കേക്കപ്പച്ചൻ പോയി

കേക്കപ്പച്ചൻ പോയി.

ഇവിടുന്ന് പോയി.

ഈ ലോകത്തിൽ നിന്ന് പോയി.

നിസ്സഹായതയുടെ വിളുമ്പിൽ പ്രിയപ്പെട്ടവരുടെ മരണങ്ങൾ കൊണ്ട് നിർത്തുമ്പോൾ 

തിരികെ നടക്കണമോ എടുത്തു ചാടണമോ അതോ അവിടെ തന്നെ നിൽക്കണമോ എന്ന് ഞാൻ ചിന്തിക്കുന്നു.

ശരീരത്തിലെ അവസാന ചൂടും ആറിയപ്പോൾ, ആ അവസാനനിമിഷങ്ങളിൽ അദ്ദേഹം ആരെ ഓർത്തിട്ടുണ്ടാകാം! എന്നത്തേയും പോലെ പപ്പയെ വിളിച്ചിട്ടുണ്ടാകുമോ? 

എല്ലാ വേദനകളെയും ആകുലതകളെയും ഇവിടെ, നാം ലോകമെന്നു വിളിക്കുന്ന ഇവിടെ നിർത്തി, ഒരാൾ പറന്ന് പോകുമ്പോൾ അവർക്ക് സമാധാനം ലഭിക്കട്ടെ എന്ന് നമ്മൾ ആശംസിക്കുന്നു. നമ്മൾ ആശംസിച്ചാലും ഇല്ലെങ്കിലും ഒരിക്കലും അവസാനിക്കാത്ത സമാധാനത്തിലേക്ക് തന്നെ അവർ പറന്ന് പോയിരിക്കണം.

ജീവിതം പൊള്ളിക്കുന്നു . മരണം അത് വരെ ജീവിച്ച ജീവിതത്തെ തണുപ്പിക്കുന്നു. എനിക്ക് കേക്കപ്പച്ചനെ ഓർത്തു സമാധാനം തോന്നുന്നു .  എല്ലാ അലച്ചിലുകൾക്കും ഒടുവിൽ സമാധാനം ഉണ്ടാവുമെന്ന് എനിക്കിപ്പോൾ ഉറപ്പാണ് . 

സിനിമയിലെ പെൺകുട്ടി 
വളരുവാൻ
ഞാൻ കാത്തു നിൽക്കുന്നു 
അവൾ വളരുന്നതേയില്ല

കണ്ണുകളിൽ അനാദിയായ 
അദ്‌ഭുതവും പേറി 
അവൾ കുട്ടിയായി തന്നെ
തുടരുന്നു

ചുവന്ന ഭൂഖണ്ഡത്തിലെ 
മലമുകളിലെ വീട്ടിലവൾ 
ഉറുമ്പുകളെ 
ഓമനിച്ചു വളർത്തുന്നു 

ചില്ല് കണ്ണാടിയിൽ കൂടിയവൾ 
പുറത്തേക്ക്  നോക്കുമ്പോൾ 
പൂക്കൾ വിരിയുന്നതായ് 
കാണപ്പെടുന്നു

നിലാവിന്റെയുടുപ്പിട്ട 
അവളുടെ നഖങ്ങളിൽ 
ശലഭച്ചിറകുകൾ
ഒട്ടിയിരിക്കുന്നു 

പറ്റി ചേർന്ന 
ഉടുപ്പിന്റെ തൊങ്ങലുകളിൽ 
നാണം തൂങ്ങി നിൽക്കുന്നു 

കന്യാമറിയത്തിന്റെ ചിത്രത്തിലേക്കവൾ 
തുറിച്ചു നോക്കുമ്പോൾ 
ലോകത്തെ കൃത്യം 
രണ്ടായ് പകുത്ത്  
തെക്ക് നിന്ന് വടക്കോട്ടൊരു 
തീവണ്ടി കൂവി പായുന്നു 

ചുവന്ന സ്നീക്കേഴ്സിട്ട  
അവളുടെ കാലുകളിലേക്ക് 
ഉരുണ്ടുരുണ്ടൊരു 
കാൽപന്തെത്തുന്നു 

സിനിമ തീരുവാൻ
ഞാൻ കാത്തിരിക്കുന്നു 
സിനിമ അവസാനിക്കുന്നില്ല 

കംപ്യൂട്ടറിന്റെ നാല് ചുവരുകൾ 
തുരന്നു 
അതെന്റെ മുറിക്കുള്ളിൽ 
നിറയുന്നു 
വായുവിൽ ഞാൻ 
ഉയർന്നു പൊന്തുന്നു 
ജനൽ കമ്പിയിലൂടൂളിയിട്ട് 
തെരുവിലേക്കൊഴുകുന്നു

ഇപ്പോൾ
സിനിമയില്ല
തെരുവില്ല 
ഞാനുമില്ല 

ഒരിക്കലും വലുതാവാത്ത  
പെൺകുട്ടി 
നീ മാത്രമേയുള്ളു 

നീയിട്ടിരുന്ന 
നാണതൊങ്ങലുള്ള
ഉടുപ്പിപ്പോൾ
നീല പോലെ 
നീലിച്ചിരിക്കുന്നു 

നിന്റെ മുഖമിപ്പോൾ 
കന്യാമറിയത്തെ പോൽ 
ശോഭിക്കുന്നു 
നീ തല കുമ്പിട്ടു നിൽക്കുന്നു 

നിന്റെ ചുവന്ന 
സ്നീക്കേഴ്സിനടിയിൽ 
കറങ്ങുന്ന
ഭൂഗോളം

സിനിമ തീരുവാനിനി 
കാത്തു നിൽക്കുന്നില്ല  
പെൺകുട്ടിയും ഞാനും
അതിലേക്ക് തന്നെ 
തിരികെ  നടന്നു കയറുന്നു 


 Why did you do that?

തിരിച്ചും മറിച്ചും 

ഞാൻ ചോദിച്ചു കൊണ്ടേയിരുന്നു 

നിങ്ങളുടെ പ്രേമത്തോളം 

ഭംഗിയുള്ളതൊന്നും 

അത് വരെ ഞാൻ കണ്ടിരുന്നില്ല 


ചിന്നി ചിതറിയൊരുച്ച നേരം 

ഭ്രാന്ത് പിടിച്ചു പൂത്തു നിൽക്കുന്നൊരു 

ബോഗെയിൻവില്ലയെ പോൽ 

പ്രേമത്താൽ നിങ്ങൾ 

തുള്ളി തുളുമ്പിയിരുന്നു 


വിരസമായ പകലുകളാലും 

പേടിപ്പെടുത്തുന്ന രാത്രികളാലും 

ജീവിതമെന്നെ വരഞ്ഞപ്പോഴും 

ആളൊഴിഞ്ഞ അയല്പക്കത്തെത്തിയ 

പുതിയ താമസക്കാരെയെന്ന പോൽ 

നിങ്ങളെ ഞാൻ സാകൂതം 

നോക്കി നിന്നു 


നിന്റെ നെറ്റിത്തടത്തിലെ ചുരുൾ മുടിയിൽ 

അവൻ വിരലോടിക്കുന്നത് 

അവന്റെ വലത് കാൽ മറുകിൽ 

നീയുമ്മ വെയ്ക്കുന്നത് 

പ്രേമിക്കുന്നവർക്ക് ചുറ്റും 

ലോകം നിലച്ചു പോകുന്നത് 

ഞാൻ ആദ്യമായ് കണ്ടു 


ചുവന്ന കടൽതീരസന്ധ്യകളിൽ 

നിന്റെ ക്യാമറ കണ്ണുകൾ തുറന്നടയുമ്പോൾ 

ഇവളോളമാരെന്നു ഞാൻ 

അത്ഭുതം തൂകി 

അവളെഴുതി വിടുന്ന നാല് വരി 

കവിതകളിൽ 

പ്രപഞ്ചമുണ്ടാക്കിയ 

ഒരേയൊരു കാമുകനെ ഞാൻ കണ്ടു 


എന്നെങ്കിലും പ്രേമിക്കുമെന്നോ 

ഒരാൾക്കെങ്കിലും പ്രേമം തോന്നുമെന്നോ 

ഒരിക്കലും ഞാൻ ഓർത്തിരുന്നില്ല 

നിങ്ങളെനിക്ക് സത്യമായും 

പ്രേമത്തിൽ 

വിശ്വാസവും പ്രത്യാശയും നൽകി 


Mon amour…mon amour

എത്ര നോക്കിയിട്ടും 

തെന്നി മാറിയിരുന്ന ഉച്ചാരണത്തിൽ നിന്നും 

എന്റെ സ്നേഹമേ എന്റെ സ്നേഹമേയെന്ന് 

നീട്ടി വിളിക്കാൻ ഞാൻ പഠിച്ചു 


എന്നിട്ടും , why did you do that ?


ഇപ്പോളെനിക്ക് തോന്നുന്നത് 

സ്നേഹമൊരു പിടിപ്പ്‌ കെട്ട വികാരമാണെന്നാണ് 

പിറകെ ചെന്നാലത്‌ നിങ്ങളെ 

പാട്ടിലാക്കി കളയും 

പുച്ഛിച്ചു പുറം തിരിഞ്ഞാൽ 

പൊല്ലാപ്പിലിട്ടു കുരുക്കും 

ഏത് വിധത്തിലും 

"handle with care"എന്നൊരു കുറിപ്പ് 

നിങ്ങൾക്കതിൽ 

കാണാതിരിക്കാനാവില്ല 

സ്നേഹമെനിക്കിപ്പോൾ 

പൊട്ടി പൊളിഞ്ഞൊരു വാക്ക് മാത്രമാണ്

 കുളിമുറിയുടെ ഭിത്തി ഞാൻ 

ഉരച്ചു കഴുകുന്നു 

ഓർത്തു കൊണ്ടിരിക്കുന്നത് 

അയാളെ തന്നെയാണ് 


ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയിൽ 

ഉറങ്ങി കിടങ്ങുന്ന വൃദ്ധൻ 

അയാൾ അഭിനയിക്കുകയല്ല 

എന്നെനിക്ക് ഉറപ്പാണ് 


യാത്ര പറഞ്ഞു പോകുന്ന മകളോട് 

what about me എന്നയാൾ 

കണ്ണ് നിറയ്ക്കുമ്പോൾ 

എന്റെ ഹൃദയം അടർന്നു 

താഴെ വീഴുന്നു 

കുളിമുറിയുടെ  തറയിൽ 

ഞാനിപ്പോൾ 

വീണു കിടക്കുന്നു 


ഷവറിൽ  നിന്ന് വീഴുന്ന 

ഇളം ചൂട് വെള്ളത്തിൽ 

എന്റെ ഹൃദയം 

അലിഞ്ഞില്ലാതെയാകുന്നു 

ചുവന്ന നിറം തറയാകെ 

പരക്കുന്നു


Who  exactly am I?

അയാൾ  ഏങ്ങലടിക്കുന്നു 

എങ്ങോട്ടെന്നറിയാതെ 

ഞാനിപ്പോൾ 

ഒഴുകികൊണ്ടിരിക്കുന്നു 


നേരം വെളുക്കുന്നു 

വീണ്ടും ഇരുട്ടുന്നു 

What am I doing here

എന്ന ചോദ്യത്തിൽ 

എന്നത്തെയും പോലെ

ഞാൻ വഴുതി വീഴുന്നു 


I want my mummy 

എന്ന് കരയുന്ന കുഞ്ഞിനെ 

എനിക്കറിയാം 

അത് വളരുന്നില്ല 

വലുതാകുന്നില്ല 

വലിയൊരാളെ താങ്ങാൻ ആവാതെ 

എങ്ങി കരഞ്ഞു കൊണ്ടിരിക്കുന്നു 


I want my mummy 

I wanna get out of here

Have someone come and fetch me


കുളി മുറിയിൽ 

ഞാൻ വീണ് കിടക്കുകയാണ് 

ഉടനെ എഴുന്നേൽക്കുവാൻ 

എനിക്ക് ആകുമെന്ന് തോന്നുന്നില്ല 


#TheFather #AnthonyHopkins

ഇവിടെനിക്ക്
സ്വന്തമായൊരു 
മീൻകുഞ്ഞും 
നാല് ചെടികളുമുണ്ട് 

നീല നിറമുള്ള മീനിനെ 
എന്ത് വിളിക്കുമെന്ന് 
ഉറപ്പില്ലാതിരുന്നതിനാൽ 
ഓരോ ദിവസവും ഞാൻ
ഓരോ പേര് 
വിളിക്കുന്നു 

മിടുക്കനായ 
ഒരു ജീവിയാണത് 
ദുസ്വപ്നങ്ങൾ കണ്ട്  
മടുത്തുണരുന്ന എന്നെ 
ദിവസത്തിന്റെ തുടക്കത്തിലവൻ
ഉന്മേഷവതിയാക്കുന്നു 
കണ്ണാടി പാത്രത്തിന്റെ 
ഭിത്തികളിൽ 
തൊട്ടുരുമ്മി, മറിഞ്ഞു നീന്തി, 
കുമിളകൾ പൊന്തിച്ചു 
എന്നെ കാണുമ്പോൾ 
സന്തോഷമാണെന്നു പറയുന്നു 
ഏതാനം ചെറുകണികകൾ 
ആഹാരമെന്ന പോൽ 
കൊടുക്കുന്നതിൽ കവിഞ്ഞു 
അതിനൊരുപകാരവും 
ഞാൻ ചെയ്യുന്നില്ല.

എന്നിട്ടും 
അതിനെന്നോടു സ്നേഹമാണ് 
അതിനെന്നോടു 
ശരിക്കും സ്നേഹമാണ്

എന്റെ ചെടികളെ കണ്ടാൽ നിങ്ങൾ 
വാ പൊത്തി  ചിരിച്ചേക്കും 
കാലങ്ങളായി
അവ ഒരേ നിൽപ്പാണ് 
എന്നെ വിഷമിപ്പിക്കാതിരിക്കാൻ 
വാടി വീഴുന്നില്ലെന്നേയുള്ളൂ 

പുറത്തെ വെളിച്ചമോ, 
മുടങ്ങാതെ വെള്ളമോ 
ഒന്നുമവ ചോദിക്കുന്നില്ല 
വള്ളിച്ചെടിയാവാൻ ജനിച്ചവൻ 
കയറി പോവാനൊരു 
ഇടം പോലും പരതുന്നില്ല 
വേണ്ട പോലെവയെ 
ഗൗനിക്കുന്നില്ലെന്നു 
ഇടയ്ക്കിടെ 
എന്നെ ഞാൻ ഓർമിപ്പിക്കുന്നുണ്ട് 
  
എന്നിട്ടും അവയ്ക്കെന്നോട് 
സ്നേഹമാണ് 
അവയ്ക്കെന്നോട് 
ശരിക്കും  സ്നേഹമാണ്

വസന്തത്തിന്റെ 
അവസാന ഇലയും 
പൊഴിയുന്നവരെയും 
ഞാൻ ഉല്ലാസവതിയായിരിക്കുമെന്നും 
പുറത്തെ ആനന്ദങ്ങൾ തേടി 
പാഞ്ഞോടുമെന്നും 
വെയിലിന്റെ 
കണിക വറ്റുമ്പോൾ 
വിഷാദത്തിന്റെ കനികൾ 
കൊത്തി പറിക്കാൻ 
ഓർമയിലെ കഴുകൻ 
ചിറകു വിരിക്കുമെന്നും  
ആ ഇരുളിനെ 
പേടിച്ചൊളിക്കാൻ 
എനിക്കവയുടെ 
നിഴലേ ഉള്ളുവെന്നും  
അവർക്കറിയാമെന്നതിനാൽ 
അവർക്കിപ്പോഴുമെപ്പോഴും 
എന്നോട് സ്നേഹമാണ് 
അവർക്കെന്നോട് ശെരിക്കും 
സ്നേഹമാണ് 

ഇവിടെനിക്ക്
സ്വന്തമായൊരു 
മീൻകുഞ്ഞും 
നാല് ചെടികളുമുണ്ട് 
അവർക്കെന്നോട് 
സ്നേഹമാണ് 
അവർക്കെന്നോട് 
ശരിക്കും  സ്നേഹമാണ്











 





ജീവനും ജീവിതത്തിനുമിടയിൽ ഞെരിപിരി കൊള്ളുന്ന സമയങ്ങളിലെല്ലാം എനിക്ക് തോന്നും ഞാൻ ഇപ്പോഴുമൊരു കുട്ടിയാണെന്ന്. സ്നേഹവും ശ്രദ്ധയും ലാളനയും പരിഗണനയും അങ്ങനെയങ്ങനെ എണ്ണി പെറാക്കാവുന്നതിനോടെല്ലാം കൊതി തീരാത്തൊരു കുഞ്ഞികുട്ടി.
ആരോ പറഞ്ഞത് പോലെ വലുതാകൽ ഒരു കെണിയാണ്. മുതിർന്നു പോവുക ഒരു ബാധ്യതയും. എത്രയൊക്കെ പറഞ്ഞു നേരെയാക്കാൻ ശ്രമിച്ചാലും മുതിർന്നുവെന്നു മനസ് സമ്മതിക്കാതിരിക്കുന്നതിൽ ഒരു ചതിയുണ്ട്. നമ്മൾ മാത്രമേ നമ്മളെ അങ്ങനെ കാണൂ. ചെറുതായിരുന്നപ്പോൾ നമുക്ക് കിട്ടിയതെല്ലാം, മുൻപ് പറഞ്ഞതിന്റെ എല്ലാം വകഭേദങ്ങളും പെട്ടന്നൊരു ദിവസം നമുക്ക് നിഷേധിക്കപ്പെടുന്നു. നമ്മൾ മുതിർന്നൊരാൾ ആവുന്നു. എല്ലാത്തിനോടും സമരസപ്പെടുവാനും പലതിനെയും കണ്ടില്ലെന്നു നടിക്കുവാനും നെഞ്ചിൽ കനപ്പെട്ട ഭാരം വെച്ച് ദിവസം മുഴുവൻ മുഖത്തു വെളിച്ചം കൊണ്ട് നടക്കാനും ചിലപ്പോൾ സ്വാർത്ഥയാകാനും വേറെ ചിലപ്പോൾ ചതിക്കാനും ചതിക്കപ്പെടാനും ജീവിതം വെച്ച് നീട്ടുന്ന എല്ലാ കന്നംതിരിവുകളിലും ഒറ്റയ്ക്ക് നിന്ന് പട പൊരുതുവാനും ബാധ്യസ്ഥയായ ഒരുവൾ. മുപ്പതുകളിൽ എത്തിയാൽ പിന്നെ അകാരണമായൊരു ഭയത്തിന്റെ ആർഭാടം കൂടെ ഉണ്ടാവും.
അസ്തിത്വ ദുഃഖം എന്നൊക്കെ ആളുകൾ വിളിക്കുന്നത് എന്തിനെ ആണെന്ന് എനിക്കറിയില്ല. പക്ഷെ പാകമെത്തുന്നതിനു മുന്നേ ചെറുതായിരിക്കുന്ന കളിയിൽ നിന്ന് പുറത്തായ ആളാണ് ഞാൻ എന്നതാണ് എന്നെ അലട്ടുന്ന ദുഃഖം. മുതിരാന് മനസിന് മനസില്ല പോലും. കടിച്ചാൽ പൊട്ടാത്ത, എടുത്താൽ പൊങ്ങാത്ത ധൈര്യത്തേയും കൂട്ട് പിടിച്ചു കൊറേ അങ്ങനെ ഓടും. കിതയ്ക്കുമ്പോൾ, ഒന്നിരിക്കുമ്പോൾ, വീട്ടിൽ കിഴക്കേ മുറിയിലെ കട്ടിലിൽ മമ്മിയെ കെട്ടി പിടിച്ചു ദേഹത്തു കാലും വെച്ച് കിടക്കുന്ന എന്നെ എനിക്ക് മിസ് ചെയ്യും.
വളർന്നു പോയതിനെ പഴിച്ചു, പതിയെ ഒരു പാട്ടു വെക്കുമ്പോൾ അങ്കലാപ്പിന്റെ നിലാവെളിച്ചത്തിലേക്ക് രണ്ടു കണ്ണ് നീർ തുള്ളി ഇറ്റു വീഴും.
മുളം തണ്ടായി മുറിഞ്ഞ നിൻ
മനം തഴുകുന്ന പാട്ടു ഞാൻ
മറന്നേക്ക് നൊമ്പരം
നിലാ പൈതലേ....എന്ന് നീട്ടി വിളിക്കുന്നു ഉള്ളിൽ നിന്നൊരാൾ
പറന്നെന്നാൽ തളർന്നു പോം
ഇളം ചിറകുള്ള പ്രാവ് നീ
കുളിർ മഞ്ഞു തുള്ളി നീ....എന്ന് പാടി തീരുമ്പോഴേക്കും പതിയെ ഞാൻ ഏങ്ങലടിച്ചു തുടങ്ങും.
പണ്ടേ ഞാനൊരു കരച്ചില് കുട്ടിയായിരുന്നു. എന്തിനും ഏതിനും കരച്ചിൽ. ഇപ്പോൾ പോലും ദേഷ്യത്തിലും ശബ്‌ദം ഇടറാതെ ഒന്ന് തർക്കിക്കുവാൻ പോലും ആവാതെ അതേ കുട്ടിയിൽ ഞാൻ കുരുങ്ങി കിടക്കുന്നു.
പാട്ടുകൾ അവസാനിക്കുന്നില്ല. എന്നോട് കവിത ചെയ്യുന്നതിനേക്കാൾ കാരുണ്യം പാട്ടുകൾ ഇപ്പോൾ കാണിക്കുന്നുണ്ട്.
മന:പന്തലിൽ മഞ്ചലിൽ മൗനമായ് നീ
മയങ്ങുന്നതും കാത്തു ഞാൻ
കൂട്ടിരുന്നു അറിയാതെ നിന്നിൽ
ഞാൻ വീണലിഞ്ഞു...
തുടിക്കുന്ന നിൻ ജന്മമാം ചില്ലുപാത്രം
തുളുമ്പുന്നതെൻ പ്രാണനാം തൂമരന്ദം
ചിരി ചിപ്പി നിന്നിൽ കണ്ണീർ കണം ഞാൻ
കളിപ്പാട്ടമായ് കൺമണി നിന്റെ മുന്നിൽ .....
ഈ വീക്കെൻഡും ഒരു കനിവുമില്ലാതെ കണ്ണടച്ചു തുറക്കും പോൽ തീർന്നു പോകുന്നു. ഒറ്റയ്ക്കിരുന്നു ഇങ്ങനെ സ്വയം ഓർത്തെടുക്കുവാൻ ഇപ്പോൾ സമയം തികയുന്നില്ല.
എഴുതിയില്ലെങ്കിൽ ഒരടി മുൻപോട്ടില്ലെന്നു ഞാൻ എന്നോട് പറഞ്ഞത് കൊണ്ട് മാത്രം ഇത് ഇവിടെ എഴുതി വെക്കുന്നു.
പ്രാർത്ഥന പോലുള്ളൊരു
ജീവിതത്തിൽ നിന്നുമാണ്
ഞാനവനെ വിളിച്ചിറക്കിയത്
അടിമട്ടോളം കുടിക്കപ്പെട്ട
വീഞ്ഞു പാത്രം കണക്കെ
അവൻ നഗ്നനായിരുന്നു

ഇനിയും പേരിട്ടില്ലാത്തൊരു

നഗരത്തിൽ

എനിക്ക് സ്വന്തമായൊരു മുറിയുണ്ട്

അതിന്റെ നോക്കിനടത്തിപ്പുകാരൻ

ഇത് വരെ കണ്ടിട്ടില്ലാത്ത

എന്റെ തന്നെ കാമുകനും

നേരം വെളുക്കുമ്പോൾ

അയാളതിനെ വിളിച്ചുണർത്തുന്നു

ജനൽ വിരിപ്പിനിടയിലൂടെ

വെയിലിനെ

വിളിച്ചകത്തിരുത്തുന്നു

തടിയലമാരയിലെ

പഴയ റേഡിയോ

റാഫിയുടെ പാട്ടുകൾ

മൂളി തുടങ്ങുന്നുണ്ട്

അയാളിപ്പോൾ

വെള്ളയിൽ നീലപ്പൂക്കളുള്ള

എന്റെ ഇഷ്ടവിരിയാൽ

കിടക്ക ഒരുക്കുന്നുണ്ടാവും

എന്നുമൊരു പ്രാർത്ഥന പോലെ

അയാൾ മുറിയെ പരിചരിക്കുന്നു

അതിലെയൊരു മാറാല പോലും

അയാളിൽ

വലിയ പിടച്ചിലുണ്ടാക്കുന്ന്നു

എന്നോടയാൾക്കു

അഗാധമായതെന്തോ ആണ്

പ്രേമമാണെന്നയാൾ

ഇത് വരെ സമ്മതിച്ചിട്ടില്ല

ഞാൻ തിരികെ ചെല്ലുമെന്നും

മുറിയിലെന്റെ

മണം നിറയുമെന്നുമൊരോർമ്മ

പായല് പോലെ അയാളിൽ

പറ്റി പിടിച്ചു വളരുന്നു/പടരുന്നു

എനിക്കയാളോട് കഷ്ടം തോന്നുന്നു

ശരിക്കും എനിക്കയാളോട്

കഷ്ടം തോന്നുന്നു

പ്രേമത്താൽ ഒരാളെയെങ്കിലും

കരയിപ്പിക്കണമെന്നു ഇന്നലെയെടുത്ത

തീരുമാനത്തിൽ

എനിക്കയാളോട്

പിന്നെയും കഷ്ടം തോന്നുന്നു

അത് കൊണ്ട് മാത്രം

ഉടനെ കണ്ടുമുട്ടിയേക്കാമെന്ന

മട്ടിൽ

വെട്ടം കുറഞ്ഞൊരു പകലിനെ

അങ്ങോട്ട് ഞാൻ

കയറ്റിയയച്ചിട്ടുണ്ട്

തൊട്ടടുത്ത

ഏതെങ്കിലുമൊരു രാത്രിയിൽ

അയാളത് കൈപ്പറ്റും

അടുത്ത പകലിൽ

അയാൾക്കെന്നോട് പ്രേമമാണെന്നു

സമ്മതിക്കാതെ തരമില്ല

അന്ന് തന്നെ അയാളെ തേടി

മുറിയുടെ പുതിയ ഉടമസ്ഥൻ

എത്തി ചേരും

ഇതിലും ലാഭത്തിൽ

ഇനിയൊരു

കച്ചവടം നടക്കാനില്ല

ഇതിലും ആനന്ദത്തിൽ

ഇനിയൊരു പ്രേമവും

തീരാനുമില്ല