തിരുത്തപ്പെടേണ്ട 
ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു

ഒരൊറ്റ മരത്തിന്റെ ഏകാന്തത
ചിലപ്പോളതിന്റെ 
ചില്ലകള്‍ പോലും
അറിയാത്തതു പോലെ
തീര്‍ത്തുമൊറ്റപ്പെട്ടൊരു മഴയെ
രാത്രിയില്‍ തനിച്ചു പെയ്യാന്‍ വിട്ടത്
ഒരു ദയയും 
അര്‍ഹിക്കാത്ത തെറ്റാണ്‌

ആരുമറിയാതെ 
വിങ്ങിയിരുന്നൊരു
മുറിയുടെ ജനാലയെ
ആകാശത്തിനൊറ്റ് 
കൊടുത്തത് ഞാനാണ്

രാത്രികള്‍ മാത്രം
മറുപടി പറേയണ്ടൊരു 
ചോദ്യത്തിന്റെ
കഴുത്ത് ഞെരിച്ചത് ഞാനാണ്

ഇഞ്ചിഞ്ചായി മരിക്കേണ്ട
ഒടുക്കലത്തെ പ്രണയത്തെ
ഒറ്റയൊരു ഇഴക്കയറില്‍
ഒറ്റയൊരു ഊഞ്ഞാലാട്ടത്തില്‍
ഒറ്റയ്ക്കക്കര കടത്തിയതും 
ഞാനാണ്

ഇരുപത്തി മൂന്നാമത്തെതായിരുന്നു നീ
പാവമായിരുന്നു
പലതവണ പോറിയിരുന്നു
നിന്ന് കത്തുന്ന 
ഓര്‍മ്മകളുണ്ടായിരുന്നു
അത്ര വാചാലമായി 
കരയാറുണ്ടായിരുന്നു

മരിക്കേണ്ടതു ഞാനായിരുന്നു
കൊല്ലേണ്ടത് നീയും

എന്നിട്ടും
മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ
വേരുകള്‍ക്കുണ്ടാകുന്ന 
അന്യതാ ബോധമുണ്ട്
അതാണെനിക്ക് നീ തന്നു പോയത്

തിരുത്തപ്പെടേണ്ട ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു



ഒരു പേരില്‍ 
എന്തിരിക്കുന്നു എന്നല്ല
ഒരു പേരില്‍ 
എന്തെല്ലാമിരിക്കുന്നു എന്നതാണ്

ഒന്നില്‍ 
രണ്ടു തവണ ഇരുന്നിട്ടുള്ളതിനു നന്ദി
മൂന്നു പേരുള്ള 
ഈ പേരിനോടാണ്

അന്ന് മുതലേ പകയാണ്
ക്ലാസില്‍ കുറെ സന്ധ്യമാരുണ്ട്
ജോസെഫുമാരുണ്ട്
ഞാന്‍, 
ഈ ഞാന്‍ മാത്രം ഒന്ന്

പെരെന്തെന്നു 
ചോദിച്ചവരൊക്കെ
പിന്നെയും പിന്നെയും 
ചോദിച്ചിട്ടുണ്ട്
മാറ്റി പറഞ്ഞാലൊന്നു 
പല തവണ ഓര്‍ത്തിട്ടുമുണ്ട്
''ജാക്കെങ്കില്‍ റോസെവിടെ" ,
"ആദ്യ പേരില്‍ തന്നെ പത്തക്ഷരമോ"
അങ്ങനെയിങ്ങനെ എത്ര ചോദ്യങ്ങള്‍

എന്റപ്പാ...പൊന്നപ്പാ..
ഈ ചതി വേണ്ടാരുന്നപ്പാ
പലതവണ മനസ്സില്‍ പറഞ്ഞു
ഇടക്കെപപെഴോ നേരെയും പറഞ്ഞു

കവിതയുടെ തൊന്തരവ്
തുടങ്ങിയ കാലത്താണ് 
പിന്നെയും
ചുരുക്ക പേരിനു ചുറ്റുന്നത്
തൂലികയെന്നോ 
നാമമെന്നോ
ഇതൊന്നുമില്ലാണ്ട് എന്തൂട്ട്
എഴുത്തെന്നോ

കുറെ സ്നേഹം തോന്നിയ ഒരാള്‍
'മേരി ' എന്ന് വിളിച്ചു
പിന്നെ മേരിയെ ആയിരുന്നു
പിന്നെ മേരിയോടായിരുന്നു

ഇനി ഇത് തന്നെ 
എന്നുറപ്പിച്ചത്
ഇന്നലെയാണ്
കിളവിയാകുമ്പോള്‍ 
മേരി അമ്മച്ചിന്നു കേള്‍ക്കാല്ലോ

ജാക്കമ്മച്ചി-നിവിന്‍ പോളി പറഞ്ഞ പോലെ
ഏതാണ്ടോരുമാതിരി 
തൊട്ടി പേരല്ലേ?

പിന്നെ , പറഞ്ഞതും 
പറയാത്തതുമായ ഇഷ്ടമെല്ലാം
ഏതാണ്ടീ മേരിയുടെ അടുത്ത് തന്നെയാണ് 
എത്തി നില്‍ക്കുന്നത് 

എന്നാല്‍ പിന്നെ അതാകാം അല്ലെ?
എന്നാല്‍ പിന്നെ അതാക്കാം അല്ലെ?

അപ്പൊ പറഞ്ഞു വന്നത്
ഒരു പേരില്‍ എന്തിരിക്കുന്നു 
എന്നല്ല
ഒരു പേരില്‍ എന്തെല്ലാം 
ഇരിക്കുന്നു എന്നാണു 



കിഴക്കാംതൂക്കായൊരു 
മലയെന്നോ
ആള്‍പ്പാര്‍പ്പില്ലാത്തൊരു 
ഭൂപ്രദേശമെന്നോ
എന്ത് വേണമെങ്കിലും 
നിന്നെ ഞാന്‍ വിളിച്ചെന്നിരിക്കും

എനിക്കറിയാമത് 
കേള്‍ക്കുമ്പോള്‍
നീ വിളി കേള്‍ക്കുമെന്നും
ഇരു കണ്ണുകളിലും
രണ്ടു സൂര്യന്‍മാര്‍
ഒന്നിച്ചുദിക്കുമെന്നും

രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും നിനക്കുമിടയില്‍ നിന്ന് 
എത്ര തവണയവര്‍
വസ്ത്രമഴിച്ചിരിക്കുന്നു

രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും നിനക്കുമിടയില്‍ നിന്ന്
എത്ര തവണയവര്‍
ഇണ ചേര്‍ന്നിരിക്കുന്നു

കവിത ചുവയ്ക്കുന്ന വായില്‍ നിന്ന്
നിന്നെയെങ്ങനെ
തുപ്പി കളയാമെന്നാണ്
ഞാന്‍ ഇപ്പോളോര്‍ക്കുന്നത്




ഒറ്റയ്ക്കാവുന്നതിന്റെ 
ഔപചാരികതയില്‍ നിന്ന്
ഒന്നും പറയാതെയാണ് 
ഇറങ്ങി പോന്നത്

ഇന്നലെ,ഇന്ന്,നാളെ 
എന്നൊന്നുമില്ലെന്ന്
ആത്മാവിനെ പറഞ്ഞു 
പഠിപ്പിക്കുന്നുണ്ടായിരുന്നു

കുരിശുകളില്‍
നീട്ടി കെട്ടിയ അഴകളില്‍
മുഷിഞ്ഞ മുറിവുകളെ
ഉണങ്ങുവാന്‍ വിരിച്ചിരുന്നു

വെറുമൊരു 
പേര് മാത്രമാണോയെന്നു
ചിന്തിച്ചു ചിന്തിച്ചു
നേരം വെളുത്തു പോയൊരു 
രാത്രിയെപ്പറ്റിയാവണം
ഇനി എഴുതാന്‍ ഉണ്ടാവുക

സന്ധ്യകളോട് നടത്തിയ
സന്ധിയില്ലാ സമരത്തിന്റെ 
പേരിലാണ്
രാത്രിയുടെ പിഞ്ഞാണങ്ങളെ 
എണ്ണിപ്പെരുപ്പിക്കുവാന്‍
ശിക്ഷിക്കപ്പെട്ടത്

അടിത്തട്ടോളം മൊത്തിക്കുടിച്ചതിനാണ്
ഏകാന്തയുടെ 
കൂട്ടിക്കൊടുപ്പുകാരി
എന്ന് വിളിച്ചവര്‍
കാര്‍ക്കിച്ചു തുപ്പിയത്

ഓര്‍മ്മകള്‍
ഉണ്ടാവണമെന്നില്ല
അത്രയ്ക്ക് ആഴത്തിലും 
പരപ്പിലുമൊന്നും
ജീവിച്ചു തീര്‍ത്തിട്ടില്ല

നിങ്ങളെന്നോടു പറഞ്ഞത്
ഒറ്റക്കാവരുതെന്നാണ്
നിങ്ങളെന്നോടു പറഞ്ഞത്
ഒരാളെ മാത്രം പ്രണയിക്കണമെന്നാണ്

നിങ്ങളെന്നോടു 
പറഞ്ഞത് 
കൂട്ടം തെറ്റിയാല്‍
ചോര ചുവയ്ക്കുമെന്നാണ്

എന്നാലെനിക്കറിയാം
ആത്മാവിന്റെ വിരുന്നുകാര്‍
ഒറ്റക്കാവില്ലെന്ന്
നനഞ്ഞ കൂടാരങ്ങളില്‍
എന്നുമവര്‍ ഇണ ചേരുമെന്ന്

ആകാശമെന്നാല്‍ 
അനന്തസാധ്യതകളാണെന്ന്
ഒരിക്കലുമവസാനിക്കാത്ത 
വേലിയിറക്കങ്ങളാണെന്ന്

അത്മാവിലിടയ്ക്കുണ്ടാകുന്ന
വന്‍ വിസ്ഫോടനങ്ങളാണെന്ന്
നാല് കണ്ണുകള്‍ക്കിടയില്‍
മാത്രം സംഭവിക്കാവുന്ന 
സമുദ്രജല പ്രവാഹങ്ങളാണെന്ന്

ഓരോ തവണ ഒറ്റക്കായി പോകുമ്പോഴും
ഞാനോരോ പാട്ടുണ്ടാക്കുമായിരുന്നില്ലേ?
ഇത്തവണ അതുണ്ടായില്ലെന്ന്
പറയുമ്പോള്‍
നീയെന്തൊക്കെയാവാം
എന്നെക്കുറിച്ചോര്‍ക്കുക?



പോകെ പോകെ
നമുക്കിടയിൽ
ചില നയതന്ത്ര വ്യാപാരങ്ങൾ
രൂപപ്പെടുന്നു

നിർലജ്ജമായ ഒച്ചകളിൽ
നാം അവയെ ഒളിപ്പിക്കുമ്പോൾ
ഉടലാകെയൊരു 
കാട് തളിർക്കുന്നു

ഉഷ്ണത്തിന്റെ ഉച്ചകോടിയിൽ
നാം രണ്ടു ധൂമകേതുക്കളാകുന്നു
വാക്കിന്റെ കള്ളവണ്ടി കയറി നാം
രാജ്യം കടക്കുന്നു

പുരാതനമായൊരു 
കുടിയേറ്റ ഗ്രാമമാണിപ്പോൾ നീ
അതിലേക്കുള്ള ഹെയർപിൻ വളവുകൾ 
എനിക്ക്‌ മനഃപാഠമാണ്

ഒരു പൂവതിന്റെ വസന്തത്തെ
ഓർത്തു വെക്കും പോലെ
ഞാനവയെ ഓർത്തിരിക്കുന്നുവെങ്കിലും
ഒരു ഋതുവിലും പൂക്കനറിയാത്ത
മരമെന്ന പോൽ
ഞാൻ അസ്വസ്ഥയാണ്‌

വേലിയിറക്കങ്ങളുടെ രാത്രിയിൽ
കടൽ കയറി വരുന്ന
മീൻ മണമുള്ളവനെയെന്ന കണക്ക്‌
അത്ഭുതങ്ങളുടെ തടവറയിലേക്ക്‌
വെളിച്ചത്തിന്റെ കഠാര വീശുന്ന
പോരാളിയെന്ന കണക്ക്
നിന്നെ ഞാൻ കാത്തിരിക്കുന്നുണ്ട്‌

നിസ്സായരുടെ കണ്ണുകൾക്ക് പ്രേമം
തീരെയിണങ്ങുന്നില്ലെന്നെനിക്കറിയാം
അവസാന വണ്ടിയിലെ
യാത്രക്കാരന്റെ നിശ്വാസം കണക്ക്
അത് തണുത്തും
നിർജ്ജീവവുമായി കാണപ്പെടുന്നു

എങ്കിലും എല്ലാ ശിഖരങ്ങളും
ഒരു മരത്തെയെന്ന പോൽ
ഞാൻ നിന്നെ മാത്രം
ധ്യാനിക്കുന്നു

സ്നേഹം
അതീവ ജാഗ്രത അവശ്യപ്പെടുന്നു
അവനോടുള്ള പ്രേമമാവട്ടെ
വിലക്കപ്പെട്ടതിനോട്
എനിക്കുള്ള അഭിനിവേശമാണ്



ആത്മാവുള്ള
ആണൊരുത്തൻ്റെ പ്രണയത്താൽ
എൻ്റെ വയലേലകൾ
നിമിഷ നേരം കൊണ്ട്
പൂത്ത് തളിർക്കുന്നു

അവൻ്റെയൊരുമ്മയാൽ
എൻ്റെ വേലിപ്പരുത്തികൾ
എല്ലാ കാലത്തേക്കുമെന്ന പോൽ
പടർന്ന് പന്തലിക്കുന്നു

അവൻ്റെ 
പേരിൽ ഞാൻ
ആയിരം മെഴുകുതിരികൾ 
നേരുന്നു

അവരെൻ്റെ നിറത്തിനെ പറ്റി
അസ്വസ്ഥരാകുമ്പോൾ
ഞാനവനുമായി
അവസാനമില്ലാത്ത 
ഭോഗത്തിലേർപ്പെടുന്നു

ഞങ്ങളുടെ കുഞ്ഞുങ്ങളെയവർ
കറുത്തവരെന്നും വെളുത്തവരെന്നും
വേർതിരിക്കുമ്പോൾ
ഹൃദയത്തിൻ്റെ ഉപയോഗങ്ങളെ 
കുറിച്ചവൻ
കുഞ്ഞുങ്ങളോട് വാചാലനാവുന്നു

മുക്കിയും മൂളിയും ഞരങ്ങിയും
മാത്രമൊരു ജീവിതമെന്നെ
ചേർത്ത് പിടിക്കുമ്പോൾ
അവനെ മാത്രമോർത്തെനിക്കതിൽ നിന്നും
ഇറങ്ങിപ്പോരാനേ ആവുന്നില്ല

ഞാവൽപ്പഴ നീലിച്ചകൾ
കരിനൊച്ചി പച്ചപ്പുകൾ
നന്നായ് വെട്ടിയൊരുക്കിയ
പൂന്തോട്ടമെന്ന പോൽ
ഞാൻ ഉത്സാഹവതിയായ്
കാണപ്പെടുന്നു

എങ്കിലും
'ഒരു തോണിക്കാരൻ്റെ ഏകാന്തത' എന്നത്
അത്രയ്ക്കങ്ങ് നിസാരവൽക്കരിക്കാവുന്ന
ഉപമ അല്ലെന്ന്
എനിക്ക് നന്നായറിയാം

ഒറ്റയ്ക്കാക്കിയേക്കുന്ന 
സമവാക്യങ്ങളോടെല്ലാം
അതിശക്തമായി കലഹിക്കുന്നു
വെന്ത് വെന്തില്ലാതായേക്കാവുന്ന
നേരങ്ങളിലൊക്കെയും
കുന്തിരിക്കം മണക്കുന്ന
നിൻ്റെ ചുണ്ടുകളെ ധ്യാനിക്കുന്നു

അതിശൈത്യം നിറച്ചയെൻ്റെ
ചില്ല് കുപ്പികളെയൊക്കെ
അടുത്ത ജൻമത്തിലേക്കായി
മാറ്റി വയ്ക്കുന്നു

സൂര്യകാന്തികൾക്കിടയിൽ
കൈവിരിച്ച് നിൽക്കുന്നൊരു
പെൺകുട്ടി മാത്രമാണെനിക്ക്
നീയുള്ളപ്പോൾ ജീവിതം



അപരിചതമായൊരു
വീർപ്പുമുട്ടലിനിടയിൽ
കണ്ടുമുട്ടപ്പെടേണ്ടി വരുന്ന
രണ്ട് പേർ

അവർ കൈമാറുന്ന
വാക്കുകൾക്കിടയിൽ നിന്ന്
വഴുതിപ്പോകുന്ന
വേദനകൾ

പാർക്കിലെ
കോർണർ ബഞ്ചിലവർ
കമിതാക്കളെപ്പോലെ
കാണപ്പെടുമ്പൊഴും
പിഞ്ചിയ നെഞ്ചിടിപ്പുകളെ
തമ്മിൽ 
തുന്നിയെടുക്കുന്നതിനപ്പുറം
അവർ തമ്മിലൊന്നുമില്ല

എങ്കിലും,
അടിമട്ടിയോളം
ഊറ്റപ്പെട്ട
വീഞ്ഞു പാത്രം കണക്കെ
നഗ്നരാണെന്നതിൽ
ഞങ്ങൾ ആനന്ദിച്ചു
കൊണ്ടേയിരിക്കുന്നു



പിന്നിയിട്ടയെന്റെ
മുടിയിഴകൾക്കിടയിൽ മാത്രം
പാത്തിരിക്കാറുള്ള
മഞ്ഞ ചിത്രശലഭങ്ങളേ

അവന്റെ
ഇടതുകവിൾ മറുകിനെ മാത്രം
കവിതയാക്കുന്ന
അരിക് വെന്തയെന്റെ പ്രേമമേ

ഒരു പുന്നമരപ്പൂക്കാലം
മാത്രമായുള്ളെന്നെ ഞാൻ
നെഞ്ച് പൊട്ടി
മരിക്കേണ്ടൊരു
കാലത്തിലേക്ക്
മടക്കി(മാറ്റി) വയ്ക്കുന്നു



ഉറക്കച്ചടവുള്ളൊരു
പെണ്ണിനെപ്പോലെ
ദിവസങ്ങൾ

ഉച്ചിയിൽ കെട്ടിവെച്ച
മുടിയിൽ
പിരിഞ്ഞു പോയ
രാത്രിയുടെ
കാലനക്കങ്ങൾ

കണ്ണിനിടവഴിയിൽ
ബാക്കി നിൽക്കുന്ന
അലസതയിൽ നിന്ന്
ഒരു പകലിനെ
പെറ്റിറക്കാനുണ്ട്

ഉച്ചയൂണിന്റെ
ഒച്ചവയ്ക്കലുകൾക്കിടയിൽ
ഇത്തിരി നേരമവന്
മുലയൂട്ടാനുമുണ്ട്

പെരുനാളൊച്ചകൾ പോലെ
നെറുകും തലയിൽ
നെരിപ്പോട്
പൊട്ടിത്തെറിക്കുന്നുണ്ട്
ഓടിയിറങ്ങിപ്പോകാൻ
ഒത്തിരിയിടങ്ങളുമുണ്ട്

വിയർത്താലെന്ത്
തല പെരുത്താലെന്ത്
ഒറ്റയ്ക്കായി പോകാൻ
ഇടയുള്ള
സമവാക്യങ്ങളിലേക്ക്
എത്തിച്ചേരാതിരിക്കയാണ്
എനിക്ക് (എനിക്ക് മാത്രം)
നല്ലത്