പൂവാക പൂക്കുമ്പോള്...
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സ്നേഹം
വരുന്നു
പോവുന്നു
സ്‌നേഹിക്കുമ്പോൾ
പറഞ്ഞിരുന്ന
വാക്കുകൾ
കാണാതെയാവുന്നു
ഒരു തുരങ്കം
അതിൽ
കയറിയിറങ്ങുമ്പോൾ
നാമൊരു
ടൈം ട്രാവലിൽ
സ്നേഹം
വീണ്ടും വരുന്നു
നമുക്കുള്ളിൽ നിറയുന്നു
നാം വീണ്ടും കാണുന്നു
സ്‌നേഹം
വരുന്നു
പോകുന്നു
തുരങ്കങ്ങൾ
നീ കാണുന്നില്ല
ഇപ്പുറം ഞാൻ നിൽക്കുന്നു
കാത്തിരിക്കാതെ
തരമില്ലല്ലോ
സ്നേഹം
വരുന്നു
പോകുന്നു
സ്നേഹിച്ചവർ
പറഞ്ഞു മറന്ന
വാക്കുകൾ
പൂക്കളാകുന്നു
സ്‌നേഹം
വരുന്നു
അത് പോകുന്നതേയില്ല
വിളർത്ത പർപ്പിൾ
നിറത്തിൽ
ഇവിടെമാകെ
ചെറി പൂക്കളാണ്
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നന്മയുടെ ആ വശം പുറത്തു കാണിക്കുവാൻ മനുഷ്യരെല്ലാം ഭയക്കുന്ന കാലത്താണോ നാം?
എല്ലാവരും അല്ലെങ്കിലും ആരെങ്കിലുമൊക്കെ അങ്ങനെ ആകുമെന്ന് എനിക്ക് തോന്നുന്നു. ഇനി ആരുമില്ലെങ്കിലും ഈ ഞാൻ അങ്ങനെയാണ്. ഉള്ളിൽ ഉള്ള എമ്പതിയെ സ്വയം വേണ്ടെന്ന് വെച്ച്, മനുഷ്യരിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി നില്കുന്നവരൊക്കെ അങ്ങനെ ആകാതെ തരമില്ല.
ഒരു നിമിഷത്തിന്റെ ഓർമ്മയാൽ നമ്മളെ ഉലച്ചു കളയുന്ന ചില മനുഷ്യരില്ലേ?. അങ്ങനെ ഇരിക്കുമ്പോൾ പെട്ടന്ന് അവരെ ഓർക്കും, നിമിഷങ്ങൾ കൊണ്ട് ഉള്ളു പറിയുന്നൊരു വേദന ഉള്ളിൽ വന്നു പൊതിയും. ഒരു ദിവസത്തിൽ എപ്പോൾ വേണമെങ്കിലും അത് സംഭവിക്കാം. തുണി മടക്കുമ്പോൾ, ഷവറിനടിയിൽ നിൽക്കുമ്പോൾ, അങ്ങനെ എപ്പോൽ വേണമെങ്കിലും. അങ്ങനെ ഒരാളെ പറ്റി പണ്ടൊരിക്കൽ ഇവിടെ എഴുതിയിട്ടിരുന്നു. വീട് പോലെ തോന്നിയിരുന്ന ഒരാൾ; പെട്ടെന്നിറങ്ങി പോയി. ഇത്തവണ ഒന്ന് കൂടി കൂട്ടി ചേർക്കുവാൻ നോക്കി, പക്ഷെ സാധിച്ചില്ല. അല്ലെങ്കിൽ നിന്ന് തന്നില്ല - വേണ്ടെന്നു വെച്ച് പോയവർ.
ഡിയർ ഫ്രണ്ട് കണ്ടു കഴിഞ്ഞപ്പോൾ ഒരു തരം തരിപ്പായിരുന്നു മനസ് നിറയെ. പറയാതെ ഇറങ്ങി പോയ ആരെങ്കിലും ഉള്ളവർക്കൊക്കെ ആ തരിപ്പ് ഉണ്ടായിരുന്നിരിക്കണം.
ആർക്കും തെളിച്ചമുള്ള ആ വശത്തെ കാണിച്ചു കൊടുക്കാതെ നടക്കുന്ന മനുഷ്യരെ വീണ്ടും ഓർക്കുന്നു. വളരെയേറെ ശ്രമകരമാണ് അവർക്കത്. തമ്മിൽ പിടികൊടുക്കാതെ, മറു വശത്തുള്ളയാളിൽ നിന്ന് എപ്പോഴും ഒരു ആക്രമണം പ്രതീക്ഷിച്ചു കൊണ്ട് ആരെയോ ഒക്കെ പേടിച്ചങ്ങനെ ജീവിച്ചു പോകുന്നു.
ഉള്ളിലെ മൃദുലത കുറഞ്ഞു വരുന്നു എന്ന് തോന്നാറുണ്ട് ഇപ്പോൾ. എങ്കിലും ഇത് പോലെ ചില സിനിമകൾ കാണുമ്പോൾ വീണ്ടും കരയുവാൻ പറ്റുന്നുണ്ട്. അത് നല്ല ലക്ഷണവുമാണ്. കവിത ഇല്ലെങ്കിലും വായന ഇല്ലെങ്കിലും എനിക്ക് ജീവിക്കാം. പക്ഷെ സിനിമയും പാട്ടുകളും ഇല്ലെങ്കിൽ എന്നേ മരിച്ചു പോയേനെ.
ഇന്നിപ്പോൾ _filmoholic_ എന്നൊരു insta പേജിൽ ആയിരുന്നു. കണ്ണ് നിറഞ്ഞങ്ങനെ കണ്ടും കെട്ടും നേരം പോയത് അറിഞ്ഞില്ല. ( അതിന്റെ അഡ്മിൻ വേറെ ഏതോ ലോകത്തിൽ നിന്നുള്ള ആളാണെന്നു ഞാൻ സംശയിക്കുന്നു.) കർമ്മ ഈസ് എ ബുൾഷിറ്റ് എന്ന് തോന്നി തുടങ്ങിയിട്ട് കുറച്ചായി അപ്പോഴാണ് ഈ പേജിൽ കഥാവശേഷനിലെ ആ ഭാഗം വായിച്ചത്.
“ഒറ്റയ്ക്കായാൽ മനുഷ്യരൊക്കെ നിസ്സഹായരാ…അത് കൊണ്ട് തന്നെ പറ്റുമ്പോഴൊക്കെ നമ്മൾ ആരെയെങ്കിലും സഹായിക്കണം. സഹായിക്കാൻ ആയില്ലെങ്കിലും ഉപദ്രവിക്കാണ്ടിരിക്കണം”
എന്തൊക്കെയോ പറയാൻ വന്നു. വേറെ എന്തൊക്കെയോ പറഞ്ഞു വെച്ചു.
Hope you are doing okay :)
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
മുറിയുടെ ഒഴിഞ്ഞ കോണുകൾ, ആലീസിന്റെ അത്ഭുത ലോകത്തേക്കുള്ള വാതിലുകൾ പോലെ.
അവിടങ്ങളിലെന്നെ ഞാൻ ഇടയ്ക്കിടെ ഉപേക്ഷിച്ചു പോകുന്നു.
തിരികെ വന്ന് നോക്കുമ്പോൾ ലോകത്തിലെ ഏറ്റം മനഃസമാധാനമുള്ളൊരാളെ അവിടെ കാണുന്നു. വീട്ടിലെ സ്വന്തം മുറിയുടെ കോണിൽ തുടങ്ങി, പോകുന്നിടത്തെല്ലാം മുടങ്ങാതങ്ങനെയൊരിടം എന്നെ കാത്തിരിക്കുന്നുണ്ട് .
ലോകത്തിൽ നിന്ന് ഓടിപ്പോകാൻ ഉള്ളിലൊരാൾ ആജ്ഞാപിക്കുമ്പോൾ എന്നെ ഒതുക്കി മടക്കിയാ മൂലയിൽ വെയ്ക്കുന്നു.
ഒഴിച്ച് കൂടാനാവാത്ത ബഹളങ്ങളിലേക്ക് നടന്ന് കയറുന്നു.
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ആഴമുള്ള കയങ്ങളിലൊന്നിൽ
ദുഃഖഭാരത്താൽ
കെട്ടി താഴ്ത്തപ്പെട്ട നിലയിൽ
നിങ്ങളുടെ ഹൃദയം
പൂണ്ട് കിടക്കുന്നു
പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നു
പുതുമയുള്ള കാഴ്ച്ചകൾ കാണുന്നു
നിങ്ങളൊന്നും കാണുന്നില്ല
ഒന്നിനും നിങ്ങളെ
സന്തോഷിപ്പിക്കുവാനാകുന്നില്ല
കുഞ്ഞുങ്ങളുടെ
നിർമ്മമായ ചിരികൾ
ഇരുളു നിറഞ്ഞ കയങ്ങളിൽ
രക്ഷയ്ക്കെത്തുന്നില്ല
പുഞ്ചിരി തന്ന് കടന്ന് പോകുന്ന
മനുഷ്യരിൽ നിന്ന്
ഒരദ്‌ഭുതവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല
മുള്ളുകളിൽ ഉരഞ്ഞു നീറിയ
ഹൃദയം
നിസ്സഹായതയോടെ നിങ്ങളെ
തന്നെ ഉറ്റു നോക്കുന്നു
•••
സാധാരണ മനുഷ്യൻ
നിന്ന് പോകുവാൻ എന്ന മട്ടിലെങ്കിലും
വേദനകളോട്
നിരന്തരം
കലഹിക്കുന്നു
അവൾക്ക്/അവന് അർഹതപെട്ടതെല്ലാം
ജീവിതത്തോട്
ചോദിച്ചു വാങ്ങുന്നു
ആത്മാർത്ഥ അതിര് കടക്കുമ്പോൾ
സ്വയം ശാസിച്ചു നിലയ്ക്ക് നിര്ത്തുന്നു.
എനിക്ക് തോന്നുന്നു
ഞാനൊരു സാധാരണ മനുഷ്യനല്ലെന്ന്.
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ആരുടെയോ കൈപ്പത്തിയ്ക്കുള്ളിലിരുന്ന്
ഞെരിഞ്ഞമരുന്ന
നിങ്ങളുടെ ഹൃദയം
വേദനയിൽ
ഒരു ദിവസം തീർന്നു പോകുന്നു
വേദനയിൽ
നിങ്ങൾ ഉറങ്ങാൻ കിടക്കുന്നു
പേടിപ്പെടുത്തുന്ന സ്വപ്നം
നിങ്ങളെ ഉണർത്തുന്ന പോലെ
തണുപ്പിൽ പുതപ്പില്ലായ്മ
നിങ്ങളെ ഉണർത്തുന്ന പോലെ
വേദന ഉറക്കത്തിൽ നിന്ന് നിങ്ങളെ
വിളിച്ചുണർത്തുന്നു
നിങ്ങൾക്ക് മനസിലാവുന്നുണ്ടോ ?
വേദന കൊണ്ട്
നിങ്ങൾ ഉണർന്നു പോകുന്നു
മനസിന്റെ വേദന
നിങ്ങളുടെ ശരീരത്തോട്
എന്താണ് ചെയ്യുന്നത്
ഓരോ അണുവിലേക്കും
സൂചി കയറ്റുന്ന പോലെ?
നെഞ്ചിന്റെ ഒത്ത നടുക്കേക്ക്
പ്രാണനാകെ
വലിഞ്ഞു മുറുകുന്ന പോലെ ?
ഒരാളോടും നിങ്ങൾ പറയുവാൻ തുനിയുന്നില്ല
അവർക്കോ നിങ്ങൾക്കോ
അതൊരുപകാരവും ചെയ്യുന്നില്ല
അല്ലെങ്കിൽ
അതിനെ പറ്റി മിണ്ടുവാൻ പോലും
നിങ്ങൾക്കിപ്പോൾആവതില്ല
നിങ്ങൾക്കൊരു വേദന മാപിനി ആവശ്യമുണ്ട്
ഇനി എത്രത്തോളും ശരീരമതിനെ
താങ്ങിയേക്കും എന്നറിയേണ്ടതുണ്ട്
കണ്ണിൽ നോക്കി വേദനകളെ
തരം തിരക്കുന്ന ഒരാളുണ്ടായിരുന്നെങ്കിലെന്ന്
നിങ്ങളിപ്പോൾ അതിയായി ആഗ്രഹിക്കുന്നു
വേദന
വേദന
വേദന
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
തലയിൽ തോർത്തു വരിഞ്ഞു കെട്ടി
കൈയ്യിൽ ടോർച്ചും പിടിച്ചൊരു രാത്രി
തെക്കോട്ട്
നടന്ന് പോകുന്നു
വെയിലാറിയാൽ മാത്രം
കണ്ണ് തുറക്കുന്ന
ചില പൂക്കളപ്പോൾ
പിന്നാലെ പോകുന്നു
കടത്ത് കടവിൽ
കാത്തു നിന്ന
മകരത്തിലെ തണുപ്പിന്റെ കവിളിൽ
നിലാവ് ചൂഴ്ന്ന നുണക്കുഴി
തോർത്തഴിച്ച്
ടോർച്ച് തറയിൽ കുത്തനെ നിർത്തി
ചരൽ മണലിലവർ
അമർന്നിരുന്നു
ഉറങ്ങി തൂങ്ങി നിന്ന
മുളക്കൂട്ടമൊന്നമർത്തി മൂളി
കാറ്റഴിച്ചു വിട്ട വെള്ളിമൂങ്ങകൾ
പരവശരായി പറന്ന് തുടങ്ങി
ആകാശത്തു നിന്ന് പുറപ്പെട്ടൊരു
വെളിച്ച തുണ്ട് മാത്രം
ആറിന്റെ ഒത്ത നടുക്ക്
കാൽ കവച്ചിരുന്നു
രാത്രിയുടെ
ചെറുവിരലിൽ
തണുപ്പപ്പോളൊന്നമർത്തി
തൊട്ടു
പുറകെ നടന്ന
പൂക്കളനങ്ങിയില്ല
മുളംകാട് വീണ്ടുമുണർന്നതായി
നടിച്ചില്ല
അക്കരയിൽ നിന്ന്
ആഞ്ഞു വീശിയ
നന്ത്യാർവട്ട കാറ്റ് മാത്രം
നാണം കൊണ്ട് ചൂളി പോയി
അവരുമ്മ വെച്ചിടം
കോടയിൽ മുങ്ങി
നിലാവ് പതിയെ തോർന്നു
കിഴക്കാരോ
വെളിച്ച തോരണം
കെട്ടി തുടങ്ങി
വീണ്ടും കാണാമെന്ന
മൗനത്തെ തൊട്ട്
പതിയെയവർ
തിരികെ നടന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
പുഴയും പുണ്യാളനും !!
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഈ നഗരം
ഈ തെരുവ്
ഇവിടുത്തെ മനുഷ്യർ
കുനിഞ്ഞു കൂടിയിരിക്കുന്ന
ഓർമ്മകളിലൊന്നിനെ
ഞാൻ തൊട്ടെടുക്കുന്നു
തൊടും തോറും
തീർന്നു പോകുന്ന
വിഷാദ സ്മരണകൾ
വെയിലിന്റെ ഓളത്തെ
മുറിച്ചു കടക്കുന്നു
തെരുവൊരു താളത്തിൽ
തിങ്ങി മറിയുന്നു
മനുഷ്യരുടെയെല്ലാം ചുണ്ടുകളിൽ
മന്ദസ്മിതത്തിന്റെ മൂളിപ്പാട്ടുകൾ
പൂമരങ്ങൾ തലകുലുക്കുന്നു
പൂക്കളിറ്റിയ്ക്കുന്നു
കുനിഞ്ഞു നിന്നാകാശ ചുവരുകൾ
വഴിയോരങ്ങളിൽ
താളമിടുന്നു
സന്തോഷമാഹ്‌ളാദമാനന്ദം
ലോകമൊരു ഗോവണിയിൽ പിടിച്ചു
മുകളിലേക്ക് കയറി പോകുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
രണ്ട് തരം നേരങ്ങളാണെനിക്ക് ഉള്ളത്.
കാരണമുള്ള ദുഃഖങ്ങളുടെ നേരങ്ങളും, കാരണമില്ലാത്ത ദുഃഖങ്ങളുടെ നേരങ്ങളും.
അടുക്കളയിൽ അവനെനിക്ക് വെണ്ണ പുരട്ടിയ റൊട്ടിയൊരുക്കുന്നു. ഞാനിവിടെ മുറിയുടെ മൂലയിൽ കാരണമില്ലാത്ത ദുഃഖത്തെ ഓർത്തിരിക്കുന്നു.
സന്തോഷിക്കുവാൻ ഇടയ്ക്ക് എനിക്ക് പറ്റാറുണ്ട്.
ചില മനുഷ്യരെനിക്ക്, സ്വയമറിയാതെ ഉപകാരങ്ങൾ ചെയ്യുന്നു. അവരറിയാതെ അവരിൽ നിന്ന് ഞാൻ എനിക്ക് വേണ്ട സന്തോഷത്തെ ഊറ്റിയെടുക്കുന്നു.
അവരറിഞ്ഞാൽ അതെനിക്ക് നിഷേധിക്കപ്പെടുകയോ, പകരം എന്നിൽ നിന്നെന്തെങ്കിലും ആവശ്യപ്പെടുകയോ ചെയ്യാം. രണ്ടിനുമെനിക്ക് ആവതില്ല.
മനുഷ്യരെ ദൂരെ നിന്ന് മാത്രം, നോക്കി കാണുന്നതിൽ ഒരു ഭംഗിയുണ്ട്. ഞാനവരെ സാകൂതം നോക്കി കാണുന്നുവെന്ന് അവരറിയുന്ന ദിവസം രസത്തിന്റെ ആ ചരട് പൊട്ടി വീഴാം.
എത്ര നാൾ മറ്റൊരാളിൽ, മറ്റ് മനുഷ്യരിൽ എന്റെ ആനന്ദത്തെ ഞാൻ ചാരി നിർത്തും.
സന്തോഷത്തിന്റെ രഹസ്യമെന്താണെന്ന് ആരോടാണ് ഞാനൊന്ന് അന്വേഷിക്കുക.
നീട്ടി, പരത്തി, കുറുക്കി പറയാതെ സഹായിക്കുവാൻ ആരുണ്ട് !!!
#fictionbutnotfiction
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ലോകത്തിൽ ഇന്നേ വരെ കണ്ടു പിടിക്കപ്പെട്ടതും ഇനി കണ്ടു പിടിക്കപ്പെടാനിരിക്കുന്നതും, സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ എല്ലാ പ്രണയചേഷ്ടകളും ക്ലിഷേകളാണ്.
ഒരു ഹാംസ്റ്റെറിനെ പോലെ, നിരന്തരം കറങ്ങുന്ന ചക്രത്തിൽ ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുമ്പോൾ ജീവിതത്തോട് നിങ്ങൾക്ക് എന്തും തോന്നാം. അതിനെ ഇറുക്കി കെട്ടി പിടിക്കാം, തുറിച്ചു നോക്കി നിൽക്കാം , ഇടം കാലിട്ട് വീഴ്ത്താം, കരണത്തടിക്കാം.ഇതിനിടയിൽ വന്ന് പോകുന്ന, പ്രണയങ്ങളെ, രണ്ടു ജോഡി കണ്ണുകൾക്കിടയിൽ മാത്രം സംഭവിക്കുന്ന മറ്റ് പലതിനെയും cliche എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ.
ഓർമ്മകളെ പരിപോഷിപ്പിക്കേണ്ടിയിരിക്കുന്നു. ഓർമ്മകളെ, ഓർമ്മകൾ മാത്രമായി വിട്ട് കൊടുക്കുന്നതിൽ ഒരു നീതി കേടുണ്ട്. ഓർമ്മകളെ preserve ചെയ്യണമെന്ന് പ്രിയപ്പെട്ടൊരാൾ പറഞ്ഞത് പോലെ, പല നിറമുള്ള ചില്ല് ഭരണികളിൽ അവയെ നിറച്ചു വെയ്ക്കേണ്ടതുണ്ട്.
പല കാലങ്ങളിൽ, പല ഋതുക്കളിൽ, പുറത്തെ മഞ്ഞിൽ, മഴയിൽ, ചുട്ടു പൊള്ളുന്ന വേനലിൽ , തുറന്ന് നോക്കേണ്ട ചില്ലു ഭരണിയെതെന്ന് നിങ്ങൾക്ക് കൃത്യമായ ധാരണയുണ്ടാവും.
ഇങ്ങനെയൊക്കെ ചെയ്ത് നോക്കുക എന്നതിൽ കവിഞ്ഞു ഈ കാലയളവിൽ വേറെയൊന്നും ചെയ്യുവാൻ എനിക്കുമില്ല എന്നതാണ് സത്യം.
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കാണാതെയാവുന്ന സംഗതികൾ
പൊട്ട് പോലെയുള്ളൊരു കമ്മൽ
നീലനിറത്തിലെ കുഞ്ഞൊരു ടോയ് കാർ
ആദ്യമായ് കഥയെഴുതിയ ബുക്ക്
ഒരിക്കലും വാടില്ലെന്നൊരാൾ തന്ന
മഞ്ഞപൂക്കെട്ട്
കൃത്യമായ ഇടവേളകളിൽ സംഗതികൾ
കാണാതെയാകണമെന്ന്
ആർക്കോ നിർബന്ധമുള്ളപോൽ
ലോകം നെറുകെയോടുമ്പോൾ
ഞാൻ കുറുകെയോടുന്നു
കൈപ്പിടിയിൽ കിട്ടിയ സംഗതികൾ
വാരി കൂട്ടുന്നു
മറന്ന് പോയവ
മറന്ന് പൊക്കോട്ടെ എന്നോർക്കുന്നു
എന്നിട്ടും
കരഞ്ഞപ്പോളൊരു
മഞ്ഞപ്പൂക്കെട്ടെന്റെ
കണ്ണിനിടയിൽ തടയുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
രണ്ട് വഴികൾ വേർതിരിഞ്ഞു
ആദ്യത്തെ വഴിയിലൂടെ
വീട്ടിലേക്ക്
നടക്കുന്നു
എന്റെ വീടോ!
നീട്ടി വിളിക്കുമ്പോൾ
ചിലപ്പോൾ മാത്രം
വിളി കേൾക്കുന്ന
എന്റെ വീട്
സമുദ്രങ്ങൾ കടന്ന്
സ്വന്തം വീട്ടിലെത്തുമ്പോൾ
ചുവരുകൾ
പണ്ടത്തെ പോലെയെന്നെ
കെട്ടി പിടിക്കുന്നില്ല
കണ്ണ് നിറയ്‌ക്കുമ്പോൾ
നരപാകിയ മറവിയുടെ
പീള കെട്ടുകളിൽ നിന്ന്
പുരാതനമായ വാത്സല്യം
അരിച്ചിറങ്ങുന്നു
എനിക്ക് സമാധാനമില്ല
ഇവിടെയാകുമ്പോൾ
ഞാൻ അവിടെയാണ്
അവിടെയെത്തുമ്പോൾ
ഞാൻ 'അവിടെ ' എത്തുന്നുമില്ല
സമുദ്രത്തിന്റെ മുകളിലൂടെ
അരൂപിയെന്ന പോൽ
കാറ്റെന്നെ എവിടേക്കോ
പറത്തി കൊണ്ട് പോകുന്നു
എന്റെ വീട് , എന്റെ വീട്
ഞാൻ ഏങ്ങി കരയുന്നു
എന്റെ വീട്
അതിപ്പോൾ
എനിക്കുള്ളിൽ മാത്രമാകുന്നു
വഴികളിപ്പോൾ
പലതായി പിരിഞ്ഞു
കൊണ്ടിരിക്കുന്നു
എവിടേയ്ക്കുമെത്താതെ
വഴിയരികിൽ
ഞാനിപ്പോൾ
ഒറ്റയ്ക്ക് നിൽക്കുന്നു
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ചുവന്ന ചുവരിനെ താങ്ങുന്ന
പച്ചതൂണുകളെന്ന പോലെ
നീയെന്നെ പിന്തുടരുന്നു
നിന്റെ നോട്ടത്തിൽ തട്ടി
ഞാൻ മലർന്നടിച്ചു
വീഴുന്നു
താഴെ ചിന്നി ചിതറിയ എൻറെ ഹൃദയം
എന്റെ സന്തോഷം
നിന്റെ നോട്ടത്തിൽ തട്ടി തെറിക്കപ്പെട്ട
എന്റെ നൂറ്റാണ്ടുകളുടെ
ആനന്ദം
പരന്നു പരന്നു
നിരന്നു നിരന്നു
ചുരുങ്ങി ചുരുങ്ങി
കുരുങ്ങി കുരുങ്ങി
കിടക്കുന്ന ശൂന്യത
അഴിഞ്ഞു അഴിഞ്ഞു
കൊഴിഞ്ഞു കൊഴിഞ്ഞു
വഴുക്കി വഴുക്കി
പോകുന്ന മഞ്ഞയേ
എന്റെയേക സന്തോഷമേ
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കഥകൾ എഴുതി കൊണ്ടേയിരിക്കുന്ന പെൺകുട്ടിയോടെനിക്കിപ്പോൾ
ഒരു ചെമ്മരിയാട്ടിൻകുട്ടിയോടെന്ന പോൽ
സ്നേഹം തോന്നുന്നു
അവൾ പേന ചലിപ്പിക്കുമ്പോൾ
കഴുത്തിലെ നീല ഞരമ്പുകളിൽ നിന്ന്
ശതാവരി പൂക്കൾ പടർന്നിറങ്ങുന്നത്
നിങ്ങൾ കാണുന്നുണ്ടോ?
ഒരു മന്ത്രവാദിനിയുടെ ചിരിയോടെ
നീണ്ട വിരലുകളനക്കുമ്പോൾ
കുതിരക്കാരുടെ തൊപ്പികൾ
ആകാശത്തേയ്ക്കുയർന്നു പോകുന്നു
ഞൊടിയിടയിലവൾ കാലിയാക്കുന്ന
വീഞ്ഞ് കോപ്പകളിൽ നിന്ന്
ലോകമഹായുദ്ധങ്ങൾ
പുറപ്പെടുന്നത് എനിക്കൊരു പുതുമയേയല്ല
വശം ചരിഞ്ഞ് കിടക്കുമ്പോൾ
എത്ര ഗോളങ്ങളെയവൾ വലം വെയ്ക്കുമെന്ന്
രാത്രിഞ്ചരന്മാർ പോലും
ഉറ്റു നോക്കുന്നു
തമോഗർത്തങ്ങളിൽ വിരൽ തൊട്ട്
അവൾ പായിക്കുന്ന വെടിയുണ്ടകൾ
ഏത് ഏകാകിയുടെ നെഞ്ചിലാവാം
ചെന്ന് തറയ്ക്കുന്നത്!
പറയാൻ മറന്ന് പോകുന്ന കള്ളങ്ങൾ
ഒരാളെയും നോവിക്കാത്ത പോൽ
എല്ലാ വേദനകൾക്കും
അവസാനമുണ്ടാകുമെന്നവൾ
എല്ലാ കഥകളിലും
എഴുതി വയ്ക്കുന്നു
കല്ലിച്ച ഏകാന്തതയിൽ ചവിട്ടി
ഇപ്പോളവൾ നടന്ന് കയറുന്നത്
ഏത് പുരാതന ദുഃഖത്തിലേക്കാണെന്നാണ്
നിങ്ങൾ കരുതുന്നത്!
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കേക്കപ്പച്ചൻ പോയി
കേക്കപ്പച്ചൻ പോയി.
ഇവിടുന്ന് പോയി.
ഈ ലോകത്തിൽ നിന്ന് പോയി.
നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ
തിരികെ നടക്കണമോ എടുത്തു ചാടണമോ അതോ അവിടെ തന്നെ നിൽക്കണമോ എന്ന് ഞാൻ ചിന്തിക്കുന്നു.
ശരീരത്തിലെ അവസാന ചൂടും ആറിയപ്പോൾ, ആ അവസാനനിമിഷങ്ങളിൽ അദ്ദേഹം ആരെ ഓർത്തിട്ടുണ്ടാകാം! എന്നത്തേയും പോലെ പപ്പയെ വിളിച്ചിട്ടുണ്ടാകുമോ?
എല്ലാ വേദനകളെയും ആകുലതകളെയും ഇവിടെ, നാം ലോകമെന്നു വിളിക്കുന്ന ഇവിടെ നിർത്തി, ഒരാൾ പറന്ന് പോകുമ്പോൾ അവർക്ക് സമാധാനം ലഭിക്കട്ടെ എന്ന് നമ്മൾ ആശംസിക്കുന്നു. നമ്മൾ ആശംസിച്ചാലും ഇല്ലെങ്കിലും ഒരിക്കലും അവസാനിക്കാത്ത സമാധാനത്തിലേക്ക് തന്നെ അവർ പറന്ന് പോയിരിക്കണം.
ജീവിതം പൊള്ളിക്കുന്നു . മരണം അത് വരെ ജീവിച്ച ജീവിതത്തെ തണുപ്പിക്കുന്നു. എനിക്ക് കേക്കപ്പച്ചനെ ഓർത്തു സമാധാനം തോന്നുന്നു . എല്ലാ അലച്ചിലുകൾക്കും ഒടുവിൽ സമാധാനം ഉണ്ടാവുമെന്ന് എനിക്കിപ്പോൾ ഉറപ്പാണ് .
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
Why did you do that?
തിരിച്ചും മറിച്ചും
ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു
നിങ്ങളുടെ പ്രേമത്തോളം
ഭംഗിയുള്ളതൊന്നും
അത് വരെ ഞാൻ കണ്ടിരുന്നില്ല
ചിന്നി ചിതറിയൊരുച്ച നേരം
ഭ്രാന്ത് പിടിച്ചു പൂത്തു നിൽക്കുന്നൊരു
ബോഗെയിൻവില്ലയെ പോൽ
പ്രേമത്താൽ നിങ്ങൾ
തുള്ളി തുളുമ്പിയിരുന്നു
വിരസമായ പകലുകളാലും
പേടിപ്പെടുത്തുന്ന രാത്രികളാലും
ജീവിതമെന്നെ വരഞ്ഞപ്പോഴും
ആളൊഴിഞ്ഞ അയല്പക്കത്തെത്തിയ
പുതിയ താമസക്കാരെയെന്ന പോൽ
നിങ്ങളെ ഞാൻ സാകൂതം
നോക്കി നിന്നു
നിന്റെ നെറ്റിത്തടത്തിലെ ചുരുൾ മുടിയിൽ
അവൻ വിരലോടിക്കുന്നത്
അവന്റെ വലത് കാൽ മറുകിൽ
നീയുമ്മ വെയ്ക്കുന്നത്
പ്രേമിക്കുന്നവർക്ക് ചുറ്റും
ലോകം നിലച്ചു പോകുന്നത്
ഞാൻ ആദ്യമായ് കണ്ടു
ചുവന്ന കടൽതീരസന്ധ്യകളിൽ
നിന്റെ ക്യാമറ കണ്ണുകൾ തുറന്നടയുമ്പോൾ
ഇവളോളമാരെന്നു ഞാൻ
അത്ഭുതം തൂകി
അവളെഴുതി വിടുന്ന നാല് വരി
കവിതകളിൽ
പ്രപഞ്ചമുണ്ടാക്കിയ
ഒരേയൊരു കാമുകനെ ഞാൻ കണ്ടു
എന്നെങ്കിലും പ്രേമിക്കുമെന്നോ
ഒരാൾക്കെങ്കിലും പ്രേമം തോന്നുമെന്നോ
ഒരിക്കലും ഞാൻ ഓർത്തിരുന്നില്ല
നിങ്ങളെനിക്ക് സത്യമായും
പ്രേമത്തിൽ
വിശ്വാസവും പ്രത്യാശയും നൽകി
Mon amour…mon amour
എത്ര നോക്കിയിട്ടും
തെന്നി മാറിയിരുന്ന ഉച്ചാരണത്തിൽ നിന്നും
എന്റെ സ്നേഹമേ എന്റെ സ്നേഹമേയെന്ന്
നീട്ടി വിളിക്കാൻ ഞാൻ പഠിച്ചു
എന്നിട്ടും , why did you do that ?
ഇപ്പോളെനിക്ക് തോന്നുന്നത്
സ്നേഹമൊരു പിടിപ്പ് കെട്ട വികാരമാണെന്നാണ്
പിറകെ ചെന്നാലത് നിങ്ങളെ
പാട്ടിലാക്കി കളയും
പുച്ഛിച്ചു പുറം തിരിഞ്ഞാൽ
പൊല്ലാപ്പിലിട്ടു കുരുക്കും
ഏത് വിധത്തിലും
"handle with care"എന്നൊരു കുറിപ്പ്
നിങ്ങൾക്കതിൽ
കാണാതിരിക്കാനാവില്ല
സ്നേഹമെനിക്കിപ്പോൾ
പൊട്ടി പൊളിഞ്ഞൊരു വാക്ക് മാത്രമാണ്
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
കുളിമുറിയുടെ ഭിത്തി ഞാൻ
ഉരച്ചു കഴുകുന്നു
ഓർത്തു കൊണ്ടിരിക്കുന്നത്
അയാളെ തന്നെയാണ്
ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ
ഉറങ്ങി കിടങ്ങുന്ന വൃദ്ധൻ
അയാൾ അഭിനയിക്കുകയല്ല
എന്നെനിക്ക് ഉറപ്പാണ്
യാത്ര പറഞ്ഞു പോകുന്ന മകളോട്
what about me എന്നയാൾ
കണ്ണ് നിറയ്ക്കുമ്പോൾ
എന്റെ ഹൃദയം അടർന്നു
താഴെ വീഴുന്നു
കുളിമുറിയുടെ തറയിൽ
ഞാനിപ്പോൾ
വീണു കിടക്കുന്നു
ഷവറിൽ നിന്ന് വീഴുന്ന
ഇളം ചൂട് വെള്ളത്തിൽ
എന്റെ ഹൃദയം
അലിഞ്ഞില്ലാതെയാകുന്നു
ചുവന്ന നിറം തറയാകെ
പരക്കുന്നു
Who exactly am I?
അയാൾ ഏങ്ങലടിക്കുന്നു
എങ്ങോട്ടെന്നറിയാതെ
ഞാനിപ്പോൾ
ഒഴുകികൊണ്ടിരിക്കുന്നു
നേരം വെളുക്കുന്നു
വീണ്ടും ഇരുട്ടുന്നു
What am I doing here
എന്ന ചോദ്യത്തിൽ
എന്നത്തെയും പോലെ
ഞാൻ വഴുതി വീഴുന്നു
I want my mummy
എന്ന് കരയുന്ന കുഞ്ഞിനെ
എനിക്കറിയാം
അത് വളരുന്നില്ല
വലുതാകുന്നില്ല
വലിയൊരാളെ താങ്ങാൻ ആവാതെ
എങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു
I want my mummy
I wanna get out of here
Have someone come and fetch me
കുളി മുറിയിൽ
ഞാൻ വീണ് കിടക്കുകയാണ്
ഉടനെ എഴുന്നേൽക്കുവാൻ
എനിക്ക് ആകുമെന്ന് തോന്നുന്നില്ല
#TheFather #AnthonyHopkins
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
ഇനിയും പേരിട്ടില്ലാത്തൊരു
നഗരത്തിൽ
എനിക്ക് സ്വന്തമായൊരു മുറിയുണ്ട്
അതിന്റെ നോക്കിനടത്തിപ്പുകാരൻ
ഇത് വരെ കണ്ടിട്ടില്ലാത്ത
എന്റെ തന്നെ കാമുകനും
നേരം വെളുക്കുമ്പോൾ
അയാളതിനെ വിളിച്ചുണർത്തുന്നു
ജനൽ വിരിപ്പിനിടയിലൂടെ
വെയിലിനെ
വിളിച്ചകത്തിരുത്തുന്നു
തടിയലമാരയിലെ
പഴയ റേഡിയോ
റാഫിയുടെ പാട്ടുകൾ
മൂളി തുടങ്ങുന്നുണ്ട്
അയാളിപ്പോൾ
വെള്ളയിൽ നീലപ്പൂക്കളുള്ള
എന്റെ ഇഷ്ടവിരിയാൽ
കിടക്ക ഒരുക്കുന്നുണ്ടാവും
എന്നുമൊരു പ്രാർത്ഥന പോലെ
അയാൾ ആ മുറിയെ പരിചരിക്കുന്നു
അതിലെയൊരു മാറാല പോലും
അയാളിൽ
വലിയ പിടച്ചിലുണ്ടാക്കുന്ന്നു
എന്നോടയാൾക്കു
അഗാധമായതെന്തോ ആണ്
പ്രേമമാണെന്നയാൾ
ഇത് വരെ സമ്മതിച്ചിട്ടില്ല
ഞാൻ തിരികെ ചെല്ലുമെന്നും
ആ മുറിയിലെന്റെ
മണം നിറയുമെന്നുമൊരോർമ്മ
പായല് പോലെ അയാളിൽ
പറ്റി പിടിച്ചു വളരുന്നു/പടരുന്നു
എനിക്കയാളോട് കഷ്ടം തോന്നുന്നു
ശരിക്കും എനിക്കയാളോട്
കഷ്ടം തോന്നുന്നു
പ്രേമത്താൽ ഒരാളെയെങ്കിലും
കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത
തീരുമാനത്തിൽ
എനിക്കയാളോട്
പിന്നെയും കഷ്ടം തോന്നുന്നു
അത് കൊണ്ട് മാത്രം
ഉടനെ കണ്ടുമുട്ടിയേക്കാമെന്ന
മട്ടിൽ
വെട്ടം കുറഞ്ഞൊരു പകലിനെ
അങ്ങോട്ട് ഞാൻ
കയറ്റിയയച്ചിട്ടുണ്ട്
തൊട്ടടുത്ത
ഏതെങ്കിലുമൊരു രാത്രിയിൽ
അയാളത് കൈപ്പറ്റും
അടുത്ത പകലിൽ
അയാൾക്കെന്നോട് പ്രേമമാണെന്നു
സമ്മതിക്കാതെ തരമില്ല
അന്ന് തന്നെ അയാളെ തേടി ആ
മുറിയുടെ പുതിയ ഉടമസ്ഥൻ
എത്തി ചേരും
ഇതിലും ലാഭത്തിൽ
ഇനിയൊരു
കച്ചവടം നടക്കാനില്ല
ഇതിലും ആനന്ദത്തിൽ
ഇനിയൊരു പ്രേമവും
തീരാനുമില്ല
സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം
-
സ്നേഹം വരുന്നു പോവുന്നു സ്‌നേഹിക്കുമ്പോൾ പറഞ്ഞിരുന്ന വാക്കുകൾ കാണാതെയാവുന്നു ഒരു തുരങ്കം അതിൽ കയറിയിറങ്ങുമ്പോൾ നാമൊരു ടൈം ട്രാവലി...
-
എല്ലാവരുടെയും ഉള്ളിൽ ഉണ്ടെന്നു കരുതപ്പെടുന്ന നന്മയുടെ ആ വശം പുറത്തു കാണിക്കുവാൻ മനുഷ്യരെല്ലാം ഭയക്കുന്ന കാലത്താണോ നാം? എല്ലാവരും അല്ലെങ്ക...
-
ആഴമുള്ള കയങ്ങളിലൊന്നിൽ ദുഃഖഭാരത്താൽ കെട്ടി താഴ്ത്തപ്പെട്ട നിലയിൽ നിങ്ങളുടെ ഹൃദയം പൂണ്ട് കിടക്കുന്നു പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നു പു...
-
ആരുടെയോ കൈപ്പത്തിയ്ക്കുള്ളിലിരുന്ന് ഞെരിഞ്ഞമരുന്ന നിങ്ങളുടെ ഹൃദയം വേദനയിൽ ഒരു ദിവസം തീർന്നു പോകുന്നു വേദനയിൽ നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന...
-
മുറിയുടെ ഒഴിഞ്ഞ കോണുകൾ, ആലീസിന്റെ അത്ഭുത ലോകത്തേക്കുള്ള വാതിലുകൾ പോലെ. അവിടങ്ങളിലെന്നെ ഞാൻ ഇടയ്ക്കിടെ ഉപേക്ഷിച്ചു പോകുന്നു. തിരികെ വന്ന് ന...
-
ഓളമൊഴിഞ്ഞൊരു പുഴയില് മുങ്ങി നിവര്ന്ന പോലെ എന്റെ സ്വപ്നങ്ങള്ക്കിന്നു വല്ലാത്ത തിളക്കം തേങ്ങലുകളടങ്ങ...
-
ജീവിതം സന്തോഷം വച്ചു നീട്ടുമ്പോൾ പേടിയുള്ള ഒരാൾ തന്ന സമ്മാനത്തിനായി കൈനീട്ടുന്ന കുട്ടി എന്ന പോലെ എന്റെ മുഖം പരിഭ്രമിച്ചു ...
-
തകർക്കപ്പെട്ട കൂടിന്റെ ഓർമയിൽ പറന്നു കൊണ്ടേയിരിക്കുന്ന പക്ഷിക്ക് ഒരു ചില്ലയും അഭയമാകുന്നില്ല വെട്ടി മാറ്റപ്പെട്ട ...
-
ഇവിടെനിക്ക് സ്വന്തമായൊരു മീൻകുഞ്ഞും നാല് ചെടികളുമുണ്ട് നീല നിറമുള്ള മീനിനെ എന്ത് വിളിക്കുമെന്ന് ഉറപ്പില്ലാതിരുന്നതിനാൽ ഓരോ ദിവസവും ഞാൻ...
-
ശരീരം കൊണ്ട് ജീവിതത്തെ വരച്ചിടുന്നവർ അവരുടെ കണ്ണുകളിൽ നിന്ന് ഏതോ കാലത്തേക്കുള്ള പ്രളയം പൊട്ടി പുറപ്പെടാനിരിക്കുന്നു അഴുകിയടർന്...