നെഞ്ചിന്നകത്തിലെ
നോവിൽ കൊരുത്ത് നാം
തമ്മിൽ കരഞ്ഞൊരു
നേരിന്റെ നേരങ്ങൾ
പൊള്ളിയടർന്ന
പൊയ്‌പോയ കാലത്തിൻ
വിളളലിലേക്ക് നാം
പൂവുകൾ പാകവേ

എന്നെ കൊണ്ട്

എന്തെങ്കിലുമൊക്കെ ആവുന്നുണ്ട് എന്നത്

എന്നത്തേയും പോലെ,

ഇന്നുമെന്റെ ദിവസത്തിന്റെ
ആപ്തവാക്യമാണ്

 

നീണ്ട നീണ്ട പാർക്കുകളിലെ
പലനിറമുള്ള റൈഡുകളിൽ
ചാടി മറിയുന്ന കുഞ്ഞുങ്ങളെന്നെ
ആപത്കാരങ്ങളായ
നേരങ്ങളിൽ നിന്ന് രക്ഷിക്കുന്നു

 

നഷ്ടപെട്ട നായ് കുട്ടിയെ തേടിയിറങ്ങിയ
വൃദ്ധയുടെ നരച്ച ഒറ്റപ്പെടൽ
ഏതോ കാലത്തിലേക്കുള്ള
ചൂണ്ടു പലകകൾ പോലെ
എനിക്ക് അനുഭവപ്പെടുന്നു

 

ചത്ത പരൽ മീനിന്റെ
കണ്ണുകൾ എന്ന പോലെ
എന്റെ പകലുകൾ
പൊങ്ങി ഒഴുകുന്നു

 

നീണ്ടു പരന്ന ഗോതമ്പ് പാടങ്ങളുടെ നടുവിലെ
മഞ്ഞ ടെലിഫോൺ ബൂത്തിൽ നിന്ന്
കഴിഞ്ഞ കാലങ്ങളിലേക്ക്,
ഉപേക്ഷിച്ചു പോയ കാമുകന്മാരിലേക്ക്,
മരിച്ചു പോയ പ്രിയപ്പെട്ടവരിലേക്ക്
എന്തിന്,
അന്യഗ്രഹങ്ങളിലേക്ക് വരെ
ആളുകൾ ശബ്ദങ്ങളെ കടത്തുന്നു

നിരാശാഭരിതമായ 

 നാടിൻറെ ഞരമ്പുകളിൽ
പ്രതീക്ഷയുടെ പുഞ്ചിരികൾ 

കടന്നു കൂടുന്നത്
അവിടെ നിന്ന് മാത്രമാണ്

 

വളരെ വിചിത്രമായ 

 പുഞ്ചിരികളിൽ നിന്ന് 

നിനക്ക് വിവർത്തനം 

ചെയ്‌തെടുക്കുവാൻ
ഒത്തിരിയേറെ സാദ്ധ്യതകൾ ഉണ്ട്

അങ്ങനെ ഓരോന്ന് 

ഓർത്തോർത്തിരിക്കുമ്പോളെന്റെ
സെൽ ഫോണിൽ
തീർത്തും അപരിചിതമായൊരു 

നമ്പർ തെളിയുകയും
ആരുമൊരിക്കലും 

കേൾക്കാനിടയില്ലാത്തൊരു
ഗദ്ഗദം 

ഒട്ടും നിനയ്ക്കാതെന്റെ
ചെവിയിൽ 

വന്നു വീഴുകയും ചെയ്യുന്നു.

 

 ചുവന്നു തുടുത്ത

ഗോതമ്പ് പാടങ്ങൾ
മധ്യത്തിലെ
മഞ്ഞനിറമുള്ള
ടെലിഫോൺ ബൂത്ത്
അതിൽ നിന്നുമേതോ
വിദൂര ഗ്രാമത്തിലേക്ക്
കടത്തപ്പെടുന്ന
അമർത്തിയ ശബ്ദങ്ങൾ
പൊട്ടിച്ചിരികൾ
നരച്ച ഗദ്ഗദങ്ങൾ
ബ്രൗണ് നിറമുള്ള
പഴകിയ കോട്ടിനുള്ളിൽ
ഞാനൊളിപ്പിച്ച
വൈൻ കുപ്പികൾ
ഒരു പാട്ട്
ഒരേ ഒരു പാട്ട്
ആവർത്തിച്ചാവർത്തിച്ചു
കേൾക്കുന്നു
ഈ ലോകത്തോട്
ഞാനൊരുപകാരം ചെയ്യുന്നു
നീല പാടങ്ങൾ
കറുത്ത പുഴകൾ
സംഗീതമാവസാനിക്കുമ്പോൾ
തിരശീല ഉയരുന്നു
സ്വപ്നത്തിലെനിക്ക്
വിശ്വാസമില്ലാതെയാവുന്നു

 ഹാ..നീ നട്ടിട്ടു പോയ

എന്നിലെ

നീലയമരിതൻ വിത്തുകൾ

നെഞ്ചിനെ തുളച്ചു

കണ്ണിലാകെ പടർന്നു

കൈകളിൽ വിരിഞ്ഞു

ആകാശത്തിലേക്ക്

ഓർത്തു വെക്കാത്ത

കാലത്തിൻ

പുലമ്പൽ പോലെ

നാം കാണുന്നതൊരേ

മേഘങ്ങൾ/മഴവില്ല്

മുഷിഞ്ഞ കൗതുകങ്ങൾ

കാലഹരണപ്പെട്ട
വേദനയല്ലാതെ മറ്റെന്താണ്
കവിത

 അസ്വസ്ഥതയുട

തുമ്പിചിറകുകൾ

ആത്മാവിലെ

ആളനക്കങ്ങൾ

ഒരിക്കലും ഉണങ്ങാത്ത

മുറിവേയെന്നു

നീട്ടി വിളിക്കുന്നു

കൗതുകം എന്ന് ഞാൻ

പേരിട്ടൊരാൾ
നമുക്കൊരുമിച്ചൊന്ന് നടന്നാലോ?
അവൻ ചോദിച്ചു
എവിടേക്ക്?
ഞാൻ ആശ്ചര്യപ്പെട്ടു
ഒരു പാട്ട് മൂളി തീരും വരെയ്ക്കും.
കണ്ണിൽ നോക്കാതെ
ഞാൻ പുഞ്ചിരിച്ചു
നനുത്തൊരു കാറ്റുള്ളിലേക്ക് വീശി,
ഉൾക്കാടിനകങ്ങൾ പൂത്തു
പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്കവർ
പിന്നെ ഒരുമിച്ച് നടന്നു
ഉറങ്ങാൻ കിടക്കുമ്പോൾ
ജനൽകമ്പിമേൽ
തട്ടി തകരുന്ന
മഴത്തുള്ളികളുടെ ഒച്ച
സുഖമായ ഉറക്കത്തിന്
കിടക്ക വിരിക്കുന്നു
ദൂരെയേതോ
മലയടിവാരത്തിലുള്ള
ആശ്രമത്തിലെ
വൃദ്ധ സന്യാസികൾ
ജാഗരണ പ്രാർത്ഥനകളിൽ
മുഴുകിയിരിക്കുന്നു
ലോകമുറങ്ങി കിടക്കുമ്പോൾ
അതിനെ നോക്കിയിരിക്കുക
പ്രാർത്ഥന പോലെ
ഏകാന്തത ആവശ്യമുള്ളോരു
സംഗതിയാണ്
പ്രിയമുള്ളൊരാൾക്ക് വേണ്ടി
പൂപ്പാത്രമൊരുക്കുന്ന പോലെ
സ്നേഹത്തോടെ
ഞാനത് ചെയ്തു കൊണ്ടിരിക്കുന്നു
പെട്ടെന്ന്
ലോകത്തോട് മൊത്തം
എനിക്ക് സ്നേഹം തോന്നി
ലോകം എന്നെയോ
ഞാൻ ലോകത്തെയോ
മറന്നു വെച്ചതെന്ന
സന്ദേഹത്തിൽ
രമ്യതകളുടെ വഴികളെ പറ്റി
ചിന്തിച്ചു തുടങ്ങി
തള്ളിപ്പറഞ്ഞ സ്നേഹിതരോട്
വേണ്ടെന്ന് വെച്ച കാമുകരോട്
കൈ കടിച്ചു മുറിച്ച
അയല്പക്കത്തെ
നായയോട് പോലുമെനിക്ക്
അലിവ് തോന്നി
അമ്മച്ചിയുടെ
കോന്തലയിൽ നിന്ന്
മുന്നിലേക്ക് ചിതറി തെറിച്ച
മുല്ലപ്പൂ മുട്ടുകളോളം
ഞാൻ ജീവിതത്തെ സ്നേഹിച്ചു
വെറുക്കുവാൻ കണ്ടെത്തിയിരുന്ന
കാരണങ്ങളിൽ കയറി നിന്ന്
കഴിഞ്ഞ കാലങ്ങളിലെ
മനുഷ്യരെന്നെ നോക്കി
വെള്ള പതാകകൾ വീശി
ജീവിതത്തെ സ്നേഹിക്കുവാൻ
നാം കണ്ടെത്തുന്ന വാക്കുകൾ
കൂട്ടി ചേർത്ത് ഞാൻ
പാട്ടുകൾ തുന്നി തുടങ്ങി

ഉറക്കം,
ചിലപ്പോൾ
ഉപേക്ഷിക്കപ്പെട്ടൊരു
രാജ്യമാണ്
അവിടേക്കുള്ള യാത്രകളിൽ
നിരന്തരമായെനിക്ക്
വഴികൾ തെറ്റുന്നു
വന്നേക്കുമെന്നുറപ്പില്ലാത്ത
അങ്ങോട്ടുള്ള
രാത്രിവണ്ടികളെ
നോക്കിയിരുന്നെന്റെ
കണ്ണുകൾ
പുളിച്ചു തികട്ടുന്നു
നിരാശയുടെ നാൽ കവലയിൽ
കൂനി കൂടിയിരുന്ന്
നിമിഷങ്ങളെ
ചുരുട്ടി ഞാൻ
പുകയൂതി വിടുന്നു

ഉറക്കം
ആരോ പാടി
ഉപേക്ഷിച്ച പാട്ടാണ്
വീണ്ടു വിചാരങ്ങളുടെ നേരങ്ങളിൽ
വീണ്ടെടുക്കുവാനാവാതെ
ആഴത്തിലേക്ക്
വീണ്ടുമത്
വീണു പൊയ്ക്കൊണ്ടിരിക്കുന്നു
വേദനയുടെ മാത്രം പാട്ടെന്ന്
ആരെങ്കിലുമൊരാളതിനെ
നീട്ടി വിളിക്കുവോളം
ഉപേക്ഷിക്കപ്പെട്ടതായത്
അവശേഷിക്കുന്നു

ഉറക്കം
ഒക്കെത്തെടുക്കാവുന്നൊരു
ആട്ടിൻ കുട്ടിയാണ്
വിട്ട് പോരുവാനുള്ള
എല്ലാ ശ്രമങ്ങളെയും
വെറുതെയാക്കി
നെഞ്ചിലേക്ക് ചേർത്തു വെച്ചത്
ഓമനിക്കപ്പെടുന്നതായി
കാണപ്പെടുന്നു
പേടിയുടെ അവസാനത്തെ
മുഷ്ക് മണത്തെയും
കഴുകി കളയുവോളം
അത് കുതറി കൊണ്ടേയിരിക്കുന്നു

ഉറക്കം
എങ്ങുമെത്തില്ലെന്നുറപ്പുള്ള
തീവണ്ടിയാണ്
അതിന്റെ ബോഗികളിൽ
എത്തി ചേരുവാൻ
ഇടങ്ങളില്ലാത്തവരുടെ
ഒച്ചകൾ
തുടർച്ചയായി കൂട്ടി മുട്ടുന്നു
പുറത്തേക്കുള്ള നോട്ടങ്ങളിലവർ
പലതായി
ചിന്നി ചിതറുന്നു
ആകാശമിരുണ്ടു കൂടുന്ന
രാത്രികളിലൊക്കെയും
എത്തലിന്റെ അറ്റം മുട്ടിയ
ടിക്കറ്റവരുടെ
വിയർപ്പൊട്ടിയ
കൈക്കുള്ളിലിരുന്നു
ശ്വാസം മുട്ടി മരിക്കുന്നു

ഉറക്കം
ഏതു വളവിലും
അഗാധ ഗർത്തത്തിലേക്ക്
പതിക്കാവുന്ന
കാലനക്കങ്ങളാണ്
സൂക്ഷിച്ചു നോക്കിയാൽ
ജീവന്റെയും അതില്ലായ്മയുടെയും
വിളുമ്പിൽ എത്തിച്ചു
തിരികെ പോരുവാൻ അത്
നമുക്ക് കൂട്ട് വരുന്നു

ഉറക്കം
എല്ലാ യാതനകളെയും
മൂടി വെയ്ക്കുന്നു
സമാധാനത്തിന്റെ
പൂവുകൾ
പ്രാണനിലേക്കത്
പറയാതെ
അടർത്തി /പടർത്തി
വിടുന്നു

ഉറക്കം
ഒരേ സമയം
എനിക്കുള്ളിൽ
കാവൽക്കാരനും
ഒറ്റുകാരനുമാകുന്നു



തകർക്കപ്പെട്ട
കൂടിന്റെ ഓർമയിൽ 
പറന്നു കൊണ്ടേയിരിക്കുന്ന
പക്ഷിക്ക് 
ഒരു ചില്ലയും
അഭയമാകുന്നില്ല

വെട്ടി മാറ്റപ്പെട്ട 
മരത്തിന്റെ
മുറിവുമായി 
അത് ഒടുക്കം വരെയും 
ഒന്നിൽ നിന്ന് 
മറ്റൊന്നിലേക്ക്  
പറന്നു
കൊണ്ടിരിക്കുന്നു

ഒരു വസന്തവും
അതിനോട് 
കനിവ് കാട്ടുന്നില്ല 
ഒരു പേമാരിയ്ക്കും 
അതിനെ
തണുപ്പിക്കുവാൻ
ആവുന്നില്ല

ആഞ്ഞാഞ്ഞു 
പറക്കുമ്പോഴും
ഒരറ്റം  
തോർച്ചയില്ലാത്തൊരു 
പെയ്ത്തിലേക്ക് 
ചേർത്ത് 
കെട്ടപ്പെട്ടിരിക്കുന്നു 

തകർക്കപ്പെട്ട
കൂടിന്റെ ഓർമ്മയതിന്  
ആകാശത്തിന്റെ
എല്ലാ സാധ്യതകളെയും
നിഷേധിക്കുന്നു 

സന്തോഷത്തിന്റെ
എച്ചിൽ പാത്രത്തിനു വേണ്ടി 
ഉയർന്നു
പറക്കുമ്പോഴും 
ഓർമ്മയിലേക്ക്
ഏൽക്കുന്ന
കാറ്റു പോലുമതിനെ 
പിടിച്ചുലയ്ക്കുന്നു

തകർക്കപ്പെട്ട 
വീടിന്റെ 
മുറിവോളമാഴം 
വേറെന്തിനുണ്ട് 

മുറിവുകൾക്കിടയിലെ 
വീടെന്നത് 
തീർത്തും 
അപ്രസക്തമായൊരു 
ഉപമയല്ലാതെ 
വേറെന്താണ്  






നമ്മുടെ
 സങ്കടങ്ങൾ
നമ്മുടെ മാത്രം സങ്കടങ്ങളാണ്
പങ്ക് വെയ്ക്കുമ്പോൾ
പാതിയാകുമെന്ന തത്വത്തിലൊന്നും
ഞാനിപ്പോൾ വിശ്വസിക്കുന്നില്ല

ആരോടുമൊന്നും പറയാറില്ല
ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ
ഒരദ്ഭുതവും സംഭവിക്കുന്നില്ല
എന്നതിനാൽ
ഞാനിപ്പോൾ
കേൾക്കാറേയുള്ളൂ

നിസ്സഹായതയുടെ
ഒറ്റപ്പെടലിന്റെ
സ്നേഹനിരാസങ്ങളുടെ
ഉപേക്ഷിക്കപെടലിന്റെ
പലതരം കഥകൾ

കേട്ട് കൊണ്ടിരിക്കുന്ന
നേരം മുഴുവൻ
ഉള്ളിങ്ങനെ പൊത്തി പിടിക്കും
തട്ടി തൂവി പോവാതെ

നമ്മുടെ സങ്കടങ്ങൾ
നമ്മുടെ മാത്രം സങ്കടങ്ങളാണ്
രാത്രിയുടെ പലയടരുകളിലും
അത് നമ്മളെ
നിശബ്ദമായി കരയിപ്പിക്കും

ആവലാതിയുടെ
കരിങ്കൽകട്ട നെഞ്ചിലമർത്തിയിട്ട്
ലോകത്തോട്
സുഖമല്ലേ എന്ന് ചോദിയ്ക്കാൻ
നിർബന്ധിക്കും
നീറി പുകഞ്ഞു
നെഞ്ചിനകത്തു നിന്നൊരു കയ്പ്പ്
നാവിലെത്തും
നോവുന്നുണ്ടെന്നു
സ്വയം കണ്ണ് നിറയ്ക്കും

ചുറ്റിലുമൊക്കെ തൊട്ട് നോക്കി
തൂക്കി അളക്കുന്നുണ്ടെങ്കിലും

നമ്മുടെ സങ്കടങ്ങൾ
നമ്മുടെ മാത്രം സങ്കടങ്ങളാണ്
ഇടയ്ക്കെങ്കിലുമൊക്കെയത്
ഒഴുകി പരക്കുന്ന
നിലാവെളിച്ചം പോലെയോ
വെള്ളാരംകല്ലിന്റെ
മുകളിലെ നേർത്തരുവി പോലെയോ
പലതരം ഉപകാരങ്ങളാൽ
നമ്മളെ കുറച്ചൂടെ
മികച്ച മനുഷ്യരാക്കുന്നു