കാണാതെയാകുന്നവർ
കാണാതെ പോകുന്നത്
എവിടേയ്ക്കാണ്
നീണ്ട നീണ്ട തിരച്ചിലുകളെ
നിഷ്പ്രഭമാക്കിയവർ
ഒളിച്ചിരിക്കുന്നത്
എവിടെയാണ്
കാണ്മാനില്ലെന്ന്
പല ഭിത്തികളിൽ
പതിയപ്പെടുമ്പോൾ
വേഗം തിരികെ വരൂ എന്ന്
സ്നേഹമുള്ളൊരാൾ
കൺനിറയ്ക്കുമ്പോൾ
കാണാതെ പോകുന്നവർ
യഥാർത്ഥത്തിൽ
കാണാതെയാവുകയാണോ
അതോ
നമുക്കറിയാത്തൊരു
സമാന്തര ലോകത്തിലവർ
ആരാലും കണ്ടു പിടിക്കപ്പെടാത്തൊരു
ജീവിതം ജീവിച്ചു തുടങ്ങുകയാണോ
You have the blood of a poet. You have that and always will. You show, in the middle of savage things the gentleness of your heart, that is so full of pain and light. - Federico García Lorca, Letter to Miguel Hernández wr. c. April 1933

സ്നേഹം സ്നേഹമെന്ന് ചിതറിപ്പോയ നാളുകൾ !!

ലൈബ്രറിയുടെ ഇടനാഴിയിലെ
ഇരുണ്ട വെളിച്ചത്തിൽ
ഇടയ്ക്കിടെ കാണപെടുന്ന
മെല്ലിച്ച ചെറുപ്പക്കാരൻ
അയാളെ കാണുമ്പോഴെല്ലാം
നെഞ്ചിടിപ്പിന്റെ ഇളംതണ്ട്
വല്ലാതങ്ങുലയുന്നു
അലസമായ ചെമ്പൻ തലമുടി
കറുപ്പോ തവിട്ടൊ കലർന്ന
അയഞ്ഞ ലിനൻ കുപ്പായം
നീലകണ്ണുകളിൽ
എണ്ണിയെടുക്കാൻ പാകത്തിൽ
ഉറക്കച്ചടവിന്റെ രാത്രികൾ
വിരലുകൾക്കിടയിലൂടെ
വഴുതി മാറുന്ന
പുസ്തക താളുകൾ
അവന്റെ ഒറ്റനോട്ടത്താൽ
പ്രേമമെന്റെ
പിൻ കഴുത്തിൽവന്ന്
മൃദുവായി ഉമ്മ വെച്ചു
നമുക്കുള്ളതെന്ന് തോന്നുന്ന
മനുഷ്യരിൽ നിന്ന്
നിശ്ചിതതോതിൽ നിർഗളിക്കുന്ന
അതിശയിപ്പിക്കുന്ന വെളിച്ചം
ഞാൻ അവനിൽ കണ്ടു
അവനെനിക്ക്
നിർമ്മലമായൊരു പുഞ്ചിരി
തിരികെ നൽകി
നമുക്കൊരുമിച്ചൊന്നു നടന്നലോ?
അവൻ ചോദിച്ചു
എവിടേയ്ക്ക്?
ഞാൻ ആശ്ചര്യപ്പെട്ടു
ഒരു പാട്ട്
മൂളി തീരുന്ന വരെയ്ക്കും
കണ്ണിൽ നോക്കാതെ
ഞാൻ പുഞ്ചിരിച്ചു
കാറ്റുള്ളിലേക്ക് വീശി
ഉൾക്കാടിനകങ്ങൾ പൂത്തു
പാട്ടുകളിൽ നിന്ന്
പാട്ടുകളിലേക്ക്
ഞങ്ങളിരുവരും
പിന്നെ ഒരുമിച്ച് നടന്നു

തേൻവരിക്കത്തുണ്ട് പോലെ
തേനൊഴുകും പാട്ട് പോലെ♥️
നമുക്കുള്ളിലായാരോ
നട്ട് പോം കാടുകൾ
തെളിനീരൊഴുക്കുകൾ
ഞെട്ടും നിശബ്ദത
നമുക്കുള്ളിലുറവിടും
തണ്ണീർ തണുപ്പുകൾ
തണലിൻ പച്ചപ്പുകൾ
പുണർന്നിടും വേരുകൾ
നമുക്കുള്ളിനുള്ളിൽ
ഇല വീഴും നടപ്പാത
പറന്ന് പോകും കിളി
ബാക്കിയാകും നിഴൽ
(പതിവ് നേരമാണോർമ്മ തൻ
കുത്തൊഴുക്കിൽ പെടും താളമാണ്)
നമുക്കുള്ളിലായാരോ
നടക്കാനിറങ്ങും പോൽ
കാൽപെരുമാറ്റങ്ങൾ
കിതപ്പിന്റെ ശബ്ദങ്ങൾ
നമുക്കുള്ളിനുള്ളിലായ്
ആരും പാർക്കാ മുറി
മറന്ന് വെച്ചതാം മണം
ഭിത്തിയിൽ പറ്റി പിടിച്ച പോൽ
ബാക്കിയാം പരിചയം
(അല്ലെങ്കിലും;)
നമുക്കിനി എന്തിനായ്
നനഞ്ഞ പൂപാത്രങ്ങൾ
വിരിഞ്ഞിടും പൂവുകൾ
ഞൊറി തുന്നും വിരിപ്പുകൾ
നമുക്കെന്തിനന്ന്യോന്യം
ഓർക്കാൻ കുറിപ്പുകൾ
വിഷാദ പരിഭവം
പാട്ടിൻ പ്രിയ വരി
നമുക്കിനിയെന്തിന്
ഒതുക്കത്തിലെ വഴി
എറിഞ്ഞിടും നോട്ടങ്ങൾ
പൊള്ളും കവിതകൾ
(തീരുവാനിത്തിരി
യുള്ളപ്പോളോർമ്മയിൽ
തെളിയുന്നതിൽ പരം
വേറെന്തു പ്രണയം)

സ്വപ്നങ്ങളുടെ കടന്നാക്രമണമാണ്
ഉറക്കത്തിലും ഉണർവ്വിലും
തെറ്റി വീഴാവുന്ന കടവിലെ വഴിയും
പൂവരശ്പൂ വീണ വീട് മുറ്റവും
അടിപിടിയിട്ട്
രണ്ട് വശവും വന്ന് കിടക്കും
ഓർത്തു നോക്കുമ്പോഴൊക്കെ
ഞാൻ വീട്ടിലുണ്ട്
കിഴക്കേ മുറിയുടെ
കമ്പിജനാലയിൽ കൈ വെച്ച്
അടുപ്പത്ത്
അരി തിളയ്ക്കുന്നുണ്ട്
ആ തീയണഞ്ഞോന്ന്
നോക്കേടിയെന്ന
മമ്മിയുടെ വിളിയിൽ
ഉറപ്പായും ഞാൻ
ഉണർന്നെഴുന്നേൽക്കും
പുറത്ത് മഞ്ഞുവീഴ്ച നിന്നിട്ടില്ല
എന്നിട്ടും ഞാനെന്താണിങ്ങനെ
വിയർക്കുന്നത്

എത്രപേരുടെ
ഓർമ്മയാണ് നാം
എത്രപേരിലെ വിഷാദം
വെളിച്ചം കുറഞ്ഞ ദിവസങ്ങളെ കുറിച്ച് ...
ജീവസുറ്റൊരു ബിന്ദുവിൽ നിന്നും വീണ്ടുമൊരു പകൽ ചലിച്ചു തുടങ്ങുന്നു. ഉറഞ്ഞു കല്ലായി പോകേണ്ടിയിരുന്നൊരു ഉച്ചവെയിലിലേക്കു നോക്കി ഞാനിരിക്കുന്നു. നിരർത്ഥകവും കുഴപ്പം പിടിച്ചതുമായ ഓർമ്മകൾ ജനലഴികളിൽ വന്നു തട്ടി തിരികെ പോകുന്നു. മടുപ്പിക്കുന്നൊരു ഓഫീസ് ദിവസം, മെയിലുകളിൽ നിന്ന് മെയിലുകളിലേക്ക്. കമ്പ്യൂട്ടർ സ്ക്രീനിൽ തെളിയുന്ന മനുഷ്യരുടേതെന്നു കരുതുന്ന ജല്പനങ്ങളിൽ മനം മടുക്കുന്നു.
നിസഹായത കുഴപ്പം പിടിച്ചൊരു വാക്കാണ്.
ചേറു പൊതിഞ്ഞൊരു മീനിനെ പോലെയത് വഴുതി മാറുന്നു. ഒറ്റ പിടച്ചിലിൽ ചിന്തകളുടെ പിടുത്തം വിടുവിക്കുന്നു. അമർത്തി ഞൊടിച്ച വിരലുകളിൽ നിന്നൊരാന്തൽ സ്വതന്ത്രമാകും പോലെ അകമേ നിറഞ്ഞതിനെയെല്ലാം തുറന്നു വിടുന്നു.
അല്ലെങ്കിൽ തന്നെ എന്ത് കഷ്ടമാണിത്. ശിശിരത്തിന്റെ അന്ത്യത്തിലെ വിരളമായൊരു തെളിഞ്ഞ ദിവസം, യാന്ത്രികതയിൽ തട്ടിതടഞ്ഞൊരു മുറിയിൽ അടിഞ്ഞു കൂടുമ്പോൾ നാല് പാടും കൊട്ടിയടയ്ക്കപ്പെട്ട തടിച്ച പെട്ടിക്കുള്ളിൽ വീണ് കിടക്കുന്നൊരാളുടെ ഏകാന്തത എനിക്കോർമ്മ വന്നു.
പുറത്തു കാറ്റിന്റെ നേർത്ത ആരവമുണ്ടാവണം. കണ്ണാടി ജനലിലൂടെ ആടിയുലയുന്ന മരങ്ങൾ ഞാൻ നോക്കി നിന്നു. വെളിച്ചമുള്ളോരു ദിവസത്തെ വെറുതെ വിട്ടതിൽ എനിക്കെന്നോട് അമർഷം തോന്നി.
താഴെയുള്ള ഇടുങ്ങിയ തെരുവിൽ വലിപ്പമേറിയ രോമക്കുപ്പായങ്ങളിൽ കയറി മനുഷ്യർ ധൃതിയിൽ നടന്നു നീങ്ങുന്നു. വഴിയുടെ ഓരങ്ങളിൽ, മഞ്ഞ് കാലത്തെ വരവേറ്റുകൊണ്ടു വെളിച്ച തോരണങ്ങൾ അണിഞ്ഞ കഫേകൾ സായാഹ്നകച്ചവടത്തിനായ് ഒരുങ്ങി കൊണ്ടിരിക്കുന്നു.
നീണ്ടു നിവർന്നു കിടക്കുന്ന ഈ നഗരത്തിന്റെ തെരുവുകൾ എന്നോ തിരക്കിൽ കണ്ടു മറഞ്ഞ ലിനൻ കുപ്പായക്കാരന്റെ നീല കണ്ണുകൾ പോലെ എന്നെ മോഹിപ്പിക്കുന്നു. ഒരു പക്ഷെ ഈ തെരുവുകളാവാം ഇവിടുത്തെ മനുഷ്യരുടെ ജീവനും മറ്റു ചിലപ്പോൾ ജീവിതവും, ഞാൻ പിറുപിറുത്തു.
കാല്പനികതയുടെ മരച്ചില്ല വീണു കിടക്കുന്ന ജനൽ സ്വന്തമായുള്ളൊരാൾക്ക് ഇവിടുത്തെ മഞ്ഞ് കാലങ്ങൾ വിഷാദം നിറഞ്ഞതാവാം. ഉടലിന്റെ ഇരട്ടി വലിപ്പത്തിലുള്ള കുപ്പായങ്ങളിൽ സ്വയം ഒളിക്കേണ്ടി വരുന്ന ആ ദിവസങ്ങളിൽ മഞ്ഞ് പാളികൾക്കിടയിലൂടെ ആകാശം നോക്കി കാണുന്നൊരു മീനായി ഞാൻ എന്നെ സ്വയം സങ്കല്പിക്കാറുണ്ട്. ആത്മാവിലേക്ക് ആഞ്ഞുപതിക്കുന്ന ഹിമപാതത്തിൽ, മുന്നിലെ പാതയിടിഞ്ഞു പോയ കുതിരക്കാരന്റെ അങ്കലാപ്പപ്പോൾ എന്നെ ചുറ്റി വരിയുന്നു. എന്നിട്ടും മുറിക്കുള്ളിൽ കുമിഞ്ഞു കത്തുന്ന നെരിപ്പോട് മാത്രം മുഴുവൻ നേരങ്ങളിലും സ്വർണ്ണ വർണ്ണ ശലഭങ്ങളെ എനിക്കായി പറത്തി വിട്ടു കൊണ്ടിരുന്നു.
തണുപ്പൊരു ഏകകോശ ജീവിയാണ്. സിരകളുടെ വളവുകളെയും തിരിവുകളെയുമത് നിമിഷ നേരത്തിൽ കീഴടക്കിയേക്കാം. രോമത്തൊപ്പിയിൽ കൂനി കൂടിയിരിക്കുന്ന നഗരത്തിന്റെ നെറുകും തലയിലേക്കത് ചില നേരങ്ങളിൽ ചെറുചിരിയുടെ മിന്നാമിനുങ്ങുകളെ, ചിലപ്പോൾ വേച്ചു പോയേക്കാവുന്ന ആത്മ സംഘർഷങ്ങളെ, വേറെ ചിലപ്പോൾ ഭ്രാന്ത് കലർന്ന ഉന്മാദങ്ങളെ, ഒളിപ്പിച്ചു കടത്തി കൊണ്ടിരിക്കുന്നു.
നമുക്കുള്ളതെന്നുറപ്പുള്ളവരെ മാത്രം ഓർത്തു വെയ്ക്കേണ്ടൊരു കാലമാണിത്. വിഷാദത്തിന്റെ കറുത്ത വിത്ത് ഏതു നിമിഷവും പൊട്ടി അടർന്നേക്കാം. നിർത്താതെ കഥകളെ, കവിതകളെ വായിച്ചിരിക്കുന്നു.
പറഞ്ഞറിയിക്കാനാവാത്ത സ്നേഹത്താൽ പതഞ്ഞു പോങ്ങേണമേയെന്റെ പകലുകൾ എന്ന പ്രാർത്ഥന പല തവണ ഉരുവിടുന്നു.
"എനിക്കും നിനക്കും മീതെ
ഒരേയാകാശം, മഴവില്ലു, താരങ്ങൾ
നമുക്കൊരേ പുലർവെയിൽ,നോക്കി ചിരിക്കാൻ
പ്രാണനിൽ തൊട്ടു പോകും പാട്ടുകൾ "

നഗരമൊരു മുഷിഞ്ഞ വാക്കാണ്
അതിൽ അലിഞ്ഞു ചേർന്നിരിക്കുന്ന കൗതുകങ്ങൾ
ആരും കണ്ടില്ലെന്ന് നടിക്കുന്ന
നിറം മങ്ങിയ ദൈന്യതകൾ
ഉടനെ അണഞ്ഞേക്കാമെന്ന്
തോന്നിപ്പിക്കുന്നൊരു
വെളിച്ചത്തിന്റെ തുരങ്കത്തിലൂടെ
പതിഞ്ഞ താളത്തിലോടുന്ന ചുവന്ന ട്രാം
അലസതയുടെ
കമ്പിളി വസ്ത്രങ്ങളിൽ പൊതിഞ്ഞു
കൂനിപ്പിടിച്ചിരിക്കുന്ന വളരെ കുറച്ചു മനുഷ്യർ
സമയം രാത്രിയോടടുക്കുന്നു
പകലിന്റെ അർമാദനങ്ങളിൽ കുടുങ്ങി
അലഞ്ഞു തളർന്ന കണ്ണുകളിൽ
തണുപ്പിന്റെ ആലസ്യം
ആഴ്ച്ചയവസാനങ്ങളുടെ
ആനന്ദതിമിർപ്പിൽ നിന്ന് വിരമിച്ചു
തെരുവുമപ്പോൾ ഉറക്കച്ചടവിലേക്ക് തൂങ്ങി വീഴുന്നു
ഇറങ്ങുവാനുള്ള സ്ഥലത്തേക്കിനിയും
അഞ്ചു സ്റ്റോപ്പുകൾ.
സീറ്റിലേക്ക് ഞാൻ അമർന്നിരുന്നു
നീട്ടിയമർത്തപ്പെട്ട ബെല്ലിൽ
വിറങ്ങലിച്ചു നിൽക്കുന്ന വണ്ടിയിലേക്ക്
ഒക്ടോബർ തണുപ്പിനെ വകഞ്ഞു മാറ്റി
അയാൾ കയറി വന്നു
ചുവന്നു തുടുത്തിരുന്ന അയാളുടെ കവിളുകൾ
പുറത്തെ വീശിയടിക്കുന്ന കാറ്റിനാൽ
വീണ്ടും തുടുത്തത് പോലെ കാണപ്പെട്ടു
കൗതുകങ്ങൾ കണ്ണിലൊതുക്കി
അയാൾ പരിസരമാകെ നോക്കി
കാലങ്ങളായി തേടിയലയുന്ന
തന്റേത് മാത്രമായൊരാൾ
പെട്ടന്ന് മുന്നിൽ വന്ന് നിന്നാലെന്ന പോൽ
അയാളുടെ കണ്ണുകളിൽ നിന്നും
സന്തോഷവെട്ടം പ്രവഹിച്ചു
ചെവികളിലേക്ക് സംഗീതം ഒഴുക്കി വിട്ട്
ദൂരേയ്ക്ക് നോക്കിയിരിക്കുന്ന
മുൻ സീറ്റിലെ ആറടി പൊക്കക്കാരനിൽ
അത് ചെന്ന് തറച്ചു
പ്രേമപൂരിതമായ ഭാവത്തോടെ
അയാളോട് ചേർന്നിരിക്കുവാനായി തിടുക്കപ്പെടുന്ന
രണ്ട് കണ്ണുകളെന്നിൽ കൗതുകമുണർത്തി
സംഗീതം കേട്ടിരുന്നയാളാകട്ടെ
തലയുയർത്തി നോക്കുകയും
മുട്ടുരുമ്മി ഇരിക്കുന്ന അപരിചതനോടുള്ള
അസ്വസ്ഥ പ്രകടമാക്കും വിധം തിടുക്കത്തിൽ
ജനലരികിലേക്ക് നീങ്ങുകയും ചെയ്തു
വീണ്ടുമൊരു ശ്രമമെന്ന കണക്ക്
ഒരു തവണ കൂടെചേർന്നിരുന്ന് കൊണ്ട്
ഒന്നാമൻ പതിഞ്ഞ ശബ്ദത്തിലെന്തോ
പറയുവാനാഞ്ഞു
വെറുപ്പ് നിറഞ്ഞ മുഖത്തോടെ തന്നെ നോക്കുന്ന
അപരന്റെ കൈത്തണ്ടയിലേക്ക്
മൃദുവായി തൊടുവാനുള്ള അയാളുടെ ഉദ്യമം
കാതടപ്പിക്കുന്നൊരു പുലഭ്യത്തിൽ തട്ടി
എതിർ വശത്തേക്ക് തെറിച്ചു വീണു
അത് വരെ നിറഞ്ഞു നിന്നിരുന്ന നിശബ്തതയിലേക്ക്
കനപ്പെട്ട കുറച്ചു തെറി വാക്കുകൾ
വീണ്ടും എറിഞ്ഞിട്ടു കൊണ്ട് മറ്റെയാൾ
ഇരുട്ടിലേക്കിറങ്ങി പോയി
ഒന്നാമനപ്പോൾ ഒഴിഞ്ഞൊരു കോണിലേയ്ക്ക് മാറി
എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു
കടന്നു പോയൊരു സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചം
വളരെ പഴക്കം ചെന്നൊരു വേദനയെ
അയാളുടെ മുഖത്ത് വരച്ചു വെച്ചു
പിറുപിറുക്കലുകൾ പിന്നെ ഏങ്ങലടികളായി
എനിക്കപ്പോൾ അയാളെ കെട്ടി
പിടിക്കണമെന്നു തോന്നി
സ്നേഹം ചില നേരങ്ങളിൽ
ഒട്ടുമലിവില്ലാത്തൊരു പദമാണെന്നു
പറയുവാൻ തോന്നി
ആർദ്രമായൊരു നോട്ടത്താലെങ്കിലും
ആശ്വസിപ്പിക്കുവാൻ തോന്നി
തോന്നലുകളിൽ തട്ടി ഞാൻ
അമാന്തിച്ചു നിൽക്കുമ്പോൾ
എനിക്കുള്ള സ്റ്റോപ്പെന്ന് ഓർമ്മിപ്പിച്ചൊരു
മണി മുഴങ്ങി
അന്നേവരെ ഉലയ്ക്കാത്തതരം
ക്രുദ്ധമായൊരു ശീത തണുപ്പിലേക്ക്
ഞാൻ ഇറങ്ങി നടന്നു

-
വരികളാല്‍ വരിഞ്ഞു കെട്ടാന്‍ നോക്കിയിട്ടും ശലഭ ചിറകുകളായ് പറന്നു പോകുന്ന എനന്റെ വാക്കുകളെ... ഉമ്മകളുടെ വഴിയില്‍ നീയവനെ കണ്ടാല്‍ ചുണ്ടില്‍...
-
അത്ര സുന്ദരമായൊരു മെമു യാത്രയേക്കാള്‍ മറ്റൊന്ന് കൂടെയുണ്ട് രണ്ടു ദിവസത്തെ ഒറ്റക്കാകലില്‍/അതിന്റെ ആഘോഷത്തില്‍ !! മറൈന്‍ഡ്രൈവില്‍ ഒറ്റക്കിര...
-
ഒറ്റ നിശ്വാസത്താൽ പോലും തട്ടിത്തൂവാമെന്ന മട്ടിൽ നീ മറ്റൊന്നുമില്ലാത്തൊരൊറ്റ മുറിയിൽ തലങ്ങും വിലങ്ങും നിലവിളിക്കുന്നൊരൊച്ച പോൽ...
-
അടച്ചിട്ടൊരു മുറി, നേര്‍ത്ത വെളിച്ചത്തിന്റെ ഒരു തുണ്ട് പ്രിയമുള്ള പുസ്തകം. ഹൃദയത്തിനേടുകള്‍ പകര്‍ത്തിയെടുക്കാന്‍ മാത്രമായി ഒരു കട...
-
കേക്കപ്പച്ചൻ പോയി. ഇവിടുന്ന് പോയി. ഈ ലോകത്തിൽ നിന്ന് പോയി. നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ തിരികെ നടക...
-
തിരക്കുകള്‍ക്കിടയിലും തിരഞ്ഞു പിടിച്ചു ചില വാക്കുകളെ നാട് കടത്തുകയാണ് ' നീ ' , ' ഒറ്റക്കാകല്‍ ' , ' ...
-
എന്റെ സ്കൂട്ടറോടുന്ന വഴികളില്‍ തിരിയുന്ന വളവുകളില്‍ സീബ്രാ വരകളില്‍ എല്ലായിടവുമെനിക്ക് കുറുകെ കടക്കുവാന്‍ നിന്നെ ...
-
ഏകാകി... ഈ ലോകത്തിലേറ്റം കനം കുറഞ്ഞ പേര് ഒരിക്കലെങ്കിലും ആ പേരിലൊന്നു കടം കൊള്ളണം കാലിലെ ഒരു മുറിച്ചങ്ങല അതങ്ങനെ തന്നെ വേണം...
-
കാലുകള്‍ , കാല്പ്പാദങ്ങള് ഈ മണ്ണിനെ തൊട്ടു നടന്നു പോയവര്‍ വീണവര്‍ പിന്നെ വിതറിയോര്‍ ഈ മണ്ണിനെ ആഞ്ഞു പിളര്ന്നവര്...
-
ഇത്ര നിശബ്ദമായ് പ്രണയിക്കുന്നതെങ്ങനെയാണ് ആത്മാവിന്റെ പോലും കലമ്പലുകളില്ലാതെ, ഇത്രമേല്‍ നിശബ്ദമായി ! ഒരു വാക്കിന്റെ മറവില്‍ നീ ഒളിച്ചു...