ലോകത്തിലെ 
എല്ലാ സങ്കടങ്ങളും
ഒരു ദിവസം
ഒരേ ഒരു വീട്ടിലേക്ക് 
വന്നു ചേരും

അന്നവിടെയൊരു മരണം
നടന്നിട്ടുണ്ടാകും
വാതിലുകളും ജനാലകളും
പതിവില്ലാത്ത വിധം
തുറന്നിടപ്പെടുകയും
താഴ്ത്തി വെച്ച 
റേഡിയോ ഒച്ച പോൽ
ചില മുരൾച്ചകൾ
അവിടിവിടെ
കേൾക്കുകയും 
ചെയ്യുന്നുണ്ടാകും

വീടിന്റെ നെഞ്ചിൽ
നിന്നടർത്തി മാറ്റപ്പെട്ടൊരു ഭാഗം
ഉമ്മറത്തിണ്ണമേൽ
പുതച്ചു കിടത്തിയിട്ടുണ്ടാകും

മരണത്തിൽ നിന്നു തിരിച്ചിറങ്ങുന്നവരേക്കാൾ
ജീവിതത്തിൽ നിന്ന്
ഇറങ്ങിയോടുന്നവരാണധികവുമെന്ന
മട്ടിലുള്ളൊരു കാറ്റ്
അവിടിവിടെ കറങ്ങി
നടക്കുന്നുണ്ടാകും

മുന്തിരി വലുപ്പമുള്ള 
ഓർമ്മകൾ
ആരെയെങ്കിലുമൊക്കെ
ഏങ്ങലടിപ്പിക്കുന്നുണ്ടാകും

ഒരു മകരം ബാക്കി വെച്ച തണുപ്പും
ഒരു വേനലിന്റെ വരൾച്ചയും
ചില മുറികളിൽ
സംഘട്ടനം നടത്തുന്നുണ്ടാകും

എന്നും വരുന്നൊരു
കറുത്ത പൂച്ച മാത്രം
ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ
തനിക്കുള്ളപങ്ക്
തപ്പി നടക്കുന്നുണ്ടാകും

ക്രൂശിതരൂപത്തിൽ നിന്നും 
കൈ വിരിച്ച്
കർത്താവ് ഒരേ ഒരാളെ മാത്രം
ആശ്വസിപ്പിക്കുന്നുണ്ടാകും

 ഒരാളുടെ നിശബ്ദതയിലേക്ക്
 വീടാകെ
ചാഞ്ഞ് കിടന്ന് കരയുന്നുണ്ടാകാം

"അറിയിക്കേണ്ടവരെയെല്ലാം
അറിയിച്ചോളൂ "
എന്നയൊരു ഗ്രീൻ സിഗ്നൽ കടന്ന്
മറ്റൊരാളപ്പോൾ
ഒറ്റയ്ക്കെവിടെയോ
നടക്കാനിറങ്ങുന്നുണ്ടാവും




ഒറ്റയ്ക്ക് സഞ്ചരിക്കുന്നവളി(രി)ല്
ഒരു കാടുണ്ട്
ഒരു പുഴയുണ്ട്
ഒരു കാലവര്ഷം
അത് പോലെ തന്നെയുണ്ട്

ഒറ്റയ്ക്ക് പോകുന്ന 
യാത്രകളെന്നാൽ
അതികാല്പ്പനികമായി
ഉരുവിടുന്നൊരു പ്രാര്ത്ഥനയാണ്

അതൊരു നൊവേന പോൽ
ചെറുതോ
ഒരു ലുത്തിനിയ പോൽ
നീളമേറിയതോ ആകാം

അതിനിടയിൽ
കണ്ടു മുട്ടുവാൻ
ഒന്നിലധികം 
ദൈവങ്ങളുണ്ടാകാം

ആഴമുള്ള കണ്ണിൽ
ജീവിതം കെട്ടി താഴ്ത്തിയ
വിശുദ്ധരുണ്ടാകാം
ചിറകു മറച്ചു വെച്ച്
മാലാഖമാർ 
തന്നെയുണ്ടാകാം

ഒറ്റയ്ക്കുള്ള യാത്രയെന്നാൽ
തലക്കെട്ടില്ലാത്തൊരു
കവിതയെന്നാണ്

എന്തും ധ്വനിപ്പിക്കുന്ന
ആരിലും കൊണ്ടെത്തിക്കാവുന്ന
ഒരസാധാരണമായ 
കവിത 

ഒറ്റക്കുള്ള യാത്രയെന്നാൽ
നിറയെ പൂവിട്ടൊരു
വാക മരത്തെ
ഒറ്റയ്ക്ക് പിടിച്ചുലയ്ക്കലാണ്



പരിശുദ്ധരായ 
അഞ്ചു കാമുകന്മാര്‍ 
എനിക്കുണ്ടായിരുന്നു
ചുരുട്ടുകള്‍ കയറ്റിയയ്ക്കുന്ന നാട്ടിലെ
കച്ചവടക്കാരനും പണക്കാരനുമായിരുന്നു 
ആദ്യത്തവന്‍
ഉമ്മകള്‍ തിരുകിയ ചുരുട്ടിനു 
ഉന്മാദമേറുമെന്ന 
അവന്റെ പരീക്ഷണത്തില്‍
ഉമ്മകളുടെ മൊത്ത വില്പ്പനക്കാരി 
ഞാനായിരുന്നു
തിരികെ വാങ്ങുവാനായി 
ഒന്നും നല്‍കാത്ത ഞാന്‍
കിട്ടിയ കാശിനവയെ 
മൊത്തമായി വിറ്റു
ഒട്ടും വെട്ടമെത്താത്ത മുറിയില്‍ 
ഇന്നുമവ തടവിലാണ് 

അടുത്തതൊരു 
നായാട്ടുകാരനായിരുന്നു
ഒറ്റ കണ്ണില്‍ മാത്രം 
വെളിച്ചമുള്ളവന്‍
എന്റെ മുന്നില്‍ മാത്രമവനൊരു 
മുയല്‍കുട്ടിയാകുമായിരുന്നു 
നെറുകയില്‍ നിന്നെന്റെ ചുണ്ടുകള്‍ 
അവന്റെ ചുണ്ടുകളെ 
തേടിയിറങ്ങുമ്പോള്‍
അവന്‍ എങ്ങലടിക്കാറുണ്ടായിരുന്നു
അവനമ്മയെ 
ഓര്‍മ്മ വരുമായിരുന്നു 
കാടുകള്‍ കീഴടക്കുവാന്‍ 
ഉമ്മകളുടെ ഓര്‍മ്മയും വാങ്ങി 
അവനെങ്ങോ
പുറപ്പെട്ടു പോയിരിക്കുന്നു

ഇനിയുള്ളവരില്‍ രണ്ടു പേര്‍ 
മാന്ത്രികരായിരുന്നു
വെയിലരിച്ചു പൂക്കളുണ്ടാക്കുന്നവര്‍
വാസനകളില്‍ നിന്ന് വസന്തങ്ങളെ 
ഉയിര്‍പ്പിക്കുന്നവര്‍
ഇറങ്ങിയോടുന്ന ഒച്ചകളെ 
ഒറ്റയ്ക്ക് വിളിച്ചു വരുത്തുന്നവര്‍ 

അവസാനത്തവന്‍ 
ഒരു നാടോടിയായിരുന്നു
അവന്റെ കൈയില്‍ 
അഞ്ചുറുമാലുകളുണ്ടായിരുന്നു

അതിലഞ്ചിലും 
അത്ര തന്നെ കന്യകമാരുടെ മുഖങ്ങളും
അതിലോരാള്‍ക്ക് 
എന്റെ മുഖമായിരുന്നു

കണ്ടയുടനവനെന്റെ 
കാല്‍പാദങ്ങളിലേക്ക് വീണു
നാല്പതു രാവും നാല്പതു പകലും 
നിര്‍ത്താതെ കരഞ്ഞു

അവന്റെ മുടിയിഴകള്‍ക്ക് 
ഏതോ ജന്മത്തിലെ 
എന്റെ തന്നെ മണമുണ്ടായിരുന്നു 
കാതില്‍ തൂക്കിയ അലുക്കില്‍
എന്റെ ഒന്‍പതു ജന്മങ്ങളെപ്പറ്റി 
കൊത്തി വെച്ചിരുന്നു
നീല പൂക്കളുള്ള നീളന്‍കുപ്പായത്തില്‍ 
പതിനാറു ജന്മങ്ങളിലെ 
എന്റെ പേരുകളുണ്ടായിരുന്നു

ഞാനോരുമ്മ പോലും കൊടുത്തില്ല 
ഒന്നിലധികം നോക്കിയില്ല
ഒരു സ്വപ്നത്തിലായിരുന്നു
ഉടലും ശിരസ്സും ഒരുമിച്ചൊരു 
പൂക്കാലമാകുന്ന സ്വപ്നം

അതില്‍ നീയുണ്ടായിരുന്നു
ഞാന്‍ ഞാനായി 
തന്നെയുണ്ടായിരുന്നു
നാം പേരിട്ടു വളര്‍ത്തിയ 
നമ്മുടെ മക്കളുണ്ടായിരുന്നു
നാല് വാതിലുള്ള
നമ്മുടെ വീടുണ്ടായിരുന്നു

ഉണര്‍ന്നപ്പോള്‍ 
ഞാനിവിടെയായിരുന്നു
കന്യകമാരുടെ സ്വര്‍ഗം’ 
എന്നു വിളിക്കപ്പെടുന്ന ഇവിടെ

അതിനു ഞാനൊരു കന്യകയല്ലല്ലോ
എനിക്കഞ്ചു കാമുകന്മാരുണ്ടായിരുന്നില്ലേ?
കാമുകനും ജാരനുമല്ലാത്ത 
നീയുണ്ടായിരുന്നില്ലേ?

അല്ല, ഞാനൊരു കന്യകയല്ല
അല്ല, ഞാനൊരു പെണ്ണേയല്ല
എനിക്ക് മുലകളില്ല
എനിക്ക് മുടിയുമില്ല

എന്റെ പേര് ‘നോര്‍മ്മ’ എന്നാണ്
ഏതോ ലോകത്തിലെ 
ഏതോ പീയാനോയില്‍ 
നിന്ന് വന്ന
അതി സാധാരണമായൊരു 
സ്വരം മാത്രമാണ് ഞാൻ 

ഞാനൊരു കാമുകിയല്ല
ഞാനൊരു പെണ്ണുമല്ല
ഞാനൊരു മനുഷ്യനേയല്ല



തിരുത്തപ്പെടേണ്ട 
ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു

ഒരൊറ്റ മരത്തിന്റെ ഏകാന്തത
ചിലപ്പോളതിന്റെ 
ചില്ലകള്‍ പോലും
അറിയാത്തതു പോലെ
തീര്‍ത്തുമൊറ്റപ്പെട്ടൊരു മഴയെ
രാത്രിയില്‍ തനിച്ചു പെയ്യാന്‍ വിട്ടത്
ഒരു ദയയും 
അര്‍ഹിക്കാത്ത തെറ്റാണ്‌

ആരുമറിയാതെ 
വിങ്ങിയിരുന്നൊരു
മുറിയുടെ ജനാലയെ
ആകാശത്തിനൊറ്റ് 
കൊടുത്തത് ഞാനാണ്

രാത്രികള്‍ മാത്രം
മറുപടി പറേയണ്ടൊരു 
ചോദ്യത്തിന്റെ
കഴുത്ത് ഞെരിച്ചത് ഞാനാണ്

ഇഞ്ചിഞ്ചായി മരിക്കേണ്ട
ഒടുക്കലത്തെ പ്രണയത്തെ
ഒറ്റയൊരു ഇഴക്കയറില്‍
ഒറ്റയൊരു ഊഞ്ഞാലാട്ടത്തില്‍
ഒറ്റയ്ക്കക്കര കടത്തിയതും 
ഞാനാണ്

ഇരുപത്തി മൂന്നാമത്തെതായിരുന്നു നീ
പാവമായിരുന്നു
പലതവണ പോറിയിരുന്നു
നിന്ന് കത്തുന്ന 
ഓര്‍മ്മകളുണ്ടായിരുന്നു
അത്ര വാചാലമായി 
കരയാറുണ്ടായിരുന്നു

മരിക്കേണ്ടതു ഞാനായിരുന്നു
കൊല്ലേണ്ടത് നീയും

എന്നിട്ടും
മുറിച്ചു മാറ്റപ്പെട്ട മരങ്ങളുടെ
വേരുകള്‍ക്കുണ്ടാകുന്ന 
അന്യതാ ബോധമുണ്ട്
അതാണെനിക്ക് നീ തന്നു പോയത്

തിരുത്തപ്പെടേണ്ട ഇരുപത്തിമൂന്നു തെറ്റുകള്‍
ഞാന്‍ ചെയ്തിട്ടുണ്ട്
ഇരുപത്തി നാലെന്ന സംഖ്യയെ
അത്യഗാധമായി ഞാന്‍ ഭയക്കുന്നു