പനിയിടുക്കുകൾ
വിണ്ട് കീറിയ
നിൻ്റെയിടങ്ങൾ

അവിടെ
മൊട്ടിട്ട
വിളറിയ ലില്ലികൾ

നശിച്ച നിശബ്ദതയിൽ
മാറ്റി നടപ്പെട്ട
നമ്മുടെ നഗരങ്ങൾ

ഓർമ്മത്തെറ്റിൻ്റെ
നീല ലിനൻകുപ്പായങ്ങൾ

ചിന്തകളുടെ 
ചവർപ്പിന് മേൽ
പിന്നെയുമിഴയുന്ന
ചോണനുറുമ്പുകൾ

തണുപ്പ്
വിഷാദം
ഉൻമാദത്തിൻ്റെ
കനത്ത
ചില്ല് പാത്രം

എന്നിട്ടുമെന്തിനാണ്
ഒരു വസന്തത്തിലും
പൂക്കാനറിയാത്ത
മരങ്ങളോട്,
എന്നെയിങ്ങനെ 
നീ
ഉപമിച്ച് 
കൊണ്ടിരിക്കുന്നത്




എത്രമാത്രം ഉപ്പിട്ട് 
വറ്റിച്ചെടുത്താലാണെൻ്റെ
ജീവിതമേ,
അൽപ്പമെങ്കിലും
സ്വാദോടെ
നിന്നെയൊന്ന്
ചേർത്ത് പിടിക്കാനാവുക






തിരക്കേറിയ
തെരുവുകളിലെല്ലാം

വഴി
 മുറിച്ച് കടക്കുവാൻ
അന്ധയാചകനെന്ന
 പോൽ
നീ
 കാത്ത് നിൽക്കുന്നു
പരിഗണനയുടെ
 

ഒരു കരം പോലും

നിന്നെ തൊടാതെ

പോകുമ്പോൾ

സന്ധ്യയാവുന്നു

പകൽ കഴിയുന്നു

 രാത്രിയും നീ

തനിച്ചാക്കുന്നു

ഇരുട്ട് നട്ടുച്ച പോൽ

സുതാര്യമെങ്കിലും

രാത്രി പകൽ പോൽ

പരന്നതാണെങ്കിലും

ജീവിച്ചിരിക്കുന്നതിലെ

ആർദ്രതയില്ലായ്മയിൽ

മനംനൊന്ത്

നീ

ആത്മഹത്യ 

ചെയ്ത്

കൊണ്ടേയിരിക്കുന്നു
കവിത

ചുവയ്ക്കുന്ന
വായിൽ
 നിന്ന്
നിന്നെയെങ്ങനെ

തുപ്പി
 കളയാമെന്നാണ്
ഞാനിപ്പോൾ

ഓർക്കുന്നത്

പ്രാണന്‍ എന്ന് പേരുള്ള ഒരു വയലിന്‍ പാടുന്നത്


അധികം 
വേദനയൊന്നുമില്ല 
ആത്മ ഭാഷണങ്ങള്‍ 
ഇടയ്ക്കു വെച്ച് 
മുറിഞ്ഞു 
പോകുന്നുവെന്നേയുള്ളൂ 

തെരുവുകളായ 
തെരുവുകളൊക്കെയും 
നിന്റെ പക്ഷമാണ്
അല്ലെങ്കിലും
ഈ മൂന്നാംകിട മുറിവുകള്‍
ആര്‍ക്കാണ് 
അറപ്പുളവാക്കാത്തത്

തീര്‍ത്തും 
അപരിഷ്കൃതമായ 
തുറമുഖത്തേക്ക്‌
ആരാണ് കപ്പലടുപ്പിക്കാന്‍ 
തുനിയുക

വന്‍കരകള്‍ 
തമ്മിലുള്ള യുദ്ധത്തില്‍
ചോര കണ്ടറപ്പ് തീര്‍ന്ന 
പോരാളിയാണ് നീ

നമുക്കിടയിലെ 
അതിര്‍ത്തി ഗ്രാമങ്ങളില്‍
കള്ളിമുള്ളുകള്‍ 
പൂക്കുന്നത് പോലും
നിനക്ക് കേവലമൊരു
ഒറ്റപ്പെട്ട 
പ്രതിഭാസമായിരിക്കാം

എങ്കിലുമൊന്നു 
ഓര്‍ക്കേണ്ടതുണ്ട്
മുലഞെട്ടുകളെ നിറം മങ്ങിയ
മുല്ലമുട്ടുകളോട് 
ഉപമിക്കുന്ന
നിന്റെയാ ശീലമുണ്ടല്ലോ
ഇനിയുള്ള 
വസന്തങ്ങളില്‍
ഒരു പെണ്ണുമത്
ചെവിക്കൊള്ളണമെന്നില്ല

കന്യകമാര്‍ പോലും
വാക്കുകള്‍ക്കിടയില്‍
അരിപ്പകള്‍ 
പാകുകയും
നിറമുള്ള ഉമ്മകള്‍ കൊണ്ട്
ഒറ്റ് കൊടുക്കുകയും 
ചെയ്യുന്ന
കാലം വരുന്നു

ഒരു ഇരയും 
ഒരൌപചാരികതയും
അര്‍ഹിക്കുന്നില്ലെന്നതിനാല്‍
ഒരു പുഴയോടോ 
ഒരു കാറ്റിനോടോ
നിന്നെ ഞാന്‍ 
ഉപമിക്കുന്നു

വന്നു പോയ കാലങ്ങളെ
തണുപ്പിന്റെ നിറമുള്ള
ചില്ല് കുപ്പികളില്‍ 
നിറക്കുന്നു
ഒന്നൊന്നായി
ഉമ്മ വെച്ച് 
തകര്‍ക്കുന്നു



അത്ര മേല്‍ അറുബോറായ ജീവിതമേ


തിരക്കുകള്‍ക്കിടയിലും
തിരഞ്ഞു പിടിച്ചു
ചില വാക്കുകളെ 
നാട് കടത്തുകയാണ്

'നീ' ,
'ഒറ്റക്കാകല്‍ ' , 
'ഞാന്‍' , 
'ഉമ്മ ', 
'പ്രണയം'

സ്വപ്നത്തില്‍
ഇനിയെന്തിനെക്കുറിച്ച് 
ശര്‍ദ്ദിക്കുമെന്നാണ്
പ്പോഴത്തെ ആശങ്ക

കാര്‍ക്കിച്ചു തുപ്പുന്ന 
കണ്ണുകളാണ്
മുറിയുടെ
ചുവരുകള്‍ നിറയെ

തുപ്പലിനൊക്കെ
ആനാന്‍ വെള്ളത്തിന്റെ
തണുപ്പെന്നത്
തീരെ അറപ്പില്ലാത്തൊരു
തിരിച്ചറിവാണ്

ഈര്‍ച്ചകേടുകള്‍ക്കിടയിലും
കൈ വിറക്കാതെയെന്നെ
കെട്ടി തൂക്കുന്നൊരുപിരിയന്‍ 
കയറാണ്
ഈ മാസബഡ്ജറ്റിലെ 
ആദ്യ വസ്തു

ആരെ കാട്ടി പേടിപ്പിക്കുവാനാണ്
എന്നത് 
എന്നെ  ബാധിക്കുന്ന 
പ്രശ്നമല്ല
ഇടയ്ക്കിടെ നോക്കി 
സ്വയം പേടിക്കാനുമല്ല

എനിക്കെന്നെ തന്നെ 
വേണ്ടാതെ വരുമ്പോള്‍
ഒറ്റ ഊഞ്ഞാലാട്ടത്തിലീയാകാശത്തിന്റെ
അങ്ങേ അറ്റത്ത് 
കൈ എത്തി
തൊടാമെന്നു
വെറുതെ 
ഒന്നുറപ്പിക്കാനാണ്

നിലത്തുറക്കാത്ത 
കാലുകളും
ഊതി വിടുന്ന 
പുകച്ചുരുളുകളും
മാത്രമായിരുന്നു 
ഈ ജീവിതമെങ്കില്‍
ദിവസ വാടകക്കെങ്കിലും
അതൊന്നു കിട്ടിയിരുന്നെങ്കില്‍
അത്ര മേല്‍ അറുബോറായ
എന്റെ ജീവിതമേനിന്നെയേന്നെ ഞാനീ
ഉത്തരത്തില്‍ കെട്ടി തൂക്കിയേനെ