നമ്മുടെ പെണ്ണുങ്ങൾ 
തലയിൽ ചൂടും 
പൂക്കൾ
പൂമരങ്ങൾ
പൂക്കാലങ്ങൾ 

പിച്ചി, മുല്ല, നീല കനകാംബരം
ഉള്ളിൽ നിന്ന് വേര് പൊങ്ങും 
തലമുടി നിറയെ പടരും  
മെടഞ്ഞതിൽ 
നിവർത്തിയിട്ടതിൽ 
കൊണ്ട കെട്ടിയതിൽ 

പോകുന്ന വഴിയിൽ 
പൊതിഞ്ഞു നിൽക്കുന്ന കാറ്റിൽ 
പിറകെ വരും നിഴലിൽ 
കൂടെ പോരും മണം 

നമ്മുടെ പെണ്ണുങ്ങൾ 
തലയിൽ ചുമക്കും 
വസന്തങ്ങൾ 
(തലയിൽ വസന്തം ചുമക്കും 
നമ്മുടെ പെണ്ണുങ്ങൾ)

തലയ്ക്കുള്ളിലെ  
പെരുംഓളങ്ങൾക്ക് മീതെ 
അവരിറക്കും 
തോണികൾ 

വേരിറങ്ങാൻ മടിക്കുന്ന നാട്ടില് 
പരിചിതമല്ലാത്ത ഭാഷകളിൽ 
നോട്ടങ്ങളിൽ
ഭക്ഷണങ്ങളിൽ
മെട്രോ സ്റ്റേഷനുകളിൽ 
മുറിച്ചു കടക്കുന്ന റോഡുകളിൽ 
കൈയ്യുറകളിൽ 
രോമത്തൊപ്പിയിൽ  
അവർ അവശേഷിപ്പിക്കും 
പൂമണങ്ങൾ 

നമ്മുടെ പെണ്ണുങ്ങൾ തലയിൽ ചൂടും 
പൂക്കൾ 
പൂമരങ്ങൾ 
പൂക്കാലങ്ങൾ