ഒരപരിചിതന്റെ നെഞ്ചിലമർന്നു കിടക്കുന്നു
പരിചിതമല്ലാത്തൊരു ഹിന്ദി പാട്ട് അയാൾ മൂളുന്നുണ്ട്
ഒരു തരത്തിലും പിടി തരാത്തൊരു ഭാഷയാണ് ഹിന്ദി
അതിന്റെ അക്ഷരങ്ങളിൽ ഞാൻ വഴുതി വീഴുകയും
വ്യാകരണങ്ങളെന്നെ കുഴപ്പത്തിലാക്കുകയും ചെയ്യുന്നു
അയാൾ പാടുന്ന പാട്ടിൽ ഞാൻ മറ്റെന്തോ കേൾക്കുന്നു
അല്ലെങ്കിൽ തന്നെ എനിക്കിതെന്തിന്റെ കേടാണ്
ഇയാളിതെവിടെ നിന്ന് വന്നു
പ്രേമം വരുത്തുന്ന ഓരോ വിനകളേ
കഴിഞ്ഞ സ്വപ്നത്തിൽ ഞാനൊരു തമിഴ് പാട്ട് കമ്പോസറായിരുന്നു
ഇളയരാജയെയും കവച്ചു വെയ്ക്കുന്നൊരു
സംഗതിയിൽ തട്ടി നിൽക്കുമ്പോഴാണ്
അൽപ്പം കലുഷിതമായ മൈഗ്രേൻ തട്ടി വിളിച്ചത്
എഴുത്തിൽ താമരയായില്ലെങ്കിലെന്ത്
ഈണത്തിൽ വലിയരാജ, അല്ല, രാഞ്ജി ആയില്ലേ
ദേ, ആ ഈണമെന്റെ നാവിൻ തുമ്പത്ത് തന്നെയുണ്ട്
ഞാനിതെന്ത് ചെയ്യണം? തുപ്പി കളയണോ?
ഹിന്ദി പാടുന്നവന്റെ നെഞ്ചിൽ കിടന്ന്
തമിഴ് മൂളുന്നത് അത്ര സുഖമല്ലലോ
എങ്കിലും ലോകത്തിലെ ഏറ്റം പ്രേമതരളിതമായ ഭാഷ തമിഴല്ലേ?
ഒരു തമിഴ് കാമുകനെ ഞാനെത്ര കൊതിച്ചതാണ്!
തമിഴ് പറയുന്ന സേതുപതിയുടെ കണ്ണിൽ കെട്ടി കിടക്കുന്നയത്ര പ്രേമം
പാരീസിലെ ഒരു തെരുവിൽ പോലും ഞാൻ കണ്ടിട്ടില്ല
എത്ര വിചിത്രമാണല്ലേ പ്രേമത്തിന്റെ വഴികൾ
എന്നാൽ പിന്നെ എല്ലാ ഭാഷയിൽ നിന്നും ഓരോ കാമുകനായാലോ?
എല്ലാ ഭാഷയിലും പ്രേമിക്കപ്പെടുക
സുഖമുള്ളൊരു ഏർപ്പാട് തന്നെയാണ്
എന്റെ സ്നേഹമേ ..എന്റെ പ്രേമമേ...കണ്ണേ...കരളേ...
ലോകത്തിലേറ്റവും സുന്ദരിയായവളേ..
എത്ര ഭാഷകളിലിത് കേട്ടാലും മതിയാവുന്ന കാമുകിമാരുണ്ടാവുമോ ?
പത്രത്തിൽ ഒരു പരസ്യം കൊടുക്കുവാൻ
ഈ നിമിഷം ഞാൻ തീരുമാനിക്കുന്നു
എല്ലാ ഭാഷകളിൽ നിന്നും പ്രേമിക്കുവാൻ ആളെ അന്വേഷിക്കുന്നുവെന്ന്.
ഫ്രഞ്ച് കാമുകനെ ഒഴിവാക്കാനാണ് തോന്നുന്നത്
ഫ്രഞ്ചുമ്മ ഇഷ്ടമല്ലാത്തതിനാലല്ല
എനിക്കുണ്ടായിരുന്ന ആ ഫ്രഞ്ച് ബോസില്ലേ?
അയാളൊരു സുഖമില്ലാത്ത ഓർമ്മയാണ്
ആളുകളെ കുഴപ്പിച്ചു രസിക്കുന്നൊരു നാര്സിസ്റ് .!
ഫ്രഞ്ച് എവിടെ കേട്ടാലുമെനിക്ക് ഓക്കാനം വരും
"അപ്പോൾ ഫ്രഞ്ചൊഴികെ എല്ലാ ഭാഷകളിൽ നിന്നും" - അങ്ങനെയാവട്ടെ പരസ്യ വാചകം
"പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ"- നമുക്കുള്ള പോൽ എത്രയെത്ര പാട്ടുകൾ അവർക്കുമുണ്ടാകും ?
"അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ " - ഇതേ അർഥം വരുന്ന പാട്ട് പാടുന്നവനെയാകും ഞാൻ ആദ്യം തിരഞ്ഞെടുക്കുക.
"നിൻ അനുരാഗമിതെൻ സിരയിൽ" ഈ അർത്ഥത്തിൽ പാട്ട് പാടാൻ കഴിവുള്ള എല്ലാവരെയുമങ്ങ് തിരഞ്ഞെടുത്താലോ?
"നീയരികിൽ നില്കും നേരം പ്രണയം കൊണ്ടെൻ കരൾ പിടയും"
"ഉറങ്ങും കനവിനെ എന്തിനു വെറുതെ ഉമ്മകൾ കൊണ്ട് നീ മെല്ലെയുണർത്തി"
"പ്രണയമേ നീ...മുഴുവനായി...മധുരിതമെങ്കിലും..
എരിയുവതെന്തേ സിരയിലാകേ പരവശമിങ്ങനെ
ഒരു മലരിതളാൽ മലർവനി തീർക്കും
വിരഹനിലാവായ് മരുവും തീർക്കും പ്രേമം!"
അവർ പാട്ടുകൾ പാടിക്കൊണ്ടേ ഇരിക്കട്ടെ
ഉറക്കത്തിൽ നിന്ന് മറ്റൊന്നും
എന്നെ ഉണർത്താതെയും.

No comments:

Post a Comment