ഒരു പ്രേമമുണ്ടായതിന് ശേഷം
ആരുമെന്നെ 
ഗൗനിക്കുന്നില്ല
ഒരു പ്രേമമുണ്ടായത്തിന് ശേഷം
ആരുമെന്നോട് 
അടുപ്പം കാണിക്കുന്നില്ല
ഒരു പ്രേമമുണ്ടായതിന് ശേഷം
ആരുമെന്നോട്
വിശക്കുന്നോ
എന്നു പോലും
ചോദിക്കുന്നില്ല

അവർ സാധാരണക്കാരാണ്
സാധാരണക്കാർ 
എന്നു പറയുമ്പോൾ
ഞാൻ നിഗൂഢമാക്കി
കൊണ്ടു നടക്കുന്നതൊക്കെ
അവർ നിസാരമാക്കുന്നു

ഒന്നോർത്താൽ അതു
സ്വഭാവികവുമാണ്

കാരണം
അവർ എന്നെ പോലെ
ചുണ്ടുകളിൽ തിണർപ്പുള്ളവളോ
ഹൃദയത്തിൽ കള്ളിമുള്ളുകൾ
വെച്ചു പിടിപ്പിച്ചവളോ അല്ല

അവരുടെ ജീവിതം
വളരെ പ്രകാശിതമാണ്
ശുഭപര്യവസായിയായ
സിനിമയെന്ന പോൽ
അതിൽ പാട്ടുകളുണ്ടാവുന്നു,
പ്രേമമുണ്ടാവുന്നു
വിരഹത്തിനൊടുവിൽ
ശുഭമെന്ന രണ്ടക്ഷരം 
മാത്രമാകുന്നു

എന്റേത്
അങ്ങനെയല്ല
ചൂട് ചായ 
വലിച്ചു കുടിക്കപ്പെട്ട
നാവ് കണക്കെ
അത് ദിവസം മുഴുവൻ
നീറി കൊണ്ടിരിക്കുന്നു

പക്ഷെ ഞാൻ ആശ്വസിക്കുന്നത്
ഞാൻ സാധാരണക്കാരിയല്ല
എന്നതിലാണ്‌

തിങ്ങിനിറഞ്ഞ ബസിലെ
അരികു സീറ്റിലിരിക്കുന്നവളുടെ
ആത്മാഭിമാനത്തെ പറ്റി
അവർക്കെന്ത് 
അറിയുവാനാണ്

മുടിയിഴകൾ കശക്കിയെറിയുന്ന
കാറ്റു അവൾക്കു ചെയ്യുന്ന
ഉപകാരത്തെപ്പറ്റി
ചിന്തിക്കുവാൻ
അവർക്കൊരിക്കലും
ആകുന്നുമില്ല

അപ്പോൾ പിന്നെ
അപത്കരങ്ങളായ
പ്രണയബന്ധങ്ങളുടെ
ഉന്മാദത്തെപ്പറ്റി
അവരോടു
പറയാതിരിക്കുന്നതാവാം
അവർക്കും
ഒപ്പം
എനിക്കും
നല്ലത്



പ്രണയത്തിലായിരിക്കുമ്പോൾ
അവർ
ഹൃദയത്തിന്റെ ഇടപാടുകളെ
കുറിച്ചു മാത്രം
ധ്യാനിക്കുന്നു

തമ്മിൽ
നോക്കുവാനേല്പിച്ച
ഹൃദയങ്ങളിൽ
കാവൽ മാടങ്ങൾ
കെട്ടുന്നു

അവളുടെ
ഹൃദയത്തിലവൻ
വൈകുന്നേരങ്ങളിൽ
ഉലാത്തുവാൻ
ഇറങ്ങുമ്പോൾ

അവന്റെ ഹൃദയത്തിന്റെ
മങ്ങിയ ജനൽ വിരികൾ
അവൾ
മാറ്റിവിരിക്കുന്നു 


സങ്കടങ്ങളുടെ,
സങ്കടങ്ങളുടെ,
സങ്കടങ്ങളുടെ
തമ്പുരാനേ

കീറി പിഞ്ചിയ
തട്ടി തൂവിയ
പൊട്ടിപ്പൊളിഞ്ഞയെന്റെ
നെഞ്ചകം

ഉപേക്ഷിക്കപ്പെട്ട
നഗരത്തിന്റെ 
പ്രാന്ത പ്രദേശം പോൽ,

ചോര വിയർത്ത്
പേടിച്ചരണ്ട്
ആകെയുലഞ്ഞു
പ്രാണൻ പറിഞ്ഞു പോകെ,

അവഗണിക്കപ്പെട്ട
പാട്ടു പോൽ
മറന്നു മറന്നു പോകുമ്പോൾ

പൂക്കളിറുത്തെടുക്കുന്ന
പൂക്കാരന്റെ സൂക്ഷ്മതയോടെ
എന്നെയൊന്നു കെട്ടി പിടിക്കണെ

സങ്കടങ്ങളുടെ,
സങ്കടങ്ങളുടെ,
സങ്കടങ്ങളുടെയന്റെ
തമ്പുരാനേ.



ശരീരം കൊണ്ട്
ജീവിതത്തെ വരച്ചിടുന്നവർ
അവരുടെ കണ്ണുകളിൽ നിന്ന്
ഏതോ കാലത്തേക്കുള്ള പ്രളയം
പൊട്ടി പുറപ്പെടാനിരിക്കുന്നു

അഴുകിയടർന്ന ഹൃദയത്തെ
ആരും കാണാതെയവർ
കണ്ണുകളിൽ മറവ് ചെയ്യുന്നു

ജീവിതത്തിന്റെ 
നല്ല കാലങ്ങളിൽ നിന്ന്‌
ഒരു കാരണവുമില്ലാതെയവർ
പുറത്താക്കപ്പെടുന്നു

ആവർത്തിച്ചാവർത്തിച്ചു
ചോദിച്ചാൽ മാത്രം
തൊണ്ടയിലെ കയ്പ്പിനെ പറ്റി
എന്തെങ്കിലും പറഞ്ഞെന്ന് വരുത്തുന്നു

അസ്ഥിത്വ ദുഃഖം പേറുന്ന
അവരുടെ കുപ്പായ ഞൊറികളിൽ
മടുപ്പ് അടിഞ്ഞു കൂടിയിരിക്കുന്നു

എന്നോ വിട്ട് പോന്ന
സാരി ഞൊറികളിൽ ചിലത്
ജീവിതം എളുപ്പമല്ലെന്നോ മറ്റോ
പിറുപിറുക്കുന്നു

പേരാറിയാവുന്ന ചുരുക്കം പേർ
പേരറിയാത്ത കുറെയേറെപേർ
കൈ പിടിച്ചവരെ
കടലുള്ള ജനൽ പടിയിലിരുത്തുന്നു

ഇറുക്കിയവരെ കെട്ടി പിടിക്കുമ്പോൾ
അവസാനമായി കരഞ്ഞതെന്തിനെന്ന്
ഓർത്തെടുക്കുവാൻ ശ്രമിക്കുന്നു

നടന്നു തീർക്കുവാനുള്ള വഴികൾ
'Life is a bitch' എന്നയീണത്തിൽ
ഓടി കയറുമ്പോൾ
ബാക്കിയുള്ള പകലുകളെ
നിരുപാധികം വിട്ടയയ്ക്കാൻ
തീർച്ചപ്പെടുത്തുന്നു.


പ്രാർത്ഥന പോലെ എന്തോ ഒന്ന്

മാറി നിന്നു കയ്ക്കുന്നുണ്ട്
വിട്ട് പോന്ന മരത്തെയോർത്ത്
നെഞ്ചുലയുന്ന ചില്ലയെയോർത്ത്
പേർത്തു പെയ്യുന്ന കൂടിനെയോർത്ത്

പ്രാണൻ കെട്ട് പോകുന്ന തണുപ്പിൽ
ഓർത്തിരുന്നു കായുന്നുണ്ട്
വെന്തുരുകുന്നവരുടെ
ഓർമ്മകൾ

തീർന്നു പോകുന്ന കെട്ടിൽ നിന്നു
തൊട്ട് തൊട്ടെടുക്കുന്നുണ്ട്
വെളിച്ചത്തിന്റെ
പൊട്ടുകൾ

കെട്ടു പോകുമോയെന്ന്
ഓർത്തോർത്തു പെയ്യുമ്പോൾ
ചേർത്തു പിടിക്കുന്നുണ്ട്
തോർച്ചയുടെ ശബ്ദങ്ങൾ

പൊട്ടിപ്പോയ ഇടങ്ങളെ
തുന്നി ചേർക്കുവോളം
തൂവാതെ പോകണമേയെന്നേയുള്ളൂ
സങ്കടത്തിന്റെ പാട്ടുകൾ