച്ചസ് (The beaches) എന്ന എന്റെയീ അയല്പക്കം, ആ പേര് പോലെ തന്നെ മനോഹരമാണ്. എങ്ങനെ തിരിഞ്ഞു കറങ്ങി പോയാലും തമ്മിൽ കണ്ടുമുട്ടാവുന്ന കുഞ്ഞു വഴികൾ, അതിന് ഇരുവശവും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ, അവയ്ക്കിടയിലൂടെ കാണാവുന്ന മനോഹരങ്ങളായ കുഞ്ഞു വീടുകൾ.

പൊതുവെ നോർത്ത് അമേരിക്കൻ നാടുകളുടെ ഒരു പ്രത്യേകത, ഓരോ ഋതുക്കളിലും അത് നിങ്ങളെ പുതിയൊരാൾ എന്ന പോലെ അത്ഭുതപ്പെടുത്തും എന്നതാണ്. മഞ്ഞുകാലങ്ങളിൽ നിരത്തുകൾ പൊതുവെ സജീവങ്ങൾ അല്ലെങ്കിലും വെള്ള പുതച്ചു നിൽക്കുന്ന നിരത്തുകൾക്ക് വന്യമായ ഒരു ഭംഗിയുണ്ട്. ബീച്ചസ് എന്ന ഈ neighbourhood ഒന്റാറിയോ തടാകത്തിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ, കാറ്റു കൊണ്ട് വരുന്ന തണുപ്പു പൊതുവെ ഇവിടെ അൽപ്പം കൂടുതലാണ്. അപ്പോഴും ഈ തെരുവുകളിലെ വീടുകൾക്ക് നോക്കി നില്ക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലെ ഒരു ഭംഗിയുണ്ട് താനും.

വസന്തകാലം തുടങ്ങിയാൽ പിന്നെ നാടായ നാട് മുഴുവൻ ബീച്ചിലേക്ക് വന്നെത്തും. തടാക കരയിൽ (തടാക കരയും ഇവിടെ ബീച്ച് ആണ്) സമയം ചിലവഴിക്കാൻ ആളുകൾ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടേക്ക് ഒഴുകും . വീടിനു മുൻപിലെ ഇത്തിരി മുറ്റം ആളുകൾ പച്ച പുല്ലുകളാൽ, പൂക്കളുള്ള മനോഹരങ്ങളായ ചെടികളാൽ അലങ്കരിക്കും. മഞ്ഞുകാല മൂർദ്ധന്യത്തിൽ, വേഗം ഇതൊന്നു കഴിഞ്ഞിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്ന മനുഷ്യർ, വസന്തം തുടങ്ങിയാൽ, വീടുകൾ ഉപേക്ഷിച്ചു മുഴുവൻ സമയവും പുറത്തു ചിലവഴിക്കും. തണുപ്പുകാലം മുഴുവൻ കട്ടിയുള്ള കോട്ടുകളിൽ ഒളിച്ചിരുന്ന മനുഷ്യർ മനോഹരങ്ങളായ ഉടുപ്പുകൾ ധരിച്ചു പുറത്തു വരും. മനുഷ്യർക്ക് ഇത്ര ഭംഗിയോ എന്ന് നോക്കി നില്ക്കാൻ പാകത്തിൽ, അവർ തങ്ങളുടെ മുഖം, മുടി, നഖം ഇവയെല്ലാം വസന്തകാലത്തിനായി കൂടുതലൊരുക്കും. വെയിലേൽക്കാൻ പാകത്തിൽ അവർ ശരീരത്തെ കൂടുതൽ വെളിപ്പെടുത്തും. റോഡരികുകളിലെ ഭക്ഷണ ശാലകൾ നിറയെ വെയിൽ കാഞ്ഞു കൊണ്ട് ബിയർ നുണയുന്ന മനുഷ്യർ സ്ഥിരകാഴ്ചയാവും.

ഒരൽപം വെയിൽ തുണ്ടിന് മനുഷ്യ ജീവിതങ്ങൾക്ക് മേൽ എത്രയധികം സ്വാധീനമുണ്ടെന്ന് ഈ കാലം നമ്മെ ഓർമിപ്പിക്കും. ആനന്ദം ചുറ്റിലും പരന്ന് ഒഴുകും .

നടപ്പ് ഇത്രത്തോളം ആസ്വദിക്കാൻ തുടങ്ങിയത് ഇവിടെ എത്തിയപ്പോളാണ്. ആളുകൾക്ക് നടക്കാൻ പാകത്തിലൊരുക്കിയ നടവഴികൾ , അവർക്കായി മാത്രമുള്ള ട്രാഫിക് സിഗ്നലുകൾ, അത് പാലിച്ചു മാത്രം വാഹനങ്ങൾ ഓടിക്കുന്നവർ എന്നിങ്ങനെ പല കാരണങ്ങൾ അതിന് പിന്നിലുണ്ട് . ഈ അയല്പക്കമാകട്ടെ, ഓരോ ദിവസത്തെ നടപ്പിലും പലവിധങ്ങളായ കാര്യങ്ങളാൽ നമ്മളെ വിസ്മയിപ്പിക്കും. അത് കാഴ്ചകളാവാം, അറിവുകൾ ആവാം, ആദ്യമായി കാണുന്ന മനുഷ്യർ ആവാം, അവരോടൊപ്പം നമ്മൾ കാണുന്ന നായ്കുട്ടികളാവാം .

വളരെ പ്രശസ്തരായ പല മനുഷ്യരും ബീച്ചസിൽ താമസിച്ചിരുന്നു എന്നു മനസിലാവുന്നത്.ഇങ്ങനെയുള്ള നടപ്പുകളിലൂടെയാണ്. പണ്ടവർ താമസിച്ചിരുന്ന വീടുകൾക്ക് മുന്നിൽ (ഇന്നവിടെ അവരുമായി ബന്ധമില്ലാത്ത പുതിയ താമസക്കാർ ആവാം) ചെറിയ കുറിപ്പുകളോട് കൂടിയ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവരിൽ മിക്കവരും ആർട്ടിസ്റ്റുകളോ മ്യൂസിഷ്യൻസോ ഒക്കെ ആയിരുന്നു എന്നാണ് ഓർമ്മ.

കോകോ (ഞങ്ങളുടെ നായ്ക്കുട്ടി) എത്തുന്നതിനു മുന്നേയുള്ള ഞാനും ഇപ്പോഴുള്ള ഞാനും രണ്ടും രണ്ടാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നിങ്ങളോടൊപ്പമുള്ള നായ്ക്കുട്ടിക്ക് നിങ്ങളുടെ ജീവിതം പലതരത്തിൽ മാറ്റി മറിക്കാൻ സാധിക്കും. ഒരു വ്യക്തി എന്ന നിലയിൽ അത് നിങ്ങളെ കുറെ കാര്യങ്ങൾ പഠിപ്പിക്കും. കൂടുതൽ മനുഷ്യരോട് ഇടപഴകാൻ അവർ നിങ്ങൾക് വഴി കാട്ടിയാകും. ഈ 8 വർഷങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ അപരിചിതരോട് ഞാൻ സംസാരിച്ച, ചിരിച്ച, ഒരു വർഷമാണിത് - കാരണക്കാരൻ കോകോയും.

ഈ രാജ്യത്തേക്ക് ആദ്യമായി വന്നപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം, അപരിചിതരോടുള്ള ഇവിടുത്തുകാരുടെ ഭയമാണ്. എന്നാൽ ഒരു നായ്ക്കുട്ടി നിങ്ങളുടെ കൂടെ ഉണ്ടെങ്കിൽ, മിക്ക ആളുകളും ഒരു ചിരിയോടെ നിങ്ങളെ സമീപിക്കും. നായക്കുട്ടിയെ കൊഞ്ചിക്കുവാൻ അനുവാദം ചോദിക്കും, അവന്റെ/അവളുടെ പ്രായം ചോദിക്കും, പേര് ചോദിക്കും, നല്ലൊരു ദിവസം ആശംസിച്ചു നടപ്പ് തുടരും . കുറഞ്ഞോരു സമയത്തിനുള്ളിൽ നിങ്ങളുടെ ദിവസത്തെ പ്രകാശമാനമാക്കാൻ ഇത്തരം ചെറുകണ്ടുമുട്ടലുകൾക്ക് ആകും. മൂന്നാല് അപരിചിതർ എങ്കിലും നോക്കി ചിരിക്കാതെ, കുശലം പറയാതെ , കോകോയുമായുള്ള നടത്തം പൂർത്തിയാക്കാൻ ആവില്ല എന്ന് ചുരുക്കം .

ഇന്ന് Summer Solstice ആണ്. വസന്തമവസാനിച്ച് , വേനല്ക്കാലത്തിന്റെ തുടക്കം കുറിക്കുന്ന ദിവസം. പുറത്ത് ചെറുതണുപ്പുള്ള, എന്നാൽ വെയിലുള്ള പ്രസന്നമായ ഒരു ഞായറാഴ്‌ച്ച കാത്തു നിൽക്കുന്നു.

ചെറിയ ഒരു നടത്തിനായി പുറത്തേക്ക്...!

(തുടരും)


No comments:

Post a Comment