ഭ്രാന്താണ് നോവാണ് 
അടങ്ങാത്ത പകയാണ്
ഞാനാണ് നീയാണ്
കറുപ്പ് പൂത്ത കാടുകളാണ്

ഉച്ച വെയിലിന്റെ 
അറുതിയാണ്
മരണം മണക്കുന്ന 
മഴക്കാലമാണ്

ഇടറുന്ന 
വഴികളാണ്
കാറ്റിന്റെ 
അമര്‍ച്ചയാണ്

ആരറിയുന്നു
ആരോര്‍ക്കുന്നു
ആരുമെന്റെ 
ആരുമല്ലായിരുന്നുവെന്ന്

ഭ്രാന്തന്‍ വരികളില്‍
കോര്‍ത്തെടുക്കുന്നത് 
അവരെയാണ്

എന്നെയെന്നോ 
കൊന്നു തിന്നവരെ
എന്നെയെന്നോ 
കുഴിച്ചിട്ടവരെ

എന്നെയെന്നോ
എന്നെയെന്നോ

മണക്കുന്നതു 
മഷിയോ
അതോ 
ചുവന്ന നീരോ

കത്തി തീരുന്ന 
ഓര്‍ക്കിഡുകളെ
നിങ്ങള്‍ 
കണ്ടിട്ടുണ്ടോ

കുഴഞ്ഞു വീഴുന്ന 
ശലഭ കൂട്ടങ്ങളെ?
കണ്ണില്‍ നിന്നും 
കണ്ണിലേക്ക്
പാളി വീഴുന്ന 
വെയില്‍ ചീളുകളെ?

കണ്ണടച്ചാലും 
കാണാവുന്ന 
ചിലതുണ്ട്

സ്നേഹിക്കൂ 
സ്നേഹിക്കൂ...
എന്ന് ഞാന്‍ 
പറയുമ്പോഴും
എനിക്കറിയാം
ബുദ്ധി കൊണ്ട് 
സ്നേഹിക്കുന്നവര്‍
ക്രൂരരാണെന്നും
ഉള്ള് കൊണ്ട് 
സ്നേഹിക്കുന്നവര്‍
വിഡ്ഢികളാണെന്നും

കിഴക്കാംതൂക്കായൊരു 
മലയെന്നോ
ആള്‍പ്പാര്‍പ്പില്ലാത്തൊരു 
ഭൂപ്രദേശമെന്നോ
എന്ത് വേണമെങ്കിലും 
നിന്നെ ഞാന്‍ 
വിളിച്ചെന്നിരിക്കും

എനിക്കറിയാമത് 
കേള്‍ക്കുമ്പോള്
നീ വിളി 
കേള്‍ക്കുമെന്നും
ഇരു കണ്ണുകളിലും
രണ്ടു സൂര്യന്‍മാര്‍ 
ഒന്നിച്ചുദിക്കുമെന്നും

രാത്രിയുടെ 
ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും 
നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
വസ്ത്രമഴിച്ചിരിക്കുന്നു

രാത്രിയുടെ ആകാശങ്ങള്‍
നാണമില്ലാത്തവയാണ്
എനിക്കും 
നിനക്കുമിടയില്‍ നിന്നും
എത്ര തവണയവര്‍
ഇണ ചേര്‍ന്നിരിക്കുന്നു

കവിത ചുവയ്ക്കുന്ന 
വായില്‍ നിന്ന്
നിന്നെയെങ്ങനെ
തുപ്പി കളയാമെന്നാണ്
ഞാന്‍ ഇപ്പോളോര്‍ക്കുന്നത്


വെളുപ്പാന്‍ കാലത്തെ
തണുത്ത 
മൂന്നരമണി നേരങ്ങളിലാണ്
ഒരു തോട്ടം നിറയെ
(അതോ ഒരേക്കര്‍ നിറയെയോ?)

തുളിപ്‌ പൂക്കളെ 
ഞാന്‍ സ്വപ്നം കാണുന്നത്

രണ്ട് കൊന്ത മണികള്‍ക്കിടയില്
എവിടെയോ വെച്ചാണ്
ഞാനുമവനും
യു.കെ യിലേക്കുള്ള
ഫ്ലൈറ്റ്‌ പിടിക്കുന്നത്

എന്റെ രണ്ടാമത്തെയോ 
മൂന്നാമത്തെയോ
പ്രണയമാണ് നീയെന്നു
പറയണമെന്നുണ്ടായിരുന്നു

എങ്കിലും പറയാതിരുന്നത്
അവനിതുവരെ ആരെയും
പ്രേമിച്ചിരുന്നില്ലയെന്ന
ഒരേയൊരു കാരണത്താലാണ്

ലണ്ടനിലിതുവരെ 
എത്ര ഡാഫോഡില്‍സ്
വിരിഞ്ഞിട്ടുണ്ടാകും?
ഞാനോര്‍ത്തത് പോലെ
എല്ലാ വയലറ്റ് പൂക്കളും
നാണക്കാരികളായിരിക്കുമോ?

ചിന്തകളതിന്റെ നാലാം വളവ് 
തിരിയുമ്പോള്‍
ബീപ് നിലവിളിയോടെ 
നിന്റെ മെസ്സെജെന്റെ
നെഞ്ച് കടക്കുന്നു

അനുകൂലമായൊരു 
പരിസ്ഥിതിയിലേ പ്രണയിക്കൂ എന്ന 
പ്രത്യയശാസ്ത്രത്തെക്കുറിച്ച്
നീ വാചാലനാകുമ്പോഴും
കാട്ടുമുളയുടെ 
ചതഞ്ഞ തണ്ടൊടിച്ചു
നിന്റെ ഇടതു കാല്‍ മുട്ടിലെ 
മറുകിനെ ഞാന്‍ 
ഓമനിച്ചു കൊണ്ടേയിരുന്നു


എന്റെ 
സ്കൂട്ടറോടുന്ന വഴികളില്‍
തിരിയുന്ന 
വളവുകളില്‍ 
സീബ്രാ വരകളില്‍ 
എല്ലായിടവുമെനിക്ക് 
കുറുകെ കടക്കുവാന്‍
നിന്നെ പോലൊരാള്‍ 
കാത്തു നില്‍ക്കുന്നു



ജീവിതത്തില്‍
ആദ്യവും
അവസാനവുമായി 
ഒരാളെ കാണുവാന്‍
കാത്തിരിക്കുക 
കാണാമെന്നു
കരുതിയിരിക്കുമ്പോഴും 
എന്നെ കണ്ടില്ലെന്ന
മട്ടില്‍ 
ആ ദിവസം
കഴിഞ്ഞു/കൊഴിഞ്ഞു പോവുക !!

ഈ പറഞ്ഞതിന്
അപ്പുറവും
ഇപ്പുറവും നിന്ന്
ആരൊക്കെയോ
ആര്‍പ്പു വിളിക്കുന്നുണ്ട്
എന്റെ നേര്‍ക്കാവാം
അവയെന്ന് ഞാന്‍
ഓര്‍ക്കുമ്പോഴും
എന്നെ തൊട്ടു തൊട്ടില്ലെന്നെ
മട്ടില്‍
അതുമെന്നെ
കടന്നു പോകുന്നു



മറന്നു വെച്ചതല്ല 
പറയാതെ പോയതാണ് 
ശേഷിച്ച കല്‍ഭരണികളില്
നുരഞ്ഞു പൊന്തുവാനിരിക്കുന്ന
വീഞ്ഞിന്റെ പുളിപ്പാണെനിക്ക് നീ
നിന്നെ...
നിന്നെ മാത്രമോര്‍ത്തെന്റെ 
സന്ധ്യകളെങ്ങനെ
ചുവക്കാതിരിക്കും


ചില നെടുവീര്‍പ്പുകളില്‍ 
നീയുണ്ട്
ഞാനുണ്ട്
നമ്മുടെ മാത്രമായൊരാകാശമുണ്ട്
എത്ര കുലുക്കിയാലും
പൊഴിഞ്ഞു വീഴില്ലെന്നു 
ശഠിക്കുന്നൊരു
മുല്ലമരമുണ്ട്
"ഓര്‍മ്മകള്‍ അവസാനിക്കുന്നൊരിടം"
എന്നൊരു എഴുത്ത് പലകയുണ്ട്
തീര്‍ത്തുമൊറ്റപ്പെട്ടൊരു
രാത്രിയുണ്ട്
നമുക്കിടയില്‍ കളിക്കുന്ന
വന്‍ മാഫിയകളുണ്ട്
എന്റെ മണ്ണ് മാന്തി കപ്പലുകള്‍
നിന്റെ തീരങ്ങളെ
തകര്‍ക്കുമെന്ന്
അവര്‍ക്കറിയാം
നീ വളര്‍ത്തുന്ന
ചോണനുറുമ്പുകളില്‍
ഒന്നിന്റെ പോലും കാലൊച്ച
എനിക്ക് തിരിഞ്ഞു
പോകില്ലെന്നും
അത്ര വേഗത്തില്‍
നിന്നെ ഞാന്‍ കടന്നു പോകും
അത്ര വേഗത്തിലെന്റെ രാത്രികളും
ആഴിയും ആഴവും തമ്മില്‍
അത്ര മേല്‍ ബന്ധമെങ്കില്‍
എന്നെ മാത്രമെങ്ങനെ
നീ തനിച്ചാക്കും?


കവിത പോലെയെന്തോ ഒന്ന്
എഴുതുവാന്‍ തരപ്പെടുമെന്നതൊഴികെ
ഈ പുല്ല് പ്രണയത്തോട് 
എനിക്കൊന്നുമില്ല
ഒരു 'കവി ചെക്കന്‍' പറഞ്ഞ പോലെ
"ഒരുമ്മ പോലും കൊടുക്കാത്ത ഞാന്‍ , ഉമ്മയെക്കുറിച്ചു ?"
ഇന്നലെ കൂട്ടത്തിലുള്ളവളുമാര്‍
പറഞ്ഞ പോലെ...
"ഒരുമ്മ കിട്ടാത്ത ജാക്കെങ്ങനെ .ഉമ്മയെക്കുറിച്ചു ?"
പ്രണയം, ഉമ്മ ഇവരെയൊന്നും
സത്യമായും ഞാനറിയില്ല
ഇവര്‍ക്കൊന്നുമെന്നെയുമറിയില്ല
ഇനിയെങ്ങാനും അറിഞ്ഞിട്ടു
ഞാനെങ്ങാനും നെഞ്ച് പൊട്ടി ചത്ത്‌ പോയാല്‍
ഞാനറിയാണ്ട് എന്നെ പ്രേമിക്കുന്നവരോട്
കര്‍ത്താവേ ഞാന്‍ എന്നാ ഉത്തരം പറയും ??
ഒരു പേന മുന കൊണ്ട് മുറിയപ്പെടുന്ന ഞരമ്പിനെക്കാള്‍ കാല്‍പ്പനികമായ മറ്റേതു മുറിവുണ്ടാകും/മരണമുണ്ടാവും !!